വീട്ടിലേക്ക് പച്ചക്കറി വില്ക്കാന് വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. ആവീട്ടിലെ അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്പനക്കാരി പറഞ്ഞെങ്കിലും ആ അമ്മ സമ്മതിച്ചില്ല. ഇറങ്ങിപ്പോയ അവര്‍ തിരിച്ചുവന്ന് 15 രൂപ പറഞ്ഞപ്പോഴും അമ്മ തന്റെ വിലയില്‍ ഉറച്ചുനിന്നു. അവസാനം 13 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ചീരവാങ്ങുന്നതിനിടയില്‍ അമ്മ ചോദിച്ചു: നിങ്ങള്‍ എന്തെങ്കിലും കഴിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല, ഇത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം എന്തെങ്കിലും കഴിക്കാന്‍. ഇത് കേട്ട് അമ്മ അവര്‍ക്ക് വയറുനിറയെ ഭക്ഷണം കൊടുത്തു.
ഇതെല്ലാം കണ്ട് നിന്ന മകള്‍ അമ്മയോട് ചോദിച്ചു: കച്ചവടസമയത്ത് അമ്മയ്ക്ക് ഒട്ടും അനുകമ്പയില്ലായിരുന്നു. പക്ഷേ, അത് കഴിഞ്ഞ് അവര്‍ക്ക് നിറയെ ഭക്ഷണം നല്‍കുകയും ചെയ്തു. അതെന്തുകൊണ്ടാണ്? അമ്മ പറഞ്ഞു: കച്ചവടത്തില്‍ ലാഭമാണ് മുഖ്യം. സല്‍പ്രവൃത്തിയില്‍ കരുണയും. എല്ലാ കര്‍മ്മങ്ങള്‍ക്കും അതിന്റെതായ വ്യവസ്ഥകളും മുറകളുമുണ്ട്. അവയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകൂ. കച്ചവടത്തിന്റെ അടിസ്ഥാന ലക്ഷ്യം അന്തസ്സോടെ ജീവിക്കാനുളള വരുമാനം തന്നെയാണ്. സല്‍കര്‍മ്മങ്ങളുടെ കാരണം സഹാനുഭൂതിയും സഹജീവി സ്നേഹവുമാകണം. നമ്മുടെ കര്‍മ്മങ്ങളില്‍ അവസ്ഥയ്ക്കനുസരിച്ച് ആദായവും, ആര്‍ദ്രതയും ഉണ്ടാകട്ടെ.
മറ്റൊരു കഥ ഇങ്ങനെ അയാളുടെ മകന് നിസ്സാരകാര്യങ്ങള്‍ പോലും ചിന്തിച്ച് വഷളാക്കി സ്വയം സങ്കടപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. ഒരുപാട് തവണ ഉപദേശിച്ചുനോക്കിയെങ്കിലും ഫലം കണ്ടില്ല. അങ്ങനെ അയാള്‍ അവനെ ഒരു ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു. വിവരങ്ങള്‍ അറിഞ്ഞ ശേഷം ഡോക്ടര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. തിരിച്ചുവന്നത് കയ്യില്‍ ഒരു മണ്ഗ്ലാസ്സുമായി ആയിരുന്നു. അതില്‍ കുറച്ച് വെള്ളവും ഉണ്ടായിരുന്നു. എന്നിട്ട് ചോദിച്ചു: ഈ ഗ്ലാസ്സിന് എത്ര കനമുണ്ടാകും. കുറച്ച് കനമുണ്ടായിരിക്കും. കുട്ടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു. ഞാന്‍ ഈ ഗ്ലാസ്സ് കുറച്ചു നേരം ഇങ്ങനെ കയ്യില്‍ പിടിച്ചുനിന്നാല്‍ എന്താണ് സംഭവിക്കുക? പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ഡോക്ടര്‍ വീണ്ടും ചോദിച്ചു: ഞാന്‍ ഈ ഗ്ലാസ്സ് ഒരു മണിക്കൂര്‍ നേരം പിടിച്ചു നിന്നാലോ?
താങ്കളുടെ കൈ വേദനിക്കും. കുട്ടി പറഞ്ഞു. ഞാനിതിങ്ങനെ ഒരു ദിവസം മുഴുവന്‍ പിടിച്ചു നിന്നാലോ എന്നായി ഡോക്ടര്‍ . താങ്കളുടെ കൈ ഭയങ്കരമായി വേദനിക്കും. ഒരു പക്ഷേ, നിങ്ങള്‍ക്ക് ഇതിങ്ങനെ തുടര്‍ന്നാല്‍ കൈ വേദനകൊണ്ട് പുളയാനും അസ്വസ്ഥമാകാനും സാധ്യതയുണ്ട്. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു: അതെന്താണ് അങ്ങിനെ, ഗ്ലാസ്സിന് ഭാരം ഒന്നും കൂടിയിട്ടില്ലല്ലോ? ഇല്ല ഭാരം കൂടിയിട്ടൊന്നുമില്ല. കൂടുതല്‍ നേരം പിടിച്ച് നില്‍ക്കുന്നത് കൊണ്ടാണ്. കുട്ടി പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു: ഞാന്‍ ഈ അസ്വസ്ഥതയും കൈകഴപ്പും മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്. കുട്ടി ഉടനടി ഉത്തരം പറഞ്ഞു: ആ ഗ്ലാസ്സ് താഴെ വെയ്ക്കണം.
ചിരിച്ചുകൊണ്ട് ആ കുട്ടിയെ ചേര്‍ത്ത് പിടിച്ച് ഡോക്ടര്‍ തുടര്‍ന്നു. നാം ഒരു കാര്യത്തെ കുറിച്ചോ, ചെയ്ത് പോയ തെറ്റിനെ കുറിച്ചോ ഒക്കെ കുറച്ചൊക്കെ ചിന്തിക്കുന്നത് നല്ലത് തന്നെയാണ്. വീണ്ടും തെറ്റ് പറ്റാതെയിരിക്കാനും, കാര്യങ്ങളെ കുറച്ചുകൂടി വ്യക്തതയോടെ ചെയ്തു തീര്‍ക്കുവാനുമെല്ലാം ചിന്ത സഹായിക്കുക തന്നെ ചെയ്യും. കുറെ നേരം, ചിലപ്പോള്‍ ദിവസങ്ങളോളം ഇതു തന്നെ ചിന്തിച്ചിരുന്നാല്‍ അത് നമുക്ക് അസ്വസ്ഥതകളും വേദനകളും മാത്രമേ തരൂ. ജീവിത്തതില്‍ തെറ്റുകള്‍ സംഭവിക്കാം. ആ തെറ്റില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകാന്‍ നാം തയ്യാറാകണം. കാരണം ജീവിതമാണ്.. അത് മുന്നോട്ട് ചലിക്കുക തന്നെ വേണം