യൂട്യൂബിൽ നൊസ്റ്റാൾജിക് സോങ് തപ്പി പോയപ്പോ കണ്ടത് നിങ്ങൾക്കു ഈ ലക്ഷണമുണ്ടെങ്കിൽ ശ്രദ്ധിക്കുക ക്യാൻസർ ആയിരിക്കും ആ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് പേടിച്ചു ശേഷം

EDITOR

യൂട്യൂബിൽ നൊസ്റ്റാൾജിക് സോങ് തപ്പി പോകുമ്പോൾ ആണ് ആ വീഡിയോ ടൈറ്റിൽ അറിയാതെ കണ്ണിൽ പെട്ടത്.നിങ്ങൾക്കു ഈ ലക്ഷണമുണ്ടെങ്കിൽ ശ്രദ്ധിക്കുക ചിലപ്പോൾ ക്യാ- ൻസർ ആകാം.ആമാശയത്തിൽ തീ കാണിച്ചു കൊണ്ട് ഒരു ഇമേജ് ഉണ്ട് കൂട്ടത്തിൽ.ഞാൻ ചുമ്മാ ഒന്ന് കേറി ക്ലിക്ക് ചെയ്തു ആദ്യ കുറച്ച് നേരം ഷെയർ ചെയ്യാനും ലൈക്‌ ചെയ്യാനും സസ്ക്രൈബ് ചെയ്യാനും ഒക്കെ പറഞ്ഞു പോയി. ക്ഷമ യോടെ ഞാൻ നോക്കി നിന്നു.ഒടുവിൽ ക്യാ- ൻസറിന്റെ ലക്ഷണം പറയാൻ തുടങ്ങി. വയർ എരിച്ചിൽ, ദഹനം ഇല്ലായ്മ, ഷർദിക്കുക, ഗ്യാസ്, ഭക്ഷണം കഴിച്ചാൽ വയറു വീർക്കുക. അങ്ങനെ തുടങ്ങി എല്ലാം.മൊത്തത്തിൽ ഞാൻ അവലോകനം ചെയ്തപ്പോൾ ഇതെല്ലാം എനിക്കുണ്ട്. ഇനി നേരത്തെ അറിയാതെ പോയത് കൊണ്ട് നേരത്തെ മരിക്കേണ്ടി വരുമോ.നാട്ടിൽ എന്നെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ആളുകളുടെ മുഖങ്ങൾ മനസിലൂടെ ഒരു തീ പോലെ മിന്നി മറഞ്ഞു.
എന്നാൽ ഒരു ചെക്ക്അപ്പ്‌ ഒക്കെ നടത്താം വച്ചു നീട്ടേണ്ട എന്ന് കരുതി രാത്രി തന്നെ മാനേജർക്കു മെസേജ് ഇട്ടു. സർ ഞാൻ നാളെ വരില്ല ഹോസ്പിറ്റൽ പോകണം വയറു വേദന ആണ്.രണ്ടു സാഡ് ഇമോജി ഒക്കെ ഇട്ടു ഒന്ന് ഉഷാറാക്കി. ഉടൻ റിപ്ലൈ വന്നു. ടേക് കെയർ എന്നൊക്കെ പറഞ്ഞു ആളുടെ വക ഒരു എക്സ്ട്രാ കെയർ.

