ഓമന വർഗീസിന്റെ വീടിനു മുകളിൽ പറന്നു കേടുപാടുകൾ ഉണ്ടാക്കി എന്ന പറയുന്ന വിമാനം കണ്ടെത്താൻ ശ്രമിച്ച രീതി ഇങ്ങനെ..ഇ ഭീമൻ വിമാനങ്ങൾ

EDITOR

ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തുള്ള ഒരു വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയ വാർത്ത, പത്രങ്ങളുടെ എറണാകുളം എഡീഷൻ പ്രാദേശിക പേജിൽ നിന്നും ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും കുറേപ്പേരെങ്കിലും വായിച്ചിരിക്കും.നെടുമ്പാശേരി അത്താണി ശാന്തിനഗർ വയലിപ്പറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ ഓടിട്ട ഇരുനിലവീടിന്റെ ഓടുകളിൽ ചിലത്, ചൊവ്വാഴ്ച രാവിലെ വിമാനം താഴ്ന്നു പറന്നപ്പോഴുണ്ടായ കാറ്റിൽ പാറിപ്പോയി എന്നും സംഭവത്തിൽ പ്രതിയായ വിമാനം ഏതെന്ന് കൃത്യമായി അറിയില്ലെങ്കിലും ഓമന വർഗീസ് വിമാനത്താവളത്തിൽ പരാതി കൊടുത്തിട്ടുണ്ട് എന്നുമാണ് വാർത്തകളുടെ ചുരുക്കം.വിമാനം ചൊവ്വാഴ് കാലത്ത് എന്തിനാണ് താ്‌ഴ്ന്നു പറന്നത്?ഇനി, വിമാനം താഴ്ന്നു പറന്നാൽ കാറ്റടിക്കുമോ?വിമാനം പറന്നുതന്നെയാണ് ഓടു പറന്നതെങ്കിൽ, ഏതാണ് ആ വിമാനം?ഓമന വർഗീസിന് നഷ്ടപരിഹാരം കിട്ടാൻ വല്ല സാധ്യതയുമുണ് ഉണ്ടെങിൽ ആരാണ് അതു കൊടുക്കേണ്ടിയത്?വാർത്ത വായിക്കുന്ന ഏതൊരാൾക്കും ഉണ്ടാകാവുന്ന ഈ സംശയങ്ങൾക്കുള്ള ഉത്തരം തേടിയുള്ള അന്വേഷണത്തിന്റെ ചുരുക്കം ചുവടെ-പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ തൊട്ടുപിന്നിലെ അന്തരീക്ഷവായു മർദ്ദവ്യതിയാനത്തിൽ ഇളകിമറിയുന്ന വേക്ക് ടർബുലൻസിന്റെ ഒരു അംശം താഴെ ഭൂമിയിലേക്ക് ഇറങ്ങിച്ചെന്ന് കുഴപ്പമുണ്ടാക്കുന്ന, അപൂർവമെങ്കിലും ലോകത്ത് പലയിടത്തും പലപ്പോഴും ഉണ്ടാകാറുള്ള പ്രശ്‌നമാണ് ഇതെന്നത് ഒന്നാമത്തെ കാര്യം.

