മകളുടെ സ്കൂളിൽ നിന്ന് ആദ്യമായാണ് കാൾ വരുന്നത് അങ്ങോട്ട് ചെല്ലാൻ അമ്മയായ ഞാൻ ആദ്യം ചിന്തിച്ചത് പീരിഡ്സ് ആയോ എന്നാണ് പക്ഷെ സ്കൂളിൽ എത്തിയപ്പോ അറിഞ്ഞ വിവരം മനസ്സ് തകർത്തു

EDITOR

ഷാഹീ.മക്കളുടെ ടീച്ചർ വിളിച്ചിരുന്നു.നിന്റെ ഫോണിലേക്ക് കുറേ വിളിച്ചു കിട്ടിയില്ല എന്നുപറഞ്ഞു. നിന്നോട് പെട്ടെന്ന് സ്കൂൾ വരെ ചെല്ലാൻ പറഞ്ഞു.അടുത്ത വീട്ടിലെ ഷീല ചേച്ചി വന്നു പറഞ്ഞപ്പോൾ പരിഭ്രമം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് അറിയില്ല.ചേച്ചിയുടെ മോളും എന്റെ മോളും ഒരേ ക്ലാസിലാണ് പഠിക്കുന്നത്.ഫോൺ എടുത്തു നോക്കി. മൂന്ന് മിസ്സ്കാൾ കാണുന്നുണ്ട്. തിരിച്ചു വിളിച്ചപ്പോൾ കാൾ എടുക്കുന്നില്ല വീട്ടിൽ വിരുന്നുകാരുണ്ടായിരുന്നു. അതിനിടയിൽ ഫോണൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.അവർക്ക് ഭക്ഷണം കൊടുക്കുന്ന തിരക്കിലാണ് ഷീല ചേച്ചി ഇതു വന്ന് പറഞ്ഞത്.പിന്നെ എങ്ങനെയൊക്കെയോ ഭക്ഷണം ടേബിളിൽ എടുത്തുവെച്ച് അവരോട് കഴിക്കാൻ പറഞ്ഞു.ധരിച്ചിരുന്ന ഡ്രെസ്സിനുമുകളിൽ ഒരു പർദ്ദയും തലയിൽ ഒരു ഷോളും വാരിയിട്ട് സ്കൂളിലേക്ക് ഓടി.ഒരു തുണക്കായി ഷീല ചേച്ചിയെയും കൂടെ കൂട്ടി.അപ്പോളും മനസ്സിൽ മോൾക്ക് പിരീഡ് ആയിക്കാണും എന്നൊരു ചിന്ത മാത്രം ആയിരുന്നു. മുമ്പ് ഒരു പ്രാവശ്യം അങ്ങനെ ഉണ്ടായിട്ടുണ്ട്.ഓട്ടോ സ്കൂളിന് മുമ്പിൽ നിറുത്തിയതും ഓടിക്കിതച്ചു ഞാൻ 9. B എന്നെഴുതിയ അവളുടെ ക്ലാസ് മുറിക്ക് മുമ്പിലെത്തി.