രാവിലെ തന്നെ ഖത്തറിലെ ഒരു അറിയപ്പെടുന്ന ഹോസ്പിറ്റലിൽ പോയി. ഒരു ഡോക്ടറിനെ കണ്ടു. കാര്യങ്ങൾ എല്ലാം പറഞ്ഞു. ബെഡിൽ കിടത്തി വയർ എല്ലാം പിടിച്ചു ഞെക്കി നോക്കി. കാല് രണ്ടും മടക്കി വെച്ചു വയർ വീണ്ടും ഞെക്കി.
കുറച്ച് പരിശോധനക്ക് ശേഷം കുഴപ്പം ഒന്നും കാണുന്നില്ല തത്കാലം മെഡിസിൻ തരാം കുറഞ്ഞില്ലെങ്കിൽ ഒരു സ്കാൻ ചെയ്തു നോക്കാം എന്ന് പറഞ്ഞു മെഡിസിൻ എഴുതാൻ തുടങ്ങി.എന്നിലെ ഗൂഗിൾ മനോരോഗി ഉണർന്നു സർ ഇത് കാൻസർ ആകാൻ സാധ്യത ഉണ്ടോ?ആൾ എന്നെ സൂക്ഷിച്ചു നോക്കി അങ്ങനെ ലക്ഷണം ഒന്നും ഇല്ലാ നിങ്ങൾ ധൈര്യമായിരിക്കു നമുക്കു നോക്കാം.ഡോക്ടർ കുറേ ആയി തുടങ്ങിയിട്ട് എനിക്ക് വല്ലാത്ത ടെൻഷൻ ആണ് നമുക്കു ബ്ലഡ്‌ എല്ലാം ഒന്നു ചെക്ക് ചെയ്തു നോക്കിയാലോ.എന്റെ ആധി കണ്ട അദ്ദേഹം ഫുൾ ബ്ലഡ്‌ കൗണ്ട് ചെക്ക് ചെയ്യാൻ എഴുതി .ശീട് വാങ്ങി ഞാൻ ചോദിച്ചു ഡോക്ടർ ഇത് എന്ത് ടെസ്റ്റാണ്? ബ്ലഡ്‌ കൗണ്ട് ചെക്ക് ചെയ്യാൻ ആണ് എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ നമുക്ക് അറിയാലോ നിങ്ങൾ ചെക്ക് ചെയ്തു വരൂ.ഞാൻ ഡോക്ടറിനെ ദയനീയമായി നോക്കി സർ ഈ ടെസ്റ്റ്‌ പോരാ. എനിക്ക് കിഡ്‌നി, ലിവർ, കൊളസ്ട്രോൾ,യൂറിയ, തൈറോയ്ഡ്,ഷുഗർ ഇത് എല്ലാം ചെക്ക് ചെയ്യണംഡോക്ടർ എന്നെ നോക്കി ചിരിച്ചു പേടിക്കേണ്ട ഇപ്പോൾ ഓഫർ ഉണ്ട് ഇതെല്ലാം ചെയ്യാൻ ഒൺലി 59റിയാൽ. തന്ന ശീട് തിരിച്ചു വാങ്ങി പിന്നയും എന്തോ അതിൽ കുറിച്ച് തിരികെ തന്നു.

ബിൽ അടച്ചു ലാബ് ലക്ഷ്യമാക്കി നടന്നു ബ്ലഡ്‌ എടുക്കാൻ നേരം നഴ്‌സ്‌ ചോദിച്ചു രാവിലെ വല്ലതും കഴിച്ചാരുന്നോ എന്ന്.വേണ്ട ചേച്ചി ഞാൻ പോയിട്ടു കഴിച്ചോളാം കമ്പനി മെസ്സ് ഉണ്ട്. എന്റെ മറുപടി ആത് മാർത്ഥമായിട്ടു ആയിരുന്നെങ്കിലും ചേച്ചിക്ക് അത് ഇഷ്ടപ്പെട്ടില്ല എന്ന് സൂചി കേറ്റിയപ്പോൾ മനസിലായി .റിസൾട്ട്‌ കിട്ടാൻ മൂന്ന് മണിക്കൂർ ആകും പോലും. പുറത്തു പോയി ചായ കുടിച്ച് ഒന്നു കറങ്ങി വന്നപ്പോൾ റിസൾട്ട്‌ റെഡി.വിറക്കുന്ന കൈകളോടെ ഞാൻ അത് വാങ്ങി ഒരു ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു യൂട്യൂബിൽ ടൈപ്പു ചെയ്തു നോക്കി. ബ്ലഡ്‌ ടെസ്റ്റ്‌ റിസൾട്ട്‌ എങ്ങനെ ചെക്ക് ചെയ്യാം . ഉടനെ കുറേ വീഡിയോ വന്നു ഹെഡ് സെറ്റ് കുത്തി എല്ലാം കേട്ടു.കിട്ടിയ ഓരോ റിസൾട്ടും അതിനു നേരെ കൊടുത്തിരിക്കുന്ന റേഞ്ചി നുള്ളിൽ ആണോ എന്ന് നോക്കി.ചില സംഭവം കൂടുതൽ ആണ് കൊളസ്ട്രോൾ കൂടുതൽ ആണ് ഷുഗർ കുറച്ച് കുറവുണ്ട്. ബാക്കി എല്ലാം ഓക്കെ.
ഡോക്ടറിനെ കാണാൻ വെയിറ്റ് ചെയ്ത നേരം ഞാൻ വീണ്ടും യൂട്യൂബിൽ അടിച്ചു നോക്കി .കൊളസ്ട്രോൾ കൂടിയാൽ എന്ന് അടിച്ച ഉടൻ വന്നു കുറേ വീഡിയോ. കൊളസ്ട്രോൾ കുറച്ചില്ലെങ്കിൽ ഉടൻ ബ്ലോക്ക്‌,അറ്റാക്ക്,മരണം.വീഡിയോ നിർത്തി കണ്ണടച്ച് പ്രാർത്ഥിച്ചുഅവിടെ ഇരുന്നു.

