സൗദിയിലെ സഹമുറിക്കാരി ഒരു ഫിലിപ്പിനോ സ്ത്രീയാണ് അവരുടെ ചെയ്തികൾ എന്നെ ഞെട്ടിച്ചു ആ റൂമിൽ നിന്ന് പോകാൻ തോന്നി പക്ഷെ ഒടുവിൽ

EDITOR

ഇവിടെ സൗദിയിൽ വന്നദിവസംമുതൽ സഹമുറിക്കാരിയായി കൂടെക്കിട്ടിയത് ഒരു ഫിലിപ്പിനോ സ്ത്രീയെയാണ്. അൻപത്തിരണ്ടു വയസ് പ്രായമുള്ള ഒരമ്മച്ചി.പുള്ളിക്കാരി ലാബിലാണ് ജോലിനോക്കുന്നത്. ഇരുപത്തഞ്ചു വർഷം നീണ്ട സൗദിവാസം അവരെ അവിടെയുള്ള മറ്റാരേക്കാളും സീനിയറാക്കി മാറ്റുന്നു.
പ്രശ്നമതല്ല. വൃത്തിയുടെ അസുഖമാണ് ടിയാത്തിക്ക്‌. വൃത്തിയെന്ന് പറഞ്ഞാൽ കൊടൂരവൃത്തിക്കാരി. ഒരുതരി മണ്ണ് തറയിൽ കിടന്നാൽ അതിൽ തട്ടി ആരെങ്കിലും വീണാലോയെന്ന് കരുതി അത് നുള്ളിയെടുത്തുകളയും. ഒരു തുള്ളി വെള്ളം എവിടെയെങ്കിലും കണ്ടാൽ അതിലാരെങ്കിലും മുങ്ങിച്ചാവുമെന്ന് കരുതി ഉടനെ തുടച്ചിടും.OCD-ക്കാരിയായ പുള്ളിക്കാരിയും ഓസിയടിക്കാരിയായ ഈജിപ്ഷ്യൻ അമ്മച്ചിയും (മുൻപൊരിക്കൽ ഒരു പോസ്റ്റിൽ ഞാൻ പരാമർശിച്ചിട്ടുള്ള) തമ്മിൽ വ്യത്തിയുടെ പേരിലൊരു ശീതയുദ്ധവും അവിടെ നടക്കുന്നുണ്ടായിരുന്നു. വൃത്തിക്കാര്യത്തിൽ വിരുദ്ധധ്രുവങ്ങളിലുള്ള ഇരുവരും ഇടക്കൊക്കെ ശീതയുദ്ധത്തിനപ്പുറം നേരിട്ടുള്ള ആക്രമണത്തിലേക്ക് വരെയെത്തും.
അടുക്കള മുതൽ ബാത്‌റൂമിൽ വരെ പാലിക്കേണ്ട ശുചിത്വത്തിന്റെ നീണ്ട ലിസ്റ്റ് കണ്ടിടത്തെല്ലാം അവർ ഒട്ടിച്ചുവെച്ചിരുന്നു.മുറിയിൽപോലും നിശബ്ദതപാലിക്കണമത്രേ. സത്യം പറഞ്ഞാൽ ഞാൻ അടപടലം പെട്ടു.

മറ്റുമുറികളിൽ ഒഴിവുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഈജിപ്ഷ്യൻ സിസ്റ്ററുടെ മുറിയിൽ ഒരാൾക്കുടെ സ്ഥലമുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അതിലും ഭേദം ഇതുതന്നെയാണ്അവിടെ തൊടരുത്, അങ്ങനെ ചെയ്യരുത്,ഫോണിൽ ഉറക്കെ സംസാരിക്കരുത്, എല്ലാം വൃത്തിയാക്കി ഇടണം, ബ്ലാ…ബ്ലാ…ബ്ലാ…”!!!
കതക് ചെറുതായിട്ടൊന്ന് അടക്കാൻ മറന്നുപോയാൽ തുടങ്ങും, കുണുകുണുകുണാന്ന് കുണുസായ്മ.
ചില സമയത്ത് അവരെയും ചേർത്ത് മുറിക്ക് തീയിട്ട് ഇറങ്ങിയോടിയാലോയെന്ന് കരുതുമെങ്കിലും എന്റെ ക്ഷമാശക്തിയൽപ്പം കൂടുതലായതുകൊണ്ട് അവരുടെ ആയുസ്സ് നീണ്ടുപോന്നു.ഞാനാണെങ്കിൽ സമാധാനത്തിന്റെ പാതയിൽ സ്വന്തം കാര്യങ്ങൾ നോക്കി മുൻപോട്ട് പോയി.അധികനാൾ കഴിഞ്ഞില്ല, എന്റെ ക്ഷമയുടെ തേക്കിൻപലക കണ്ട നാൾ, ഞാനെന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച വേർഷൻ-2.0 ഭദ്രകാളി മോഡ് പുറത്തെടുത്തു. ഇഗ്ളീഷിൽ ഭരണിപ്പാട്ട് പാടി.മാത്രമല്ല അവർക്ക് രാത്രിയിൽ ടിവി ഓൺ ചെയ്ത് വെച്ച് കിടന്നുറങ്ങുന്ന ശീലമുണ്ട്. (ശബ്ദം ഉണ്ടാവില്ല) എന്തെങ്കിലും വെട്ടമില്ലാതെ ഉറങ്ങാൻ പറ്റില്ലത്രെ. പ്രസ്തുത പ്രവർത്തികൊണ്ട് പ്രഥമ ദൃഷ്ടിയാൽ എനിക്ക് വലിയ കുഴപ്പമൊന്നുമില്ലെങ്കിലും ഉണ്ടെന്ന് ഭാവിച്ച് ഞാൻ പരാതികൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ആളൊന്ന് ഒതുങ്ങി. അനുരഞ്ജനചർച്ചക്ക് തയ്യാറായി.
പരസ്പരം മിണ്ടലില്ലായ്മയുടെ കുറച്ച് ദിവസങ്ങൾ