ടീച്ചർഎന്റെ വിളികേട്ട് ടീച്ചറൊന്ന് തലചെരിച്ചു നോക്കി.വരൂ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.മുഖത്ത് പതിവിലും ഗൗരവം കണ്ടപ്പോൾ ഉള്ളു കാളി.പൊതുവേ ബഹളം നിറഞ്ഞ ക്ലാസ് മുറിയിലെ മൗനം അതിന് ആക്കം കൂട്ടി.ഞാൻ കുട്ടികൾക്കിടയിൽ മോളുടെ മുഖം തിരഞ്ഞു. ബെഞ്ചിൽ തലവെച്ചു കിടക്കുന്നവളെ ഞാൻ അലിവോടെ നോക്കി. മൈഗ്രെയ്ൻ തലവേദന അവളെ തേടി ഇടയ്ക്കിടെ വിരുന്നു വരാറുണ്ട്.ഞാൻ ടീച്ചറുടെ മേശക്കരികിൽ ചെന്നു കാര്യമറിയാനായി കാതോർത്തു.നിങ്ങളുടെ കുട്ടി ചെയ്തത് എന്തെന്ന് കേൾക്കണോ ടീച്ചറുടെ ശബ്ദം എന്റെ കർണ്ണപടം മുറിച്ചു തലക്കുള്ളിൽ കിടന്ന് ഓളം വെട്ടി.ആകാംക്ഷയോടെ, ഭയത്തോടെ കാര്യം എന്താണന്നറിയാൻ ഞാൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി.നിങ്ങൾക്ക് അറിയാലോ, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത!ഞാൻ മിഴിച്ചു നോക്കി. സത്യം പറഞ്ഞാൽ ആ സമയത്ത് ഇന്ന് ഏതാ ദിവസം എന്നുപോലും എനിക്കോർമ്മയില്ല.ഓർത്തെടുക്കാൻ ശ്രമിക്കേണ്ടി വന്നില്ല. അതിനു മുമ്പ് ടീച്ചർ പറഞ്ഞു തുടങ്ങി.

വാലന്റൈൻസ് ഡേ ആയിട്ട് ആരും അങ്ങോട്ടും ഇങ്ങോട്ടും ഒരു ഗിഫ്റ്റും കൊടുക്കരുതെന്ന് ഞാൻ കുട്ടികളോട് നിർബദ്ധമായി പറഞ്ഞിരുന്നു.നിങ്ങളുടെ കുട്ടി അത് കേട്ടില്ല.അവൾ ഇങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല.ക്ലാസ്സിലെ ഒരാൺകുട്ടിയെ ചൂണ്ടിയിട്ട് “നിങ്ങളുടെ മകൾ അവന് വാലന്റൈൻസ് ഡേ ഗിഫ്റ്റ് വാങ്ങിച്ചു കൊടുത്തത്രേ.കുട്ടികൾ വന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷേ, അവന്റെ ബാഗിൽ നിന്ന് കിട്ടി. അവളോട് ചോദിച്ചപ്പോൾ സമ്മതിക്കുകയും ചെയ്തു.മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല അതിനു മുമ്പ് തുടങ്ങിയിരിക്കുന്നു.” എന്നൊരു ആത്മഗതവും.ആ ആൺകുട്ടി എന്റെ മുഖത്തു നോക്കാനാവാതെ ചൂളിപ്പോയി.
പിന്നെയും എന്തൊക്കെയോ ശകാരത്തിന്റ ഭാഷയിൽ ടീച്ചർ പറഞ്ഞു കൊണ്ടിരുന്നു. ഒന്നും കേൾക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല.ക്ലാസ്സിൽ ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദത.ഞാനാണെങ്കിൽ അപമാനത്താൽ ആകെ വല്ലാതായിനിൽക്കുകയാണ്.അത്രയും കുട്ടികളുടെ മുമ്പിൽ ഞാനാകെ ചെറുതായിപ്പോയി.

