അച്ഛൻ പോയ ശേഷം എന്നെയും അമ്മയേയും സഹായിക്കാൻ വന്നൊരാൾ അദ്ദേഹത്തെ അത്ര ബഹുമാനം ആയിരുന്നു പക്ഷെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞപ്പോ

EDITOR

അപ്പൻ മരിച്ചയന്ന് വൈകുന്നേരം, ചേർന്നു നിന്നവരും ചേർത്ത് നിർത്തിയവരുമെല്ലാം മൂകമായി ഇറങ്ങിപ്പോയപ്പോ ഒറ്റമുറിയും അടുക്കളയും മാത്രമുള്ള കൊച്ചു വീട്ടിൽ അമ്മച്ചിയും ഞാനും പിന്നെ എടുത്താൽ പൊങ്ങാത്ത ദാരിദ്ര്യവും മാത്രമാണ് ബാക്കിയായത്. എങ്ങനെ ജീവിക്കണമെന്നറിയാതെ അപ്പനുണ്ടാക്കിയ ശൂന്യതയോട് പൊരുത്തപ്പെടാൻ പറ്റാതെ നോവ് തിന്ന് തളർന്നുറങ്ങുമ്പോൾ അമ്മച്ചിയുടെ തേങ്ങലുകൾ ഒരു പത്തു വയസുകാരന് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.എങ്കിലും ആ വേദനകളെയെല്ലാം തോൽപ്പിച്ച് പട്ടിണിയെന്ന യാഥാർഥ്യം എത്ര പെട്ടന്നായിരുന്നു എന്നിൽ പിടിമുറുക്കിയത്.കത്തിച്ചു വച്ച മെഴുകുതിരിക്കപ്പുറം അപ്പന്റെ ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി ഒച്ചയില്ലാതെ കരയുന്ന അമ്മച്ചിയുടെ മടിയിൽ തല ചായ്ച്ച്‌ വിശപ്പ്‌ കത്തിക്കയറുന്ന വയറിനെ രണ്ടു കൈകൾ കൊണ്ടും മുറുകെ ചുറ്റിപ്പിടിച്ച് ഒരു തേരട്ടയെപ്പോലെ ചുരുണ്ടു കിടക്കുമ്പോൾ, കണ്ണിൽ നിന്നൊഴുകിയ കണ്ണീരിനു ആ വിശപ്പിനെ ഒന്ന് മായ്ച്ചു കളയാൻ കഴിഞ്ഞെങ്കിലെന്നു എത്രയോ പ്രാർത്ഥിച്ചിരിക്കുന്നു.

അമ്മച്ചിയെ എന്നുള്ള എന്റെ വിളിയും നനഞ്ഞ കണ്ണുകളും ഒട്ടിയ വയറും കണ്ട് ഇടനെഞ്ചു പൊട്ടിയൊരു കരച്ചിലോടെ അരിക്കലത്തിൽ പരതി, പിന്നെയൊരു നിലവിളിയോടെ ഊർന്നു താഴേക്കു വീഴുമ്പോൾ അമ്മച്ചിയെ താങ്ങിയെഴുന്നേൽപ്പിക്കാനുള്ള കരുത്തു എന്റെ കുഞ്ഞ് കൈകൾക്കെങ്ങെനെയുണ്ടായി എന്ന് ഇപ്പോഴും അത്ഭുതമാണ്.അമ്മച്ചിയെ ഭിത്തിയോട് ചാരിയിരുത്തി കുറച്ചു വെള്ളം കൊണ്ട് വന്ന് അമ്മച്ചിക്ക് നേരെ നീട്ടുമ്പോൾ ‘എന്റെ കർത്താവേ ‘ എന്നൊരു നിലവിളിയോടെ അമ്മച്ചിയെന്നെ നെഞ്ചോടണച്ചു.വീണ്ടും വയറിനെ പൊത്തിപ്പിടിച്ചു അമ്മച്ചിയുടെ മടിയിലേക്ക് ചായുമ്പോൾ അപ്പനുണ്ടായിരുന്നപ്പോ അടുപ്പം കാട്ടിയിരുന്നവരെക്കുറിച്ച് അറിയാതെ ഓർത്തു.അവരൊന്നും ഇനി വരാൻ പോകുന്നില്ല എന്ന തിരിച്ചറിവുമായി ഒക്കെയുമോർത്തും വിശന്നും അപ്പായെന്നു പാതിബോധത്തിൽ പുലമ്പിയും അമ്മച്ചിയുടെ മടിയിൽ പട്ടിണിയോട് കീഴടങ്ങിക്കിടന്ന മൂന്നാം ദിവസമാണ് മീൻകച്ചവടം നടത്തുന്ന തുരുത്തിയിലെ അനന്തേട്ടൻ വീട്ടിലേക്ക് വന്നത്.

