വിവാഹ ശേഷം ഓരോ തവണ മകളെ കാണുമ്പോളും അവൾ ക്ഷീണിച്ചു വരുന്നതായി തോന്നി അവളുടെ തുടുപ്പും സൗന്ദര്യവും ചിരിയും എല്ലാം കുറഞ്ഞു പോകപ്പോകെ എനിക്ക് മനസിലായത്

  0
  20471

  രാധമ്മയുടെ ഡയറിക്കുറിപ്പ്  ബിഎ സെക്കന്റ് ഇയറിനു പഠിക്കുമ്പോഴാ അച്ഛൻ അവളുടെ വിവാഹം ഉറപ്പിച്ചത്.അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി’ എന്ന് ഞാൻ പലതവണ പറഞ്ഞു.എനിക്കോ പഠിപ്പില്ല, മോൾ എങ്കിലും പഠിക്കട്ടെ എന്ന് കരുതി.പെൺബുദ്ധി പിൻബുദ്ധി” എന്നും പറഞ്ഞ് അവളുടെ അച്ഛൻ അപ്പോഴെന്നെ പുച്ഛിച്ചു.മോൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധം ആണത്രേ. വലിയ പ്രതാപമുള്ള തറവാട്, കൂട്ടുകുടുംബം, പയ്യൻ ആണെങ്കിൽ മുംബൈയിൽ ഉയർന്ന ഉദ്യോഗം.ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല, പറഞ്ഞിട്ട് കാര്യവുമില്ല. ആണിന്റെ തീരുമാനങ്ങൾക്കപ്പുറം ഞാനെന്ത് പറയാൻ?എന്റെ ദയനീയത കണ്ടു അച്ഛനോട് എതിർക്കാൻ ധൈര്യമില്ലാതെ പാവം എന്റെ അനുമോൾ എല്ലാം സമ്മതിച്ചു.കാണാൻ സുന്ദരനായിരുന്നു മരുമകൻ. ആരും കുറ്റം പറയില്ല.മോളുടെ ഭാഗ്യം എന്ന് പറഞ്ഞ് വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും അനുമോളെ അഭിനന്ദിച്ചു.മോളുടെ ഭാഗ്യത്തിലും അവളുടെ അച്ഛന്റെ ഉറച്ച തീരുമാനത്തിലും ആ നിമിഷം എനിക്ക് സന്തോഷവും അഭിമാനവും തോന്നി.

  വിവാഹം കഴിഞ്ഞ് പത്തു ദിവസം ആവും മുമ്പേ മരുമകൻ മുംബൈക്ക്തിരിച്ചുപോയി.പിന്നെ ഒരാഴ്ച കഴിഞ്ഞ് മകളെ കാണാൻ ഞങ്ങൾ മരുമകന്റെ വീട്ടിൽ ചെന്നു.എനിക്ക് ആണായും പെണ്ണായും അവൾ മാത്രല്ലേയുള്ളൂ. എന്റെ മോളെ കാണാതെ എനിക്ക് അധികനാൾ പറ്റോ?ഒരാഴ്ച കൊണ്ടു എന്റെ അനുമോൾ ഉത്തരവാദിത്തമുള്ള ഒരു മരുമകളായി കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് തോന്നി.
  വെറുമൊരു കളിക്കുട്ടിയായിരുന്ന എന്റെ മോൾ ഇപ്പോൾ ഉത്തമയായ ഒരു അടുക്കളക്കാരിയായതു കണ്ട് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.ഞങ്ങളോട് ചിരിച്ച് സംസാരിക്കുമ്പോഴും എന്റെ മകളുടെ കണ്ണുകളിൽ ഒരു നോവ് ഉറങ്ങി കിടപ്പുണ്ടോ എന്ന എന്റെ മുടിഞ്ഞ സംശയത്തെ ഞാൻ ശാസിച്ച് വിട്ടു.എന്റെ മോൾക്ക് സുഖല്ലേ?’ ഞാൻ അവളെ ചേർത്തു പിടിച്ച് ചോദിച്ചു.
  ‘എനിക്ക്‌ സുഖമാണമ്മേ’ എന്ന് പറഞ്ഞ് കണ്ണുകൾ താഴ്ത്തി അവൾ എന്റെ കവിളിൽ ചുംബിച്ചു.എന്റെ കവിളുകളെ ഈറനണിയിച്ചത് അവളുടെ കണ്ണീരല്ല എന്നും അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെയും അവളുടെ ചുണ്ടുകളുടെയും സ്നിഗ്ദതയാണ് അതെന്നും ഞാൻ ധരിച്ചു.

