വിവാഹത്തിന് മുമ്പ് ഉപദേശങ്ങൾ നൽകേണ്ടത് സ്ത്രീക്കല്ല മറിച്ചു പുരുഷനാണ്.നീ വിവാഹിതനാകുമ്പോൾ പുതിയ ഒരാൾ നിന്റെ ജീവിതത്തിലേക്ക് കടന്നു വരികയാണ്,അവളെ അസെപ്റ്റ് ചെയ്യാൻ നിന്റെ ശരീരവും മനസ്സും പാകപ്പെടുത്താൻ തയ്യാറാക്കി കൊള്ളൂ എന്ന് പറഞ്ഞു ബോധ്യപ്പെടുത്തണം.അവൾ നിന്റെ വീട്ടിലെ ജോലി ചെയ്യുവാൻ ഉള്ള വീട്ടു ജോലിക്കാരി അല്ലെന്നു പറഞ്ഞു മനസ്സിലാക്കണം.അവൾ നിന്റെ മാതാപിതാക്കളെ പരിചരിക്കുവാൻ നിയോഗിക്കപ്പെട്ട ഹോം നേഴ്സ് അല്ലെന്ന് പറഞ്ഞു ബോധ്യപ്പെടുത്തണം.
അവൾ നിന്റെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രം വരുന്നവൾ അല്ല എന്നു ബോധ്യപ്പെടുത്തണം.ഇന്നു വിവാഹിതരായ പുരുഷന്മാരോട് നിങ്ങൾ കുടുംബ ജീവിതത്തിൽ സംതൃപ്തനാണോ എന്നു ചോദിച്ചാൽ പലരും അല്ല എന്നാണ് മറുപടി നൽകുക.
എന്താണ് അതിനു കാരണം എന്നു ചോദിച്ചാൽ അവൻ പറയും അവൾക്കു ഒരു ഭർത്താവിനെ തൃപ്തിപ്പെടുത്താൻ അറിയില്ല,അവൾക്കു വീട് വൃത്തിയായി സൂക്ഷിക്കുവാൻ അറിയില്ല,
അവൾക്കു നല്ല രീതിയിൽ ഭക്ഷണം പാചകം ചെയ്യാൻ അറിയില്ല,അവൾ മാതാപിതാക്കളെ പരിചരിക്കുന്നില്ല,
അവൾക്കു അതിഥികളെ സൽക്കരിക്കുവാൻ അറിയില്ല എന്നെല്ലാം ആണ് കാരണങ്ങൾ പറയുക.ഇതിൽ എത്ര പുരുഷന് വീടു തൂത്തു വൃത്തിയാക്കുവാൻ അറിയും?എത്ര പേർക്ക് ഭക്ഷണം പാചകം ചെയ്യാൻ അറിയും?
എത്ര പേർക്ക് സ്വന്തം മാതാപിതാക്കളെ പരിചരിക്കുവാൻ സാധിക്കും?നമ്മളെ കൊണ്ടു ചെയ്യുവാൻ സാധിക്കാത്ത കാര്യം പങ്കാളിയെ കൊണ്ടു ചെയ്യിക്കണമെന്ന അവന്റെ ദുർവാശി ആണ് പുരുഷൻ ആദ്യം ഉപേക്ഷിക്കേണ്ടത്.
അതുവരെ അവന്റെ മാതാപിതാക്കൾ ചെയ്തു കൊണ്ടിരുന്ന കാര്യം അവളിലേക്ക് അടിച്ചേല്പിച്ചു കൊടുക്കുമ്പോൾ അതിൽ പങ്കു ചെരേണ്ടത് അവന്റെ കൂടി കടമയാണ്.വിവാഹം കഴിക്കുമ്പോൾ തനിക്കു അനുയോജ്യമായ പങ്കാളിയെ തിരഞ്ഞെടുക്കുക.തന്നെക്കാൾ യോഗ്യത കുറവാണ് എന്നു പറഞ്ഞു കൊണ്ടു മാത്രം പങ്കാളിയെ അടിമയാക്കാൻ ശ്രമിക്കുമ്പോൾ ആണ് അവൻ ജീവിതത്തിൽ പരാജയപ്പെട്ടു പോകുന്നത്.
പങ്കാളി എന്നു പറയുന്നത് സ്ത്രീ പുരുഷന്റെ ജീവിതത്തിൽ പങ്കു പറ്റുവാൻ വന്നവൾ ആണെന്ന ധാരണ ആദ്യം പുരുഷൻ ഒഴിവാക്കണം.അവൾ തന്റെ ജീവിതത്തിൽ പങ്കു ചേരാൻ വന്നവൾ ആണെന്ന ധാരണ ഉള്ള പുരുഷന്റെ ജീവിതം എന്നും സന്തോഷകരമായതായിരിക്കും.
സ്നേഹപൂർവ്വം ദാസ്.