ടീച്ചർ എന്നോട് ചെയ്തത് വലിയ ക്രൂരത യായിട്ടാണ് അന്ന് എനിക്ക് തോന്നിയത് ..എടപ്പാൾ GHSഇൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അത് സംഭവിച്ചത് ..സ്കൂൾ തുറന്നിട്ട് ഒരാഴ്ചയായി കാണും ..ക്ലാസ് ടീച്ചർ വിനോദിനി ടീച്ചറാണ് … ക്ലാസ്സിലെ കുട്ടികളെ ഒക്കെ പരിചയപ്പെട്ടു വരുന്നതെ ഉള്ളൂ..ഏറ്റവും ബാക്കിലെ ബെഞ്ചില്‍ ഇരുന്നിരുന്ന ഫൈസൽ എന്ന വിദ്യാർത്ഥി അവിടെ ഇരുന്നു ക്ലാസ്സില്‍ ശ്രദ്ധിക്കാതെ കൂട്ടുകാരുമായി ബഹളം വെക്കുന്നത് ശ്രദ്ധിച്ച ടീച്ചര്‍ അവനെ നന്നാക്കാന്‍ വേണ്ടി ചെയ്ത ഒരു അബദ്ധം എന്‍റെജീവിതത്തിന്റെ ഗതി മാറ്റാന്‍ കാരണമാകുമെന്ന് ടീച്ചര്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. ഒന്നാം ക്ലാസ്സുമുതൽ എല്ലാ ക്ലാസ്സിലും ഒന്നാമത്തെ ബെഞ്ചിൽ ആയിരുന്നു എന്റെ സ്ഥാനം ..അത് അമ്മയുടെ കർശനമായ നിർദേശം ആയിരുന്നു ക്ലാസ്സില്‍ നിശബ്ദമായി ഫസ്റ്റ് ബെഞ്ചില്‍ തന്നെ ടീച്ചറുടെ ക്ലാസുകള്‍ ശ്രദ്ധയോടെ കേട്ടിരുന്ന എന്നെ വിനോദിനി ടീച്ചർ ബാക്ക് ബെഞ്ചില്‍ കൊണ്ടിരുത്തി പകരം ഞാൻ ഇരുന്നിരുന്ന സീറ്റിൽ ഫൈസലിനെയും മാറ്റി ഇരുത്തി.അതോടെ ആ ടീച്ചറോട് എനിക്ക് ഭയങ്കര ദേഷ്യമായി അന്നത്തെ ദിവസം മുഴുവന്‍ ഭയങ്കര സങ്കടമായിരുന്നു..ക്ലാസിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല ..രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആ ബെഞ്ചിലെ കൂട്ടുകാരുമായി അടുപ്പത്തില്‍ ആയി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മനസ്സിലായി..ക്ലാസ്സില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ബാക്ക് ബെഞ്ച് ആണെന്ന്…
ടീച്ചര്‍മാരുടെ കണ്ണ്‍ പെട്ടന്ന് എത്തിപ്പെടാത്തതിനാൽ ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെങ്കിലും ആരും അറിയില്ല …ക്ലാസ്സ് നടക്കുമ്പോള്‍ ബാക് ബെഞ്ചില്‍ തൊട്ടടുത്തിരുക്കുന്ന കൂട്ടുകാരില്‍ നിന്നും പുതിയ അറിവുകള്‍ നേടുന്നത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തി. അത്രകാലമായിട്ടും എനിക്ക് അറിയാത്ത പല പുതിയ അറിവുകളും “ശീലങ്ങളും പകര്‍ന്നു തന്ന ആ സതീര്‍ത്ഥ്യരെ ഞാന്‍ അധ്യാപകരെക്കാള്‍ ഏറെ സ്നേഹിച്ചു..