കഴിഞ്ഞ ദിവസം ഒരു പയ്യന്റെ തല സി റ്റി സ്കാനിന്റെ പടമാണ് അതിൽ മാർക്ക് ചെയ്ത വരകൾക്കിടെ കാണുന്ന വെളുത്ത നിറം രക്തമാണ് വെറുതെ വീണു എന്ന് ആദ്യം പറഞ്ഞു ശേഷം

EDITOR

ഒരു രോഗിയുടെ തലയുടെ സിറ്റി സ്കാനിന്റെ പടമാണ് ചിത്രത്തിൽ. അതിൽ മാർക്ക് ചെയ്ത ചുവന്ന വരകൾക്കിടയിൽ കാണുന്ന വെളുത്ത നിറം രക്തമാണ്. രക്തമെന്ന് വച്ചാൽ, നല്ല ഫ്രഷ് ബ്ലഡ്.
എന്ത് പറ്റിയതായിരുന്നു?അവൻ കളിക്കാൻ പോയപ്പൊ വീണതാ..അവന്റെ അച്ഛനാണ് മറുപടി പറഞ്ഞത്. തലയിടിച്ച് വീണതു കൊണ്ട് ഒന്ന് സ്കാൻ ചെയ്ത് നോക്കുന്നത് നല്ലതാണെന്ന് ആദ്യം കാണിച്ച ആശുപത്രിയിൽ പറഞ്ഞതിനാൽ മാത്രം മെഡിക്കൽ കോളേജിൽ വന്നതാണ്.മെഡിക്കൽ കോളേജിൽ എത്തുമ്പോഴും പൂർണ ബോധത്തിലായിരുന്നു. പ്രത്യേകിച്ചൊരു കുഴപ്പവുമില്ല. കാഷ്വാലിറ്റിയിൽ കാണിച്ച്, സ്കാൻ ചെയ്ത് വന്നപ്പോഴേക്കും പക്ഷെ ആളിന് ബോധമില്ല. പ്രതികരണമില്ല. ഉടനടി ഡോക്ടര്മാർ ശ്വാസകോശത്തിലേക്ക് ട്യൂബിട്ട് വെന്റിലേറ്ററിലേക്ക് കണക്റ്റ് ചെയ്തു. അപ്പോഴേക്കും സ്കാൻ ചെയ്ത റിപ്പോർട്ട് വന്നു, അതിന്റെ ഒരു ഭാഗമാണ് ഈ ചിത്രത്തിലുള്ളത്.ശരിക്കും കളിക്കാൻ പോയപ്പോൾ വീണതാണോ?” ഞാൻ വീണ്ടും ചോദിച്ചു.
“അവൻ സ്കൂട്ടറീന്ന് വീണതാണ് സർ. കളിക്കാൻ സ്കൂട്ടറിലാണ് പോയത്.

മറ്റെന്തോ പറയാൻ തപ്പിക്കൊണ്ടിരുന്ന അച്ഛന് മുമ്പേ, കൂടെ നിന്ന മറ്റാരോ ആണ് അത് പറഞ്ഞത്. അയൽവാസിയോ ബന്ധുവോ ആണ്. അപ്പൊഴേക്കും അച്ഛൻ ഇടയ്ക്കു കയറി,
പറഞ്ഞാൽ കേക്കൂലെങ്കിലും വണ്ടിയൊക്കെ ഓടിക്കാനറിയാം അവന്. എല്ലായിടത്തും സ്കൂട്ടറിൽ തന്നെയാണ് പോണത്.ആ ബെസ്റ്റ്! ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പയ്യനെ പറ്റിയാണ് എന്തോ അവാർഡ് കിട്ടിയ അഭിമാനത്തോടെ ഈ പറയുന്നത്. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ലൈസൻസില്ലാതെ വണ്ടിയോടിക്കുന്ന കൗമാരക്കാരെ പറ്റിയും അവരുടെ രക്ഷിതാക്കളെ പറ്റിയും ഇവിടെ എഴുതിയിരുന്നു. അതിന്റെ രണ്ടാം നാളിൽ നടന്ന സംഭവമാണിത്.എന്തായാലും അവരോട് തർക്കിക്കാനോ ഉപദേശിക്കാനോ ഒന്നും നിന്നില്ല. പയ്യനെ അതിവേഗം ഓപറേഷൻ തിയറ്ററിലേക്ക് കയറ്റുകയും അര മണിക്കൂറിനുള്ളിൽ ആ രക്തക്കട്ട എടുത്തു മാറ്റുകയും ചെയ്തു. തലച്ചോറിൽ ഉണ്ടാവുന്ന അതി ഗുരുതരമായ രക്തസ്രാവങ്ങളിൽ ഒന്നാണത്. കുറച്ചു മിനിട്ടുകൾ വൈകിയാൽ പോലും ജീവൻ രക്ഷിക്കാൻ കഴിയാത്ത തരത്തിലുള്ളത്.

