അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് നൽകി പിന്നെന്തിനു നിങ്ങൾ അമ്മയെ നോക്കുന്നത് അത് വേറെ ചില കാര്യങ്ങൾക്ക് എന്ന് മകനായ ഭർത്താവിന്റെ മറുപിടി ശരിക്കും ഞെട്ടിച്ചു

EDITOR

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത്
പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്?നളിനിയുടെ ചോദ്യത്തിന് രമണൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു പോയി ഇരുത്തി.നേരത്തെ തിളപ്പിച്ചു വെച്ചിരുന്ന ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അരികിൽ വെച്ചു.അതിനു ശേഷം വസ്ത്രങ്ങൾ അഴിച്ചു മാറ്റി കുറേശ്ശേ ആയി വെള്ളം ശരീരത്തിൽ ഒഴിച്ചു.സോപ്പ് തേക്കുന്നതിനിടെ സാകൂതം നോക്കി നിന്ന നളിനിക്ക് അറപ്പും വെറുപ്പും തോന്നി.നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്?അവൾക്കു ചോദിക്കാതിരിക്കാൻ തോന്നിയില്ല.രമണൻ അപ്പോൾ ഓർക്കുകയായിരുന്നു കിണറ്റിൻ ചുവടിൽ നഗ്നനായി നിറുത്തി അമ്മ കുഞ്ഞായിരുന്ന തന്റെ തലയിൽ വെള്ളം കോരി ഒഴിക്കുമ്പോൾ വികൃതി കാട്ടി ഓടാൻ തുനിയുന്ന തന്നെ പിടിച്ചു നിറുത്തി സോപ്പ് തേക്കുന്നതും തല തൂവർത്തി തരുന്നതും.

അന്ന് അമ്മക്ക് ഇല്ലാതിരുന്ന നാണം ഇന്ന് തനിക്കു ആവശ്യമുണ്ടോ?താൻ രണ്ടോ മൂന്നോ വയസ്സ് വരെ ചപ്പി വലിച്ചിരുന്ന മുലകൾ ആണ് ഇത്.അന്ന് ഇതിന് വേണ്ടി താൻ വാശി പിടിച്ചിരുന്നു.ഇന്ന് ഇതിനെ വെറുപ്പോടെ വീഷിക്കേണ്ടതുണ്ടോ?താൻ ജന്മം കൊണ്ട വയറും താൻ പിറവി കൊണ്ട ജനനേന്ദ്രിയവും കാണുമ്പോൾ തനിക്കു അറപ്പു തോന്നേണ്ടതുണ്ടോ?ശരീരത്തിൽ നിന്ന് സോപ്പ് നല്ല വണ്ണം കഴുകി തൂവർത്തി നനവ് തുടച്ചു.അതിനു ശേഷം ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിച്ചു മുറിയിലേക്ക് നടത്തി.
പാത്രത്തിൽ കഞ്ഞിയെടുത്തു സ്പൂൺ കൊണ്ട് കോരി വായിൽ ഒഴിച്ചു കൊടുത്തപ്പോൾ എനിക്ക് വേണ്ട വിശപ്പില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കി.
അമ്മ അമ്പിളി മാമനെ കാണിച്ചു തരാം എന്ന് പറഞ്ഞു തന്നെ ചോറ് കഴുപ്പിക്കുന്ന രംഗം മനസ്സിൽ ഓടിയെത്തി.എനിക്ക് ജോലിക്ക് പോകാൻ ഉള്ളതാ!അമ്മ കഴിക്കാതെ ഞാൻ ജോലിക്ക് പോയാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല.അതുകൊണ്ട് കുറച്ചു കഴിക്ക്?അമ്മയെ നിർബന്ധിച്ചു കഴിപ്പിച്ചു പാത്രം കഴുകി തിടുക്കത്തിൽ കുളിമുറിയിലേക്ക് ഓടി.