അവളുടെ ഒരുകാര്യത്തിനുംഇതുവരെ ആരുടെ മുമ്പിലും തല കുനിക്കേണ്ടി വന്നിട്ടില്ല.പഠിച്ച ക്ലാസ്സുകളിലൊക്കെ മിക്കവാറും ഒന്നാമതോ ചിലപ്പോൾ രണ്ടാ മതോ ആയി തന്റെ സ്ഥാനം ഉറപ്പിക്കുന്നവൾ. ടീച്ചേഴ്സിന് പ്രിയപ്പെട്ടവൾ.പല ടീച്ചേഴ്സിനും അവളെ കുറിച്ച് പറയാൻ നൂറു നാവാണ്. അവരുമായൊക്കെ അവൾ പ്രത്യക അടുപ്പം സൂക്ഷിക്കുന്നുമുണ്ട്. ആ അവളാണ് എന്നെ ഇങ്ങനെ എല്ലാവരുടെയും മുമ്പിൽ നാണം കെടുത്തിയത്. എന്ന ചിന്തയാണ് ആ നേരത്തെനിക്ക് വന്നത്.കുട്ടിയെ കൊണ്ടുപോയ്ക്കോളൂ രക്ഷിതാവ് വന്നിട്ട് പറഞ്ഞയക്കാം എന്ന് കരുതിയാ വിളിപ്പിച്ചത്.’പെൺകുട്ടികളാണ് സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാംഎന്നൊരു ഉപദേശവും.ഷീലച്ചേച്ചി പുറത്തു നിൽക്കുന്നുണ്ട്.എല്ലാം കേട്ടു കാണും.എനിക്ക് ആരുടെയും മുഖത്ത് നോക്കാൻ വയ്യഞാൻ അവളുടെ അടുത്ത് ചെന്ന് പോകാം എന്ന് പറഞ്ഞപ്പോൾ യാന്ത്രികമായി അവളെഴുന്നേറ്റു എന്റെ കൂടെ വന്നു. കണ്ണൊക്കെ ചുമന്ന്‌ മുഖമൊക്കെ വീർത്തിട്ടുണ്ട്. കരഞ്ഞതാകാം.തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.വീട്ടിലെത്തിയപ്പോൾ എല്ലാവരും കാര്യം എന്തെന്ന് അറിയാനുള്ള തിരക്കിലാണ്. അവൾക്ക് തലവേദനയുള്ളത് കൊണ്ട് വിളിപ്പിച്ചതാണ് ടീച്ചർ എന്ന് ഞാൻ മറുപടി നൽകി. പക്ഷേ, വീട്ടുകാരെ മാത്രമേ അങ്ങനെ വിശ്വസിപ്പിക്കാൻ പറ്റിയൊള്ളൂ.

അവളുടെ ക്ലാസ്സിൽ തന്നെ വീടിനടുത്തുള്ള കുറേ കുട്ടികൾ ഉണ്ട്. പിന്നെ ബാക്കി കാര്യം പറയേണ്ടല്ലോ.പിറ്റേ ദിവസം പത്രം നോക്കുമ്പോളാണ് ആ വാർത്ത കണ്ണിലുടക്കിയത്.’ടീച്ചർ വഴക്കുപറഞ്ഞു മനോവിഷമം കാരണം വിദ്യാർത്ഥി സ്വയം ഇല്ലാതായി എന്റെ നെഞ്ചിലൂടെ ഒരുമിന്നൽ പാഞ്ഞു.അതുവരെ അവൾ ചെയ്ത തെറ്റായിരുന്നു എന്റെ കണ്ണിൽ.ഇന്നലെ മുതൽ മൗനം കൊണ്ട് അവളെ അവഗണിച്ചു. ഉപ്പയോട് വിളിച്ചു പറഞ്ഞപ്പോൾ ‘അവൾ കുട്ടിയല്ലേ വഴക്കുപറയേണ്ട ‘എന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്.അവൾ ചെയ്തത് തെറ്റായിരിക്കാം. എന്നാലും ഒരു ടീച്ചർ എന്ന നിലക്ക്, അമ്മ എന്ന നിലക്ക് അവളോട് ഞങ്ങൾ പ്രതികരിക്കേണ്ട രീതി ഇതായിരുന്നോ?തെറ്റും ശരിയും വേർതിരിച്ചു കൊടുക്കേണ്ടത് അദ്ധ്യാപകരും രക്ഷിതാക്കളുമാണ്. വിവരവും വിദ്യാഭ്യാസവുള്ള ടീച്ചർ എടുത്ത പ്രതികരണമാണ് എന്നെയും ചൊടിപ്പിച്ചത്.പോട്ടെ, സാരമില്ല എന്ന് അവളുടെ തോളിൽ തട്ടിയൊന്ന് പറയാൻ എനിക്കുമായില്ല.അത്രയും കുട്ടികൾക്കിടയിൽ വെച്ച് ടീച്ചർ ഒറ്റപ്പെടുത്തിയപ്പോൾ അവൾ എത്രമാത്രം വേദനിച്ചു കാണും. അങ്ങനെയുള്ളവളെ ഞാൻ മൗനം കൊണ്ടും ഒറ്റപ്പെടുത്തി.

