കെട്ട് കഴിഞ്ഞ രണ്ടാം മാസം ബുൾസൈ ഉണ്ടാക്കുന്നതിന് വഴക്കിട്ടു രണ്ടു പേരുടെയും വാശി ഞങ്ങൾ ഒരു വർഷമായി സംസാരിച്ചിട്ട് പിരിയാൻ തീരുമാനിച്ച ശേഷം എനിക്ക് വന്ന ആക്സിഡന്റ് ജീവിതം മാറ്റി

EDITOR

കെട്ട് കഴിഞ്ഞ രണ്ടാമത്തെ മാസത്തിലെയൊരു രാത്രിയിലാണ് ഞാനാദ്യമായിട്ട് അവളുമായി വഴക്കിടുന്നത്. അതും എനിക്ക് തിന്നാനുള്ള ആഗ്രഹ പ്രകാരം അവളുണ്ടാക്കിയ ബുൾസൈയിലെ മഞ്ഞക്കുരു പൊട്ടിയതിന്റെ കാരണവും പറഞ്ഞ്.ഇതാണോ ബുൾസൈയെന്നും ചോദിച്ച് അന്ന് ഞാൻ ഡൈനിങ്ങിന്റെ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റപ്പോൾ വീശിപ്പോയ കൈ കൊണ്ട് രണ്ട് ചില്ല് ഗ്ലാസ്സുകൾ താഴെ വീണ് പൊട്ടിത്തകർന്നു . അവളാകെയന്ന് ഞെട്ടിപ്പോയെന്നത് തീർച്ചയാണ്.മുത്തേ പഞ്ചാരേയെന്ന് വിളിച്ച നാവ് കൊണ്ട് മര്യാദയ്ക്കൊരു ബുൾസൈ പോലുമുണ്ടാക്കാനറിയില്ലെടി നിനക്കെന്ന് കാറിക്കൊണ്ട് ഞാൻ അലറുകയും ചെയ്തപ്പോൾ അവൾ ശരിക്കും സ്തംഭിച്ച് പോയി.എനിക്കങ്ങനെയൊരു ദേഷ്യ മുഖമുണ്ടാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതി കാണില്ല. അല്ലെങ്കിലും കണ്ടുകണ്ടാണല്ലോ ബന്ധം സ്ഥാപിച്ചവരുടെ പല മുഖങ്ങളും നമുക്ക് അറിയാൻ സാധിക്കുന്നത്. ഞാൻ വഴക്ക് പറഞ്ഞാൽ കാർമേഘമാകുന്ന ഹൃദയമാണ് അവൾക്കെന്നും ഞാനറിഞ്ഞു.

അന്നവളുടെ മുഖമൊരു പിഴിഞ്ഞ തുണി പോലെ കുതിർന്ന് തന്നെ നിന്നു. അതിന്റെ നനവാകെ തലയിണയിൽ അറിയാനുണ്ടായിരുന്നു. ഞാനവളോട് ചേർന്ന് കിടന്നിട്ടും അരയിലൂടെ കൈയ്യിട്ടിട്ടും അവൾ അനങ്ങിയില്ല. അവൾ മുഖം തന്നൊരക്ഷരം പോലുമെന്നോട് പറയാതെ വന്നപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു. സങ്കടങ്ങളും കരച്ചിലുകളുമൊക്കെ വാശിയായി ഉടലെടുക്കുന്നത് ഞാനറിഞ്ഞു. ക്ഷമ പറയണമെന്ന ചിന്തയുപേക്ഷിച്ചിട്ട് ഞാൻ എഴുന്നേറ്റ് ബാൽക്കണിയിൽ പോയി ഇരുന്നു.ശരിക്കുമെന്റെ ദേഷ്യം അവളെനിക്കുണ്ടാക്കി തന്ന ബുൾസൈയിലെ മഞ്ഞക്കുരു പൊട്ടിയത് കൊണ്ടായിരുന്നില്ല. ഓഫിസിൽ നിന്നിറങ്ങി സുഹൃത്തുക്കളോടപ്പം രണ്ടും മൂന്നും പറഞ്ഞ് വഴക്കിട്ടപ്പോൾ അസ്വസ്ഥമായ മനസ്സും കൊണ്ടാണ് ഞാനന്ന് ഫ്ലാറ്റിലേക്കെത്തിയത്.പറഞ്ഞതൊന്ന്, കേട്ടതും കൊണ്ടുവന്നതും മറ്റൊന്നെന്ന നിലയിലുള്ള ഉന്തും തള്ളുമായിരുന്നു അന്ന് സുഹൃത്തുക്കളുമായി സംഭവിച്ചത്. ഒരോംബ്ലേറ്റ് ഉണ്ടാക്കട്ടേയെന്ന് ചോദിച്ച അവളോട് ഞാനാണ് ബുൾസൈ മതിയെന്ന് പറഞ്ഞത്.

