ഭർത്താവിനു ജോലിയില്ലാ സമയം വീട്ടിലെ ഏക വരുമാനമായിരുന്ന എന്റെ ജോലി കളയിക്കണം എന്ന് അമ്മായിഅമ്മ മകനോട് പറയുന്നു അദ്ദേഹത്തിന്റെ മറുപിടി ആണ് ഞെട്ടിച്ചത്

EDITOR

എന്റെ കണ്ണുകളിൽ നോക്കി അയാൾ പറഞ്ഞു.നോ, ഈ അവസാന നിമിഷത്തിലും ഞാൻ പറയുന്നു. നിന്റെ തീരുമാനം മാറ്റണം.ഇല്ല വിജയേട്ടാ, എത്ര പ്രാവശ്യം ഞാൻ പറഞ്ഞു. ജോലി രാജി വയ്ക്കുന്ന കാര്യം മാത്രം നടപ്പില്ല. എനിക്ക് എന്റെ ജോലി വലുതാണ്.അപ്പോൾ നിനക്ക് ഞാനും നമ്മുടെ മോനും പിന്നെ എന്റെ അമ്മയുമൊന്നും വലുതല്ല, അല്ലെ.അങ്ങിനെ ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ ട്രാൻസ്ഫർ വന്നതുകൊണ്ട് ഞാൻ ജോലി രാജി വയ്ക്കണമെന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല. ഏകദേശം ഒരു വർഷം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരും. എല്ലാവരും അഡ്ജസ്റ്റ് ചെയ്താൽ ആ സമയം പെട്ടെന്ന് പോകും. മോന് പതിനഞ്ച് വയസ്സില്ലേ. അമ്മയ്ക്കും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. അപ്പുറത്തെ ജാനുവേടത്തി ഇവിടെ നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട് . അടുത്ത വർഷം തിരിച്ച് ഇവിടെത്തന്നെ എനിക്ക് വരാൻ പറ്റും. ഇതൊക്കെ എത്ര പ്രാവശ്യം ഞാൻ പറഞ്ഞു.ഇനി നിന്റെ ഇഷ്ടം. പക്ഷെ എന്നെ ധിക്കരിച്ച് പോകാനാണ് തീരുമാനമെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം ഇതോടെ അവസാനിക്കുമെന്ന് കരുതുക.

അദ്ദേഹം ചാടിത്തുള്ളി അകത്തേക്ക് കയറിപ്പോയി.അവളുടെ അഹങ്കാരം നീ സമ്മതിച്ചു കൊടുക്കരുത്. ജോലിക്കാരിയെന്ന ഭാവം വന്നു കയറിയ നാൾ മുതൽ അവൾക്കുണ്ട്. അന്നത്തെ നമ്മുടെ സാമ്പത്തികസ്ഥിതി കാരണം അതെല്ലാം നമ്മൾ സഹിച്ചു. ഇപ്പോൾ നിനക്ക് നല്ല ശമ്പളമായി. പ്ലസ് ഒന്നിന് പഠിക്കുന്ന ഒരു മോൻ മാത്രം. ദൂരെപ്പോയി ജോലി ചെയ്ത് അവൾ സമ്പാദിച്ചു കൊണ്ടുവരേണ്ട സാഹചര്യമൊന്നും ഇപ്പോൾ ഇല്ലല്ലോ . ഒരു വർഷം അവൾ വീട് വിട്ടുനിന്നാൽ ഇവിടത്തെ കാര്യങ്ങൾ ആകെ തകിടം മറിയില്ലേ. അതുകൊണ്ട് നീ സമ്മതിക്കരുത്.”
‘അമ്മ മകനെ എരികയറ്റുന്നത് താൻ കേൾക്കുന്നുണ്ടായിരുന്നു.ശരിയാണ്, താൻ ഉദ്യോഗസ്ഥയാണെന്നുള്ളത് അമ്മക്ക് ഒട്ടും ദഹിക്കുന്ന കാര്യമായിരുന്നില്ല. വിവാഹം നടന്ന കാലത്ത് രണ്ടുപേരുടെ വരുമാനം ആവശ്യമായതു കൊണ്ട് സമ്മതിക്കുകയായിരുന്നു. ഓഫീസ് വീടിനു അടുത്തുമായിരുന്നു. താൻ വന്നതോടെ അമ്മായിയമ്മ കുനിഞ്ഞു കുപ്പയെടുക്കാതായി. മകനും ‘അമ്മ പറയുന്നതിന് അപ്പുറം ഇല്ലായിരുന്നല്ലോ . താനായിട്ട് വീട്ടിൽ അപസ്വരങ്ങൾ ഉണ്ടാകരുതെന്ന് കരുതി ഒരു പരിഭവങ്ങളും പറഞ്ഞില്ല. വീട്ടിലെ എല്ലാ പണികളും തീർത്തിട്ടായിരുന്നു ഓഫീസിൽ പോകുന്നത്. തിരിച്ചു വന്നാലും പണി തന്നെയായിരുന്നു. മോൻ കൂടിയായപ്പോൾ തനിക്ക് വിശ്രമമില്ലാതെയായി.

