മക്കൾ സ്കൂളിൽ നിന്നും എത്താറായിക്കാണും അവർക്ക് രണ്ടാൾക്കും ഇഷ്ടമുള്ളത് എന്തൊക്കെയാണെന്നു എനിക്കെ അറിയൂ ഇളയവൻ ഇത്തിരി കുറുമ്പനാണ്.ഇലയട രണ്ടാൾക്കും ഇഷ്ടാണ്. ചെന്നിട്ടു വേണം ഉണ്ടാക്കാൻ.വീട്ടിലേക്കുള്ള യാത്രയിൽ ശ്രുതിയുടെ മനസ്സിൽ ഇതൊക്കെയായിരുന്നു.ഇടക്ക് ചിന്ത മുറിഞ്ഞു പോയപോലെ.. സമയം നോക്കണമെന്നുണ്ട്.. ബാഗ് സ്കൂട്ടിയുടെ അകത്താണ്. മൊബൈൽ അതിനകത്തും.മേലാകെ തണുപ്പ് അരിച്ചിറങ്ങുമ്പോലെ ഉള്ളിൽ പനിയുണ്ടോ ആവോ..വണ്ടിയോടിച്ചു പോകുമ്പോ ഇങ്ങനെ പലതും തോന്നാറുണ്ട്.വീട്ടിലേക്കുള്ള വഴിയിൽ ആരൊക്കെയോ നോക്കുന്നുണ്ട്.. ആരും എന്നെ സാധിക്കുന്നില്ല.. ഒരു 17ഓ 18ഓ വയസുള്ള ഉള്ള ഒരു പയ്യൻ അടുത്ത് നിൽപ്പുണ്ട്.. അവനെ കണ്ടിട്ടില്ല ഞാൻ.. പക്ഷെ അവൻ മാത്രം എന്നെ ശ്രദ്ധിക്കുന്നുണ്ട്..
വീട്ടിലേക്ക് കയറുമ്പോൾ കെട്ടിയോൻ നേരത്തെ വന്നിട്ടുണ്ട്.. ആശ്വാസം.. ഞാൻ വൈകിയെങ്കിലും പിള്ളേരുടെ അടുത്താളുണ്ടല്ലോ.
ഇങ്ങേരുടെ മുഖമെന്താ ഇങ്ങനെ ഇരിക്കുന്നെ എന്നെ മൈൻഡ് ചെയ്യുന്നേയില്ല വൈകിയതിന്റെ ആവും.മക്കൾ രണ്ടാളും എന്തോ പറഞ്ഞു കരയുന്നുണ്ട്.. രണ്ടാളും തമ്മിതല്ലു കൂടിക്കാണും വഴക്ക് കൂടിയിരിക്കുന്നോണ്ടാവും രണ്ടാളും അടുത്തേക്ക് വന്നില്ല.ഇനീപ്പോ ചായയിട്ടിട്ടു വിളിക്കാം.കെട്ടിയോനും മുഖമൊക്കെ വല്ലാതിരിക്കുന്നുണ്ട് വെയിലുകൊണ്ട് വന്നതുകൊണ്ടാവും.ആദ്യം കണ്ട പയ്യൻ ദേ മുറ്റത്തു നിൽക്കുന്നു ആരാണാവോ.കെട്ടിയോന്റെ പരിചയക്കാരാവും.. ചായയിടുമ്പോ അവനും കൂടെയുള്ളത് ഇടാം.ചായക്ക് വെള്ളം വക്കാൻ തുടങ്ങുമ്പോൾ ദേ ഒരു ഓട്ടോ.ഈശ്വരാ അച്ഛനും അമ്മയും ആണല്ലോ.. ഇതെന്താ പെട്ടെന്ന് പറയാണ്ട് വന്നത്..അമ്മയാണെ കരച്ചിലും ഇതെന്താ എല്ലാർക്കും പറ്റിയത്.ആരും എന്നോടൊന്നും പറയുന്നുമില്ല.ഞാൻ ഓടിയിറങ്ങി ചെല്ലുമ്പോൾ അമ്മ എന്നെ കടന്നു കെട്ടിയോന്റേം പിള്ളേരുടേം അടുത്തേക്ക് പോയി.ഇതെന്താ ഈശ്വരാ എല്ലാരും എന്നോട് പിണങ്ങിയിരിക്കുന്നെ.