പൊട്ടിയൊലിക്കുന്ന കണ്ണുകളുള്ളയാ ബുൾസൈ കണ്ടപ്പോൾ, എന്തിനുമേതിനും കൃത്യത നോക്കുന്ന എനിക്കെന്നെയപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പറ്റിപ്പോയി….! പാടില്ലായിരുന്നു..! എന്നാലും കൂടാൻ ചെന്ന അവൾക്കെന്നോട് ക്ഷമിക്കാൻ തോന്നുന്നില്ലല്ലോയെന്ന സങ്കടമന്ന് മുഴുവനെന്നെ അലട്ടി.പിറ്റേന്ന് ഞങ്ങൾ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല. അവളുടെ വാശി കണ്ടപ്പോൾ എന്നിലത് ഇരട്ടിച്ചു. കുറിപ്പെഴുതി കുത്തി വെക്കുന്ന ബോർഡിന്റെ മദ്യസ്ഥതയിലേക്ക് പിന്നീട് ഞങ്ങളുടെ സംസാരം ഒതുങ്ങി. ഫ്ലാറ്റിലെ ഒഴിഞ്ഞ മുറിയിലേക്ക് അവളവളുടെ താമസം മാറ്റുകയും ചെയ്തു.ആഴ്ച്ചകൾ മാസങ്ങളായി. മാസങ്ങളെല്ലാം ചേർന്ന് വഴക്കിന്റെ വർഷമൊന്ന് തികയ്ക്കാൻ പോകുന്നു. ഒരിടത്ത് താമസിച്ച് കൊണ്ട് തിട്ടപ്പെടുത്താൻ പറ്റാത്തയത്രത്തോളം ദൂരമകലം ഞങ്ങൾ രണ്ടായി സഞ്ചരിച്ചു. അതിന്റെ അവസാനമെന്നോണം ഞാനൊരിക്കൽ അവളോട് നമുക്ക് പിരിയാമെന്ന് പറഞ്ഞു. അത് കേട്ട് മുറിയിലേക്ക് പോയ അവൾ കതക് അടക്കും മുമ്പേ എവിടെയാണ് ഒപ്പിടേണ്ടതെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു.

പ്രതീക്ഷിക്കാത്ത ഉത്തരം നേരിട്ടയെന്റെ കണ്ണുകൾക്ക് മുന്നിലാ കതകടഞ്ഞു. ഞാനങ്ങനെ പറയുമ്പോൾ ഇത്രയും കാലത്തെ പിണക്കം മറന്ന് അവളെന്നെ പുണരുമെന്ന് കരുതിയ എനിക്ക് തെറ്റി. തെറ്റ് എന്റേതാണെന്ന പൂർണ്ണമായ ബോധ്യമെന്നിലുണ്ട്. പക്ഷേ, അതേറ്റ് പറയാനുള്ള മനസ്സെനിക്ക് അന്നാ രാത്രിയിലവൾ മുഖം തരാതെ കിടന്നപ്പോൾ നഷ്ട്ടപ്പെട്ടുപോയി.പിറ്റേന്ന് ജോലിക്ക് പുറപ്പെട്ട ഞാൻ ഓഫീസിൽ എത്തിയില്ല. വരുന്ന വഴിയെന്റെ സ്കൂട്ടറിനെയൊരു കാറ് തട്ടി റോഡിലിട്ടു. അവിടെ നിന്നാരൊക്കെയോ എടുത്ത് ആശുപത്രിയിലുമെത്തിച്ചു. കൈകാലുകളിൽ ഓരോയെണ്ണം വീതം പൊളിഞ്ഞു പോയെന്നതൊഴിച്ചാൽ എനിക്ക് യാതൊന്നും സംഭവിച്ചില്ല. വിവരമറിയിച്ചപ്പോൾ സുഹൃത്തുക്കളിൽ ചിലർ വന്നു.അവളെ അറിയിക്കേണ്ടായെന്ന തീരുമാനത്തോടെയാണ് ഞാനന്നാ ആശുപത്രി കിടക്കയിൽ ക്ഷീണത്തോടെ ഉറങ്ങിയത്. പിറ്റേന്ന് കണ്ണുകൾ തുറക്കുമ്പോൾ എന്റെ ഒടിയാത്ത കൈയ്യുടെ വെള്ളയിൽ അവളുടെ മുഖമുണ്ടായിരുന്നു.

