വിവാഹ ശേഷം പീഡന വിവരം പറയുമ്പോൾ സഹിച്ചു ക്ഷമിക്കു പോകാൻ ആയിരുന്നു വീട്ടുകാരുടെഉപദേശം ഒടുവിൽ എനിക്ക് സംഭവിച്ചിരിക്കുന്നത്

EDITOR

തന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തവനെ സ്നേഹിക്കുവാൻ ഒരു സ്ത്രീക്ക് മാത്രമേ കഴിയൂ. അവന്റെ സാമീപ്യം അവൾ ആഗ്രഹിക്കില്ല. പക്ഷേ അവനെ വെറുക്കാനും അവൾക്കാവില്ല”. ഈ സത്യത്തെ ഊട്ടി ഉറപ്പിക്കുന്നത് ആയിരുന്നു, ഇന്നലെ ആ പെൺകുട്ടിയുമായി നടന്ന സംഭാഷണം.എനിക്കിപ്പോഴും അയാളെ മറക്കാൻ സാധിച്ചിട്ടില്ല ചേച്ചി. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുവാനും എനിക്ക് കഴിയില്ല. മറ്റൊന്നും ചിന്തിക്കാതെ ഒഴുക്കിനൊത്ത് നീന്തുകയാണ് ഞാൻ”30 വയസ്സിന് താഴെ മാത്രം പ്രായമുള്ള പെൺകുട്ടി. സാമാന്യം സുന്ദരി ഉന്നതവിദ്യാഭ്യാസം ഉള്ളവൾ. കഠിനാധ്വാനം കൊണ്ട് സാമ്പത്തിക സുസ്ഥിരത നേടിയ ഒരു അച്ഛന്റെ ഏക മകൾ. ഏറെ സാമ്പത്തികം കൊടുത്ത്, വിദേശത്ത് ജോലി ചെയ്യുന്ന വിദ്യാസമ്പന്നനായ ഒരുവന് വിവാഹം കഴിച്ചു കൊടുത്തതാണ്.

മദ്യപിച്ച ശേഷം പ്രസവശേഷം വിശ്രമത്തിൽ ആയിരുന്ന ആ പെൺകുട്ടിയെ വിദേശത്ത് വെച്ച് അതിക്രൂരമായി ഉപദ്രവിച്ച് ബോധം കെടുത്തി, മനോരോഗി ആക്കി മുദ്രകുത്തി ചികിത്സയ്ക്ക് വിധേയമാക്കി, കാലിനും നട്ടെല്ലിനും ക്ഷതം വരുത്തി ഒടുവിൽ അയാൾ നാട്ടിൽ ഉള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ നിർബന്ധപ്രകാരം നാട്ടിലേക്ക് അയച്ചതാണ് അവളെ .മദ്യപിച്ചാൽ എന്താണ് ചെയ്യുന്നത് എന്ന് അയാൾക്ക് അറിയില്ല. മദ്യപിച്ചില്ലെങ്കിൽ അയാളോളം മാന്യൻ ആരുമില്ല. രാത്രിയിലെ ക്രൂരമായ ഉപദ്രവത്തിന് ശേഷം നേരം വെളുക്കുമ്പോൾ മാപ്പുപറയലും കാലു പിടിക്കലും. അതോടുകൂടി അവൾ എല്ലാം മറക്കും. ഇപ്പോൾ അവൾ വിവാഹമോചിതയായി കുഞ്ഞിനെയും വളർത്തി ജീവിക്കുകയാണ്. സപ്പോർട്ട് ആയിക്കൂടെ അച്ഛനും അമ്മയും സഹോദരനും ഉണ്ട്.യാത്ര ചെയ്യുവാനോ, കഠിനമായ ജോലികൾ ചെയ്യുവാനോ അവൾക്ക് സാധിക്കില്ല. ആശുപത്രിയെയും പലവിധ ചികിത്സയും ആശ്രയിച്ച് അവൾ മുന്നോട്ടു പോകുന്നു.