സിസിലിയേ.അമ്മച്ചിയെ വിളിച്ചിട്ട് മുറ്റത്തു തന്നെ നിന്ന അനന്തേട്ടൻ അകത്തു നിന്ന് ആരെയും കാണാത്തൊരു പരിഭ്രമത്തോടെ അകത്തേക്ക് കയറി.എന്നെയും മടിയിൽ കിടത്തി കരഞ്ഞു തളർന്നിരിക്കുന്ന അമ്മച്ചിയെ കണ്ട് എന്ത് പറയണമെന്നറിയാതെ നിന്ന അനന്തേട്ടനോട് ഒരു പൊട്ടിക്കരച്ചിലോടെ അമ്മച്ചി പറഞ്ഞതിപ്പോഴും ഓർമ്മയുണ്ട്എന്റെ കൊച്ചിച്ചിരെ അന്നത്തിന്റെ വെള്ളം കുടിച്ചിട്ട് മൂന്ന് ദെവസമായി..പട്ടിണി കെടന്നു എന്റെ കുഞ്ഞ് ചാവണത് കാണാൻ എടവരുത്താണ്ട് അതിയാന്റടുത്തോട്ട് ഞങ്ങളെ അങ്ങ് വിളിക്കാൻ ഒന്ന് കർത്താവിനോട് പറയോ അനന്താ? ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകൾ മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ച്, വെറും തറയിൽ വാടിയ വെള്ളത്തണ്ടു പോലെ കുഴഞ്ഞു കിടന്നയെന്നെ വാരിയെടുത്തു മടിയിലിരുത്തി, കയ്യിലെ സഞ്ചിയിൽ നിന്നൊരു പൊതിയെടുത്തഴിച്ച്‌ അതിൽ നിന്നൊരു അരിയുണ്ടയെടുത്ത് എന്റെ വരണ്ടു പോയ ചുണ്ടിലേക്കടുപ്പിച്ചു കൊണ്ട് “കഴിക്കേടാ മോനേ ” എന്ന് പറയുമ്പോൾ ആ സ്വരമിടറുന്നുണ്ടായിരുന്നു.മൂന്നു ദിവസം പട്ടിണി കിടന്നവന്റെ മുന്നിലേക്ക് ആഹാരം നീട്ടിയ അനന്തേട്ടൻ മനസ്സിൽ അന്ന് മുതൽ ദൈവമായിരുന്നു.