ബഹുമാനിച്ചു.ആ വര്‍ഷത്തെ ആദ്യ പരീക്ഷയുടെ പേപ്പറുകള്‍ കിട്ടി തുടങ്ങിയപ്പോള്‍ ആണ് എന്നില്‍ സംഭവിച്ച മാറ്റത്തെ കുറിച്ച് ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത് ..പ്രോഗ്രസ്സ് കാര്‍ഡ് തന്ന ടീച്ചര്‍ എന്നെ അവജ്ഞയോടെ nനോക്കിക്കൊണ്ടു പറഞ്ഞു. “നാളെ രക്ഷിതാവിനെ കൂട്ടി വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി”. മാര്‍ക്കുകള്‍ നോക്കിയപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നപോലെ തോന്നി ..2, 5, 7 എല്ലാം ഒറ്റ സംഖ്യ.പിറ്റേന്ന് ടീച്ചറോട് അച്ഛന്‍ ഗള്‍ഫിലാണ്..അമ്മക്ക് സുഖമില്ല എന്നൊക്കെ പറഞ്ഞു നോക്കി .അന്ന് ക്ലാസ്സില്‍ കയറാന്‍ അനുവദിച്ചെങ്കിലും നാളെ നിര്‍ബന്ധമായും അമ്മയെ കൊണ്ട് വരണം എന്ന് ടീച്ചര്‍ ഉറപ്പിച്ചു പറഞ്ഞു. ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാംക്ലാസ് വരെയും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നു..ആ എനിക്ക് 2 മാര്‍ക്കാണ് കണക്കില്‍, 5 മാര്‍ക്ക് ഇംഗ്ലീഷില്‍ ..ഇതെങ്ങാനും അമ്മ അറിഞ്ഞാല്‍ തല്ലിക്കൊല്ലും..ഉറപ്പാണ്.
ഉറക്കം വരാതെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു ആലോചിച്ചു. ഒടുവില്‍ ഒരു പോംവഴി കണ്ടെത്തി…എന്തായാലും ഇത്രയും കുറഞ്ഞ മാര്‍ക്കുകള്‍ അമ്മ അറിഞ്ഞാല്‍ വീട്ടില്‍ നിന്നും തല്ലി ഇറക്കും ..അതിനു മുന്‍പേ വീട്ടില്‍ നിന്നും ഇറങ്ങാം.എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്..അമ്മയോടും അച്ഛമ്മയോടും യാത്ര പറയുമ്പോള്‍ വല്ലാത്ത സങ്കടം വന്നു.അത് പുറത്തു കാണിക്കാതെ വീട്ടില്‍ നിന്നും പതിവ് പോലെ സ്കൂളിലെക്കാണ്‌എന്ന് പറഞ്ഞു ഇറങ്ങി സ്കൂളിലേക്ക് അര മണിക്കൂര്‍ ദൂരം നടക്കാനുണ്ട് കൂടെ അയല്‍വാസിയും അത്മസുഹൃത്തമായ നാസര്‍ Ismail Edapalആണ് ഉള്ളത്.
