ഇന്റർനെറ്റ് അത്ര അറിവുള്ള സൈബർ സെക്യൂരിറ്റി പഠിപ്പിക്കുന്ന ഞാനും ഇ തട്ടിപ്പിൽ വീണു പോയി ജീവിതത്തിൽ പ്രതീക്ഷിക്കാത്ത തട്ടിപ്പ്

EDITOR

ഇന്റർനെറ്റ് നമ്മുടെ നാട്ടിൽ പ്രചാരത്തിലായ കാലം മുതൽ വളരെ ആക്റ്റീവ് ആയിത്തന്നെ ഉപയോഗിച്ചു വരുന്നു. സൈബർ സെക്യൂരിറ്റിയെക്കുറിച്ച് വർഷങ്ങളായി പഠിച്ചും പഠിപ്പിച്ചും വായിച്ചും എഴുതിയും തഴക്കവും പഴക്കവും ഉണ്ട്. എന്തിനേയും സംശയ ദൃഷ്ടിയോടെ തന്നെ കണ്ട് stop think proceed എന്നത് ഒരു ശീലമായി കൊണ്ട് നടക്കാറുമുണ്ട് . അതുകൊണ്ട് തന്നെ ഇതുവരെ ഒരു വിധത്തിലുള്ള സൈബർ തട്ടിപുകൾക്കും ഇതുവരെ ഇരയായിട്ടില്ല എന്നതിന്റെ ഒരു അഹങ്കാരം കഴിഞ്ഞ ദിവസം മാറിക്കിട്ടി.
ഓണത്തിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് വളരെ പെട്ടന്നാണ് വിശാഖപട്ടണത്തേക്ക് ഒരു ഒഫീഷ്യൽ ട്രിപ്പ് പ്ലാൻ ആയത്. തത്കാലിൽ റിസർവേഷൻ ചെയ്തു. ഒരാഴ്ചക്കടുത്ത് താമസിക്കണമെന്നതിനാൽ നല്ല ഹോട്ടലുകളുടെ ഡിറ്റൈൽസ് അവിടെയുള്ള സുഹൃത്തിനോട് ചോദിച്ച് മനസ്സിലാക്കി. നല്ല ഭക്ഷണം കിട്ടൂമെന്ന് പേരു കേട്ട Daspalla എന്ന ഹോട്ടൽ ആണ് കക്ഷി സജസ്റ്റ് ചെയ്തത്. ഫോർ സ്റ്റാർ ഹോട്ടൽ ആണ്.

ഗൂഗിളിൽ സേർച്ച് ചെയ്താൽ തന്നെ കോണ്ടാക്റ്റ് ഡീറ്റൈൽസ് കിട്ടൂം. വിളിച്ച് ബുക്ക് ചെയ്താൽ മതി എന്ന് പറഞ്ഞു. പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ ട്രയിൻ കാത്ത് ഇരിക്കുമ്പോൾ ആണ് ഹോട്ടൽ ബുക്ക് ചെയ്തിട്ടില്ലല്ലോ എന്ന് ഓർത്തത്. ഉടൻ ഗൂഗിളിൽ ഈ പറഞ്ഞ ഹോട്ടൽ സേർച്ച് ചെയ്തു. കോണ്ടാക്റ്റ് നമ്പർ കിട്ടി. വിളിച്ചു, റിസപ്ഷനിസ്റ്റ് താരിഫ് ഒക്കെ വിവരിച്ചു. കോർപ്പറേറ്റ് റേറ്റ് ഒക്കെ അനുസരിച്ച് അവസാനം 3500/- + GST യുടെ ഒരു റൂം ബുക്ക് ചെയ്തു. എന്തെങ്കിലും ഐഡി പ്രൂഫും ചെറിയ ഒരു അഡ്‌വാൻസും അയച്ച് കൊടുക്കണം എന്ന് പറഞ്ഞു. പേയ്മെന്റിനായി ബാങ്ക് ഡീറ്റൈൽസോ ക്യു ആർ കോഡോ വാട്സപ്പിൽ അയക്കാമെന്നും അറിയിച്ചു. അത് പ്രകാരം ക്യു ആർ വാട്സപ്പിൽ അയച്ച് കിട്ടി. ആ സമയത്ത് ആണ് പോകാനുള്ള ട്രയിൻ പ്ലാറ്റ്‌ഫോമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. പെട്ടന്ന് തന്നെ തന്നെ സ്കാൻ ചെയ്ത് 1500 രൂപ ട്രാൻസ്ഫർ ചെയ്തു. തിരക്കിനിടയിൽ ട്രാൻസ്ഫർ ചെയ്ത് കഴിഞ്ഞാണ് യു പി ഐ ഐഡി നോക്കിയത്. പൊതുവേ വലിയ ഹോട്ടലുകളിലെല്ലാം ഹോട്ടലിന്റെ പേരിൽ തന്നെ ആയിരിക്കും ഐഡി എങ്കിൽ ഇവിടെ ഒരാളുടെ പേരിൽ ആണ് വന്നത്. അതിൽ തന്നെ അപകടം മണത്തു. പിന്നെ ഓർത്തു, അപൂർവ്വമായൊക്കെ ചില ഹോട്ടലുകളിൽ ബുക്കിംഗിനായി ഇതുപോലെ വ്യക്തികളൂടെ ഐഡിയിലൊക്കെ ഉണ്ടാകാറുണ്ട് കേരളത്തിന്റെ പുറത്തൊക്കെ അതുപോലെ ആയിരിക്കാമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. ഉടൻ തന്നെ ഇതേ നമ്പരിൽ നിന്ന് ഫോൺ വന്നു. ‘സാർ ബുക്കിംഗ് കൺഫം ആയിട്ടുണ്ട്.

