നിനക്കെങ്ങനെ ധൈര്യം വന്നെടി എന്റെ മുന്നിൽ വച്ച് എന്റെ മകനെ തല്ലാൻ.ഞാനോ പോയ ഇവന്റെ അച്ഛനോ പോലും ഇവനെ നുള്ളി നോവിച്ചിട്ടില്ല ഇന്നലെ കെട്ടിക്കേറി വന്നവൾക്ക് ഇത്ര അഹങ്കാരമോ..ഇറങ്ങിക്കോളണം ഈ നിമിഷംഇവിടെ നിന്ന്.ഇങ്ങനെ ഒരുത്തി ഈ വീട്ടിലിനി വേണ്ട കഴിഞ്ഞ നിമിഷം വരെ മോളെ എന്ന് മാത്രം വിളിച്ചിരുന്ന അമ്മായി അമ്മയുടെ നാവിൽ നിന്ന് ശാപവും ശകാരവും ഉയർന്നു കേട്ടപ്പോൾ ആദ്യമൊന്നു അമ്പരന്നെങ്കിലും പതിയെ അതെന്നിലൊരു ചിരിയായി മാറുകയായിരുന്നു.ഓന്തിനെപ്പോലെ ഉള്ള അവരുടെ നിറം മാറ്റം കണ്ട് ആശ്ചര്യപ്പെടുകയായിരുന്നു ഞാൻ.മനുഷ്യർ എത്ര വേഗമാണ് മാറുന്നത്.. അല്ലേ?എന്താടി ആലോചിക്കുന്നേ…ഇപ്പൊ ഇറങ്ങിക്കോളണം ഇവിടെ നിന്ന്. കല്യാണം കഴിഞ്ഞ് മാസം മൂന്ന് കഴിഞ്ഞപ്പഴേ നീയെന്റെ മോനേ തല്ലി അപ്പൊ കൊല്ലം ഒന്ന് കഴിഞ്ഞാലോ നീയെന്റെ മോനേ കൊല്ലുമല്ലോ.എന്റെ നിൽപ്പും ആലോചനയും കണ്ട് കലി മാറാതെ അമ്മ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി. ഒട്ടും ദേഷ്യം കാട്ടാതെ ശാന്തമായി ഞാൻ ചോദിച്ചുഅപ്പൊ അമ്മയുടെ മകൻ ചെയ്തതിലും പറഞ്ഞതിലും ഒരു തെറ്റുമില്ല എന്നാണോ അമ്മ പറയണേ ഞാൻ മാത്രമാണോ തെറ്റ് ചെയ്തത്?
ഓഹോ നീ നിന്റെ ഭാഗം ന്യായീകരിക്കാൻ നോക്കുവാണോ ആണുങ്ങൾ ആയാൽ അങ്ങനെയൊക്കെ ആണ് ദേഷ്യം വന്നാൽ ഭാര്യമാരോട് തട്ടിക്കയറും ചിലപ്പോ അടിച്ചെന്നും വരും എന്നും പറഞ്ഞ് പെണ്ണുങ്ങൾ ഒപ്പം നിന്ന് തുള്ളണോ നിന്റെ വീട്ടിൽ അങ്ങനെ ആയിരിക്കും.. പക്ഷെ അതിവിടെ പറ്റില്ല.പല്ല് ഞെരിച്ചു കൊണ്ട് എന്നോട് അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നിന്ന് എന്റെ ഭർത്താവിന്റെ നേർക്ക് വിരൽ ചൂണ്ടി അമ്മ ബാക്കിയെന്നോണം പറഞ്ഞുഅന്നേ ഞാൻ ഇവനോട് പറഞ്ഞതാ ഈ ബന്ധം വേണ്ടാന്ന്.നാലഞ്ചു കൊല്ലം പ്രേമിച്ചതാണ് പോലും.എന്നിട്ട് ദേ അവളുടെ തല്ലും കൊണ്ട് നിൽക്കുന്നു നാണമില്ലാത്തവൻ അമ്മ പറഞ്ഞത് കേട്ട് ആത്മാഭിമാനത്തിനും ആണത്തത്തിനും മുറിവേറ്റതിന്റെ അടങ്ങാത്ത രോഷത്തോടെ കത്തുന്ന കണ്ണുകളോടെ ഏട്ടനെന്നെ നോക്കി ഞാനൊട്ടും പതറിയില്ല.കൂസലില്ലാതെയുള്ള എന്റെ നിൽപ്പ് കണ്ട് ഏട്ടൻ പറഞ്ഞുഎന്നെ ഭരിക്കുന്നൊരു ഭാര്യയെ എനിക്ക് വേണ്ട കെട്ടിയ താലി അഴിച്ചു വച്ചിട്ട് ഇറങ്ങിക്കോ.. എനിക്ക് വേണ്ടത് എന്നെ അനുസരിക്കുന്നൊരു പെണ്ണിനെ ആണ് അല്ലാതെ എന്റെ തലയിൽ കയറുന്നൊരുത്തിയെ അല്ല .