അയൽക്കാർ ആയതിനാൽ കുട്ടിക്കാലം മുതലേ അവൻ എന്റെ കളിക്കൂട്ടുകാരനാണ് ..എപ്പോഴും എന്തിനും അവൻ കൂടെ ഉണ്ടാകാറുണ്ട് അവനോടു എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു അവന്‍ ആദ്യം ഞാന്‍ തമാശ പറ യുകയാനെന്നാണ് കരുതിയത് ..പിന്നീട് കാര്യമായാണ് എന്ന് മനസ്സിലായപ്പോള്‍ അവന്‍ എന്നെ പിന്തിരിപ്പിച്ചു .. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ അവന്‍ എന്നെ ഉപദേശിച്ചു നോക്കി .12 വയസ്സുള്ള ഒരു കുട്ടി നാട് വിട്ടു പോയി എന്ത് ചെയ്യാനാണ്. എവിടെ താമസിക്കും എന്ത് ജോലി ചെയ്യും, എന്നൊക്കെ അവന്‍ ചോദിച്ചു. “അതൊന്നും എനിക്കറിയില്ല..എനിക്കു പോയെ മതിയാകൂ..വേറെ വഴി ഇല്ല നമ്മുടെ അബൂബക്കര്‍ ക്ക ഒക്കെ ഇതുപോലെ കുട്ടിക്കാലത്ത് നാട് വിട്ടു പോയതല്ലേ പിന്നെ വലുതായിട്ട് പൈസക്കാരന്‍ ആയിട്ടല്ലേ തിരിച്ചു വന്നത്. ഞാനും അത് പോലെ പൈസക്കാരന്‍ ആയി തിരിച്ചു വരും..” ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു സംസാരിച്ചും തര്‍ക്കിച്ചും നടന്ന് സ്കൂളിനടുത്തെത്തി എന്നെ പിരിയാൻ ഉള്ള ഉള്ള സങ്കടം കൊണ്ടോ എന്തോ അവന്‍ പെട്ടന്നുള്ള തീരുമാനത്തിൽ പറഞ്ഞു.
നീ ഒറ്റയ്ക്ക് പോണ്ട ..ഞാനും വരാം അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായി ..ഒരു യഥാര്‍ത്ഥ സുഹൃത്ത് എങ്ങനെ ആയിരിക്കും എന്ന് തിരിച്ചറിഞ്ഞ നിമിഷം.. പെട്ടന്ന് തന്നെ പുസ്തകത്തില്‍ നിന്നും ഒരു പേജ് പറിച്ചു അതില്‍ അമ്മക്ക് ഒരു കത്തെഴുതി..ഞാന്‍ പോവുകയാണ്..വേറെ വഴിയില്ലാതാതിനാല്‍ ആണ് , വിഷമിക്കരുതെന്നും വലിയ കാശുകാരനായി തിരിച്ചു വരുമെന്നും എഴുതിയ പേപ്പര്‍ മടക്കി പകുതി പുറത്തു കാണുന്ന വിധം പുസ്തകത്തിനുള്ളില്‍ വെച്ചു..കൂടെ ഉണ്ടായിരുന്ന മറ്റൊരു കൂട്ടുകാരന്റെ കയ്യില്‍ പുസ്തകം കൊടുത്തു എന്നിട്ട് എന്റെ ക്ലാസ്സില്‍ എന്റെ സീറ്റില്‍ വക്കാന്‍ പറഞ്ഞു… ഞാനും നാസറും നേരെ എടപ്പാള്‍ ജങ്ക്ഷനിലേക്ക് നടന്നു . .കയ്യില്‍ ആകെ ഉള്ളത് 40 രൂപ യാണ് .തലേ ദിവസം ട്യൂഷൻ മാഷിനു കൊടുക്കാന്‍ അമ്മ തന്നതാണ്. ആദ്യം കിട്ടിയ KSRTC ബസ്സില്‍ തൃശൂരിലേക്ക് വിട്ടു. തൃശ്ശൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങി .ആദ്യം കണ്ട ഹോട്ടലില്‍ തന്നെ കയറി ജോലി അന്വോഷിച്ചു ..