ചിറകുകൾക്ക് മുകളിൽ കുറഞ്ഞ മർദ്ദവും അടിഭാഗത്ത് ഉയർന്ന മർദ്ദവും രൂപം കൊള്ളുന്നതിനാൽ മാത്രം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വാഹനമാണ് വിമാനം. വിമാനം അതിവേഗം മുന്നോട്ടു കുതിക്കുമ്പോൾ, ഈ ചിറകിനടിയിലും മുകളിലുമുള്ള ഈ വിരുദ്ധമർദ്ദവായു ചിറകിൻ തുമ്പത്തു നിന്ന് ഏകദേശം ഒരേസമയം തെന്നിപിന്നിലേക്കു മാറി ഇടകലരുമ്പോഴുണ്ടാകുന്ന വൊർട്ടെക്‌സ് എന്ന ചുഴികൾ വിമാനത്തിന്റെ പിന്നിൽ കുറേദുരത്തേക്ക് സജീവമായിരിക്കും (ഈ ചുഴികൾക്കുള്ളിലെ താഴ്ന്നമർദ്ദ മേഖലയിൽ അന്തരീക്ഷത്തിലെ ഈർപ്പം ഘനീഭവിക്കുന്നതാണ് പലപ്പോഴും നമ്മൾ ആകാശത്തു കാണുന്ന ജെറ്റുവിമാനത്തിന്റെ ഇരട്ട വെള്ളവരകൾ). വിമാനം പറന്നകന്ന് കുറേനേരത്തേക്ക് ഈ ചുഴികൾ ഇരട്ടവാലുപോലെ അന്തരീക്ഷത്തിലുണ്ടാകും. അതിവേഗം എതിർദിശകളിൽ കറങ്ങിത്തിരിയുന്ന വായുചുഴികൾ പതിയെ താഴേക്കിറങ്ങുകയും ചെയ്യും. നല്ല ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നാകുമ്പോൾ ഈ ചുഴികൾ കുറേ താഴെയെത്തുമ്പോൾ തന്നെ കാറ്റിൽ ഉലഞ്ഞും അലിഞ്ഞും ഇല്ലാതെയാകുമെങ്കിലും വിമാനം താഴന്നു പറക്കുമ്പോൾ അത് താഴെ ഭൂമിയിലെത്താം. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ പിടിച്ചുവലിക്കാം.

എന്നാൽ ഈ സംഭവം എന്നുമുണ്ടാകാത്തതെന്താണ് എന്നതാണ് ആദ്യമുണ്ടാകാവുന്ന സംശയം. പല ഘടകങ്ങളും ഒത്തുചേർന്നാലാണ് ഇതു സംഭവിക്കുക എന്നതാണ് കാരണം.നല്ല വലിപ്പമുള്ള വിമാനമായിരിക്കണം പറക്കേണ്ടിയത് എന്നത് ഒന്നാമത്തെ കാര്യം. ബോയിങ് 737, എയർബസ് എ320 തുടങ്ങിയ മിഡിയം വലിപ്പമുള്ള വിമാനങ്ങൾക്കു പോലും അന്തരീക്ഷത്തെ ഇത്ര ശക്തമായി ഇളക്കി മറിക്കുന്ന ചുഴികളുണ്ടാക്കാൻ ആവില്ല.വിമാനം താഴ്ന്നു പറക്കുകയാവണമെന്നതും വീട് ആ പറക്കൽപ്പാതയുടെ ചുവട്ടിലായിരിക്കണമെന്നതും രണ്ടാമത്തെയും മൂന്നാമത്തെയും വ്യവസ്ഥകൾ.ചുഴിയെ അടിച്ചു പറത്തിക്കൊണ്ടു പോകാൻ ആ നേരം ആ സ്ഥലത്ത് കാര്യമായ കാറ്റൊന്നും ഉണ്ടാവുകയും അരുത് എന്നത് നാലാമത്തെ കാര്യം.ചൊവ്വാഴ് കാലത്ത് ഇക്കാര്യങ്ങളെല്ലാം ഒത്തു വന്നിരുന്നോ എന്നറിയാൻ ആദ്യം അറിയേണ്ടിയത് രാവിലെ ഓമന വർഗീസിന്റെ വീടിനു മീതേ പറന്നവയിൽ വമ്പൻ വിമാനങ്ങളുണ്ടായിരുന്നോ എന്നതാണ്.അത്താണി ശാന്തിനഗറിനു മീതെയാണ് റൺവേ 09 ലേക്ക് ലാൻഡു ചെയ്യാനെത്തുന്ന സകലമാന വിമാനങ്ങളും പറന്നെത്തുന്നതെന്നതും ഈ ശാന്തിനഗറിലേക്ക് റൺവേയിൽ നിന്ന് നാലുകിലോമീറ്ററോളെ ദൂരമേയുള്ളുവെന്നതും വിമാനട്രാക്കിങ് സൈറ്റുകളും ഗൂഗിൾ മാപ്പും ചേർന്നു പറഞ്ഞു തന്നു.ഇനി അറിയേണ്ടിയിരുന്നത് ചൊവ്വാഴ് കാലത്ത് ശാന്തിനഗറിനു മീതേ പറന്നവയിൽ വമ്പൻ വിമാനങ്ങളുണ്ടായിരുന്നോ എന്നതാണ്. വമ്പനെന്നു പറഞ്ഞാൽ ബോയിങ് 747, ബോയിങ് 777, ബോയിങ് 787, എയർബസ് എ380, എയർബസ് എ330, എയർബസ് എ350 തുടങ്ങിയ ഹെവി വിമാനങ്ങൾ.

