ഓട്ടിസം ബാധിച്ച മകനെ സ്കൂളിൽ വിടാൻ വന്ന ഡ്രൈവർക്ക് പെട്ടെന്ന് ഒരു ദിവസം എന്നെ വിവാഹം കഴിക്കണം അയാളുടെ ഉദ്ദേശം വേറെ എന്ന് കരുതി ഒഴിവാക്കി പക്ഷെ സത്യാവസ്ഥ എന്റെ കണ്ണ് നിറച്ചു

EDITOR

ഓട്ടിസം ബാധിച്ച മോനെ, സ്പെഷ്യൽ സ്കൂളിൽ കൊണ്ട് പോകാനായിരുന്നു അയാളുടെ ഓട്ടോറിക്ഷ ഞാനാദ്യമായി വിളിച്ചത്പിറ്റേ ദിവസം മുതൽ പറയാതെ തന്നെ അയാൾ, മോനെ സ്കൂളിൽ കൊണ്ട് പോകാൻ, ദിവസവും രാവിലെ വീട്ടിൽ വരാൻ തുടങ്ങി.സാധാരണ ഞാനാണ്, നടക്കാൻ കഴിയാത്ത മകനെ തോളത്ത് എടുത്ത്, ഓട്ടോറിക്ഷയിൽ കയറ്റുന്നത്, പക്ഷേ അന്ന് മുതൽ അയാൾ ആ ജോലി ഏറ്റെടുത്തു.
മൂന്നാം ദിവസം എന്നെ കൂട്ടാതെ തന്നെ, അയാൾ മകനെയുമെടുത്ത് സ്കൂളിൽ പോകുകയും, ഉച്ചയ്ക്ക് തിരിച്ച് വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു.പിന്നീടങ്ങോട്ട് അതൊരു പതിവായി,എനിയ്ക്കും മകനും സ്വന്തമെന്ന് പറയാൻ, എൻ്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.പെട്ടെന്നൊരു ദിവസം, അമ്മയും പോയപ്പോൾ വയ്യാത്ത മകനെയും കൊണ്ട്, ഞാനൊത്തിരി കഷ്ടത അനുഭവിക്കുന്ന സമയത്താണ്, വിശാലഹൃദയനായ അയാളുടെ വരവ്, അത് എനിയ്ക്ക് വലിയ ആശ്വാസമായിരുന്നു.

ഒരിക്കൽ,മോനെ സ്കൂളിൽ നിന്ന് കൊണ്ട് വന്ന് അകത്ത് കസേരയിലിരുത്തിയിട്ട്, അയാളെന്നോടൊരു കാര്യം ചോദിച്ചു.എൻ്റെ ഭാര്യ മരിച്ചിട്ട് ഒരു വർഷമാകുന്നു , എനിയ്ക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിങ്ങളെ വിവാഹം കഴിച്ചോട്ടെ ,എന്ന്.അത് കേട്ട് എനിയ്ക്ക് അയാളോട് വെറുപ്പ് തോന്നി ,ഭാര്യ മരിച്ച് ഒരു വർഷം പോലും തികയുന്നതിന് മുമ്പ്, രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്ന അയാളൊരു സ്വാർത്ഥനാന്നെന്ന് എനിയ്ക്ക് മനസ്സിലായി, അത് കൊണ്ടല്ലേ ഭാര്യയുടെ വേർപാട് ഇത്ര പെട്ടെന്ന് അയാൾക്ക് മറക്കാൻ കഴിഞ്ഞത്,അങ്ങനെയുള്ള ഒരാൾക്ക്, കുറച്ച് നാള് കഴിഞ്ഞ് പുതുമ നഷ്ടപ്പെടുമ്പോൾ എന്നോടുള്ള സ്നേഹവും കുറയുമെന്ന കാര്യം ഉറപ്പാണ്,എൻ്റെ ചിന്തകൾ ആ വഴിയ്ക്ക് പോയപ്പോൾ, ഞാനയാൾക്ക് മറുപടി കൊടുത്തു .
സോറി,, എനിയ്ക്ക് താല്പര്യമില്ല ,പിന്നെ ,ഇങ്ങനെയൊരു ലക്ഷ്യം മനസ്സിൽ വച്ചാണ് നിങ്ങളെൻ്റെ മോനോട് ഇത്ര അടുപ്പം കാണിച്ചതെന്ന് എനിയ്ക്ക് മനസ്സിലായി ,അത് കൊണ്ട് ഇനി നിങ്ങളുടെ സഹായം എനിയ്ക്ക് ആവശ്യമില്ല ,ഇനി മുതൽ ഞാൻ തന്നെ മോനെ സ്കൂളിൽ കൊണ്ട് പൊയ്ക്കോളാം,