രണ്ടു പീക്കിരി കുട്ടികള്‍ ജോലി ചോദിച്ചു ചെന്നപ്പോള്‍ കാഷ് കൌണ്ടറില്‍ ഇരുന്ന ആള്‍ നല്ല മുട്ടൻ തെറി പറഞ്ഞുകൊണ്ട് ഞങ്ങളെ അവിടെ നിന്നും ഇറക്കി വിട്ടു … കുറെ നടന്ന് ദാഹം തോന്നിയപ്പോൾ ഒരു തട്ടുകടയില്‍ കയറി ഐസ് വാട്ടര്‍ കുടിച്ചു.ആ സ്ത്രീയോട് ഞങ്ങള്‍ കാര്യം പറഞ്ഞു. നല്ലവരായ ആ സ്ത്രീ ഞങ്ങളോട് എത്രയും പെട്ടന്ന് വീട്ടിലേക്കു തിരിച്ചു പോകാന്‍ പറഞ്ഞു. ഞങ്ങള്‍ ശരി എന്നൊക്കെ പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
എന്ത് ചെയ്യണം എന്ന് ആലോചിച്ചു .ഗുരുവായൂർക്ക് പോകാം അവിടെ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല.. ഞാൻ പറഞ്ഞു … ഞങ്ങള്‍ നേരെ ഗുരുവായൂര്‍ക്ക് വണ്ടി കയറി.ഗുരുവായൂര്‍ എത്തിയപ്പോഴേക്കും കയ്യിലെ പൈസ ഏതാണ്ട് തീരാറായിരുന്നു …അപ്പോഴേക്കും വിശപ്പ് തുടങ്ങി. കയ്യിലുള്ള പൈസ വളരെ ശ്രദ്ധാപൂര്‍വ്വം ചിലവഴിക്കേണ്ടതുണ്ട് എന്നതിനാല്‍ ഞങ്ങള്‍ ഓരോ ഐസ്ക്രീം വാങ്ങി വിശപ്പു മാറ്റി ..ബസ് സ്റ്റാന്റില്‍അങ്ങോട്ടും ഇങ്ങോട്ടും പലവട്ടം നടന്നു. കുറെ നടന്നു കഴിഞ്ഞപ്പോള്‍ തളര്‍ന്നു സ്റ്റാന്‍ഡില്‍ വന്നിരുന്നു..എന്ത്ചെയ്യണമെന്നു ഒരു പിടിയും ഇല്ല എടാ ഇമ്മക്ക് വീട്ടില്‍ക്ക് തന്നെ തിരിച്ചു പോയാലോ, രാത്രി ആയാല്‍ ഇമ്മള് എവിടെ കിടന്ന് ഉറങ്ങും നാസറിന്റെ ചോദ്യം എന്നെ ഭയപ്പെടുത്തി അപ്പോള്‍ പത്തുപതിനെട്ടു വയസ്സുള്ള ഒരു പയ്യന്‍ ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു..”നിങ്ങള്‍ കുറെ നേരം ആയല്ലോ ഇവിടെ കിടന്നു കറങ്ങാന്‍ തുടങ്ങിയിട്ട്..എന്താ നിങ്ങളുടെ പ്രശ്നം?ഞങ്ങളുടെ കയ്യിലെ പൈസ എവിടെയോ വീണു പോയി ..അത് നോക്കി നടക്കുകയായിരുന്നു എന്ന് അയാളോട് പറഞ്ഞു…ഞങ്ങളുടെ സംസാരത്തിലെ പൊരുത്തക്കേടുകള്‍ മനസ്സിലായത് കൊണ്ടായിരിക്കാം അയാള്‍ക്ക് ഞങ്ങള്‍ പറയുന്നതെല്ലാം കള്ളമാണെന്ന് മനസ്സിലായി..സത്യം പറ, നിങ്ങള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി വന്നതല്ലേ എന്ന അയാളുടെ ചോദ്യം ഞങ്ങളെ ശരിക്കും അത്ഭുത പ്പെടുത്തി.പിന്നെ ഒന്നും മറച്ചു വെച്ചില്ല എല്ലാ കാര്യവും അയാളോട് തുറന്നു പറഞ്ഞു.. എല്ലാം കേട്ടതിനു ശേഷം അയാൾ പറഞ്ഞു ..”ഞാനും ഇവിടെ കുറെ വർഷം മുന്‍പ് നാട് വിട്ടു വന്നതാണ്.. ഞങ്ങള്‍ ഇവിടെ റോഡ് പണി ചെയ്യുകയാണ്. ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം , അയാള്‍ നിങ്ങക്ക് പറ്റിയ എന്തെങ്കിലും ജോലി ശരി ആക്കി തരും, ഇവിടെ തന്നെ ഇരിക്കൂ, എങ്ങോട്ടും പോകരുത്