ശമ്പളം വിജയേട്ടനെ ഏല്പിക്കേണ്ട എന്നത് ആശ്വാസം തന്നെയായിരുന്നു. തന്റെ ശമ്പളം താൻ തന്നെ സൂക്ഷിക്കാനും ചിലവാക്കാനും അദ്ദേഹം സമ്മതിച്ചു തന്നു. അക്കാര്യത്തിൽ മാത്രം അമ്മയുടെ എതിർപ്പ് വിജയേട്ടൻ അവഗണിച്ചു.
അതിന്റെ വിഷമം അമ്മക്ക് നല്ലതു പോലെ ഉണ്ടായിരുന്നുവെന്ന് അയല്പക്കത്തെ അമ്മിണിയമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.അവനൊരു പെങ്കോന്തൻ. ശമ്പളം വാങ്ങിച്ചു വച്ചിട്ട് ആവശ്യത്തിന് മാത്രം കാശ് അവൾക്കു കൊടുക്കാൻ പറഞ്ഞാൽ അവൻ കേൾക്കില്ല. ഇഷ്ടം പോലെ കാശെടുത്ത് പെരുമാറാൻ പറ്റുന്നത് കൊണ്ട് കൂടിയാണ് അവൾക്കിത്ര അഹങ്കാരം.തനിക്ക് ചിരിയാണ് വന്നത്. എന്തഹങ്കാരമാണോ താൻ ഇവിടെ കാണിക്കുന്നത്.അങ്ങിനെ ഇണങ്ങിയും പിണങ്ങിയും വർഷങ്ങൾ കടന്നു പോയി. വിജയേട്ടന് പെട്ടെന്ന് പെട്ടെന്ന് പ്രൊമോഷനുകൾ കിട്ടി. ഇടക്ക് ട്രാൻസ്ഫെറുകൾ വന്നു. അന്നൊക്കെ എല്ലാ കാര്യങ്ങളും ഒറ്റക്ക് നീക്കിക്കൊണ്ട് പോകാൻ താനെത്ര പാടുപെട്ടു.
വിജയേട്ടന് നല്ല വരുമാനമായപ്പോൾ വീണ്ടും ‘അമ്മ ആ വിഷയം കുത്തിപ്പൊക്കാൻ തുടങ്ങിയിരുന്നു.