തികട്ടി വന്നൊരു ചിരിയേ പാതിയിൽ തന്നെ വിഴുങ്ങി ഞാൻ പറഞ്ഞുനാല് കൊല്ലം പ്രണയിച്ചു നടന്നപ്പോൾ സെൽഫ് റെസ്‌പെക്റ്റിനെക്കുറിച്ചും സമത്വത്തെക്കുറിച്ചും ആത്മാഭിമാനം ഉള്ളവളായിരിക്കണം പെണ്ണ് എന്നും, എന്റെ ഭാര്യ എനിക്കൊപ്പം നിൽക്കുന്നവളായിരിക്കണമെന്നും എനിക്ക് അടിമപ്പെട്ടല്ല നീ ജീവിക്കേണ്ടതെന്നും പരസ്പര ബഹുമാനം കരുതൽ… ഇഷ്ട്ടാനിഷ്ടങ്ങളെ മാനിക്കൽ എന്നിവയെക്കുറിച്ചോക്കെ തമ്മിൽ കാണുമ്പോഴെല്ലാം തള്ളിമറിക്കാറുണ്ടായിരുന്നല്ലോ.. ഇപ്പൊ എന്ത് പറ്റി, ആത്മാഭിമാനത്തിനു കുത്ത് കിട്ടിയപ്പോ ഭാര്യ കരണം പുകച്ചൊരെണ്ണം തന്നത് കുറച്ചിലായിപ്പോയോ?ഭർത്താവിന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല . പകരം സംസാരിച്ചത് അമ്മയാണ്ഇവൻ എന്ത് ചെയ്തെന്നാ നീ പറയുന്നത്… നിന്നോട് ദേഷ്യപ്പെട്ടതോ.. തല്ലാൻ കൈ ഓങ്ങിയതോ.. അതിനാണോ നീയെന്റെ മോനേ തല്ലിയത്? അതിന് രണ്ടിനും അല്ല. എന്റെ ഭർത്താവ് എന്നോട് ദേഷ്യപ്പെടുന്നതിനോ എനിക്കിട്ടൊരെണ്ണം തരുന്നതിനോ ഒന്നും എനിക്ക് കുഴപ്പമില്ല.. അമ്മ നേരത്തെ പറഞ്ഞത് പോലെ ആണുങ്ങൾ ആയാൽ ദേഷ്യം വരും ബഹളം വയ്ക്കും.
ഒരു ഭാര്യ എന്ന നിലയിൽ അമ്മയുടെ മകന്റെ അത്തരം ബഹളങ്ങളെ സ്നേഹം കൊണ്ട് ഇല്ലാതാക്കാൻ എനിക്ക് പറ്റും.. പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ പക്ഷെ അന്നൊന്നും ഇല്ലാത്തൊരു ശീലം അമ്മേടെ മോൻ ഇന്ന് കാണിച്ചു. മോന്റെ ആ ശീലക്കേടിനാണ് ഞാൻ മരുന്ന് കൊടുത്തത് അതിനും മാത്രം എന്താണാവോ എന്റെ മോൻ നിന്നെ പറഞ്ഞത്? കണ്ണിലാളുന്ന തീയോടെ അമ്മ ചോദിച്ചു ഞാൻ ഭർത്താവിനെയും അമ്മയെയും മാറി മാറി നോക്കിയിട്ട്, ഒരു ചിരിയോടെ പറഞ്ഞുഎന്നെ പറഞ്ഞതിനല്ല ഞാൻ അടിച്ചത് ദേഷ്യം കൊണ്ട് തിളച്ചപ്പോ അമ്മേടെ മോൻ എന്റെ അച്ഛനെ ചീത്ത വിളിച്ചു ആദ്യം ഒരു വട്ടം പറഞ്ഞപ്പൊ ഞാൻ പറഞ്ഞതാണ് വേണ്ട എന്ന്. പറഞ്ഞാൽ നീയെന്ത് ചെയ്യുമെന്ന് ചോദിച്ച് വീണ്ടും എന്റെ അച്ഛനെ പറഞ്ഞപ്പൊ, പിന്നെ എനിക്ക് സഹിക്കാൻ പറ്റിയില്ല, കൊടുത്തു കൈ നീട്ടി ചെകിട്ടത്തൊരെണ്ണംപറഞ്ഞു നിർത്തുമ്പോൾ, കാലിന്റെ പെരുവിരലിൽ നിന്നൊരു പെരുപ്പ് തലച്ചോറിലേക്ക് പാഞ്ഞു കയറി.