വീട്ടിൽ വിരുന്നുകാർ വന്നപ്പോ അവർക്ക് ബിരിയാണി വാങ്ങി അതിനൊപ്പം അച്ഛൻ ഞങ്ങൾക്ക് കൂടെ വാങ്ങും എന്ന് കരുതി പക്ഷെ സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത്

EDITOR

നട്ടുച്ചയ്ക്ക് അപ്രതീക്ഷിതമായി വിരുന്ന്കാര് വന്നപ്പോൾ അമ്മയാകെ പതറിപ്പോയി.കറിക്കുള്ള മീൻ വാങ്ങാൻ കവലയിൽ പോയ അച്ഛനെ കാണാതിരുന്നത് കൊണ്ട് അമ്മ തേങ്ങാ ചമ്മന്തിയരച്ച് പപ്പടവും കാച്ചി എനിയ്ക്കും അനുജത്തിയ്ക്കും ചോറ് തരാൻ ഒരുങ്ങുമ്പോഴായിരുന്നു, അമ്മായിയും അമ്മാവനും പിള്ളേരും കൂടി കയറി വന്നത് മോനേ,, നീ അച്ഛനെ വിളിച്ചിട്ട് ,അമ്മാവനും അമ്മായിയുമൊക്കെ വന്നിട്ടുണ്ട് ,ബിസ്മി ഹോട്ടലിന്ന് വേഗം ഒരഞ്ച് ബിരിയാണി വാങ്ങിച്ചോണ്ട് വരാൻ പറയ്,,ബിരിയാണിയെന്ന് കേട്ടപ്പോൾ എൻ്റെ വായിൽ വെള്ളം നിറഞ്ഞു ,പക്ഷേ അഞ്ച് ബിരിയാണിയാണ് വാങ്ങാൻ പറഞ്ഞത്, അത് വിരുന്ന് വന്നവർക്ക് മാത്രമേ തികയു,, എനിയ്ക്കും അനുജത്തിയ്ക്കും ഇന്ന് ചോറും ചമ്മന്തിയും കഴിക്കാനാണ് വിധി,,
അമ്മാവൻ്റെ മക്കളുടെ ഭാഗ്യമോർത്ത് എനിയ്ക്ക് അസൂയ തോന്നി.ഫോൺ ചെയ്ത് അരമണിക്കൂർ കഴിഞ്ഞപ്പോൾ, അച്ഛൻ ബിരിയാണിയുമായി വന്നു ,പക്ഷേ അത് ഏഴ് പൊതിയുണ്ടായിരുന്നു ,
ഇതെന്തിനാ ഏഴ് പൊതി ,ഒന്നാമത് വരുമാനമൊന്ന്മില്ലാത്ത സമയമാണ്, അത് കൊണ്ടാണ് അവർക്ക് കൊടുക്കാൻ മാത്രമുള്ള അഞ്ച് പൊതി വാങ്ങാൻ ഞാൻ പറഞ്ഞത്

അമ്മ അച്ഛനോട് കയർത്തു.ഞാൻ നമ്മുടെ മക്കൾക്ക് കൂടെ കണക്കാക്കി വാങ്ങിച്ചു, അമ്മാവൻ്റെ പിള്ളേര് കഴിയ്ക്കുമ്പോൾ, അവർക്കും ബിരിയാണി കഴിയ്ക്കാൻ ആഗ്രഹമുണ്ടാവില്ലേ?അച്ഛൻ ഞങ്ങൾക്ക് കൂടി വാങ്ങിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ,എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി.അങ്ങനെ ഞങ്ങളെല്ലാവരും കൂടി ബിരിയാണി കഴിക്കാനിരുന്നപ്പോൾ, അച്ഛനും അമ്മയും മാറി നിന്നു.അല്ല ,നിങ്ങളും കൂടി വന്നിരിയ്ക്ക്, നമുക്കൊരുമിച്ച് കഴിയ്ക്കാം,,അമ്മാവൻ, അച്ഛനോടും അമ്മയോടും പറഞ്ഞു.ഹേയ്, എനിക്ക് തീരെ വിശപ്പില്ല, ഞാനൊരു ബിരിയാണി കഴിച്ചിട്ടാണ് വരുന്നത് ,നിങ്ങള് കഴിയ്ക്ക്,,അച്ഛനത് പറഞ്ഞത് കേട്ടപ്പോൾ, എനിക്ക് നീരസം തോന്നി ,എങ്കിൽ പിന്നെ അമ്മയ്ക്ക് കൂടി, ഒരെണ്ണം വാങ്ങാമായിരുന്നില്ലേ?പാവം അമ്മ