കുറച്ചു മീനെടുത്തു ഒരു കുട്ടയിലാക്കി അമ്മച്ചിയുടെ കയ്യിലേക്ക് കൊടുത്തു അന്നം തേടാനൊരു വഴി തുറന്നു തരുമ്പോൾ കർത്താവിനൊപ്പമെത്തിയിരുന്നു ആ വലിയ മനുഷ്യൻ. അപ്പൻ ചെയ്ത നന്മയ്ക്കു കർത്താവ്‌ കരുതി വച്ച വെട്ടമാണ് അനന്തേട്ടനെന്നു അമ്മച്ചിയെപ്പോഴും പറയുമായിരുന്നു.പിന്നെയങ്ങോട്ട് ജീവിക്കാനുള്ള നെട്ടോട്ടമായിരുന്നു. കാലത്ത് ആറുമണി മുതൽ വെയിലുറയ്ക്കും വരെ മീൻ വിറ്റേച്ച്‌ വീട്ടിലെത്തി എന്നെ കുളിപ്പിച്ചൊരുക്കി സ്കൂളിൽ അയച്ചേച്ച്‌ പുത്തൻപുരയ്ക്കലെ മാത്തച്ചൻ മുതലാളീടെ വീട്ടിൽ അടുക്കപ്പണിക്ക് പോകും അമ്മച്ചി.വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ട് നേരെ മുതലാളീടെ വീട്ടിൽ ചെല്ലും. അമ്മച്ചിയെ തിരക്കി ചെല്ലുമ്പോൾ കാണാം, വീടിന്റെ പരിയമ്പുറത്ത് പാത്രം തേച്ച് കഴുകുന്ന അമ്മച്ചിയെ. പുസ്തകസഞ്ചി മാറ്റി വച്ച് അമ്മച്ചിയുടെ കൂടെ പാത്രം കഴുകാൻ കൂടുമ്പോൾ അമ്മച്ചി പറയും യൂണിഫോമിലോക്കെ കരിയാകും ജോക്കുട്ടാ.. അമ്മച്ചി കഴുകിക്കോളാം എങ്കിലുമനുസരിക്കാതെ ഞാൻ പാത്രം കഴുകും. കഴുകുമ്പോഴെല്ലാം ഞാൻ അമ്മച്ചിയെ നോക്കും.

കരിപ്പാത്രം കഴുകി കറുത്ത വിരലുകളിലേക്കും മുഷിഞ്ഞ സാരിയിലേക്കും നോക്കി കണ്ണ് നിറയുമ്പോൾ ഓർക്കും ഞാൻ, അപ്പനുണ്ടായിരുന്നപ്പോ എത്ര സുന്ദരിയായിരുന്നു അമ്മച്ചി. കഷ്ടപ്പാടായിരുന്നെങ്കിലും ആ കൈകളിലോ ശരീരത്തിലോ അഴുക്ക് പുരളാൻ അപ്പൻ ഇട കൊടുത്തിട്ടില്ലല്ലോ എന്ന്.ഇല്ലായ്മയിൽ നിന്ന് ജീവിതത്തെ ഉയിർത്തെഴുന്നേൽപ്പിക്കാൻ രാവും പകലും കഷ്ട്ടപ്പെട്ട നാളുകൾ ആയിരുന്നു.ഇടയ്ക്ക് അനന്തേട്ടൻ വരും. കയ്യിലേ ചുരുട്ടിപ്പിടിച്ച നോട്ടുകൾ നീട്ടും.ഒരീറൻ ചിരിയോടെ വേണ്ട അനന്ദേട്ടാ എന്ന് പറഞ്ഞ് ആ കൈകളിൽ അമർത്തിപിടിക്കുമ്പോൾ അനന്തേട്ടൻ അമ്മച്ചിയോടു പറയുംസിസിലിയേ. എന്നാ കഷ്ട്ടപ്പാടാന്നേലും ചെറുക്കന്റെ പഠിപ്പ് നിർത്തിയേക്കല്ലേ.. നാലക്ഷരം പഠിച്ചാലേ ഇനിയൊള്ള കാലം നെലനെൽപ്പുള്ളൂ.അനന്തേട്ടന്റെ ആ വാക്കുകൾ ആയിരുന്നു പിന്നെയങ്ങോട്ട് ഉള്ള് മുഴുവൻ. കഷ്ടപ്പാടിനിടയിലും ആവുന്നത്രയും പഠിച്ചു.ഒഴിവു നേരങ്ങളിൽ ചെറിയ ചെറിയ കൂലിപ്പണികൾ ചെയ്ത് ആവും വിധം അമ്മച്ചിക്കിത്തിരി ആശ്വാസം പകർന്നു.ഒടുവിലൊരു ഡിഗ്രി സർട്ടിഫിക്കറ്റുമായി ഉള്ളതൊക്കെ വിറ്റു പെറുക്കി അപ്പന്റെ ആത്മാവിനോടും അമ്മച്ചിയോടും അനന്ദേട്ടനോടും അനുഗ്രഹം വാങ്ങി കടല് കടന്നു.