ഈ നിസ്സാര കാര്യത്തിനാണോ നീയിവനെ തല്ലിയത്… ആണുങ്ങൾ ആയാൽ അങ്ങനെ ആണ് അമ്മ നിസ്സാര ഭാവത്തിൽ തലയാട്ടിക്കൊണ്ടാണ് പറഞ്ഞത്.പെരുത്ത് വന്ന ദേഷ്യത്തെ കടിച്ചമർത്തി സംയമനത്തോടെ ഞാൻ പറഞ്ഞു
അങ്ങനെ എന്റെ ഭർത്താവിന് ദേഷ്യം വരുമ്പോ ചീത്ത വിളിക്കാൻ ഉള്ളതല്ല എന്റെ അച്ഛൻ.എന്നെ തല്ലിയാലും ചീത്ത വിളിച്ചാലും ഞാൻ ചിലപ്പോ സഹിച്ചെന്നു വരും.പക്ഷെ വീട്ടിൽ ഇരിക്കുന്ന എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ, പറയുന്നത് ഏതവൻ ആയാലും അവൾ ആയാലും ആ നാക്ക് ഞാൻ ചവിട്ടിപ്പറിച്ചെടുക്കും.അച്ഛനെക്കാൾ വലുതല്ല എനിക്കൊന്നും. അതോണ്ട് എന്റെ ഭർത്താവും അമ്മയും ഓർമ്മയിൽ വയ്ക്കാൻ ഒരിക്കൽ കൂടി പറയുവാണ് ഞാൻ, എന്നോടെന്തെങ്കിലും ദേഷ്യം ഉണ്ടായാൽ എന്നെ പറഞ്ഞതു തീർക്കാതെ, വീട്ടിൽ ഇരിക്കുന്ന എന്റെ പാവം അച്ഛനെ പറഞ്ഞാലുണ്ടല്ലോ നാലഞ്ചു കൊല്ലത്തേ പ്രേമവും കഴുത്തിൽ കിടക്കുന്ന ഈ താലിയും ഞാനങ്ങു വേണ്ടാന്ന് വയ്ക്കും. ഒരാണിന്റെയും തുണയില്ലാതെ ജീവിക്കാനും എനിക്ക് അറിയാം.നട്ടെല്ലുള്ള ഒന്നാംതരം പെണ്ണായാണ് അച്ഛൻ എന്നെ വളർത്തിയത്.. രണ്ടാളും കേട്ടല്ലോ എന്റെ മറുപടിയിൽ അവർ ശരിക്കും ഞെട്ടി. എന്ത് പറയണമെന്നറിയാതെ നിന്ന അമ്മയെ രൂക്ഷമായൊന്നു നോക്കിയിട്ട് ഭർത്താവിനോട് ഞാൻ പറഞ്ഞുഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ എന്റെ അച്ഛൻ മാത്രമേയുള്ളൂ എന്റെ പതിനാലാമത്തെ വയസിൽ ആണ് എന്റെ അമ്മ മരിക്കുന്നത്. അമ്മ പോയതിന് ശേഷവും ആ കുറവറിയിക്കാതെയാണ് അച്ഛനെന്നെ വളർത്തിയത്. എനിക്കായി പണമായി ഒരുപാടൊന്നും സമ്പാദിക്കാൻ എന്റെ അച്ഛന് പറ്റിയില്ലെങ്കിലും, ഞാൻ ആഗ്രഹിച്ചത്രയും പഠിപ്പ് അച്ഛനെനിക്ക് നേടി തന്നു.