കേസ് കൊടുത്തിരുന്നു. രാഷ്ട്രീയ സ്വാധീനം കൊണ്ട് അതെല്ലാം തേച്ചു മായ്ച്ചു കളഞ്ഞു. അവൻ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ഫിസിക്കൽ അസോൾട്ടിന്റെ രക്തസാക്ഷിയായി അവളും. വിവാഹത്തിന്റെ ആദ്യ നാളുകളിൽ പീഡന വിവരം പറയുമ്പോൾ എല്ലാം വീട്ടിൽ പറയുമ്പോൾ സഹിച്ചു ക്ഷമിക്കു മുന്നോട്ടുപോകാൻ ആയിരുന്നു വീട്ടുകാരുടെ ഉപദേശം ഒരിക്കലും അതിജീവിക്കാൻ ആവാത്ത വിധം ആരോഗ്യം ഇല്ലാതായപ്പോൾ, നീതി ലഭിക്കാതെ ആയപ്പോൾ കഴിയും വിധം വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്തും മറ്റും അവൾ മുന്നോട്ടു പോവുകയാണ്. കുഞ്ഞിൽ അവൾ സന്തോഷം കണ്ടെത്തുന്നു,വളരെ കാലമായി എനിക്കറിയാവുന്ന ഒരു പെൺകുട്ടിയാണ്. പക്ഷേ ഇന്നലെയാണ് കഥകളുടെ വിശദ രൂപം അറിഞ്ഞത്. വല്ലാത്ത ഞെട്ടൽ ആയിരുന്നു അത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിക്കുന്ന കാലുവേദന നടുവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ എന്റെ ജീവിതത്തെ എത്ര കണ്ട് നെഗറ്റീവ് ആയി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമായി അനുഭവച്ചറിഞ്ഞു കൊണ്ടിരിക്കുന്ന എനിക്ക് വളരെ ചെറുപ്പത്തിലെ തണ്ടോടിഞ്ഞ താമര പോലെ ആയി തീർന്ന കുട്ടിയുടെ കഥ ഉറക്കമില്ലാതാക്കി.

ഇത്രയൊക്കെ സംഭവിച്ചു കഴിഞ്ഞു,എന്നിട്ടും അവൾ അവനെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു.അമ്മയ്ക്ക് ഇതു വരെ മതിയായില്ലേ?? എന്നാ കൊച്ചുമകൾ ആവർത്തിച്ചു ചോദിച്ചിട്ടും . അവൾക്ക് അവനെ മറക്കുവാൻ കഴിയുന്നില്ല. മുന്നോട്ടുപോകില്ല എന്ന് 100% മനസ്സിലാക്കിയ ബന്ധങ്ങളിൽ പോലും, സമൂഹത്തിന്റെ കാഴ്ചപ്പാട് ഭയന്ന് വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ച എത്രയോ നമ്മൾ കാണുന്നു. ഏതെങ്കിലും ഒരു സാഹചര്യത്തിൽ പരസ്പരം പിരിയണമെന്ന് തീരുമാനിച്ചാൽ. മുന്നോട്ടുപോകില്ല എന്ന് മനസ്സിലാക്കിയാൽ പരസ്പര സമ്മതത്തോടെ കൈകൊടുത്തു പിരിയുന്നതല്ലേ നല്ലത്? സൗഹൃദങ്ങളും ബന്ധങ്ങളും നഷ്ടപ്പെടാതെ ദാമ്പത്യ ബന്ധം വേർപ്പെടുത്തി സൗഹൃദത്തോടെ തുടരാൻ എന്നാണ് നാം ശീലിച്ചു തുടങ്ങുന്നത്?.. പരസ്പരം മുറിപ്പെടുത്താതെ പിരിയാൻ, പിരിഞ്ഞ ശേഷവും ബന്ധങ്ങൾ എല്ലാ കാലവും നിലനിർത്തുവാൻ ഉള്ള വിശാലമനസ്കത വരും തലമുറയെങ്കിലും ആർജിച്ചു എടുക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു

എഴുതിയതു : ദീപ പി വാസുദേവൻ