പൊള്ളുന്ന വെയിൽ കുടിച്ച് മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുമ്പോ തളർച്ചകളിൽ താങ്ങായി നിന്ന അനന്തേട്ടനും, ഒരായുസ്സ് എനിക്ക് വേണ്ടി കഷ്ടപ്പെട്ട അമ്മച്ചിയും മനസ്സിൽ തെളിയും.അപ്പോ ഒരു ഉന്മേഷമാണ് മനസിന്‌.അഞ്ചു വർഷത്തെ അധ്വാനം കൊണ്ട് പൊളിഞ്ഞു വീഴാറായ വീട് പൊളിച്ചു നല്ലൊരു വീട് പണിതു. അതായിരുന്നു സ്വപ്‌നങ്ങലിൽ ആദ്യത്തേത്. പിന്നെയുള്ള ആഗ്രഹം, വലിയ കാശ്കാരനൊക്കെ ആവുന്ന കാലത്ത് അമ്മച്ചീടെ ഒഴിഞ്ഞ കഴുത്തിലൊരു സ്വർണക്കൊന്ത വാങ്ങിയിട്ട് കൊടുക്കണമെന്നായിരുന്നു. പിന്നെ എനിക്ക് വേണ്ടി കരിയും മെഴുക്കും കഴുകി തേഞ്ഞു പോയ മെല്ലിച്ച കൈകളിൽ പൊന്നിന്റെ ഓരോ വള.അങ്ങനെ ഏഴു കൊല്ലത്തെ പ്രവാസ ജീവിതത്തിൽ നിന്ന് അവധിയെടുത്തു നാട്ടിലേക്കു തിരിക്കുമ്പോൾ മനസ്സിൽ ആഗ്രഹിച്ചതെല്ലാം സാധിച്ചതിന്റെ സംതൃപ്തിയുണ്ടായിരുന്നു

എന്നതാടാ നട്ടുച്ചയ്ക്കൊരു കിടപ്പു എന്നതാ ഇത്ര വലിയ ആലോചന?നാളുകൾക്ക് ശേഷം അമ്മച്ചിയുണ്ടാക്കിയ ആഹാരം കഴിച്ച് ഉമ്മറത്തിണ്ണയിലെ തണുപ്പിൽ പോയകാലത്തെകുറിച്ചോർത്തങ്ങനെ കിടക്കുമ്പോൾ ആണ് അടുത്ത് വന്നിരുന്ന് മുടി തലോടി അമ്മച്ചി ചോദിച്ചത്.ഒന്നും മിണ്ടതൊരു ചിരിയോടെ അമ്മച്ചിയുടെ മടിയിലേക്ക് തല ചായ്ക്കുമ്പോൾ പട്ടിണിയിലാണ്ടു പോയ ആ ദിനങ്ങളിലെ കിടപ്പ് ഓർത്ത് പോയി.അറിയാതെ കണ്ണിലൊരു നനവ് പൊട്ടി. അമ്മച്ചി കാണാതെ കണ്ണുകൾ തുടച്ചു ഞാൻ പറഞ്ഞുഅമ്മച്ചിയെ നമുക്കൊന്നു അനന്തേട്ടന്റെ വീട് വരെ പോയേച്ചു വരാം. അമ്മച്ചിയൊന്നു വേഗം റെഡിയായെ ഒന്ന് പോണംന്ന് ഞാനും അങ്ങ് കരുതിയേയുള്ളു മോനേ. മൂപ്പര്ക്കിപ്പോ പണ്ടത്തെപ്പോലുള്ള ആരോഗ്യം ഒന്നുമില്ല.. പെണ്മക്കളു മൂന്നല്ലിയോ.. രണ്ടെണ്ണത്തിനെ കെട്ടിച്ചയച്ചപ്പോ അതിയാന്റെ ആയുസിന്റെ പകുതി തീർന്നു. ഇനീം ഒണ്ട് ഒരു പെങ്കൊച്ച് കൂടി, ഗൗരി.. എല്ലാരേം സഹായിച്ചിട്ടേയുള്ളു അങ്ങേരു.. ഇനീപ്പോ ഗൗരിമോളെക്കൂടി ആരുടെയെങ്കിലും കൂടെ പറഞ്ഞയച്ചാ സമാധാനത്തോടെ കണ്ണടയ്ക്കാന്ന് ഒരിക്കൽ കണ്ടപ്പോ പറഞാരുന്നു.