സിസ്റ്റർ വന്നു റിസൾട്ട്‌ വാങ്ങി പോയി. കുറച്ച് നേരം കഴിഞ്ഞു റിസൾട്ട്‌ തിരിച്ചു തന്നു. കുഴപ്പമില്ല പൊയ്ക്കോളൂ മെഡിസിൻ വാങ്ങി കഴിക്കു വയറിന്റെ പ്രശ്നം മാറിക്കോളും.തിരിച്ചു നടന്ന അവരെ ബ്ലോക്ക്‌ ചെയ്തു നിർത്തി ഇതിൽ കൊളസ്ട്രോൾ കൂടുതൽ ആണ് ഷുഗർ കുറവാണു ഇത് പ്രശ്നം അല്ലേ.ഇത് സാരമില്ല ഓയിൽ ഫുഡ്‌ ഒഴിവാക്കു. കുറച്ച് നടക്കാൻ എല്ലാം പോകു അത് കുറഞ്ഞോളും. അപ്പോൾ ഷുഗർ? അത് ഒരു കുറവല്ല ചായ കുടിച്ചാൽ കൂടാവുന്നതെ ഉള്ളു അവർ അതും പറഞ്ഞു പോയി.മെഡിസിൻ വാങ്ങി ഞാൻ റൂമിൽ പോയി ആകെ തകർന്ന് തരിപ്പണമായി ഞാൻ നാട്ടിലുള്ള എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ വിളിച്ചു .വയനാട് മുത്തങ്ങയിൽ താമസിക്കുന്ന അവൻ മുത്തങ്ങ സിറ്റി മാത്രം കണ്ടിട്ടുള്ളു എങ്കിലും ഭയങ്കര വിവരം ആണ്.എന്റെ റിസൾട്ട്‌ ഞാൻ അവനു അയച്ചു കൊടുത്തു കുറച്ച് നേരം കഴിഞ്ഞു ഫോണിൽ വോയിസ്‌ വന്നു. എടാ അളിയാ പ്രശ്നം ആണ് കൊളസ്ട്രോൾ, ഷുഗർ രണ്ടും. നീ ഷുഗർ കുറച്ചു ദിവസം ചെക്ക് ചെയ്യൂ ഇപ്പോൾ അതിനു ഒരു സാധനം കിട്ടും ഗൂഗിൾ ചെയ്തു നോക്കിയാൽ മതി അതിന്റെ പേര് അറിയാം. പിന്നേ കൊളസ്ട്രോൾ കുറക്കാൻ നാരങ്ങ വെള്ളം നല്ലോം കുടിക്കൂ.

ചൂട് വെള്ളത്തിൽ ഒഴിച്ചു കുടിക്കണം അതിനു ശേഷം രണ്ടു ഈ ഇമോജിയും ഇട്ട് അവൻ പോയി.ഉടൻ ഞാൻ ഗൂഗിൾ സെർച്ച്‌ ചെയ്തു ഷുഗർ ചെക്കിങ് മെഷീൻ. കുറെ റിസൾട്ടും കുറേ ഓഫറും വന്നു. നമ്മുടെ സഫാരി മാളിൽ 99 റിയാലിന് ഇത് കിട്ടും. ഉടൻ ടാക്സി പിടിച്ചു പോയി വാങ്ങി കൊണ്ട് വന്നു.ഇനി ഇത് ഉപയോഗിക്കുന്നത് പഠിക്കണം ഞാൻ യൂട്യൂബ് ഓപ്പൺ ആക്കി എല്ലാം മനസിലാക്കി.രാവിലെയും രാത്രിയും എല്ലാം കുത്തി ബ്ലഡ്‌ എടുത്ത് ചെക്ക് ചെയ്തു നോക്കി. എല്ലാം ഒരു വിധം നോർമൽ റേഞ്ച് ആണ് കിട്ടുന്നത്.ഇപ്പോൾ വിരലിന്റെ അറ്റം എല്ലാം സൂചി കൊണ്ട് വേദന ആണ്. മതി ഇനി പിന്നെ നോക്കാം എന്ന് വിചാരിച്ചു അത് എല്ലാം കവറിൽ ആക്കി അലമാരയിൽ വച്ചു പൂട്ടി.ഇതിനിടയിൽ നാരങ്ങ വെള്ളം കുടി തകർത്തു പോയി കൊണ്ടിരുന്നു. അസിഡിറ്റി കൂടി വയറിനു തീരെ വയ്യാതായി . വീണ്ടും ഡോക്ടറെ കണ്ടു.യൂട്യൂബിൽ നോക്കി എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത് എന്ന് നോക്കി മനസിലാക്കി ആണ് ഞാൻ വീണ്ടും ഡോക്ടറിനെ കാണാൻ പോയത്.എന്റെ നിർബന്ധ പ്രകാരം അദ്ദേഹം എന്ടോസ്കോപ്പി ചെയ്യാൻ എഴുതി .