നമ്മൾ തമ്മിലുള്ള ബന്ധം ഞാൻ അച്ഛനോടു പറഞ്ഞപ്പോഴും അച്ഛനൊന്നേ പറഞ്ഞുള്ളൂ, എന്നെ അച്ഛൻ നോക്കുന്നത് പോലെ നോക്കുന്ന ഒരാൾ ആവണം എന്റെ ഭർത്താവ് എന്ന്.. അന്നത്തെ നിങ്ങളുടെ പെർഫോമൻസ് കണ്ടപ്പോൾ എനിക്കും തോന്നി അങ്ങനെ ആണെന്ന്.. കല്യാണം കഴിഞ്ഞു ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ അല്ലേ മനസിലായത്, നിങ്ങൾക്ക് ആവശ്യം നിങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കുന്ന ഒരു ഭാര്യയെ ആയിരുന്നു എന്ന്. നിങ്ങളെ അനുസരിച്ചു ജീവിക്കുന്ന ഒരു നല്ല ഭാര്യ തന്നെയാണ് ഞാൻ..ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.പക്ഷെ അതിന് എന്തും അനുസരിക്കുന്നവൾ എന്നൊരർത്ഥമില്ല.. എന്ത് പറഞ്ഞാലും കേൾക്കുന്നവൾ എന്നും അർത്ഥമില്ല.അതെപ്പോഴും ഓർമ്മയിൽ ഉണ്ടാവാൻ ആണ് കൈ നീട്ടി ഒരെണ്ണം തന്നത്.. നിങ്ങൾ ഒരു കാര്യം എപ്പോഴും ഓർക്കണം, ഒരു ഭാര്യ ഭർത്താവിനോട് ചെയ്യാനോ പറയാനോ പാടില്ലാത്ത കാര്യങ്ങൾ എന്നപോലെ, ഭർത്താവിന് ഭാര്യയോടും ഉണ്ട്.. അതിൽ ആദ്യത്തേതാണ് ഞാൻ നേരത്തെ പറഞ്ഞത്, ദേഷ്യം വരുമ്പോൾ ചീത്ത വിളിക്കാനും അവഹേളിക്കാനും ഉള്ളതല്ല ഭാര്യവീട്ടുകാർ . എനിക്ക് ദേഷ്യം വരുമ്പോൾ ദേ ഈ നിൽക്കുന്ന നിങ്ങളുടെ അമ്മയെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് സഹിക്കോ.. ഇല്ലല്ലോ.. അപ്പൊ എന്റെ ഇമോഷനേയും അങ്ങനെ കണ്ടാൽ മതി. സങ്കടം കൊണ്ടോ ദേഷ്യം കൊണ്ടോ എന്റെ വാക്കുകൾ മുറിഞ്ഞു പോയി. എങ്കിലും കരയില്ല എന്ന വാശിയിൽ ഗൗരവത്തോടെ ബാക്കിയെന്നോണം ഞാൻ പറഞ്ഞു
കല്യാണം കഴിഞ്ഞു ഇങ്ങ് പോരുമ്പോൾ എന്റെ അച്ഛൻ എന്നെ ചേർത്ത് പിടിച്ച് ഒന്നേ പറഞ്ഞുള്ളൂ, മോൾക്ക് എന്ത് സങ്കടം വന്നാലും അച്ഛൻ ഇവിടെ ഉണ്ട് എന്ന്.ആ ഒരൊറ്റ വാക്ക് മതി എനിക്ക്.ഇരുപത്തിനാല് കൊല്ലം ആ അച്ഛന്റെ മകൾ ആയാണ് ജീവിച്ചത്.. കല്യാണം കഴിഞ്ഞു എന്ന് വച്ച് ഭർത്താവ് അച്ഛനെക്കാൾ മുകളിൽ ആവില്ല.. അങ്ങനെ കരുതുന്ന പെൺകുട്ടികൾ ഉണ്ടാകുമായിരിക്കും.. എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട. പറഞ്ഞു നിർത്തിയിട്ടു ഞാൻ അമ്മയെയും മകനെയും മാറി മാറി നോക്കി. രണ്ട് പേർക്കും ഒന്നും മിണ്ടാനില്ല.ഞാൻ മെല്ലെ ഏട്ടന്റെ അടുത്തേക്ക് ചെന്നു. സ്വരം ഒട്ടും ഇടറാതെ ഏട്ടനോട് പറഞ്ഞുകുറച്ചു മുൻപ് പറഞ്ഞില്ലേ, തലയിൽ കയറുന്നൊരു പെണ്ണിനെ വേണ്ട, താലി അഴിച്ചു വച്ചിട്ട് പൊയ്ക്കോളാൻ.അങ്ങനെ തന്നെ ആവട്ടെ.എന്നെ അടിമയെ പോലെ കാണുന്നൊരു ഭർത്താവിനെ എനിക്കും വേണ്ട.പറയാനുള്ളതെല്ലാം പറഞ്ഞ് മനസ് സ്വസ്ഥമാക്കിയിട്ട് മൂന്ന് മാസം മുൻപ് ദേവിയുടെ തിരുനടയിൽ വച്ച് എന്റെ കഴുത്തിൽ വീണ താലി നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ച് തല വഴി ഊരുമ്പോൾ ആണ്, ഒരു കൈ വന്നെന്റെ കൈത്തണ്ടയിൽ മുറുകിയത്.