കുഞ്ഞുങ്ങളല്ലേ, ആ സമയത്ത് അവരുടെ ചിന്തകൾ മാറിമാറിയാൻ ഒരു നിമിഷം മതി.എന്ന് ആരും ചിന്തിച്ചില്ല.എന്തെങ്കിലും അരുതാത്തത് അവൾക്ക് തോന്നിയിരുന്നെങ്കിൽ അതിന് ആരു മറുപടി പറയും?കൗമാരത്തെക്കുറിച്ചും വൈകാരിക മാറ്റങ്ങളെ കുറിച്ചും ടീച്ചർക്കും അറിയാവുന്നതല്ലേ… എന്നിട്ടും എങ്ങനെയാണ് ഒരു കുട്ടിയെ എല്ലാവരുടെയും മുമ്പിലിട്ട് ഇങ്ങനെ ക്രൂശിക്കാൻ കഴിഞ്ഞത്.ഓരോ Valentine’s Day വരുമ്പോളും ഇന്നലെ കഴിഞ്ഞത് പോലെ ഈ കാര്യങ്ങൾ ഓർമ്മ വരും. വർഷങ്ങൾ എത്ര ഓടിമറഞ്ഞാലും ഒരുപാട് ഇഷ്ടപ്പെടുന്ന ടീച്ചർമാർക്കിടയിൽ ഇന്നും വെറുപ്പോടെ ഓർക്കുന്ന ഒരു മുഖമായി ടീച്ചർ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.ആ ക്ലാസിൽ പഠിക്കുന്ന പല കുട്ടികളും അന്ന് ഗിഫ്റ്റ് കൈമാറിയിട്ടുണ്ട്. പക്ഷേ, ഇവളെ മാത്രം ടീച്ചർക്ക് ഒറ്റു കൊടുത്തത് മറ്റൊരു സഹപാഠിയുടെ അസൂയ എന്ന് വേണമെങ്കിൽ പറയാം.അവരും കുട്ടികളല്ലേ.

ഇത്രക്ക് വിഷയമാകുമെന്ന് ഓർത്തുകാണില്ല.അപ്പോളും അവൾ ആരുടെ പേരും പറഞ്ഞില്ല.തന്നെപ്പോലെ ആരും വേദനിക്കേണ്ടി വരരുത് എന്നവൾക്ക് തോന്നിയിട്ടുണ്ടാവാം.അപമാനത്താൽ മുറിവേറ്റ ആ സ്കൂളിലെ ഹൈസ്‌കൂൾ വിദ്യാഭ്യാസം അവൾ പാതിവഴിയിൽ ഉപേക്ഷിച്ചു.വേറെ സ്കൂളിൽ ചേർന്നു.പഠനത്തിലെ മികവ് പതുക്കെ പതുക്കെ പിന്നോട്ടായി കൊണ്ടിരുന്നു. സഹപാഠികളോട് അകലം പാലിച്ചു. അവൾ ഒരുപാട് മാറി അതിന് ശേഷം.ഇതിനെല്ലാം ഉത്തരവാദിത്വം ടീച്ചറുടെ തലയിൽ ചാർത്തുമ്പോളും അറിയാതെയാണെങ്കിലും ഞാനുംഇതിനെല്ലാം ഉത്തരവാദി ആണല്ലോ എന്നോർക്കുമ്പോൾ ഒരായിരം വട്ടം മനസ്സിൽ ഞാനവളോട് മാപ്പുപറയും.കുട്ടികളോട് അദ്ധ്യാപകർ എങ്ങനെ പെരുമാറണം നിങ്ങളുടെ അഭിപ്രായം കമെന്റ്

എഴുതിയത് : ഇശൽ