ദൈവകൃപയുള്ളവനാ മോനേ അങ്ങേരു. കർത്താവു കൈ വിടുകേല എനിക്കെന്തോ ഉള്ളിലൊരു പിടച്ചിൽ തോന്നി.അമ്മച്ചിക്കൊപ്പം പടിഞ്ഞാറ്റിലെ കണ്ടവും തൊണ്ടും കടന്ന് ടാറിട്ട റോഡിലേക്ക് കയറിയപ്പോഴേ ദൂരേന്നു കണ്ടു അനന്തേട്ടന്റെ വീട്. ആ മുറ്റത്തേക്ക് കയറുമ്പോൾ ആദ്യം കണ്ണിൽപെട്ടത് അനന്തേട്ടൻ മീൻ വിൽക്കാൻ പോയിരുന്ന സൈക്കിൾ ആണ്. തുരുമ്പെടുത്തു ജീർണ്ണിച്ചു പോയിരുന്നു അത്‌.പടിക്കൽ ചെന്ന് അനന്ദേട്ടാ എന്ന് നീട്ടി വിളിച്ചത് കേട്ടിറങ്ങി വന്ന അനന്ദേട്ടനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു അറിയോ എന്ന് ചോദിച്ചപ്പോ ഒരു വലിയ ചിരിയോടെ ജോക്കുട്ടനല്ലേ എന്നൊരു ചോദ്യമായിരുന്നു.ഇരിക്കാൻ കസേരയിട്ട് തന്നിട്ട് അകത്തേക്ക് നോക്കി ഗൗരിയെ വിളിച്ചു. അല്പസമയം കഴിഞ്ഞു അകത്ത് നിന്ന് വന്ന മകൾക്ക് അനന്തേട്ടൻ എന്നെ പരിചയപ്പെടുത്തി.മോളെ ദെ ഇതാരാന്നു മനസ്സിലായോ.. മ്മടെ ജോക്കുട്ടൻ.. നിങ്ങൾ പണ്ട് ഒന്നിച്ചു പഠിച്ചതൊക്കെയല്ലേ.കരി പുരണ്ട കൈകൾ പിന്നിലേക്ക് പിടിച്ചു പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞുഇരിക്ക്ട്ടോ.. ഞാൻ ചയെടുക്കാം അവളകത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞു മൂന്ന് ഗ്ലാസുകളിൽ ചായയും ഒരു പ്ളേറ്റിൽ കുറച്ചു ഉണ്ണിയപ്പവും അരിയുണ്ടയും മുന്നിൽ കൊണ്ട് വച്ചു.വല്ലാതൊരു ആവേശത്തോടെ.കൊതിയോടെ അതിൽ നിന്നൊരു അരിയുണ്ടയെടുത്തു കടിച്ചു ഞാൻ. അതേ സ്വാദ്.കണ്ണിൽ വെള്ളം നിറയുന്ന പോലെ.ഇപ്പൊ ഇതാടോ വരുമാനം. ആരോഗ്യമൊക്കെ പോയില്ലേ . ഗൗരി കോളേജിൽ പോയി വന്നിട്ട് ഉണ്ണിയപ്പവും അരിയുണ്ടയും ഉണ്ടാക്കി പാക്കറ്റുകളാക്കി ബേക്കറിയിൽ കൊണ്ട് കൊടുക്കും..ആ കാശൊണ്ടാ ജീവിക്കണേ.പട്ടിണിയില്ലാതെ പോകുന്നുണ്ട്. മൂത്തതുങ്ങളെ രണ്ടിനേം തെറ്റില്ലാതെ കെട്ടിച്ചയച്ചു. ഇനി ഇവളെക്കൂടി നല്ലൊരാളെ ഏൽപ്പിച്ചാ സ്വസ്ഥമായി.സമാധാനത്തോടെ മരിക്കാം ഒരു നെടുവീർപ്പോടെ അനന്തേട്ടൻ പറഞ്ഞു നിർത്തുമ്പോൾ ഞാൻ ഗൗരിയെ നോക്കി.അനന്തേട്ടന്റെ മുഖത്തുള്ള അതേ ഐശ്വര്യം തന്നെ അവളുടെ മുഖത്തും. എങ്കിലുംകഷ്ടപ്പാടിന്റെ നിഴലുകൾ അവളുടെ കൺതടങ്ങളിൽ കറുപ്പ് വീഴ്ത്തിയിരിക്കുന്നു.പണ്ടെപ്പോഴോ കണ്ടു മറന്നൊരു പെറ്റിക്കോട്ടുകാരിയെ ഓർത്തെടുക്കവേ ഉള്ളിലെവിടെയോ ഒരു ഉറവ് പൊട്ടുന്നു.