ജനുവരി 24 കാലത്ത് ആറുമുതൽ ഉച്ചയക്ക് പന്ത്രണ്ടുവരെ നെടുമ്പാശേരിയിൽ റൺവേ 09 ലേക്ക് ലാൻഡു ചെയ്തവയും റൺവേ 27 ൽ ടേക്കോഫ് ചെയ്തവയുമായ എല്ലാ വിമാനങ്ങളുടെയും പറക്കൽ ഫ്‌ലൈറ്റ്‌റഡാർ24 ൽ റീ പ്ലേ ചെയ്തു നോക്കിയത് അങ്ങിനെയാണ്.നോക്കിയത് വെറുതേയായില്ല.നാലെണ്ണത്തെ കിട്ടി.1. ദുബായിൽ നിന്ന് പറന്നെത്തി രാവിലെ 7.57 ന് കൊച്ചയിലിറങ്ങിയ എമിരേറ്റ്‌സ് ഫ്‌െൈലെറ്റ് നമ്പർ ഇകെ530, ബോയിങ് 777.2. എയർ ഇന്ത്യയുടെ ദില്ലി-കൊച്ചി എഐ833, ബോയിങ് 787 ഡ്രീംലൈനർ. രാവിലെ 8.01 ന് ലാൻഡു ചെയ്തു.3. ശ്രീലങ്കയിൽ നിന്നു വന്ന ശ്രീലങ്കൻ എയർലൈൻസിന്റെ ഫ്‌ലൈറ്റ് നമ്പർ യുഎൽ 165 എയർബസ് എ330 വിമാനം. ലാൻഡു ചെയ്തത് രാവില 8.50 ന് റൺവേയിൽ നിലം തൊട്ടു.4. സൗദി എയർലൈൻസിന്റെ ജിദ്ദ-കൊച്ചി എസ്‌വിഎ 787, എയർബസ് എ330. ലാൻഡു ചെയ്തത് രാവിലെ 9.32 ന് ഇതിലേതു വിമാനമായിരിക്കും ഓമന വർഗീസിൻെ വീടിന്റെ ഓടുപറത്തി പറന്നിറങ്ങിയത്?വാർത്തകളിലെല്ലാം പറയുന്നതു പോലെ താഴന്നു പറന്നിരുന്നോ ഇതിലേതെങ്കിലും വിമാനം.?