അയാൾ പോയി , അല്പസമയത്തിനുള്ളിൽ കൂടെ ഒരു താടിക്കാരനുമായി തിരിച്ചു വന്നു..ആ താടിക്കാരൻ ആദ്യം ചോദിച്ചത് നിങ്ങൾ വല്ലതും കഴിച്ചോ എന്നായിരുന്നു . എന്നിട്ട് തൊട്ടു മുന്നിലുള്ള ഹോട്ടലില്‍ കൊണ്ട് പോയി ഭക്ഷണം വാങ്ങി കഴിപ്പിച്ചു ..അതിനു ശേഷം ഞങ്ങളോട് പറഞ്ഞു ” മക്കളെ അമ്മയും അച്ഛനും വഴക്ക് പറഞ്ഞാലോ വഴക്ക് പറയുമെന്ന് പേടിച്ചോ നമ്മള്‍ വീട് വിട്ടു ഇറങ്ങരുത് ..നമ്മളെ അവര്‍ വഴക്ക് പറയുന്നത് നമ്മുടെ നന്മക്കു വേണ്ടി അല്ലെ ..മക്കളുടെ വീട്ടുകാര്‍ ഇപ്പൊ നിങ്ങളെ കാണാതെ എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും നിങ്ങള്‍ വേഗം വീട്ടിലേക്കു തിരിച്ചു പോണം .അതിനുള്ള ഏർപ്പാട് ഞാന്‍ ചെയ്യാം .”..ഞങ്ങളുടെ മറുപടിക്ക് കാക്കാതെ ഞങ്ങളെ കൂട്ടി അയാള്‍ നടന്നു കൂടെ പോകുക അല്ലാതെ ഞങ്ങൾക്ക് വേറെ മാർഗ്ഗമില്ലായിരുന്നു …കുറെ നടന്നതിനു ശേഷം ഒരു കെട്ടിടത്തില്‍ എത്തി ..ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ എന്ന ബോർഡ് കണ്ടപ്പോൾ ഞെട്ടിപ്പോയി ..തിരിഞ്ഞോടിയാലോ എന്ന് ആലോചിച്ചു ..എന്റെ കയ്യിൽ അയാൾ മുറുകെ പിടിച്ചിരിക്കുകയാണ് …..അയാൾ നേരെ S I യുടെ അടുത്ത് പോയി കാര്യങ്ങള്‍ പറഞ്ഞു ..
S I കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് ഞങ്ങളുടെ നേരെ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു ..” എന്ത് മൈ **@ പണി ചെയ്യാമെന്നു കരുതിയാണെടാ നീ ഒക്കെ നാട് വിട്ടു വന്നത്. ഇവനെ ഒക്കെ നല്ല പെട കിട്ടിയാല്‍ ശരി ആകും ” എന്നൊക്കെ പറഞ്ഞു വിറപ്പിച്ചു ..ഇനി ഞങ്ങള്‍ ഒരിക്കലും നാട് വിടില്ല എന്നോക്കെ പറഞ്ഞു കരഞ്ഞു കൊണ്ടിരുന്ന ഞങ്ങളെ പിടിച്ചു ഒരു ബെഞ്ചില്‍ ഇരുത്തി ..അവിടെ നിന്നും ഇളകരുത് എന്ന് പറഞ്ഞു …..പ്രായമായ ഒരു പോലീസുകാരന്‍ ഞങ്ങളുടെ അടുത്ത് വന്നിരുന്നു സ്നേഹപൂര്‍വ്വം കാര്യങ്ങള്‍ ഒക്കെ അന്വഷിച്ചു. പുള്ളി ഞങ്ങള്‍ക്ക് ചായ ഓര്‍ഡര്‍ ചെയ്തു എത്തിച്ചു
