കയ്യിൽ കാശില്ലാത്ത കാരണം ദാഹിച്ചു അന്നനാളം പൊരിഞ്ഞപ്പോ അടുത്ത കടയിൽ ഒരു നാരങ്ങ വെള്ള൦ തരുമോ എന്ന് ചോദിച്ചു ശേഷം ചേട്ടൻ പറഞ്ഞ മറുപിടി കണ്ണ് നിറച്ചു

EDITOR

പണ്ട്,എറണാകുളം മഹാരാജാസിൽ ഒന്നാം വർഷം ഡിഗ്രിക്ക് പഠിക്കുന്ന കാലം.സുമാർ ഓർമ്മയിൽ ഒരു വെള്ളിയാഴ്ച്ച, നട്ടുച്ച സമയം എറണാകുളം ബസ് സ്റ്റാൻഡിൽ വീട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുന്നു എരിവെയിലത്തു,ദാഹിച്ചു  അന്നനാളം പൊരിഞ്ഞു തുടങ്ങിയപ്പോൾ അടുത്ത് കണ്ട നാരങ്ങാവെള്ളം എന്ന ബോർഡ് വെച്ച കടയുടെ അടുത്തേക്ക് ലേശം ജാള്യതയോടെ ചേർന്ന് നിന്നു. എന്നിട്ട്, ആരും കേൾക്കാതെ ചോദിച്ചു ചേട്ടാ, എനിക്കൊരു ഗ്ലാസ്‌ നാരങ്ങ വെള്ളം തരുമോ ? ദാഹിച്ചിട്ടാണ് കൈയ്യിൽ പൈസയായിട്ട് വണ്ടികൂലി മാത്രേ ഉള്ളൂ. നാരങ്ങ വെള്ളത്തിനു പൈസ തികയില്ല.കടയുടമ എന്നെ ഒന്ന് നോക്കി നാരങ്ങ ഇടാത്ത വെള്ളം കുടിച്ചാലും ദാഹം മാറും. നാരങ്ങ ഇട്ട വെള്ളത്തിനു പൈസ വേണം.ഞാൻ കൈയ്യിൽ മുറുകെ പിടിച്ചിരുന്ന പൈസ തിരിച്ചും മറിച്ചും എണ്ണി – ഇല്ല കഷ്ടി വീടെത്താൻ തികയുകയേ ഉള്ളൂ.ഞാൻ കടയുടമയെ നോക്കി. എങ്ങനെയെങ്കിലും നാരങ്ങ ഇട്ട വെള്ളം തരുമോ എന്ന ചോദ്യം എന്റെ നോട്ടത്തിൽ നിന്നും അദ്ദേഹത്തിന് വ്യക്തമാണ്.

അദ്ദേഹം ഒന്നും മിണ്ടാതെ, ഒരു ഗ്ലാസിൽ പച്ചവെള്ളം എടുത്ത് എനിക്ക് കുടിക്കാൻ തന്നു. അന്നനാളം മുതൽ അമാശയം വരെ,ദാഹിച്ചു വെന്ത് വെണ്ണീറാകാൻ, അല്പമേ ബാക്കിയുള്ളു എന്ന് മനസിലായപ്പോൾകിട്ടിയ പച്ചവെള്ളം അമൃതെന്ന പോലെ ഞാൻ കുടിച്ചു.എങ്കിലും നാരങ്ങ വെള്ളം കിട്ടിയില്ലല്ലോ എന്ന ധർമ്മസങ്കടം ചെറുതല്ലായിരുന്നു- എനിക്ക് കരച്ചിൽ വന്നു.ഒരു നാരങ്ങ വെള്ളം, പൈസ ഇല്ലാതെ തന്നു എന്നോർത്തു ലോകം ഇല്ലാതാകുന്നില്ല ചേട്ടാ അസ്തമയത്തിന്, ഒരു ഉദയം ഉണ്ട്-ആശിച്ചതെന്തോ കിട്ടാതെ പോയതിന്റെ സങ്കടപാരവശ്യം മുഴുവൻ എന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. ഉള്ളിൽ പൊന്തി വന്ന ഏങ്ങൽ വിതുമ്പലായി എന്നിൽ പുറത്തു വന്നു -കണ്ണ് നനഞ്ഞു തുടങ്ങി കടയിൽ വന്ന,മധ്യവയസ്സിനോട് അടുത്ത് വൃത്തിയായി വസ്ത്രധാരണം ചെയ്ത്, ഉദ്യോഗസ്ഥനെന്നു തോന്നിപ്പിക്കുന്ന, ഒരു യാത്രക്കാരൻ കടയുടമയോട് ചോദിക്കുന്നുണ്ട് എന്താണ് കാര്യം? ആ കുട്ടി എന്താണ് പറഞ്ഞത്? അവർ എന്തിനാണ് കരയുന്നത്?എന്തെങ്കിലും പ്രശ്നമുണ്ടോ?എന്ത് പ്രശ്നം സാറേ, ഇവറ്റകൾക്കൊക്കെ പൈസ ഇല്ലാതെ നാരങ്ങ വെള്ളം വേണം. എന്റെ കച്ചവടം അല്ലെങ്കിലേ നഷ്ടത്തിലാ, ഇനിയിപ്പോ ദാനകർമ്മം കൂടി തുടങ്ങേണ്ട കാര്യമേ ഉള്ളൂ.