റിസൾട്ട്‌ വന്നു അസിഡിറ്റി കൂടിയ യതാണ് വേറെ പ്രശ്നം ഒന്നും ഇല്ല. നാരങ്ങ വെള്ളം കുടിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഡോക്ടർ അങ്ങനെ കുറച്ചു നാൾ കഴിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ ചുണ്ടിൽ എല്ലാം തൊലി പോകുന്നു വായിൽ എല്ലാം ഒരു വൈറ്റ് കളർ പോലെ. ഉടൻ ഞാൻ യൂട്യൂബ് എടുത്ത് അടിച്ചു നോക്കി വിറ്റാമിൻറ്റെ കുറവ് ആകാൻ സാധ്യത ഉണ്ടെന്നു ഒരു പഹയൻ പറയുന്നു.വീണ്ടും ഡോക്ടറെ കണ്ടു വിറ്റാമിൻ ബി ചെക്ക് ചെയ്തു നോക്കി അതിലും ഒരു കുഴപ്പമില്ല രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത് മാറി .മുത്തങ്ങയിൽ ഉള്ള കൂട്ടുകാരൻ ഇടക്കിടക്ക് ഞാൻ ഒരു മഹാ രോഗി ആണ് എന്ന് ഓർമിപ്പിക്കാൻ വേണ്ടി ഇടക്ക് ഓരോ വീഡിയോ ലിങ്ക് സെന്റ് ചെയ്തു തരും .ഒരു വെള്ളി ആഴ്ച നല്ല സുഖമായി ഉറങ്ങി എണീറ്റു നോക്കുമ്പോൾ ഒരു വീഡിയോ ലിങ്ക്. മൂത്രത്തിൽ പത കാണുന്നുണ്ടോ എങ്കിൽ സൂക്ഷിക്കുക . വീഡിയോ മുഴുവൻ കണ്ടു. പോയി യൂറിൻ പാസ്സ് ആക്കി സൂക്ഷ്മ നിരീക്ഷണം നടത്തി മൂത്രത്തിൽ പതയുണ്ട് . ഉടൻ യൂട്യൂബ് എടുത്ത് കാരണങ്ങൾ ടെസ്റ്റുകൾ ചികത്സ എല്ലാം മനസിലാക്കി.ഈവെനിംഗ് ഡോക്ടറെ കണ്ടു കിഡ്‌നി ഫഗ്ഷൻസ് ഒക്കെ ചെക്ക് ചെയ്തു എല്ലാം ഓക്കേ ആണ് ഒരു കുഴപ്പവുമില്ല.കുറച്ച് ദിവസം കഴിഞ്ഞു.

നാട്ടിൽ നിന്നു വന്ന ആരോ മെസ്സിൽ ബീറ്റ്റൂട്ട് അച്ചാർ കൊണ്ട് വച്ചിരിക്കുന്നു. ചോറിനു ലേശം എടുത്ത് കഴിച്ചു നല്ല രുചി കുറച്ച് കൂടുതൽ കഴിച്ചു മെസ്സിൽ സാധാരണ അച്ചാർ ഉണ്ടാകാറില്ല.രാവിലെ ടോയ്ലറ്റ് പോയി സ്റ്റൂൾ എല്ലാം ആകെ കറുപ്പ് നിറം ടെൻഷൻ കൂടി വേഗം യൂട്യൂബ് എടുത്ത് നോക്കി നോക്കുമ്പോൾ പ്രശ്നം ആണ്.ഉടൻ ടാക്സി ബുക്ക്‌ ചെയ്തു ഹോസ്പിറ്റലിൽ പോയി. സ്റ്റൂൾ ചെക്ക് ചെയ്തു എല്ലാം നോർമൽ ആണ്.റിസൾട്ട്‌ വാങ്ങി ലേറ്റ് ആയി ഓഫീസിൽ ചെന്നപ്പോൾ മാനേജർ ചോദിച്ചു ഇന്നു ഏതു ടെസ്റ്റ്‌ ആയിരുന്നു എന്ന് ഇത് എല്ലാം എഴുതി കഴിഞ്ഞപ്പോൾ രാത്രി ഒരുപാട് ലേറ്റ് ആയി. വേഗം ഉറങ്ങാം എന്ന് വിചാരിച്ചു ബ്രഷ് ചെയ്യാൻ ബാത്‌റൂമിൽ പോയി. ബ്രഷ് ചെയ്തു കണ്ണാടിയിൽ നോക്കുമ്പോൾ ഉണ്ട് കണ്ണിനു അടിയിൽ കുറച്ച് നീർക്കെട്ട്
യഹിയാഖാൻ വയനാട്