ഇതേ സമയം നാട്ടിലാകെ ഞങ്ങള്‍ പോയ വാര്‍ത്ത എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു ..ക്ലാസ്സ് റൂമിലെ എന്റെ പുസ്തകത്തില്‍ വെച്ചിരുന്ന ലെറ്റര്‍ ക്ലാസ്സിലെ ആരോ വായിച്ചു ടീച്ചറെ ഏല്പിച്ചു ..പെട്ടന്ന് തന്നെ ടീച്ചര്‍ വീട്ടില്‍ അറിയിച്ചു ..വീട്ടില്‍ കുടുംബക്കാര്‍ മൊത്തം വന്നു കരച്ചിലും പിഴിച്ചിലും ..ആകെ ബഹളം ..ആ സമയത്ത് ഞങ്ങള്‍ ഗുരുവായൂര്‍ പോലീസെ സ്റ്റേഷനില്‍ ചായയും കഞ്ഞിയും കുടിച്ചിരിക്കുകയാണ്. അവിടെ നിന്നും പൊന്നാനി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു ..ഏകദേശം രാത്രി 8 മണിക്ക് എന്റെ അമ്മാമന്‍ നാസറിന്റെ അമ്മാവന്റെ കാറുമായി വന്നു ഞങ്ങളെ വീട്ടിലേക്കു തിരിച്ചു കൊണ്ടുപോയി . ..കാറില്‍ നിന്നും ഇറങ്ങിയ എന്നെ കണ്ടു കരഞ്ഞു കൊണ്ടിരുന്ന അച്ഛമ്മ വന്നു എന്നെ കെട്ടിപ്പിടിച്ചു ..വലിയ ആളായി പൈസക്കാരനായി തിരിച്ചുവരാന്‍ വേണ്ടി പോയ ഞാന്‍ ,പോകുമ്പോള്‍ ഇട്ടിരുന്ന അതെ നിക്കറും ഷര്‍ട്ടും ഇട്ടുകൊണ്ട് വെറുംകയ്യോടെ ഇളിഭ്യനായി തിരിച്ചു വീട്ടില്‍ കയറുന്ന ആ കാഴ്ച കാണാന്‍ ഒരുപാടു ആളുകള്‍ അന്ന് അവിടെ കൂടിയിട്ടുണ്ടായിരുന്നു
പിറ്റേന്ന് അമ്മയുമായി സ്കൂളിലേക്ക് വിനോദിനി ടീച്ചറുടെ മുന്നിൽ കുറ്റബോധത്തോടെ തല താഴ്ത്തി നിന്ന എന്നെ ചേര്‍ത്ത് പിടിച്ചു തലയില്‍ തഴുകി കൊണ്ട് ചോദിച്ചു ..” പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞാല്‍ പേടിച്ചു ഒളിച്ചോടുകയാണോ വേണ്ടത് ..അടുത്ത പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് മേടിക്കുകയല്ലേ ചെയ്യേണ്ടത് ..മനോജ് ഇനി മുതല്‍ നന്നായി പഠിച്ചാല്‍ മതി ..നല്ല മാര്‍ക്ക് വാങ്ങി മിടുക്കനാണെന്ന് തെളിയിക്കണം”
ക്ലാസ്സ് റൂമിലേക്ക് ചെന്നപ്പോൾ കുട്ടികൾ എന്നെ സഹതാപത്തോടെയും ചിലർ പരിഹാസചിരിയുടെയും , നോക്കുന്നുണ്ടായിരുന്നു ഞാൻ ക്ലാസ്സിൽ തല താഴ്ത്തി ഇരുന്നു …ആരും എന്നോടൊന്നും ചോദിച്ചുമില്ല …അതിനു ശേഷം ടീച്ചര്‍ ക്ലാസ്സില്‍ എന്നെ എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നോട് എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചും എന്റെ സംശയങ്ങള്‍ തീര്‍ത്തുതരാനും പ്രത്യേകം താല്പര്യം കാണിച്ചു ഒരു വിദ്യാർത്ഥി എന്നതിൽ കവിഞ്ഞ സ്നേഹവാത്സല്യങ്ങൾ ടീച്ചർ എനിക്ക് നൽകി …ഒൻപതാം ക്ലാസ്സ് കഴിയാറായപ്പോഴേക്കും വല്ലാത്ത ഒരു ആത്മബന്ധം ടീച്ചറോട് തോന്നിയിരുന്നു അതേ സമയം നാട് വിട്ട സംഭവത്തോടെ നാട്ടിൽ ഞാൻ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു
നാട്ടുകാരനായ ഒരു കൂട്ടുകാരന്റെ പിതാവ് അവനോടു പറയുക പോലും ചെയ്തത്രെ ..മനോജിന്റെ കൂടെ കൂട്ടുകൂടരുത് ..അവന്‍ നിന്നെ കൂടി നാശമാക്കും എന്ന് .. റോഡിലൂടെ സ്കൂളിലേക്ക് പോകുമ്പോള്‍ ആളുകൾക്കിടയിൽ നിന്നും പീടിക വരാന്തയിൽ നിന്നും എന്നെ കാണുമ്പോൾ ” തൃശ്ശൂർ ഗുരുവായൂർ ” എന്ന വിളിയും ചിരിയും പതിവായിരുന്നു.ആളുകളെ ഒക്കെ അഭിമുഖീകരിക്കാന്‍ വലിയ ബുദ്ധിമുട്ടനുഭവിച്ചു…കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെടുന്നത് പോലെ തോന്നി. പത്താം ക്ലാസ്സിലെത്തി …ഏറ്റവും മുന്നിലെ ബെഞ്ചില്‍ തന്നെ ഞാന്‍ സ്ഥാനം പിടിച്ചു..ക്ലാസ്സ് ടീച്ചര്‍ കൃഷ്ണന്‍ മാഷ് ആയിരുന്നു..എങ്കിലും ക്ലാസ്സ് തുടങ്ങിയ ആദ്യദിനം വിനോദിനി ടീച്ചര്‍ക്ലാസ്സില്‍ വന്നു കുട്ടികളുമായി കുറച്ചു സമയം ചിലവഴിച്ചു ..പോകാന്‍ നേരം എന്നെ പുറത്തേക്കു വിളിച്ചു.. എന്‍റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി ടീച്ചർ പിറകിലേക്ക് ഒതുക്കി വെച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു . ” മനോജ് , പത്താം ക്ലാസ് ആണ് ..നന്നായി പഠിക്കണം..റിസള്‍ട്ട് വന്നാല്‍ SSLC ബുക്ക് എനിക്ക് കാണിച്ചു തരണം” ഞാന്‍ തല കുലുക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
മാസങ്ങള്‍ കഴിഞ്ഞു..എല്ലാവരും ഭീതിയോടെ കാത്തിരുന്ന SSLC പരീക്ഷ കഴിഞ്ഞു ..സ്കൂൾ ജീവിതവും കഴിഞ്ഞു അമ്മാവന് ഒരു പലചരക്കു കട ഉണ്ടായിരുന്നു … അമ്മ എന്നെ അമ്മാമന്റെ പലചരക്ക് കടയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ വിട്ടു.. ഇനിയുള്ള കാലം പഞ്ചസാരയും ചായപ്പൊടിയും പോതിഞ്ഞു കൊടുത്തു ജീവിക്കാന്നാണ്‌നിന്റെ വിധി എന്ന് അമ്മ എന്നോട് ദേഷ്യവും സങ്കടവും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു …എന്നെ നന്നായി പഠിപ്പിക്കണമെന്ന് അമ്മക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ പഠിപ്പില്‍ മോശമായതിനെ തുടര്‍ന്ന് നാട് വിട്ട സംഭവത്തോടെ അമ്മയുടെ എല്ലാ പ്രതീക്ഷയും തകര്‍ന്നു പോയിരുന്നു ..ആ സംഭവത്തിന് ശേഷം അമ്മ ഒരിക്കലും എന്നെ പഠിക്കാന്‍ നിര്‍ബന്ധിച്ചിരുന്നില്ല ..
