ഒരു കുഞ്ഞിന് വേണ്ടി വാടക ഗർഭത്തെ കുറിച്ച് ആലോചിച്ചു സഹോദരിമാരോട് പറഞ്ഞു അവർ പറഞ്ഞത് ചേച്ചി ചേട്ടന്റെയും ബീജമെന്നു പറഞ്ഞാലും ആളുകൾ അവിഹിതമെന്ന് പറഞ്ഞ് നടക്കും

EDITOR

നീണ്ട ഏഴ് കൊല്ലത്തെ പ്രണയത്തിെ നൊടുവിലാണ് ഞാനും രാജേഷും വിവാഹിതരായത്. ആ സമയത്ത് എനിക്ക് ഇരുപത്തിനാലും രാജേഷിന് ഇരുപത്തിയാറും വയസുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് ഞങ്ങളെടുത്ത തീരുമാനമായിരുന്നു വിവാഹ ശേഷം ഞങ്ങളുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം ഞങ്ങൾ ഒരുമിച്ചെടുക്കുമെന്ന്.പക്ഷെ വിവാഹശേഷം രാജേഷിന്റെ തീരുമാനമായിരുന്നു കുട്ടികൾ മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം മതിയെന്നത്.എന്നിട്ടും ഞാനത് അംഗീകരിച്ചു കാരണം മൂന്ന് നാല് വർഷം എനിക്കും സ്വതന്ത്രയായി നടക്കാമല്ലോയെന്നായിരുന്നു എന്റെ ചിന്ത.പക്ഷെ എല്ലാ ഗർഭനിരോധന മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടത് എന്റെ മാത്രം ചുമതല ആയിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ സുവർണ്ണകാലമെന്ന് വേണമെങ്കിൽ അക്കാലത്തെ വിളിക്കാം.സർക്കാർ ജോലി കിട്ടിയതിന് ശേഷം കല്യാണം അതായിരുന്നു എന്റെ കാഴ്ചപ്പാട് രണ്ട് പേർക്കും സർക്കാർ ജോലി കിട്ടി .രാജേഷ് കാർഷിക കോളേജിലെ അദ്ധ്യാപകനായി. ഞാൻ എന്റെ നാട്ടിലെ കൃഷി ഓഫീസറും.ബിഎസ്സിയും എംഎസ്സിയും ഞങ്ങൾ പഠിച്ചത് ഒരുമിച്ചായിരുന്നു .

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രണയത്തിലും ഞങ്ങൾ മികവ് കാട്ടിയിരുന്നു.മാലിദ്വീപിലും തായ് ലന്റിലുമായിരുന്നു ഞങ്ങളുടെ ഹണിമൂൺ. തെല്ലൊരു അസൂയയോടെയായിരുന്നു അതെല്ലാം അനിയത്തിമാരും ബന്ധുക്കളും സുഹൃത്തുക്കളും നോക്കികണ്ടത്.മൂന്നുകൊല്ലം കടന്നുപോയത് ശരവേഗത്തിലായിരുന്നു നാലാമത്തെ കൊല്ലമായപ്പോഴേക്കും പല കോണുകളിൽ നിന്നും ചോദ്യങ്ങളുയരാൻ തുടങ്ങി. പ്രത്യേകിച്ചും കുടുംബക്കാരിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ?ഡോക്ടറെ കണ്ടിരുന്നോ? നിങ്ങളിൽ ആർക്കാണ് കുഴപ്പം ?ഇതിനുപുറമേ ഉപദേശപെരുമഴയും.ഞാൻ അന്നേ പറഞ്ഞതല്ലേ ഇത്ര താമസിപ്പിക്കേണ്ടന്ന് ,പിന്നെ എനിക്കറിയാവുന്ന ചില ആശുപത്രികളും ഡോക്ടർമാരുമുണ്ട്.നിങ്ങൾ അവിടം വരെ ഒന്ന് പോയി നോക്ക്, എല്ലാം ശരിയാകുമെന്നെ .ഇതോടെ ഞാൻ പ്രതിരോധ മാർഗ്ഗങ്ങളെല്ലാം കുറച്ചുകാലത്തേക്ക് മാറ്റിവെച്ചു. വളരെ പെട്ടെന്ന് തന്നെ ഗർഭിണിയുമായി. പക്ഷേ മൂന്നുമാസം കഴിഞ്ഞപ്പോൾ അത് അബോർഷനായി.പിന്നീട് മൂന്നുനാല് തവണ ഞാൻ ഗർഭിണിയായി .പക്ഷേ അവയെല്ലാം അലസിപോവുകയായിരുന്നു.

