പ്രണയിക്കുവാണെകിൽ 30 കഴിഞ്ഞ ഒരു വിവാഹിതയെ സ്നേഹിക്കണം അങ്ങനെ അനുഭവം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപിടി ആണ് അമ്പരപ്പിച്ചത്

EDITOR

മുപ്പതു കഴിഞ്ഞവൾ പ്രണയിക്കുവാണെകിൽ 30 കഴിഞ്ഞ ഒരു വിവാഹിതയെ സ്നേഹിക്കണം മച്ചാ.അതെന്താടാ?അതോ.. അവളുടെ ഉള്ളിൽ പ്രണയത്തിന്റെ ഒരു കടൽ ഒഴുകുന്നുണ്ടാകും മച്ചാ, ആരെയും ശല്യപ്പെടുത്താതെ ഒഴുകുന്ന ആ തിരകൾക്ക് ഉപ്പുരസം കൂടുതൽ ആയിരിക്കും. ആർക്കൊക്കെയോ വേണ്ടി ജീവിച്ചു തീർക്കുന്നതിൽ ഇടയിൽ സ്വന്തം ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും മറന്നു പോയ പെൺ മനസിന്റെ വിങ്ങലുകൾ, എന്തൊക്കെയോ ആകണം എന്നാഗ്രഹിച്ചു ഒന്നും ആകാതെ പോയതിന്റെ സങ്കട കടൽ. തനിക്ക് പുതിയതൊന്നും തന്റെ പൊന്നുമക്കൾക്ക് പറ്റരുതെന്നു പ്രാർത്ഥിക്കുന്ന ഒരമ്മയുടെ ആധിയുടെ ചൂട് കലർന്ന തിരകൾ. എന്തിനോ വേണ്ടി പടർന്നു കയറി തിരിഞ്ഞു കിടക്കുന്ന ഭർത്താവിന്റെ സംതൃപ്തിക്ക് മുന്നിൽ സായൂജ്യം അടയുന്ന അവളുടെ വികാരങ്ങൾ കലർന്ന തേങ്ങലുകൾ.. എന്നിട്ടും അയാളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി സ്വയം തീർത്ത വേലിക്കുള്ളിൽ അലയടിക്കുന്ന വേലിയേറ്റങ്ങളുടെ കടൽ.

മച്ചാ നിങ്ങൾക്ക് ഇങ്ങനൊക്കെ സാഹിത്യം പറയാൻ അറിയാവോ?ഇതൊന്നും സാഹിത്യം അല്ലേടാ, അതാണ്‌ അവൾ. മുപ്പത് കഴിഞ്ഞവൾ. അവരെ സ്നേഹിക്കണം പക്ഷെ ഒരിക്കലും അവളുടെ ഉടലളവുകൾ മാത്രം നോക്കിയാകരുത്. പണ്ടെപ്പോഴോ അവൾ സംരക്ഷിച്ചിരുന്ന അവസ്ഥയിൽ ആയിരിക്കില്ല അവളുടെ ബാഹ്യ സൗന്ദര്യം. തീർച്ചയാണ് അവളുടെ അല്ലലുകളുടെ നിഴൽ പാടുകൾ ആ മുഖത്തു ഉണ്ടാകും. കറുപ്പ് പടർന്ന് കുഴി വീണ ആ കണ്ണുകൾ പണ്ട് ആരുടെയൊക്കെയോ ഉറക്കം കളഞ്ഞ ഉണ്ടക്കണ്ണുകൾ ആയിരുന്നിരിക്കണം. നര വീണു തുടങ്ങിയ തലമുടികൾ പണ്ട് കാറ്റിൽ പാറിപ്പറന്നപ്പോ എത്ര പേർ ആ തലമുടികൾ ഒന്ന് തൊടാൻ അവളുടെ പിന്നാലെ നടന്നിട്ടുണ്ടാകും. തന്റെ വയറിലെ സ്‌ട്രെച് മാർക്കുകൾ തടവുമ്പോൾ 18കളിലെ ആലില വയർ അവൾ ഓർക്കുന്നുണ്ടാകും. ആരും കാണാതെ പിന്നുകൾ കോർത്തിട്ട് ഒളിപ്പിച്ച ആ വയർ ഇന്നവൾ തന്റെ പാടുകൾ ആരും കാണാതിരിക്കാനാകും പാടുപെടുന്നത്.
കേൾക്കാൻ നല്ല രസം ഉണ്ട്, എന്നിട്ട്

എന്നിട്ട് എന്താ, അവൾക്ക് വേണ്ടത് പ്രണയമോ അവൾ തേടുന്നത് കാമമോ ആകില്ല. തന്റെ ചിന്തകൾ കേൾക്കാൻ രണ്ടു കാതുകൾ,അവളുടെ കൊച്ചുവർത്തമാനം കേൾക്കാൻ കുറച്ചു സമയവും പിന്നെ തന്നെ കാത്തിരിക്കാനും ഒരാൾ ഉണ്ടെന്ന ഒരു പ്രതീക്ഷ.തനിക്ക് ഭ്രാന്ത്‌ ആടാ മച്ചാ.അതേടാ, ഭ്രാന്ത് തന്നെടാ. അല്ലെങ്കിൽ പിന്നെ നമ്മളെയൊക്കെ ഈ ഇരുമ്പ് വാതിലിന്റെ അകത്തു ചങ്ങലയിൽ തളച്ചിടുമായിരുന്നോ എന്നും പറഞ്ഞു അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചപ്പോൾ കണ്ണ് നനഞ്ഞത് പുറത്തു നിന്ന് ഇവരുടെ വർത്തമാനം കേട്ടുകൊണ്ടിരുന്ന വാർഡന്റെ കണ്ണുകൾ ആയിരുന്നു. ഒരു പ്രപഞ്ച സത്യം മനസിലാക്കിയ ആ മനുഷ്യൻ തിരിഞ്ഞു നടക്കുന്നതിനു മുന്നേ തന്നെ അവർ വേറെ എന്തൊക്കെയോ കാര്യങ്ങളെ പറ്റി വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു.

കഥ എഴുതിയത് : കൃപ എയ്ഞ്ചൽ ജോസ്