പ്രാതൽ കഴിക്കാൻ ഇരുന്നപ്പോൾ നളിനിയും അരികിൽ വന്നു ഇരുന്നു.നിങ്ങൾ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്.അമ്മ ഒരാളുടേത് മാത്രം അല്ലല്ലോ?അമ്മയെ ഒരുപാട് നാളായില്ലേ ഇങ്ങോട്ട് കൊണ്ടു വന്നിട്ട്.ഇനി കുറച്ചു നാൾ മറ്റുള്ളവരുടെ വീട്ടിൽ കൊണ്ടു പോയി നിറുത്ത്.എന്താണ് നിന്റെ ശരിയായ പ്രശ്നം?രമണൻ മൗനം വെടിഞ്ഞു.അമ്മ ഇവിടെ നിൽക്കുന്നത് കൊണ്ട് നിനക്ക് എന്താണ് ബുദ്ധിമുട്ട്?
അമ്മയുടെ ഒരു കാര്യങ്ങളും നിന്നോട് ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടോ?
നിങ്ങൾ രാത്രി പോലും ഉറക്കം ഇല്ലാതെ അമ്മയെ പരിപാലിക്കുന്നത് കാണുമ്പോൾ എനിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട്.ഭർത്താവിന്റെ സാമീപ്യം എനിക്ക് നഷ്ടമാകുന്നു.നിന്റെ ആവശ്യങ്ങൾ എല്ലാം ഞാൻ നിറവേറ്റി തരുന്നുണ്ട്.നിന്നെയും മക്കളെയും പോലെ പ്രിയപ്പെട്ടതാണ് എനിക്ക് എന്റെ അമ്മയും.ആർക്കും വേണ്ടി ആരെയും ഉപേക്ഷിക്കാൻ എനിക്കാകില്ല.നല്ലൊരു മകന് മാത്രമേ നല്ലൊരു ഭർത്താവും അച്ഛനും ആകാൻ സാധിക്കൂ.നീ നമ്മുടെ മക്കൾക്ക് വേണ്ടി എത്രയും ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടോ അതുപോലെ തന്നെ ഒരിക്കൽ ഈ അമ്മയും എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്.നീ എന്തൊക്കെയോ നിന്റെ മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ അതെല്ലാം അമ്മയും ഞങ്ങളിൽ നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകും.
ഇന്ന് അമ്മക്ക് ദേഷ്യവും വാശിയും എല്ലാം ഉണ്ടാകാം.

അതുപോലെ ദേഷ്യവും വാശിയും ഒരുപാട് ഞാനും കുട്ടിക്കാലത്തു കാണിച്ചിട്ടുണ്ടാകും.അന്നൊന്നും അമ്മ എന്നോട് വെറുപ്പോ ദേഷ്യമോ കാണിച്ചിട്ടില്ല.
എന്നെ ഉപേക്ഷിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല.അപ്പോൾ പിന്നെ പ്രായത്തിന്റെ പ്രശ്നം കൊണ്ടു അമ്മ ദേഷ്യം കാണിക്കുമ്പോൾ നമ്മളും അതു മനസ്സിലാക്കണം.
പിന്നെ അമ്മയുടെ ഓഹരി ആർക്ക് നൽകി എന്നത് നമ്മൾ ചിന്തിക്കേണ്ട.ഒന്നും പ്രതീക്ഷിച്ചു കൊണ്ടാകരുത് മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത്.എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചു കൊണ്ടു മാത്രമല്ല അവർ നമ്മളെ വളർത്തിയത്.എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല.കാപ്പി കുടി കഴിഞ്ഞു രമണൻ അമ്മക്ക് ആവശ്യമുള്ള ബിസ്കറ്റും ചൂട് വെള്ളവും അമ്മയുടെ അരികിൽ വെച്ചു യാത്ര പറഞ്ഞു ഇറങ്ങി.

എഴുതിയത് : ശിവദാസൻ വടമ