ഏകദേശം 50-55 വയസ്സിനോട് അടുത്ത ഒരു മനുഷ്യൻ , എന്റെ അച്ഛന്റെ പ്രായം ഉള്ള മനുഷ്യൻ, എവിടുന്നോ വന്ന്, എവിടേക്കോ പോകുന്ന ആ മനുഷ്യൻ എനിക്ക് വേണ്ടി സംസാരിക്കുന്നു നിങ്ങൾ ആ കുട്ടിക്ക് ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം കൊടുക്കു, പൈസ ഞാൻ തരാം, ദാഹിച്ചിട്ടായിരുക്കുമല്ലോ കൈ നീട്ടിയത്, അവരത് കുടിക്കട്ടെ, ദാഹം മാറട്ടെ.സാറിനെപ്പോലെ ഉള്ളവരാണ്, ഇവറ്റകൾക്കൊക്കെ പ്രോത്സാഹനം.” – അയാൾ പിറുപിറുത്തു കടയുടമ എനിക്ക് നേരെ ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം നീട്ടി. അത് വാങ്ങാൻ എന്റെ കൈ വിറച്ചു. ഞാൻ ചെയ്യുന്നത് അന്യായമാണെന്നതിന്റെ ഒരു അശരീരി മനസിലെവിടെയോ ഉയർത്തെഴുന്നേൽക്കാൻ തുടങ്ങി. കട എന്റേതല്ല, കടയുടമ എന്റെ ബന്ധുവല്ല,ജീവിത നിവർത്തിക്കു വേണ്ടി കടനടത്തുന്ന മനുഷ്യനോട്‌, ഞാൻ വെറുതെ പോലും, ചോദിക്കാൻ പാടില്ല. അർഹിക്കുന്നത് പച്ചവെള്ളമാണ് എന്ന ബോധ്യം എന്റെ നെഞ്ചിലുടക്കി.എനിക്ക് വേണ്ടി മന:സാക്ഷിയുടെ വക്കാലത്തുമായി വന്ന, ഞാൻ കണ്ടിട്ടോ, കേട്ടിട്ടോ , പരിചയപ്പെട്ടിട്ടോ ഇല്ലാത്ത ആ മനുഷ്യന് നേരെ ഞാൻ ഒരു വട്ടം നോക്കി.
സംശയം വേണ്ട, കുട്ടി കുടിച്ചോളൂ

ഞാനും മനുഷ്യനാണ്, എനിക്കും ഇതേ പ്രായത്തിൽ ഒരു മകളുണ്ട്. ഇവിടെ ഫിഷറീസ് ൽ ആണ് പഠിക്കുന്നത്. ഞാൻ എന്റെ മകളെ കണ്ടു മടങ്ങുന്ന വഴിയാണ്.ഞാൻ അതുകേട്ട് കണ്ണ് തുടച്ച്, ഇടറിയ ശബ്ദത്തിൽ പറഞ്ഞു എനിക്ക് നാരങ്ങാ വെള്ളം വേണ്ട സാറേ, അപ്പോഴത്തെ ആ ചൂടിൽ വെന്തുലഞ്ഞപ്പോൾ എന്റെ ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്.എന്റെ ദാഹം മാറി. ദാഹിക്കുമ്പോൾ പച്ച വെള്ളത്തിനും മധുരമാണ്.സാറ് ഒരുപാട് വലിയ മനസ്സുള്ള ഒരാളാണെന്നു ഞാൻ വിശ്വസിക്കുന്നു. കൈയ്യിൽ പൈസ ഇല്ലാത്തവന്, സത്യത്തിൽ ആശിക്കാനും അർഹതയില്ലല്ലോ.ഇത് സാറ് കുടിക്കൂ തണുക്കട്ടെ!ഇത്രയും പറഞ്ഞു അത്യധികം സ്നേഹത്തോടെ ഞാൻ ആ ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം ആ നല്ല മനുഷ്യന് തിരികെ നൽകി.സാറിന്റെ പേരെന്താ?എന്റെ പേര് മുഹമ്മദ്‌ സാറിന്റെ നാടോ?
നാട് മലപ്പുറം.പറഞ്ഞു തീരും മുൻപേ തൊടുപുഴക്കുള്ള ബസ് വന്നു.സാറേ എന്റെ ബസ് വന്നല്ലോ ഞാൻ പോട്ടെ ഒരുപാട് നന്ദി സാറേ, മറക്കില്ലഓ അങ്ങനെ ആകട്ടെ തിരികെ തല ചെരിച്ചു, നാരങ്ങ വെള്ളം കുടിച്ച്കൊണ്ട് കടയുടമയോട് അദ്ദേഹം പറയുന്നുണ്ട് – “നാരങ്ങ വെള്ളം ആയാലും, വെറും വെള്ളം ആയാലും ദാഹം തീർക്കാൻ അല്ലേ ഉപകരിക്കൂബസിൽ കയറിയിരുന്നപ്പോൾ, മുതൽ വീടെത്തുന്ന വരെ പൈസ ഇല്ലാതെ നാരങ്ങാ വെള്ളം വാങ്ങാൻ പോയ എന്റെ കൗമാരകാല ബുദ്ധിശൂന്യതയായിരുന്നു മനസ് മുഴുവൻ പക്ഷേ മനസാക്ഷിയുള്ള ആ മലപ്പുറത്തുകാരൻ വാപ്പ ഇപ്പോഴും മനസ്സിലുണ്ട്

എഴുതിയത് : സബി സുരേഷ്