ട്യൂബുലാർ പ്രഗ്നൻസി എന്നാണ് ഡോക്ടർമാർ വിധിച്ചത്. അപ്പോഴും കുത്തുവാക്കുകൾക്കും ഉപദേശങ്ങൾക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.ആ സമയത്ത് എനിക്ക് പലപ്പോഴും ലീവ് എടുക്കേണ്ടിവന്നു. അതോടൊപ്പം എൻ്റെ സമ്പാദ്യം മരുന്നിനും ആശുപത്രി വാസത്തിനുo മറ്റ് കാര്യങ്ങൾക്കും വേണ്ടി ചിലവഴിക്കുകയായിരുന്നു. പണം എവിടെ പോകുന്നു എന്ന് ചിന്തിച്ചിരുന്നില്ല.എന്തിനു പറയുന്നു ആശുപത്രിയിൽ പോകുമ്പോൾ കാറിന് പെട്രോൾ അടിക്കാൻ പോലും എന്റെ എടിഎം കാർഡായിരുന്നു രാജേഷ് ഉപയോഗിച്ചത് .നിരന്തരചികിത്സയും അതിനോടനുബന്ധിച്ചുള്ള മരുന്നും ഇഞ്ചക്ഷനും അതിന്റെ റിയാക്ഷനും എന്നെ ശാരീരികമായും മാനസികമായും തളർത്തി. തുടക്കത്തിൽ രാജേഷിന് എന്നോടുണ്ടായിരുന്ന സ്നേഹം കുറഞ്ഞു തുടങ്ങിയോ എന്ന് ഞാൻ സംശയിച്ചു.ആശുപത്രിയിൽ ഞാൻ പലപ്പോഴും ഒറ്റയ്ക്കായിരുന്നു ബന്ധുക്കൾ ഇഷ്ടം പോലെ ഉണ്ടെങ്കിലും അവരൊക്കെ വന്നു കണ്ട് ഗർഭിണിയാവുകയെന്നത് ഒരു രോഗമല്ലല്ലോ എന്ന് പറഞ്ഞു തിരിച്ചു പോയി. അന്ന് അമ്മക്കും അനിയത്തിമാരുടെ കാര്യത്തിലായിരുന്നു ശ്രദ്ധ.

ഈ സമയത്താണ് ഞാൻ വാടക ഗർഭപാത്രത്തെക്കുറിച്ച് രാജേഷിനോട് സംസാരിച്ചത്.രാജേഷിനെ രണ്ട് അനിയത്തിമാരുണ്ട് .അവരെ ആരെങ്കിലുമോ അല്ലെങ്കിൽ എൻറെ സഹോദരിമാർ ആരെങ്കിലും മുന്നോട്ടു വരുമെന്നാണ് ഞാൻ വിചാരിച്ചത്.ഞാനി കാര്യം അവരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു.ചേച്ചിയെന്തായി പറയുന്നേ? പുറമെ നിന്ന് നോക്കുമ്പോ ഇത് വല്യ കുഴപ്പമില്ലാന്ന് തോന്നും. ചേച്ചിയുടെയും ചേട്ടന്റെയും ബീജമാണെന്ന് പറഞ്ഞാലും ആളുകൾ അവിഹിതമെന്ന് പറഞ്ഞ് നടക്കും. ആളുകളുടെ വായ് മൂടിക്കെട്ടാൻ നമ്മുക്ക് പറ്റ്വോ ? അതുകൊണ്ട് ഇനി ഈ കാര്യവുമായി ചേച്ചി ഞങ്ങളുടെ അടുത്ത് വരരുത് ഇതൊരു അപേക്ഷയാ.ജീവിതത്തിൽ ദുർഘടഘട്ടവുമ്പോഴാണല്ലോ യഥാർത്ഥ ബന്ധങ്ങളെ തിരിച്ചറിയുന്നത്.അവരിൽ ആർക്കും തന്നെ സമ്മതമായിരുന്നില്ല.ഞങ്ങൾക്ക് ഒരു കുട്ടികളുണ്ടാകാതിരുന്നാൽ ഞങ്ങളുടെ സ്വത്തും കൈക്കലാക്കാമെന്ന് ഒരു പക്ഷേ അവർ ചിന്തിച്ചിട്ടുണ്ടാകണം രാജേഷിന് താല്പര്യമാണെങ്കിൽ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞപ്പോൾ അവൻ എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അലറി .ഇനി ഞാൻ മറ്റുള്ളവരുടെ കുട്ടിയെ കൂടി ചുമക്കണമെന്നാണോ നീ പറഞ്ഞു വരുന്നത് ?അതിനൊന്നും എന്നെ കിട്ടില്ല. പിന്നെ സറോഗസി വാടക ഗർഭപാത്രംവേണമെങ്കിൽ നോക്കാം .പക്ഷേ അതിന് ഏകദേശം 40 ലക്ഷം ചെലവഴിക്കേണ്ടിവരും.നിനക്ക് സമ്മതമാണെങ്കിൽ നിൻറെ പേരിൽ ഒരുലോൺ എടുക്കാം.പതുക്കെ വീട്ടിയാ മതി. പിന്നെ ഇതൊന്നും എന്റെ കുഴപ്പമല്ലല്ലോ?

