ഒന്ന് രണ്ടു ക്ലാസുകളിൽ തന്നെ റോഡ് നിയമങ്ങളും മുതിർന്നാൽ ലൈംഗിക വിദ്യാഭ്യാസവും കൊടുത്താൽ പല അപകടങ്ങളും കുറ്റകൃത്യങ്ങളും വരും തലമുറയിൽ എങ്കിലും കുറയില്ലേ കുറിപ്പ്

EDITOR

നമ്മുടെ നാട്ടിലെ വിദ്യാഭ്യാസവും കുട്ടികൾ ഉറപ്പായും പഠിച്ചിരിക്കേണ്ട കാര്യങ്ങളും താഴെ പറയും പോലെ ചർച്ച ചെയ്യേണ്ടത് ആവശ്യമല്ലേ ? പഴയ തലമുറയോ പഠിച്ചില്ല ഇനി വരുന്ന തലമുറ എങ്കിലും ഇ കാര്യങ്ങൾ പഠിച്ചാൽ ഒരുപാട് ആളുകൾക്ക് ഉപകാരം ഉണ്ടാവില്ലേ ? എന്താണ് അഭിപ്രായം .താഴെ കൊടുത്തിരിക്കുന്ന കുറിപ്പ് നമ്മുടെ മക്കൾക്ക് വേണ്ടി ചിന്തിക്കേണ്ടതും എല്ലാം മാതാപിതാക്കളും അതിന്റെ ആവശ്യകതെയെ കുറിച്ച് അറിഞ്ഞു ഇരിക്കേണ്ടതും വളരെ അത്യാവശ്യം ആണ് .

വിനോദ് പണിക്കർ എഴുതുന്നു നമ്മുടെ നാട്ടിലെ വിദ്യാഭ്യാസത്തിന് ഒരു പൊളിച്ചെഴുത്ത് ആവശ്യമല്ലേ? ഒരു വിദ്യാർത്ഥിയെ പത്തുവർഷം സ്കൂളിൽ പിടിച്ചിരുത്തി വിദ്യാഭ്യാസം എന്ന പേരിൽ പലതും കുത്തിനിറയ്ക്കുന്നുണ്ട്, എന്നാൽ നമ്മുടെ കേരളത്തിൽ അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു?പ്രതിവർഷം ആറായിരത്തിനടുത്ത് ആളുകൾ വാഹനാപകടത്തിൽ മരണപ്പെടുകയും മുപ്പതിനായിരത്തോളം ആളുകൾക്ക് ഗുരുതരമായി പരിക്കു പറ്റുകയും ചെയ്യുന്ന ഈ നാട്ടിൽ എന്തുകൊണ്ട് റോഡ് നിയമങ്ങൾ ഒരു വിഷയവുമായി സ്കൂളിൽ പഠിപ്പിക്കുന്നില്ല?പോക്സോ കേസുകൾ ദിനംപ്രതി കൂടുകയാണ്, കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുകയാണ്. കപട സദാചാരത്തിന്റെ ഈറ്റില്ലമായ നമ്മുടെ നാട്ടിൽ ലൈംഗിക വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യം ഇല്ലാത്ത വിദ്യാഭ്യാസ രീതി മറ്റേണ്ടേ?
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന, എങ്ങോട്ട് തിരിഞ്ഞാലും കടലും കായലും പുഴകളും തോടുകളും നിറഞ്ഞ നിറഞ്ഞ നമ്മുടെ നാട്ടിൽ നീന്താൻ പോലും പഠിപ്പിക്കാത്ത എന്ത് അടിസ്ഥാന വിദ്യാഭ്യാസമാണ് നമ്മൾ നൽകുന്നത്?

ഹൃദയസ്തംഭനം വന്നാൽ സിപിആർ കൊടുക്കാൻ അറിയാത്ത, കൊച്ചു കുഞ്ഞുങ്ങളുടെ നെറുകയിൽ പാൽ കുടുങ്ങിയാൽ, തൊണ്ടയിൽ ഒരു കപ്പലണ്ടി കുടുങ്ങിയാൽ, 30% വനമുള്ള നമ്മുടെ നാട്ടിൽ ഒരു പാമ്പ് കടിച്ചാൽ എന്ത് ചെയ്യണം എന്ന് പോലും പഠിപ്പിക്കാത്ത നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണം.
മാതാപിതാക്കളെ നിന്ദിക്കുന്ന ഈ കാലത്ത് കുടുംബ ബന്ധങ്ങളും അവയുടെ മൂല്യവും, സോഷ്യൽ ലൈഫും ഒരു പാഠ്യ വിഷയം ആക്കണ്ടേ?ഒന്നാം പാനിപ്പത്ത് യുദ്ധവും പഴയ രാജാവിന്റെ കുതിരയുടെ പേരും വാളിന്റെ പേരും പഠിപ്പിക്കുന്നുണ്ട്, സൈനും തീറ്റയും എന്തിനോ വേണ്ടി തിളയ്ക്കുന്നുമുണ്ട്, ഭൂമിയുടെ ഉള്ളും പുറവും പഠിപ്പിക്കുന്നുണ്ട്, ഓർഗാനിക് കെമിസ്ട്രി മുതൽ ബയോടെക്നോളജി വരെ സ്കൂൾ സിലബസിൽ ഉണ്ട്. ചിറകില്ലാത്തവനെ പറക്കാൻ പഠിപ്പിക്കുകയല്ലേ പത്തുവർഷം. നടക്കാനല്ലേ ആദ്യം പഠിപ്പിക്കേണ്ടത് ? പുതിയ അധ്യായന വർഷം ആരംഭിക്കുകയല്ലേ ഇതൊക്കെ ഒരു ചർച്ചയാവട്ടെ.