അനന്തരം അവർ ഇടക്കൊക്കെ എന്നോട് കുശലംചോദിച്ചുതുടങ്ങി.അത്ഭുതം, മഹാത്ഭുതംഅവർക്ക് ചിരിക്കാനറിയാണെന്ന് എനിക്ക് മനസ്സിലായത് മാസമൊന്ന് കഴിഞ്ഞിട്ടാണ്.എന്തായാലും അവർ സ്വിച്ചിട്ടപോലെ മറ്റൊരാളായിമാറി.മിനിസ്ട്രിയുടെ കീഴിലുള്ള സ്ഥാപനമായതുകൊണ്ട് ആദ്യത്തെ സാലറികയറാൻ എനിക്ക് രണ്ടുമാസത്തെ കാലതാമസം നേരിട്ടു. എന്റെ കയ്യിൽ കരുതിയ പണമെല്ലാം തീർന്നപ്പോൾ നല്ല പെടക്കണ റിയാലുകളെടുത്ത് എന്റെ നേരെനീട്ടിയവർ പുഞ്ചിരിച്ചു. ആ മാസത്തെ എന്റെ ഷോപ്പിംഗ് ചിലവുകളും അവർതന്നെയാണ് നോക്കിയത്.പകൽ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന അവർ ഈവെനിംഗ് ഡ്യൂട്ടിക്ക്‌ പോകാനൊരുങ്ങുന്ന എന്നെ നിർബന്ധിച്ച് ഭക്ഷണംകഴിപ്പിക്കും. ഭക്ഷണം കുറവ് കഴിക്കുന്നതുകൊണ്ടാണ് ഞാനിങ്ങനെ മെലിഞ്ഞ് ഒട്ടകപക്ഷിപോലെയാകുന്നതെന്ന് അവർ കട്ടായം പറഞ്ഞു

നോക്കിനിൽക്കേ പിന്നെയും പലപല മാറ്റങ്ങളും സംഭവിച്ചു. നാളുകൾക്കപ്പുറം എന്റെ ഏലക്കാചായയും, ചേച്ചീടെ പുട്ടും ചെറുപയറും, ഞങ്ങളുടെ സാമ്പാറും ചോറും ഒക്കെ പുള്ളിക്കാരിയുടെതുംകൂടെയായി. അതുപോലെ നമ്മുടെ നാട്ടിലെ വെജ് ബിരിയാണി, എഗ്ഗ് റൈസ്, തക്കാളി ചോറ് അങ്ങനെ പലതും ഞാൻ എന്റെ അമ്മച്ചിയെകൊണ്ട് കഴിപ്പിച്ചു. തിരിച്ചും അവരുണ്ടാക്കുന്നത് ഞങ്ങൾക്കും തരും. ചേച്ചി നാട്ടിൽനിന്ന് കൊണ്ടുവന്ന കാച്ചിയ എണ്ണയും പുള്ളിക്കാരി ഉപയോഗിച്ച് തുടങ്ങി.ഒരു പായയിൽ ഉണ്ട്, ഒരു പാത്രത്തിൽ കിടന്നുറങ്ങുന്നരീതിയിലേക്ക് ആ ബന്ധം വളർന്നു. അവർ ഞങ്ങളിലൊരാളായിമാറാൻ അധികം താമസിച്ചില്ല.എന്റെ പിറന്നാളിന് ഉറങ്ങാതെ കാത്തിരുന്ന് ആശംസകൾ അറിയിച്ചു. കുളികഴിഞ്ഞ് ഇറങ്ങിവരുന്ന അവരെ ഞാൻ ഒളിച്ചുനിന്ന് പേടിപ്പിച്ചതിന് പകരംവീട്ടാൻ, ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ കതകിന് മറവിൽ മറഞ്ഞുനിന്നവർ തിരികെ പേടിപ്പിച്ചു. പിന്നീട് കട്ടിലിനടിയിലും അടുക്കളയിലെ പാചകവാതക സിലിണ്ടറിനുമറവിലും തൂണിലും തുരുമ്പിലും വരെ ഒളിച്ചിരുന്ന് എന്നെ പേടിപ്പിക്കുന്നത് മൂപ്പരും ഒരു ഹോബിയാക്കി.