സത്യത്തിൽ അവൻ പറഞ്ഞ ആ വാചകം എൻ്റെ ഹൃദയത്തിൽ പിളർക്കുന്നതായിരുന്നു.പുരുഷന് ഗർഭം ധരിക്കേണ്ട, ഒൻപത് മാസം കുട്ടിയെ ചുമന്ന് നടക്കേണ്ടതില്ല. അതിനിടയിലെ അക്കാലത്തെ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കേണ്ടതില്ല.എല്ലുനുറുങ്ങി പ്രസവിക്കേണ്ടതില്ല. ഇനി കുട്ടി ജനിച്ചാൽ ബാക്കിയുള്ള വേദനയില്ലാത്ത രസകരമായ കാര്യങ്ങളൊക്കെ ഭർത്താവ് ചെയ്ത് കൊള്ളും. എത്ര രസകരമായ ആചാരങ്ങൾ !നമ്മുടെ സമൂഹം പുരുഷ മേധാവിത്വത്തിൽ സൃഷ്ടിക്കപ്പെട്ടതാണല്ലോ.അവിടെ ചോദ്യങ്ങളില്ല അനുസരണമാത്രം.ആ സമയത്താണ് എനിക്ക് മൂന്ന് നാല് ജില്ലകൾക്ക് അപ്പുറത്തുള്ള കൃഷി ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. അവിടെയെത്തിയതിന് ശേഷം ഞാനെടുത്ത തീരുമാനം ഞങ്ങളുടെ വിവാഹമോചനത്തിനുള്ള വക്കീൽ നോട്ടീസ് അയക്കുകയെന്നതായിരുന്നു അമ്മയാകാനുള്ള ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ബഹുഭൂരിപക്ഷം പേർക്കും സമ്മാനം കിട്ടുമെന്നിരിക്കിലും ചിലരെ ദൈവം ഗാലറിയിൽ നിന്ന് കളികാണാനായാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി.അതുകൊണ്ട് ഞാനും ഒരു കാണിയാകാൻ തീരുമാനിച്ചു. അല്ലെങ്കിൽ തന്നെ പ്രസവിക്കാത്ത എത്ര അമ്മമാർ നമുക്ക് ചുറ്റിലുമുണ്ട്. മദർ തേരസയെ കുറിച്ച് ഞാനന്ന് ഏറെനേരം ചിന്തിച്ചു.

വക്കീൽ നോട്ടീസ് കിട്ടിയ ഉടനെ രാജേഷ് എന്നെ വിളിച്ചുനിനക്ക് തോന്നുന്നുണ്ടോ തനിച്ച് ജീവിക്കാൻ കഴിയുമെന്ന് ? ഈ തീരുമാനം നീ തന്നെ എടുത്തതാണോ അതോ നിന്റെ മാറ്റാരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങിയാണോ ? വട്ടോൻ ചാടിയാൽ മുട്ടോളം പിന്നെയും ചാടിയാൽ ചട്ടിയോളം എന്ന് കേട്ടിട്ടില്ലേ?ശല്യം ഒഴിഞ്ഞു പോയല്ലോഎന്ന ആശ്വാസം അവനിലുണ്ടായിരുന്നു.ഒന്നിനും മറുപടി കൊടുത്തില്ല. ചിലപ്പോൾ മൗനം നല്ലൊരു പ്രതിഷേധവും പ്രതിരോധവുമാണെന്ന് എനിക്ക് തോന്നിയിരുന്നു.പുതിയ ഓഫീസിലെ ഫയലുകളുടെ കൂമ്പാരം കണ്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.എനിക്ക് മുമ്പ് ഇരുന്നയാൾ എന്തായിരിക്കാം ഇവിടെ ചെയ്തു കൊണ്ടിരുന്നത്?ഞാൻ ചിന്തിച്ചു. ഒരോ ഫയലുകളിലും ഒരോ ജീവിതങ്ങളുണ്ടെന്ന് മാത്രമല്ല ഒരോന്നിനും വ്യത്യസ്ത മണവുമുണ്ടായിരുന്നു.വിയർപ്പിന്റെയും മണ്ണിന്റെയും മണമുള്ള ഫയലുകൾക്ക് പുറമെ കുശാഗ്രബുദ്ധിയുടെയും സ്വാധീനത്തിന്റെയും ഫയലുകളുമുണ്ടായിരുന്നു. എന്റെ ഓഫീസ് സമയം ഒൻപത് മണി മുതൽ ആറ് മണിയാക്കിയപ്പോൾ ഒരാഴ്ച കൊണ്ട് ഫയലുകളെല്ലാം അപ്രത്യക്ഷമായി. ഓഫീസിലെ അലസന്മാരും കൃത്യസമയത്ത് എത്താൻ തുടങ്ങി.