അവന് ഇപ്പോൾ നല്ല ശമ്പളമുണ്ടല്ലോ . പിന്നെ നീയെന്തിനാ ഇനിയും കഷ്ടപ്പെട്ട് ജോലിക്ക് പോകുന്നത്. രാജി വച്ച് കൂടെ.ഒരിക്കൽ വിജയേട്ടനും അത് ചോദിച്ചപ്പോൾ താൻ തീർത്തു പറഞ്ഞു.ഞാൻ നന്നായി പഠിച്ചു നേടിയ ജോലിയാണ്. വിവാഹം ആലോചിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നുവല്ലോ ഒരിക്കലും ജോലികളയില്ലെന്ന് . ഈ വീട്ടിൽ എനിക്കൊരു സ്ഥാനം ഉള്ളത് എന്റെ ജോലി കൊണ്ട് മാത്രമാണ്. ഇല്ലെങ്കിൽ സ്വന്തമായി ഒരു വരുമാനമില്ലാത്ത ഞാൻ നിങ്ങളുടെയൊക്കെ കീഴിൽ തികച്ചും അടിമയായി കഴിയേണ്ടി വന്നേനെ. ഒരു പുച്ഛച്ചിരിയോടെ അദ്ദേഹം പ്രതികരിച്ചു.
ഓ, നിന്റെയൊരു ജോലിയും വ്യക്തിത്വവും. ‘അമ്മ പറയുന്നത് ശരിയാണ്. ഈ ജോലിയാണ് നിന്റെ അഹങ്കാരം.മോൻ തന്റെയൊപ്പമായിരുന്നു. അമ്മ ഒരിക്കലും ജോലി രാജി വയ്ക്കരുതെന്നായിരുന്നു അവനെന്റെ അഭിപ്രായം .അങ്ങനെയി രിക്കുമ്പോഴാണ് ആദ്യമായി ഈ ട്രാൻസ്ഫർ. കുറച്ചകലെയുള്ള പട്ടണത്തിലേക്ക് . വീട് വിട്ടു പോകാൻ പറ്റാത്തതുകൊണ്ട് ഇനി എന്തായാലും ജോലി വേണ്ടെന്നു വയ്ക്കണമെന്ന് അമ്മയും മകനും കൂടി തീരുമാനിച്ചു.

ഇക്കാര്യത്തിൽ മാത്രം ആരുടേയും തീരുമാനം താൻ അംഗീകരിക്കുകയില്ലെന്ന് തീർത്തു പറഞ്ഞു. അന്ന് മുതൽ തുടങ്ങിയതാണ് ഈ ബഹളങ്ങൾ.നേരത്തെ കൂടെ ജോലി ചെയ്തിരുന്ന ഒരു കൂട്ടുകാരി പുതിയ ഓഫീസിലുണ്ടെന്നറിഞ്ഞു. അവളെ വിളിച്ച ഹോസ്റ്റലിൽ താമസം ഏർപ്പാടാക്കി. ഭാഗ്യത്തിന്, വീട്ടുജോലിക്ക് പോകുന്ന അയൽവീട്ടിലെ ജാനുവേടത്തി ആ സമയത്ത് ഒഴിവായി നിൽക്കുകയായിരുന്നു. അവർ സഹായത്തിന് വീട്ടിൽ നിൽക്കാമെന്ന് സമ്മതിച്ചു. തന്റെ മകൻ എല്ലാത്തിനും കൂടെ നിന്നു. വിജയേട്ടനും അമ്മയും ഒന്നിലും ഇടപെട്ടതേയില്ല. ഏതുനേരവും കുത്തുവാക്കുകളുമായി അവർ തന്നെ തളർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
മറ്റന്നാൾ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യണം. അവസാന നിമിഷത്തിൽ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇല്ല വിജയേട്ടാ, മാലിനിയുടെ ജീവിതത്തിൽ താൻ ആരൊക്കെയോ ആണെന്ന തോന്നൽ ഉണ്ടാക്കുന്നത് എന്റെ ജോലിയാണ്. ഈ പിടിവള്ളി ഞാൻ നഷ്ടപ്പെടുത്തുകയില്ല . ഏട്ടന്റെ ഭീക്ഷണി ഇപ്പോഴത്തെ ദേഷ്യം കൊണ്ടാണെന്നു ഞാൻ ആശ്വസിക്കുന്നു. പതുക്കെ എല്ലാം നേരെയാകുമെന്ന വിശ്വാസത്തോടെ മറ്റന്നാൾ രാവിലെ മോനോടൊപ്പം ഞാൻ പോകും. അതിൽ ഇനിയൊരു പുനർചിന്തനമില്ല.ആശ്വസിപ്പിക്കാനെന്നോണം പൂമണമുള്ള ഒരു കാറ്റ് തന്നെ പൊതിഞ്ഞു നിന്നു. മോന്റെ കൈകളും.സ്ത്രീകൾക്ക് ജോലി കൂടെ ഉണ്ടെങ്കിൽ അഹങ്കാരം കൂടും എന്ന് പറയുന്നതിൽ സത്യം ഉണ്ടോ ? നിങ്ങൾ പറയൂ .

എഴുതിയത് : മിനി സുന്ദരേശൻ