ഫ്‌ലൈറ്റ്‌റഡാർ24 ൽ ഈ നാലു വിമാനങ്ങളുടെ അന്നത്തെ പറക്കൽപ്പാതയിലെ വേഗവും ഉയരവും സമയവുമെല്ലാം നോക്കിയതു പക്ഷേ ആശയക്കുഴപ്പം കൂട്ടിയതേയുള്ളു.ശാന്തിനഗർ പിന്നിട്ട് റൺവേയിലേക്ക് പറക്കുന്ന നിമിഷം നാലു വിമാനങ്ങളുടെയും ഉയരം ഏകദേശം ഒന്നു തന്നെയായിരുന്നു- 550 അടി. വേഗവും ഏറെക്കുറെ ഒന്നു തന്നെ- മണിക്കൂറിൽ 250 കിലോമീറ്റർ.ഇനി നോക്കാനുള്ളത് വിമാനങ്ങളുടെ വലിപ്പമാണ്.തമ്മിൽ വലിയ, എമിരേറ്റ്‌സിന്റെ ബോയിങ് 777 ആയിരിക്കുമോ, ഇനി പ്രതി ഈ വിമാനങ്ങൾ വന്ന നേരത്തെ കാറ്റിന്റെ ശക്തിയും ദിശയും നോക്കുകയാണ് പ്രതിയെപ്പറ്റി കൂടുതൽ കൃത്യമായ ഊഹം കിട്ടാനുള്ള മാർഗം. വിമാനങ്ങളുണ്ടാക്കുന്ന മേൽപ്പറഞ്ഞ ചുഴി നല്ല കാറ്റിൽ പെട്ടെന്ന് അലിഞ്ഞില്ലാതാകും. താഴേക്കിറങ്ങി കുഴപ്പമൊന്നും ഉണ്ടാക്കില്ല.ലോകമെങ്ങുമുള്ള വിമാനത്താവളങ്ങളിൽ പോയദിനങ്ങളിലുണ്ടായിരുന്ന കാലാവസ്ഥ പറഞ്ഞു തരുന്ന സൈറ്റുകളിൽ പോയി നോക്കി.കിട്ടിയ ഉത്തരങ്ങൾ പക്ഷേ ഒട്ടും സഹായകരമായിരുന്നില്ല.നാലു വിമാനങ്ങൾ ഇറങ്ങിയ സമയങ്ങളിലെല്ലാം നെടുമ്പാശേരിയിൽ വീശിയിരുന്ന കാറ്റിന്റെ വേഗം മണിക്കൂറിൽ 3.7 കിലോമീറ്ററായിരുന്നു.

ദിശയും ഒന്നു തന്നെ- ഏകദേശം, വടക്കു നിന്ന് തെക്കോട്ടേക്ക്. വിമാനമുണ്ടാക്കുന്ന വൊർട്ടെക്‌സിനെ അലിയിച്ചു കളയാൻ ഈ ദിശയിലുള്ള 3.7 കിലോമിറ്റർ (2 നോട്ട്‌സ്) കാറ്റിന് കഴിയില്ല. ഈ നാലു വിമാനങ്ങള്ക്കും കുഴപ്പമുണ്ടാക്കാമായിരുന്നു എന്നർത്ഥം.വിമാനമേതെന്നറിയാൻ ഇനി സഹായിക്കാൻ കഴിയുന്നത് ഓമന വർഗീസിനു തന്നെയാണ്- എത്ര മണിക്കാണ് ഓടുപറന്നു പോയതെന്ന കാര്യം അവർ കൃത്യമായി ഓർക്കുന്നുണ്ടെങ്കിൽ.ഇനി, ഇങ്ങിനെ വിമാനം കൃത്യമായ മനസിലാക്കിയാൽ എന്താണ് പ്രയോജനം?വിമാനത്താവളത്തിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കുമോ?കൊടുക്കണം എന്നാണ് ലോകമെങ്ങമുള്ള ചട്ടം.ഇംഗ്ലണ്ടിലെ ബർമിങ്ഹാം, മാഞ്ചെസ്റ്റർ വിമാനത്താവളങ്ങൾക്കടുത്തുള്ള, ഓടുപതിച്ച മേൽക്കൂരയുള്ള വീടുകൾക്ക് ഇടയ്ക്കിടെ പറ്റാറുള്ള കാര്യമാണിത് (താഴെക്കൊടുത്തിട്ടുള്ള പടം നോക്കുക). ഇങ്ങിനെ വീടിനു കേടുപാടുണ്ടാകുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ ഈ വിമാനത്താവളങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങളുമുണ്ട്.