നിങ്ങളിനി വരണ്ടാ,അപമാനിതനെ പോലെ അയാളിറങ്ങി പോകുന്നത് ഒട്ടും മന:സ്താപമില്ലാതെ ഞാൻ നോക്കി നിന്നു.കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞ് ,പനി വന്ന മകനേയും കൊണ്ട് ,ഞാൻ സ്ഥിരമായി പോകുന്ന പീഡിയാട്രീഷ്യനെ കാണാൻ പോയിഅവിടെ വച്ച് യാദൃശ്ചികമായി ഞാനാ ഓട്ടോ ഡ്രൈവറെ കണ്ടു,
ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി വന്ന അയാളുടെ തോളിൽ, പത്ത് പതിമൂന്ന് വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അയാളിറങ്ങിയ ഉടനെ ഞാൻ മോനെയും കൊണ്ട് ഡോക്ടറുടെ റൂമിലേയ്ക്ക് വേഗം കയറി ,വർഷങ്ങളായി പരിചയമുള്ള ഡോക്ടറുടെയടുത്ത്, ഞാനെൻ്റെ ജിജ്ഞാസ പങ്ക് വച്ചു.
അയാളൊരു ഓട്ടോ ഡ്രൈവറല്ലേ?ആ കുട്ടി ആരുടേതാണെന്നറിയുമോ ഡോക്ടർ?ഗീതുവിന് അയാളെ അറിയുമോ?

അത് അയാളുടെ മകള് തന്നെയാണ് ഈ മോനെപ്പോലെ തന്നെ ഡിസ് ഏബിൾഡാണ്,ആ കുട്ടി ഇപ്പോൾ കുറച്ച് നെർവ്വസാണ്, അതിൻ്റെ അമ്മ കഴിഞ്ഞ വർഷം ഒരപകടത്തിൽ മരിച്ച് പോയി ,അച്ഛനെത്ര ശ്രമിച്ചാലും ഇത്തരം കുട്ടികൾക്ക് അമ്മമാരുടെ കുറവ് വല്ലാതെ ഫീല് ചെയ്യും ,അത് കൊണ്ട് ഞാനയാളോട് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ മറ്റൊരു വിവാഹം കഴിയ്ക്കാൻ , ആവശ്യപ്പെട്ടിരുന്നു ,ഒരു പക്ഷേ മറ്റൊരു സ്ത്രീയുടെ സാമീപ്യം ആ കുട്ടിയ്ക്ക്, അമ്മ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കിയേക്കാം ,അത് അവൾക്ക് വലിയ ആശ്വാസം നല്കിയേക്കും ,ഇന്ന് വന്നപ്പോൾ ഞാൻ വീണ്ടും അത് തന്നെയാണ് അയാളോട് പറഞ്ഞത് ,അപ്പോൾ അയാള് പറയുവാ ,എൻ്റെ മകളെ സ്നേഹിക്കാനും മനസ്സിലാക്കാനും ഇത് പോലുള്ള കുട്ടികളെ വളർത്തുന്ന അമ്മമാർക്ക് മാത്രമേ കഴിയൂ, പക്ഷേ അങ്ങനൊരു അമ്മയെ കിട്ടുന്നത് അത്ര എളുപ്പമല്ലന്ന്,ഡോക്ടറുടെ മറുപടി കേട്ട് ഞാനാകെ തളർന്ന് പോയി,കാര്യമറിയാതെ ഞാനയാളെ ഒരുപാട് തെറ്റിദ്ധരിച്ചു.
ഇന്നിപ്പോൾ ഞാനൊരുപാട് സന്താഷവതിയാണ് ,കാരണം എനിയ്ക്ക് താങ്ങായി അദ്ദേഹമുണ്ട്,
കൂടെ നിഷ്കളങ്കരായ ഞങ്ങടെ രണ്ട് മക്കളും
രചന ,സജി തൈപ്പറമ്പ് .