വീണ്ടും അമ്മയുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങുമ്പോൾ മുറ്റത്തു ഒരു ആംബുലൻസ് വന്നു നിന്നു.ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയി.മുറ്റത്തു നിന്നവർ എല്ലാരും കൂടെ ആംബുലൻസിൽ നിന്നു ഫ്രീസർ പിടിച്ചിറക്കുന്നു.ആരാണാവോ.പേടിച്ചിട്ടു കയ്യും കാലും വിറക്കുന്നു.ഞാൻ ആംബുലൻസിന്റെ അടുത്തേക്ക് ചെല്ലുതോറും ആദ്യം കണ്ട പയ്യൻ എന്നെ പിടിച്ചു പുറകോട്ട് വലിക്കുന്നു.ഫ്രീസറിലേക്ക് ഒന്നേ നോക്കിയുള്ളു.അത് ഞാനല്ലേ.അതേ.. ഞാൻ തന്നെ.എനിക്കൊന്നും പറ്റിയിട്ടില്ല.. ഞാൻ ഇവിടുണ്ട്.. ആരും എന്നെ കാണുന്നില്ലേ.. അമ്മേ.ഇല്ല.ആരും കാണുന്നില്ല ആ പയ്യൻ മാത്രം അടുത്ത് നിൽപ്പുണ്ട് വേറെയാരും എന്നെ കാണുന്നില്ല.അവൻ വന്നു കയ്യിൽ പിടിച്ചപ്പോ ഞാൻ അവന്റെ തോളിലേക്ക് ചാഞ്ഞു.കെട്ടിയോനും പിള്ളേരും അമ്മയും അച്ഛനുമൊക്കെ കരയുന്നുണ്ട് ഞാനിവിടുണ്ടെന്നു പറയുന്നതൊന്നും ആരും കേൾക്കുന്നില്ല.നീയെങ്കിലും പറയാൻ എനിക്കെന്താ പറ്റിയെ നീയാരാ.നീയെന്തിനാ എന്റെ പിറകെ കൂടിയേ എനിക്കെന്റെ മക്കളെതൊടണം.എന്തൊക്കെയോ പറഞ്ഞു അലറികരഞ്ഞു.
അവൻ പതിയെ തലകുനിച്ചു.മെല്ലെ ചേച്ചിന്നു വിളിച്ചു.ഞാനാ കൊന്നത് ചേച്ചിയെ.. അറിഞ്ഞോണ്ടല്ല ചേച്ചി ഇങ്ങനൊന്നും ആവും എന്ന് വിചാരിച്ചില്ല.. ഓവർസ്പീഡിൽ ബൈക്കിൽ പാഞ്ഞു വരുമ്പോ എതിർദിശയിൽ ചേച്ചിടെ വണ്ടികണ്ടില്ല.. കൂട്ടിയിടിക്കുമ്പോ എന്റെ ജീവനും പോയിരുന്നു… നമ്മൾ രണ്ടാളും ഇന്ന് ജീവനോടെ ഇല്ല ചേച്ചി.തൊണ്ട കുഴിയിൽ നിന്നും ഉയർന്ന ഗദ്ഗദം മുഴുവപ്പിക്കാനാകാതെ ഞാനും.എന്റെ വീടെന്ന ലോകത്ത് ഞാനില്ല എന്ന സത്യം.പക്വത എത്താത്ത ഒരു പയ്യന്റെ ഒരു നിമിഷത്തെ അശ്രദ്ധ.ഇല്ലാതാക്കിയത് ഒരുപാട് സ്വപ്നങ്ങളെ.തിരിച്ചു കയറാനാകാതെ ആ വീടിന്റെ പടിയിറങ്ങുമ്പോ അമ്മ നഷ്ടപ്പെട്ട രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ചിറകൊടിഞ്ഞ ഒരു അച്ഛൻ വിതുമ്പുന്നുണ്ടായിരുന്നു. അശ്രദ്ധമായി വാഹനം ഡ്രൈവ് ചെയ്യുന്നവരുടെ കണ്ണ് തുറക്കട്ടെ ഇത് പോലെ ഉള്ള പോസ്റ്റുകൾ കണ്ടിട്ടെങ്കിലും.
എഴുതിയത് : ധന്യ ബിബു