അമ്മച്ചിയെ ഒന്ന് നോക്കിയിട്ട് ഞാൻ അനന്തേട്ടനോട് ചോദിച്ചു അനന്ദേട്ടാ കൊള്ളാവുന്നൊരാള് വന്നാ ഗൗരിയെ ഏൽപ്പിക്കുമെന്നു പറഞ്ഞില്ലേ.ചോദിക്കാൻ അർഹതയില്ലെന്നറിയാം എന്നാലും ചോദിക്കുവാ, എനിക്ക് തന്നേക്കാമോ ഗൗരിയെ… ഞാൻ പറഞ്ഞത് കേട്ടൊരു ഞെട്ടലോടെ അവളെന്നെ നോക്കി. പിന്നെ അകത്തേക്ക് കയറിപ്പോയി.അനന്തേട്ടൻ ഒന്നും മിണ്ടാതെ പുറത്തു ശൂന്യതയിലേക്ക് നോക്കിയിരുന്നു. കുറച്ചു നേരം ആരുമൊന്നും മിണ്ടിയില്ല.ചോദിച്ചു പോയി. സഹതാപം തോന്നിയിട്ടോ കൂറ് കാണിക്കാനോ ചോദിച്ചതല്ല.. ശരിക്കും ഇഷ്ട്ടായതു കൊണ്ട് തന്നെ ചോദിച്ചതാ അങ്ങ് ക്ഷമിച്ചേക്ക് അനന്ദേട്ടാ..ശ്ശെ. എന്നാ ഒരുത്തനാ ഞാൻ.. ജാതിയും മതവും നിലയുമൊന്നുമോർക്കാതെ ആ മൗനം മുറിച്ചു കൊണ്ട് ഞാൻ ക്ഷമാപണം പോലെ പറഞ്ഞു പിന്നെ അമ്മച്ചിയോടു പറഞ്ഞു നമുക്കിറങ്ങാം അമ്മച്ചി പക്ഷെ എന്നെ ഗൗനിക്കാതെ അമ്മച്ചി അനന്തേട്ടനോട് പറഞ്ഞു അനന്ദേട്ടാ ഗൗരിമോളെ എനിക്കും വലിയ ഇഷ്ട്ടാണ്.. അനന്തേട്ടന് ജോക്കുട്ടനെ കുഞ്ഞിലേ മുതൽ അറിയുന്നതല്ലേ.. അവനിന്നോളം ആരേം വെഷമിപ്പിച്ചിട്ടില്ല… നെഞ്ചില് നേരുള്ളവനാ എന്റെ മോൻ.. ഗൗരി മോളെ അവൻ പൊന്നു പോലെ നോക്കും.