ഞാൻ മുറിയിൽ കലപിലവെക്കുമ്പോൾ ഒപ്പം കൂടിയവിടെ നിറഞ്ഞുനിന്നിരുന്ന നിശബ്ദതയെ തല്ലിക്കെടുത്തി എന്റെയൊപ്പം കത്തിയടിക്കാൻ ആളും കൂടെക്കൂടി.സ്നേഹം കൂടുമ്പോൾ പല പേരുകൾ എനിക്ക് നൽകി, ആഞ്ചലിനായെന്നാണ് ആദ്യം വിളിച്ചു തുടങ്ങിയത്.പിന്നീട് ചേച്ചി വിളിക്കുന്നതുകേട്ട് അഞ്ജുമോളെ, അഞ്ജു കുട്ടാ എന്നൊക്കെയായി വിളി.ഞങ്ങൾ പറയുന്ന മലയാളമെല്ലാം മൂപ്പരും ഏറ്റ് പറയും.കഴിഞ്ഞദിവസം ചെറിയൊരു പനിക്കോളുണ്ടായിരുന്നു. കൂടുതൽ സമയവും ഞാൻ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടികിടന്നു. ഇടക്കെപ്പോഴോ മയക്കത്തിനിടയിൽ ഞാനറിഞ്ഞു, ഒരു തണുത്ത കൈ എന്റെ നെറ്റിയിൽ തൊട്ടുനോക്കുന്നത്.നിനക്ക് വയ്യല്ലേ?? മരുന്ന് വേണോ??അവർ ചോദിച്ചു.വേണം ഞാൻ പറഞ്ഞു.
എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടെ?? നീയിന്ന് അധികം മിണ്ടിക്കണ്ടില്ല അതാണ്‌ ഞാൻ വന്ന് നോക്കിയത്.ഞാനത്ഭുതപ്പെട്ടു. എന്റെ നിശബ്ദതയെപോലും തിരിച്ചറിയാൻ പാകത്തിന് അവരെന്നോടടുത്തിരിക്കുന്നു.

ഒരുകാലത്ത് ശത്രുവായിരുന്നയാളാണ്,ഇന്ന് എനിക്കേറ്റവുമിഷ്ടപ്പെട്ട ഒരാളാണ്.ഈ മാസം പുള്ളിക്കാരി ലീവിന് പോവുകയാണ്. ഇതുവരെയും വലിയ രണ്ട് പെട്ടികൾ ചിട്ടയോടെ പാക്ക് ചെയ്തുകഴിഞ്ഞു.
ഇനിയും പാക്കിംഗ് ബാക്കിയുണ്ട്. ദിവസങ്ങളെടുത്താണ് അവർ പാക്ക് ചെയ്യുന്നത്. അവരുടെ OCD കാരണം പാക്കിങ്ങിൽ ക്രമരഹിതമായി എന്തെങ്കിലും കിടന്നാലവർ പിന്നെയുമതെടുത്ത് ക്രമീകരിച്ചുവെക്കും.
അവർ വിവാഹം കഴിച്ചിട്ടില്ലെന്നും സ്വന്തമെന്ന് പറയാനവർക്ക് ആരുമില്ലെന്നും ചേച്ചിയാണ് ഒരിക്കലെന്നോട് പറഞ്ഞത്. കാത്തിരിക്കാനാരുമില്ലാത്ത നാട്ടിലേക്കുള്ള ഒരു പ്രവാസിയുടെ മടക്കയാത്ര എത്രത്തോളം ശൂന്യമാണെന്ന് ഞാൻ വെറുതെ ആലോചിച്ചുഎയർപോർട്ടിൽ കാത്തുനിൽക്കുവാനും, അവരെ വീണ്ടുംകാണുമ്പോൾ സന്തോഷിക്കാനും, ഓടിവന്ന് കെട്ടിപ്പിടിക്കാനും ആരുമില്ല. എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ശൂന്യത.എന്നാലും ഇത്രയുമധികം പെട്ടികളും അതിൽ നിറയെ സാധങ്ങളും ഇവർ ആർക്കാണ് കൊണ്ടുപോകുന്നത്??സംശയം അവരോട് തന്നെ ഞാൻ ചോദിച്ചു.ഒരു ഓർഫനേജിലേക്കാണ്”!!
അവർ പറഞ്ഞു.ഞാൻ ചിരിച്ചു.പോകുമ്പോൾ കെട്ടിപ്പിടിച്ച് യാത്രയാക്കാണംപോയി വാ എന്ന് പറയണംമടങ്ങിവരുമ്പോൾ വയറ് നിറച്ച് സാമ്പാറും ചോറും തൈരും പപ്പടവുമൊക്കെ കൂട്ടി ഒരു സദ്യകൊടുക്കണം
The End
ഇന്ന് കണ്ടിപ്പാ ഇന്ത ഉലകത്തിൽ ഞാൻ miss ചെയ്യുന്ന ആളുകളുടെ കൂട്ടത്തിൽ ഇപ്പോൾ അവരുമുണ്ട്

എഴുതിയത് : അഞ്ചു എ ജെ