റസീപ്റ്റ് വൗച്ചർ ഫോൺ പേയിൽ അയച്ചിട്ടുണ്ട്. സാർ ഫോൺ പേ ഓപ്പൺ ചെയ്യൂ ഞാൻ പറഞ്ഞ് തരാം എങ്ങിനെ ആണ് വൗച്ചർ ഡൗൺ ലോഡ് ചെയ്യേണ്ടതെന്ന്.’ ഇനി കൂടുതൽ ഒന്നും പറയേണ്ടല്ലോ. അവനെ നാലു തെറിയും വിളിച്ച് ഫോൺ കട്ട് ചെയ്തു. അതിനു ശേഷം ആണ് ഗൂഗിൾ സേർച്ച് റിസൾട്ട് ഒന്നു കൂടി നോക്കിയത്. ഗൂഗിൾ ബിസിനസ് ഫേക്ക് ലിസ്റ്റിംഗും അതുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ഹോട്ടലിന്റെ ഫേക്ക് വെബ് സൈറ്റും. ഇതേ ഹോട്ടലിന്റെ തന്നെ മറ്റ് സിറ്റികളിൽ ഉള്ള ബ്രാഞ്ചുകളുടെ പേരിലും ഫേക്ക് ഗൂഗിൾ ബിസിനസ് ലിസ്റ്റിംഗുകളും വെബ് സൈറ്റുകളൂം ഇതേ തട്ടിപ്പുകാർ ഉണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
രണ്ട് ജാഗ്രതക്കുറവുകൾ ആണ് ഇവിടെ സംഭവിച്ചത്. ഒന്ന് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയ വെബ് സൈറ്റ് ഒറിജിനൽ ആണോ എന്ന് നോക്കാൻ തിരക്കിനിടയിൽ വിട്ട് പോയി. ഗൂഗിൾ ബിസിനസ് ലിസ്റ്റിംഗിൽ 4K ലധികം റിവ്യൂസ് ഉള്ള ഒരു ലിസ്റ്റിംഗ് ആണ് ഫസ്റ്റ് റിസൾട്ട് ആയി വന്നത്. അതിലെ വെബ് ലിങ്ക് ഒറിജിനൽ ആകുമെന്ന് എങ്ങിനെയോ ഒരു തോന്നൽ ഉള്ളിൽ കയറിക്കൂടിയതിനാൽ ആയിരിക്കണം ഫസ്റ്റ് സ്റ്റപ്പിൽ സംശയം തോന്നാതിരുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിനു മുൻപ് ഹോട്ടലിന്റെ ആണോ എന്ന് വെരിഫൈ ചെയ്യാൻ തോന്നിയില്ല, കാരണം ആ സമയത്താണ് ട്രയിൻ വന്നത്, അതു വഴി ശ്രദ്ധ പാളി.
എന്തായാലും ഉടൻ തന്നെ ഫോൺ പേയിൽ സപ്പോർട്ട് ടിക്കറ്റ് രജിസ്റ്റർ ചെയ്തു (പ്രയോജനമൊന്നുമില്ല. അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നറിയാമായിരുന്നിട്ടു കൂടി).

അതിനു ശേഷം സൈബർ തട്ടീപ്പുകൾ റീപ്പോർട്ട് ചെയ്യാനുള്ള 1930 യിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എങ്കിൽ പിന്നെ സൈബർ ക്രൈം പോർട്ടലിൽ(https://cybercrime.gov.in/) പരാതിപ്പെടാമെന്ന് തീരുമാനിച്ചു. ആവശ്യമായ ട്രാൻസാക്‌ഷൻ ഡീറ്റൈൽസും സ്ക്രീൻ ഷോട്ടുകളൂമൊക്കെ എടുത്തു വച്ചു. ട്രയിനിൽ നെറ്റ് കണക്റ്റിവിറ്റി വളരെ മോശമായതിനാൽ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പരാതി സബ്മിറ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അടുത്ത ദിവസം വൈകുന്നേരം റൂമിലെത്തിയതിനു ശേഷം ലാപ് ടോപ്പ് തുറന്ന് അതു വഴി പരാതി സമർപ്പിച്ചു. അധികം താമസിയാതെ തന്നെ പരാതി സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്നും പാലക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടെന്നുമുള്ള റസ്പോൺസും കിട്ടി. അടുത്ത ദിവസം തന്നെ തട്ടിപ്പുകാരന്റെ അക്കൗണ്ടിൽ 1500 രൂപ ബന്ധപ്പെട്ട ബാങ്ക് വഴി ഹോൾഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ വിധേയമായി റീഫണ്ട് ചെയ്യുമെന്നുമുള്ള അറിയിപ്പും കിട്ടി. എത്രയൊക്കെ കരുതലോടെ നീങ്ങിയാലും ഒരു സെക്കന്റ് നേരത്തെ അശ്രദ്ധ മതി ഇത്തരം കുഴികളിൽ വീഴാൻ. ഇത്തരം തട്ടിപ്പുകളിൽ വീണാൽ തീർച്ചയായും അതെത്ര ചെറിയ സംഖ്യ ആയാലും സൈബർ ക്രൈം പോർട്ടലിലൂടെ പരാതിപ്പെടുക. കൂടുതൽ പേർ തട്ടിപ്പിനിരയാകാതിരിക്കാൻ അത് സഹായിക്കും.

എഴുതിയത് : സുജിത് കുമാർ