എന്നെയൊന്നു നോക്കിയിട്ട് അനന്തേട്ടൻ അമ്മച്ചിയോടു പറഞ്ഞുഅതൊന്നും ശരിയാവില്ല സിസിലിയേ ജാതീം മതവുമൊന്നുമല്ല അതിനും അപ്പുറം വേറെയും കാരണങ്ങൾ ഉണ്ട് ഇവനെ എനിക്കിഷ്ട്ടമാണ്. എന്റെ മോളെ നിങ്ങൾ പൊന്നു പോലെ നോക്കും ഒക്കെ അറിയാം ന്നാലും സിസിലി ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങളുടെ നിലയ്ക്കനുസരിച്ചുള്ള പൊന്നും പണവും തരാൻ എന്റെൽ ഇല്ല.
പറഞ്ഞു നിർത്തി മുണ്ടിന്റെ തുമ്പ് കൊണ്ട് കണ്ണുകൾ തുടയ്ക്കുന്ന അനന്ദേട്ടനെ കാൺകെ ഉള്ളിലൊരു നിലവിളി പൊട്ടി.മെല്ലെ ചെന്ന് ആ മുന്നിലേക്ക് മുട്ടുകുത്തിയിരുന്നു അനന്തേട്ടന്റെ കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു ഈ കയ്യിൽ എനിക്ക് തരാൻ ഒന്നുമില്ലെന്ന് ആരാ പറഞ്ഞേ തന്നിട്ടുണ്ടല്ലോ കൊറേ കൊല്ലം മുമ്പ് അപ്പൻ മരിച്ചപ്പോ, പട്ടിണി കിടന്നു ചാകാറായ ഒരു പത്തു വയസുകാരനെ വാരിയെടുത്തു മടിയിലിരുത്തി കയ്യിലേക്കൊരു അരിയുണ്ട വച്ചു തന്നേച്ച് കഴിക്കേടാ മോനേ എന്ന് പറഞ്ഞില്ലേ.അതൊന്നു മതി അനന്ദേട്ടാ പകരം ഞാനെന്നാ ചെയ്താലും എനിക്കാ കടം വീട്ടാനോക്കുകേല.

വിശന്നു ചാകാറായ പ്രാണന് അന്നം നീട്ടിയവനല്ലേ അനന്ദേട്ടാ നിങ്ങള്.ഈ പ്രാണനും ദേഹവും അനന്തേട്ടന്റെ കാരുണ്യം കൊണ്ട് നിലനിന്നതാണ്.. അപ്പോ എന്റെയീ പ്രാണനും ശരീരവും ഈ കുടുംബത്തിനു വേണ്ടിയല്ലാതെ മറ്റെന്തിനു വേണ്ടിയാ ഞാൻ നീക്കി വെക്കേണ്ടത്.ഒന്നും വേണ്ട എനിക്ക്, ഗൗരിയെ അല്ലാതെ.നിറഞ്ഞ മനസോടെ തന്നേക്കാവോ അവളെയെനിക്ക്.. അതും ഗൗരിക്ക് സമ്മതമാണെങ്കിൽ മാത്രം ഒന്നും മിണ്ടാതെ എന്നെത്തന്നെ ഉറ്റുനോക്കുന്ന അനന്തേട്ടന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.അലിവോടെ ആ കൈകൾ ഒന്ന് കൂടെ ചേർത്ത് പിടിച്ചു ഞാൻ.എന്റെ കയ്യിൽ അമർത്തിപ്പിടിച്ച് അനന്തേട്ടൻ മെല്ലെ പുഞ്ചിരിച്ചു.
അടക്കിപ്പിടിക്കാനാവാത്തൊരു സന്തോഷത്തോടെ അനന്ദേട്ടനെ കെട്ടിപ്പിടിക്കുമ്പോൾഞാൻ കണ്ടു അച്ഛന് പിന്നിൽ വാതിലിനു പാതി മറഞ്ഞു എന്നെ നോക്കി ഈറൻ ചിരിയോടെ നിൽക്കുന്ന ഗൗരിയെ.ഇരട്ടി സന്തോഷം ആയിരുന്നു എനിക്കത്.ഗൗരി എന്റേതാകുന്നു.അതിനപ്പുറം അച്ഛാ എന്ന് വിളിക്കാൻ അനന്ദേട്ടനും
എഴുതിയത്  :ബിന്ധ്യ ബാലൻ