എന്നാൽ പിന്നെ ഗീത ഇവിടെ വന്നിരിയ്ക്ക്, നീ മാത്രമായിട്ട് മാറിനില്ക്കണ്ട,അമ്മാവൻ അമ്മയെ കൂടി വിളിച്ച് അടുത്തിരുത്തിയപ്പോൾ, എനിക്ക് സമാധാനമായി .വളരെ നാളുകൾക്ക് ശേഷമാണ്, ഒരു ബിരിയാണി കഴിയ്ക്കുന്നത് ,എനിയ്ക്കാണെങ്കിൽ അതിൻ്റെ രുചിയോർത്തിട്ട് കൈകഴുകാൻ പോലും തോന്നുന്നില്ലായിരുന്നു,അമ്മയോടൊപ്പം എച്ചിൽ പാത്രങ്ങൾ പെറുക്കിയെടുത്ത് അടുക്കളയിലേയ്ക്ക് വരുമ്പോൾ, അച്ഛനും പുറകെ വന്നു.ഗീതേ ,,നീയിവിടെ ഒന്നും വച്ചിട്ടില്ലേ? എനിയ്ക്ക് വിശന്നിട്ട് വയ്യാ,
അത് കേട്ട് ഞാനും അമ്മയും അമ്പരന്നു.ങ്ഹേ, അപ്പോൾ നിങ്ങള് ബിരിയാണി കഴിച്ചില്ലേ?അമ്മ ജിജ്ഞാസയോടെ ചോദിച്ചു.ഇല്ല, ഞാനത് അവരോട് വെറുതെ പറഞ്ഞതാണ് ,എല്ലാവർക്കും കൂടി വാങ്ങാനുളള പൈസയൊന്നും എൻ്റെ കൈയ്യിൽ ഇല്ലെന്ന് നിനക്കറിയില്ലേ ഗീതേ ?

ഈശ്വരാ ,, എന്നിട്ട് അതറിയാതെ ഞാനവരോടപ്പമിരുന്ന് കഴിക്കുകയും ചെയ്തല്ലോ ?അമ്മ തലയിൽ കൈവച്ച് പശ്ചാതാപത്തോടെ പറഞ്ഞു.എന്നിട്ട് വാങ്ങിയ ബിരിയാണിയുടെ പൈസ ,നിങ്ങള് കടം പറഞ്ഞോ?
കടം ചോദിച്ചപ്പോൾ അയാൾക്കൊരു മടി,പിന്നെ അയാള് തന്നെ ഒരു ഉപായം പറഞ്ഞു വൈകുന്നേ രത്തേയ്ക്കുള്ള പതിനഞ്ച് കിലോ മാവിൻ്റെ പൊറോട്ട ഉണ്ടാക്കി കൊടുത്താൽ മതിയെന്ന് ,
അത് കൊണ്ട്, നീ ഉള്ളതെന്താന്ന് വച്ചാൽ,വേഗം വിളമ്പി താ ,കഴിച്ചിട്ട് ഞാൻ പോകട്ടെ ,അമ്മ വിളമ്പി കൊടുത്ത ചമ്മന്തിയും ചോറും, ആർത്തിയോടെ വാരി കഴിയ്ക്കുന്ന അച്ഛനെ കണ്ടപ്പോൾ ,എൻ്റെ തൊണ്ടക്കുഴിയിൽ പുറത്തേയ്ക്ക് വെമ്പാൻ ഒരുങ്ങുന്ന സങ്കടത്തെ ഞാൻ കടിച്ചമർത്തുകയായിരുന്നു.
ഒരേ സമയം വിരുന്ന്കാരുടെ മുന്നിൽ അന്തസ്സോടെ നില്ക്കുകയും, മക്കളുടെ മനസ്സറിഞ്ഞ് അവർക്ക് കൂടി ബിരിയാണി വാങ്ങുകയും ചെയ്തിട്ട് ,വിശന്നിരുന്ന ആ അച്ഛൻ്റെ മകനാകാൻ കഴിഞ്ഞതാണ് എൻ്റെ ഭാഗ്യം,
NB :-ഇല്ലായ്മ അറിയിക്കാതിരിക്കാൻ വിരുന്ന്കാരുടെ മുന്നിൽ അഭിനയിക്കുന്ന അച്ഛനും അമ്മയുമാണ് ഏറ്റവും നല്ല അഭിനേതാക്കൾ

സജി തൈപ്പറമ്പ്.