കണ്ണുകൾ തുറക്കുമ്പോൾ ഞാൻ കണ്ടു, പറഞ്ഞു പോയതിന്റെ കുറ്റബോധവും പേറി നിൽക്കുന്ന ഭർത്താവിനെ.പൊറുക്കാൻ പറ്റുമെങ്കിൽ ആദ്യമായും അവസാനമായും സംഭവിച്ചു പോയൊരു നാക്ക് പിഴവ് പൊറുത്തു താ നീ… തെറ്റ് പറ്റിപ്പോയി. കല്യാണത്തിന് മുൻപ് നിന്നോട് പറഞ്ഞതും ഒന്നിച്ചൊരു ജീവിതം തുടങ്ങിയപ്പോ നിന്നോട് പെരുമാറിയതും രണ്ടായിപ്പോയി…പൊറുക്കു മോളെ നീയെന്നോട്.. ഇനിയൊരിക്കലും എന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല.. ഇതെന്റെ വാക്ക്.. വാക്ക് തെറ്റിച്ചാൽ നീ ഇനിയും എന്നെ തല്ലിക്കൊ കയ്യിൽ നിന്നു പിടുത്തം വിടാതെ, തല കുനിച്ചു എന്റെ മുന്നിൽ നിന്ന് ഏട്ടനത് പറയുമ്പോൾ, അത് ഹൃദയം തൊട്ടുള്ള വാക്കുകൾ ആണെന്ന് എനിക്ക് മനസ്സിലായി. മെല്ലെ ആ താടിയിൽ പിടിച്ചുയർത്തി ആ മുഖത്തേക്ക് നോക്കി ഞാൻ. ആ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട്.. അലിവോടെ, അതിലേറെ സ്നേഹത്തോടെ ഏട്ടനോട് ഞാൻ പറഞ്ഞുചെയ്തതും പറഞ്ഞതും തെറ്റാണെന്നു മനസിലാക്കി തിരുത്താൻ ഇടം ചോദിക്കുമ്പോൾ അതിനെതിരെ ഒരിക്കലും മുഖം തിരിക്കാൻ പാടില്ല എന്ന് പഠിപ്പിച്ചു തന്നിട്ടുള്ള ഒരച്ഛന്റെ മകളാണ് ഞാൻ. ആ എനിക്ക് എന്റെ ഭർത്താവിനോട് പൊറുക്കാനും പറ്റും. ഞാൻ അല്ലാതെ ആരാണ് നിങ്ങളോട് പൊറുക്കാൻ. തെറ്റ് കാണിച്ചാൽ അമ്മമാർ ശാസിക്കും, തല്ലും.. ഇത്തിരി മുൻപ് കിട്ടിയത് അങ്ങനെ കൂട്ടിയാൽ മതി… ഒരു കാര്യമേ ഞാൻ പറയുന്നുള്ളൂ.