ഓഫീസിൽ അടയിരിക്കുകയല്ല ഒരു കൃഷി ഓഫീസറുടെ ജോലിയെന്ന് എനിക്ക് തോന്നി.ഞാൻ കൃഷിക്കാരുടെ ഇടയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. കൃഷിക്കാരുടെ അനുഭവസമ്പത്തും വിവരസാങ്കേതികവിദ്യയും ഒന്നായപ്പോൾ കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരങ്ങൾ കണ്ടെത്താനായി. കൃഷിക്കാരിൽ ഒരാളായി അവരോടൊപ്പം പാടത്തും പറമ്പിലും ഇറങ്ങിയപ്പോൾ ഞാൻ എന്റെ വിഷമങ്ങളെല്ലാം മറന്നു. എന്നെക്കാൾ ദു:ഖം അനുഭവിക്കുന്ന വർ എനിക്ക് ചുറ്റിലുമുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.കൃഷി ചെയ്യുന്ന സ്ത്രീകളിൽ ബഹുഭൂരിപക്ഷത്തിനും അഷ്ടിക്ക് വക കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അപ്പോഴാണ് എനിക്കൊരു ആശയം തോന്നിയത്.കൃഷി ചെയ്യാൻ താല്പര്യമുള്ള സ്ത്രീകൾക്ക് ബഡിംഗ്, ലെയറിങ്ങ്, ഗ്രാഫിറ്റിംഗ് തുടങ്ങിയവ പഠിപ്പിച്ചു കൊടുക്കുക. അവരുണ്ടാക്കുന്ന ചെടികൾക്ക് മാർക്കറ്റുകൾ കണ്ടെത്തുകയും ചെയ്യുക.തുടക്കത്തിൽ മേലധികാരികളിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. സ്വന്തം ശമ്പളമുപയോഗിച്ചായിരുന്നു തുടക്കം. അവർ ഞാൻ വിചാരിച്ചതിനേക്കാൾ വേഗം കാര്യങ്ങൾ പഠിച്ചു .സ്വന്തം നഴ്സറികൾ തുറന്നു .

മറ്റ് നഴ്സറികളിലേക്കും ആളുകൾക്കും ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി അവർ ചെടികൾ അയക്കാൻ തുടങ്ങി .അവരുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ യഥാർത്ഥ്യങ്ങളാവാൻ തുടങ്ങി .ക്രമേണ അതൊരു വൻ വിജയമായി. പുരസ്കാരങ്ങളും ബഹുമതികളും എന്നെ തേടി വരാൻ തുടങ്ങി . നാട്ടുക്കാർ സ്നേഹത്തോടെ ചേച്ചിയെന്നും മാഡമെന്നും മാറി മാറി വിളിക്കാനും തുടങ്ങി.അവർ അവരുടെ സുഖദുഃഖങ്ങൾ പങ്കു വെക്കാൻ തുടങ്ങി.അവരിൽ പ്രതീക്ഷയുടെ ,സന്തോഷത്തിന്റെ മഴവില്ല് വിരിയുമ്പോൾ ഞാനെന്റെ ദു:ഖങ്ങളും ഏകാന്തതയും മറക്കുകയായിരുന്നു. പലരുടെയും ജീവിതത്തിൽ സന്തോഷമുണ്ടാവുന്നത് മഴവില്ല് പോലെ വല്ലപ്പോഴും മാത്രമാണ്. എന്നാലും അതാണ് അവരെ ദുഃഖസാഗരത്തിലും മുന്നോട്ട് തുഴയെറിയാൻ സഹായിക്കുന്നത്. അത്തരം മഴവില്ലുകൾക്ക് നിറം ചാലിക്കുക എന്നതായിക്കാം എന്റെ നിയോഗം.

എഴുതിയത് : സജി മാനന്തവാടി