അമ്മായിയുടെ മകന്‍ അനീഷ് ആണ് ഓടിക്കിതച്ചെത്തി ആ വാര്‍ത്ത പറഞ്ഞത് മനു ഏട്ടന്ഫസ്റ്റ് ക്ലാസ്സ് ഉണ്ട് .ഞങ്ങളുടെ tution സെന്‍ററില്‍ രണ്ടു ദിവസം മുന്‍പേ റിസള്‍ട്ട് വന്നു. ഞാന്‍ ചെക്ക് ചെയ്തു” .എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല ..ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ് …അമ്മക്ക് വിശ്വാസമായില്ല …അനീഷിനു തെറ്റിയതാകും എന്ന് പറഞ്ഞു….അവന്റെ മാഷ് ആണ് ചെക്ക് ചെയ്തു പറഞ്ഞത്, ഉറപ്പാണ് എന്നൊക്കെ പറഞ്ഞതോടെ അമ്മക്കും സന്തോഷമായി ..അന്നൊക്കെ നാട്ടില്‍ തന്നെ വളരെ അപൂര്‍വമാണ് ഫസ്റ്റ് ക്ലാസ്സ് .. പഠിച്ചിരുന്ന “പ്ലസ് ട്യൂഷൻ സെന്റർ” ഫസ്റ്റ് ക്ലാസ്സ് കിട്ടിയ കുട്ടികളുടെ ഫോട്ടോ നോട്ടീസ് ഇൽ അടിച്ച് പരസ്യം ചെയ്തു . (രവി മാഷെ നന്ദിയോടെ ഓർക്കുന്നു ). വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും സ്നേഹവും പ്രോത്സാഹനവും കൊണ്ട് വീർപ്പു മുട്ടിച്ചു SSLC ബുക്ക് കിട്ടിയ ഉടനെ ഞാന്‍ നേരെപോയത് വിനോദിനി ടീച്ചറുടെ അടുത്തേക്കായിരുന്നു ടീച്ചറുടെ കയ്യില്‍ ഞാന്‍ ബുക്ക് കൊടുത്തതിനു ശേഷം ആ കാലില്‍ തൊട്ടു വന്നിച്ചു ..എന്റെ മാര്‍ക്ക് പരിശോധിച്ച ടീച്ചറുടെ സന്തോഷം എനിക്ക് ആ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞു ….ഒരു നിമിഷത്തേക്ക് ടീച്ചറുടെ മുഖം എന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരിനാല്‍ അവ്യക്തമായി …ജീവിതത്തില്‍ ആദ്യമായി സന്തോഷംകൊണ്ട് കരഞ്ഞത് ആ ഒരു നിമിഷത്തില്‍ ആണ്…വര്‍ഷങ്ങള്‍ കടന്നു പോയി പ്രീഡിഗ്രിയും ഡിഗ്രിയും പി ജി യും ചെയ്തു. നിരവധി അധ്യാപകരുടെ സ്നേഹവാത്സല്യങ്ങള്‍ നേടാന്‍ ഭാഗ്യമുണ്ടായി ….എങ്കിലും പഠിപ്പിച്ച ഗുരുനാഥന്‍മാരുടെ മുഖം മനസ്സില്‍ ഓര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന മുഖം വിനോദിനി ടീച്ചറുടെത് തന്നെ.
എഴുതിയത് : മനോജ് കെ ചന്ദ്രൻ എടപ്പാൾ