ആരുടേയും ആത്മാഭിമാനത്തെ മുറിപ്പെടുത്താതിരിക്കുകഭാര്യ എന്നതിലുപരി, ഞാനും ഒരു വ്യക്തി ആണെന്ന് ഓർത്താൽ മതി.. ഞാൻ എന്നും ഏട്ടനെ സ്നേഹിക്കുന്ന അനുസരിക്കുന്ന ഭാര്യ തന്നെ ആയിരിക്കും..ഇത് എന്റെയും വാക്ക് പരസ്പരമുള്ള വാക്ക് കൊടുക്കലിന്റെ അറ്റത്ത്, ഒരു ചിരിയോടെ ഒക്കെ പറഞ്ഞവസാനിപ്പിക്കുമ്പോൾ, ഇതൊക്കെ കണ്ട് അപ്പോഴും ദേഷ്യം മാറാതെനീയിങ്ങനെ ഒരു പെങ്കോന്തൻ ആയിപ്പോയല്ലോടാ.നിന്നെ കൈ നീട്ടി അടിച്ച ഇവളെ ഇവളുടെ വീട്ടിൽ കൊണ്ട് വിടാൻ നോക്ക് എന്നലറിയ അമ്മയോട് എന്നെ ചേർത്ത് പിടിച്ച് ഏട്ടൻ പറഞ്ഞുദേഷ്യം വന്നപ്പോ ഞാൻ ഇവളുടെ അച്ഛനെ പറഞ്ഞത്, ഇവിടെ അച്ഛന് ദേഷ്യം വരുമ്പോ അച്ഛൻ അമ്മയുടെ അച്ഛനെ പറയുന്നത് കേട്ട് ഞാൻ ശീലിച്ചത് കൊണ്ടാണ്. അന്ന് തൊട്ടേ മനസ്സിൽ ഉറച്ചു പോയി, ഭാര്യയുടെ തന്തയ്ക്കു വിളിക്കുന്നത് ആണിന്റെ അവകാശം ആണെന്ന്.അച്ഛൻ അമ്മയുടെ അച്ഛനെ അങ്ങനെ വായിൽ തോന്നിയതൊക്ക പറയുമ്പോൾ അമ്മ മിണ്ടാതെ നിൽക്കുന്നതിനു പകരം അച്ഛന്റെ ചെകിട്ടത്തൊരെണ്ണം കൊടുത്തിരുന്നേൽ എനിക്കിപ്പോ ഇവളുടെ കയ്യിൽ നിന്ന് ഈ അടി കിട്ടുമായിരുന്നോ.?
പിന്നെ, എന്റെ ഭാര്യയെ ഇറക്കി വിടണോ അതോ കൂടെ നിർത്തണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം.. ഞങ്ങൾ വഴക്കിടും കൂടും.. അതിലൊന്നും അമ്മ ഇടപെടേണ്ട മകന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പ്രതികരണം അമ്മ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. ആകെ പകച്ചു നിൽക്കുന്ന അമ്മയ്ക്കരികിലേക്ക് ചെന്നിട്ട് ഞാൻ പറഞ്ഞുഉള്ള ജീവിതം പരസപരം പോരടിച്ചും ഏഷണി കൂട്ടിയും വഴക്കിട്ടും തീർക്കാതെ എന്നും എപ്പോഴും നമുക്ക് സ്നേഹത്തിൽ കഴിഞ്ഞാൽ പോരെ അമ്മേ.. അമ്മയെ ഭർത്താവിന്റെ അമ്മയായി അല്ല എന്റെ സ്വന്തം അമ്മയായി ആണ് ഞാൻ കാണുന്നത്… കാര്യങ്ങൾ നല്ല രീതിയിൽ പോകുന്നതാ എപ്പോഴും ജീവിതത്തിന് നല്ലത്… മക്കൾ തെറ്റ് കാട്ടുമ്പോൾ അവരെ ഉപദേശിച്ചു നല്ല വഴിക്ക് നടത്തേണ്ട അമ്മ തന്നെ അവരുടെ ജീവിതം രണ്ട് വഴിക്കാക്കാൻ നോക്കരുത്.ഞാൻ പറഞ്ഞതൊക്കെ കേട്ട് ഒന്നും മിണ്ടാതെ കണ്ണുകൾ നിറച്ച് അമ്മയെന്നെ നോക്കി.വാക്കുകൾ കൊണ്ടുള്ള മറുപടിക്കപ്പുറം അമ്മയുടെ ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു… മാപ്പ് പറച്ചിൽ… കുറ്റബോധം പിന്നെ കടലോളം സ്നേഹവുംവാൽകഷ്ണം : ദേഷ്യം വരുമ്പോൾ ഭാര്യയുടെ വീട്ടുകാരെ പറഞ്ഞ് നിർവൃതിയടയുന്ന എല്ലാ ആണുങ്ങൾക്കും മേല്പറഞ്ഞ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാവുന്നതാണ്.. ഭാര്യയുടെ കയ്യീന്നൊരെണ്ണം കിട്ടി നന്നാവാൻ യോഗമുള്ളവർ ചുമ്മാ അങ്ങ് നന്നാവട്ടെന്നെ
കടപ്പാട് : ബിന്ധ്യ ബാലൻ