ലൈസൻസ് ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് വണ്ടി കൊടുക്കരുതെന്ന് ഇവരോടൊക്കെ പറഞ്ഞാൽ തിരിച്ചു ചോദിക്കും, അപ്പൊ ലൈസൻസുള്ളവരല്ലേ ബാക്കി അപകടങ്ങൾ ഒക്കെ ഉണ്ടാക്കുന്നതെന്ന്. ഒരാൾക്ക് ലൈസൻസ് കിട്ടുന്നതിന് ആദ്യം ഗതാഗത നിയമങ്ങൾ പഠിക്കണം, അതിന്റെ പരീക്ഷ പാസാകണം. ആ നിയമങ്ങൾ പാലിക്കാമെന്ന് സർക്കാരിന് ഒപ്പിട്ട് കൊടുക്കണം. എന്നിട്ട് വണ്ടിയോടിച്ച് കാണിക്കണം. അപ്പോഴാണ് ലൈസൻസ് തരുന്നത്. ലൈസൻസുള്ളയാളും ഇല്ലാത്തയാളും ഉണ്ടാക്കുന്ന അപകടങ്ങൾ രണ്ടും രണ്ടുതരം കുത്തിക്കഴപ്പിന്റെ ഫലങ്ങളാണ്. അവ ഒരേ ത്രാസിൽ അളക്കാൻ പറ്റില്ല.ദീർഘനാളായി വണ്ടിയോടിക്കുന്ന, ലൈസൻസുള്ള ആളിന് പോലും ചില അപകടങ്ങൾ ഒഴിവാക്കാൻ പറ്റില്ല. പക്ഷെ, ലൈസൻസില്ലാതെ ആൾ ഉണ്ടാക്കുന്ന അപകടം അതിനി എങ്ങനെ സംഭവിച്ചതാണെങ്കിലും 100% വും ഒഴിവാക്കാൻ പറ്റുന്നതായിരുന്നു.. അതിനുത്തരവാദി അയാൾക്ക് വണ്ടി കൊടുത്ത ആൾ തന്നെ..
ആശുപത്രിയിൽ വരാൻ കുറച്ചു വൈകുകയോ ഓപറേഷൻ ചെയ്യാൻ ഏതാനും മിനിട്ടുകൾ വൈകുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ പോലും ആ ഒമ്പതാം ക്ലാസുകാരന്റെ ക്ലാസിൽ ഒരു കുട്ടി കുറഞ്ഞേനെ. സമയോചിതമായി ശരിയായ ചികിത്സ കിട്ടിയതിനാൽ അവനിന്ന് മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ ഇരിക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞാൽ അവന് സ്കൂളിലും പോകാം. കളിക്കാനും പോകാം.
പക്ഷെ എങ്ങനെ പോകണമെന്ന് അവർ തന്നെ തീരുമാനിക്കണം..

എഴുതിയത് : ഡോക്ടർ മനോജ് വെള്ളനാട്