അരികിലെ കസേരയിലിരുന്ന് എന്റെ കൈയ്യിൽ മുഖമമർത്തി ബെഡിൽ തലവെച്ചുറങ്ങുന്ന അവളെയുണർത്താൻ എനിക്ക് തോന്നിയില്ല.
തെറ്റ് പറ്റിയവരൊരു ക്ഷമ പറഞ്ഞാൽ തീരാവുന്നയെത്ര നിസ്സാരമായ വഴക്കുകളാണ് നീണ്ട് പോയി ചിലരെയൊക്കെ വിഴുങ്ങുന്നത്. പ്രിയപ്പെട്ടവരുമായുള്ളയൊരു പിണക്കങ്ങൾക്കും ഒരുനാളിനപ്പുറത്തേക്ക് ആയുസ്സ് കൊടുക്കരുത്.ചില തെറ്റായ അഭിമാന ചിന്തകൾ കൊണ്ട് ചെറു പിണക്കങ്ങളെ അതിലും വലിയ പിണക്കങ്ങൾ കൊണ്ട് നേരിട്ട ഞാനൊരു വിഡ്ഢി തന്നെ. വഴക്ക് തീർത്ത് പരസ്പരം ചുംബിക്കാനുള്ള ആയുധം, തെറ്റ് മനസ്സിലാക്കി ക്ഷമ പറയാനുള്ള ആർജ്ജവമാണ്. ഞാനുൾപ്പെടുന്ന ഭൂരിഭാഗം പേർക്കും ഇല്ലാതായി പോയ വിവേകവും അതാണ്.അവൾ ഉണരുന്നത് വരെ ഞാനവളെ നോക്കിയങ്ങനെ കൈയ്യനക്കാതെ ചെരിഞ്ഞ് കിടന്നു. എന്റെ അനക്കമറിഞ്ഞട്ടാണെന്ന് തോന്നുന്നു അവളുണർന്നു. ഉണർന്ന പാടെയെന്നെ നോക്കിയ അവളുടെ കണ്ണുകളോട് ക്ഷമിക്കൂവെന്ന് ഞാൻ പറഞ്ഞു.അപ്പോഴവളൊരു കൊട്ടുവാ വിട്ട് കഴിക്കാനെന്താ വേണ്ടതെന്ന് ചോദിച്ച് പുറപ്പെടാനൊരുങ്ങി. ഞാനെന്തെങ്കിലും വേണമെന്നോ വേണ്ടായെന്നോ പറഞ്ഞില്ല. തിരിച്ച് വരുമ്പോൾ മാറാൻ വസ്ത്രങ്ങളും ഫോണിന്റെ ചാർജ്ജറുമല്ലാതെ മറ്റെന്തെങ്കിലും എടുക്കണമോയെന്ന് ചോദിച്ചിട്ടവൾ ഇറങ്ങാനായി നടന്നു. ഒരു നിമിഷത്തെ ആലോചനക്ക് ശേഷമെനിക്ക് വേണ്ടതെന്താണെന്ന് ഞാൻ പറഞ്ഞു.അവളതപ്പോൾ വ്യക്തമായി കേട്ടില്ല. തിരിഞ്ഞ് നിന്നെന്തായെന്ന് അവളുറക്കെ ചോദിച്ചപ്പോൾ, അതിലുമുറക്കെ ഞാനതൊന്നുകൂടി പറഞ്ഞുകൊണ്ട് തലകുനിച്ചു.
“ബുൾസൈ

എഴുതിയത് : ശ്രീജിത്ത് ഇരവിൽ