  മോളെ ഞാൻ വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോട്ടെ?’ മരുമകന്റെ അമ്മയോട് ഞാൻ ചോദിച്ചു.കട്ടിലിൽ കാലു നീട്ടിയിരുന്ന അവർ മോളെ നോക്കി ഒന്ന് ചിരിച്ചു. “ഈ മോളെ ഇനി എങ്ങോട്ട് കൊണ്ടുപോകാൻ? ഇവൾ ഞങ്ങളുടെ മോളല്ലേ.. ഇതല്ലേ അവളുടെ വീട്? അല്ലേ മോളേ?അവൾക്കിവിടെ ഒരു കുറവും ഇല്ല. അവളിവിടെ നിൽക്കട്ടെ. നിങ്ങൾക്ക് എപ്പോ വേണമെങ്കിലും ഇവിടെ വന്ന് മോളെ കാണാല്ലോ. ഇനി ഇത് നിങ്ങളുടെ കൂടെ വീടല്ലേ.ആ സ്നേഹത്തിനു മുൻപിൽ എന്റെ കണ്ണുകൾ നിറഞ്ഞു. മോളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.ചെറിയമ്മമാരും വല്യമ്മയും അമ്മായിയും എന്ന് വേണ്ട ആ വീട്ടിൽ എല്ലാവരും ചേർന്ന് പടിവരെ അനുഗമിച്ചു ഞങ്ങളെ യാത്രയാക്കി.എന്റെ മകളുടെ ഭാഗ്യവും അവൾക്ക് അവിടെ നിന്ന് കിട്ടുന്ന സ്നേഹവാത്സല്യങ്ങളും കണ്ടു ഞാൻ വീണ്ടും വീണ്ടും അഭിമാനം കൊണ്ടു.കണ്ടില്ലേടീ എന്റെ മോൾക്ക് അവിടെ എന്താ സുഖം..!! നിന്റെ പിൻബുദ്ധിയിൽ എന്റെ മോളെ പഠിപ്പിക്കാൻ വിട്ടിരുന്നെങ്കിൽ ഈ ഭാഗ്യം കിട്ടുമായിരുന്നോ? ഇത്ര നല്ലൊരു ബന്ധം കിട്ടുമായിരുന്നോ?അവളുടെ അച്ഛന്റെ പുച്ഛത്തിന് ആക്കം കൂടി.

  എനിക്കും എന്റെ പിൻബുദ്ധി ഓർത്ത് ഉള്ളിൽ ലജ്ജ തോന്നി.ആറുമാസക്കാലം എന്റെ മോളെ പിന്നെ അവർ ഞങ്ങളുടെ വീട്ടിലേക്ക് വിട്ടേയില്ല. ഞങ്ങൾ അവളെ കാണാൻ പോകുമ്പോൾ അവൾ പക്ഷേ പരാതി പറഞ്ഞില്ല, ഞങ്ങൾക്കൊപ്പം പോരണമെന്ന് ആവശ്യപ്പെട്ടില്ല.ഏറെ പക്വതയോടെ അവളുടെ വിധിയെ അവൾ സ്വീകരിച്ചു കഴിഞ്ഞിരുന്നു.ഓരോ തവണയും എന്റെ മോൾ ക്ഷീണിച്ചു വരുന്നതായി എനിക്ക് തോന്നി. അവളുടെ തുടുപ്പും സൗന്ദര്യവും ആ കണ്ണുകളിലെ ചിരിയും തിളക്കവും എല്ലാം കുറഞ്ഞു കുറഞ്ഞു വരുന്ന പോലെ.പോകപ്പോകെ എനിക്ക് മനസ്സിലായി ആ വലിയ തറവാട്ടിലെ, നിറഞ്ഞ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും വെച്ചു വിളമ്പുന്നത് എന്റെ മകൾ ഒറ്റക്കാണെന്ന്.ആ വീട് ഉപേക്ഷിച്ചിട്ടായാലും എന്റെ മോളെ ഒന്നിങ്ങോട്ട് കൊണ്ടുവരാൻ ഞാൻ അവളുടെ അച്ഛനോട് കെഞ്ചി. മോളെ ഇങ്ങനെ കാണാൻ വയ്യെന്ന് പറഞ്ഞു ഞാൻ കരഞ്ഞു.
  അദ്ദേഹം അൽപനേരം നിശബ്ദനായി. പിന്നെ പ്രതികരിച്ചു. “വിവാഹം കഴിച്ചു കൊടുത്ത വീട്ടിൽ പെണ്ണിന് കുറച്ചു പണിയെടുക്കേണ്ടി വരും.

  അവർ പുറംപണിക്കൊന്നും വിട്ടു നിന്റെ മോളെ കഷ്ടപ്പെടുത്തുന്നില്ലല്ലോ. വീടിനുള്ളിൽ ഉള്ള പണി ഒരു പെണ്ണിന് അത്ര വലിയ പണിയൊന്നുമല്ല. നിന്റെ മോളെ നീ അത് ശീലിപ്പിക്കാഞ്ഞിട്ടാ അവൾക്ക് ഇത്ര ക്ഷീണം അതെങ്ങനെയാ. പെൺബുദ്ധി പിൻബുദ്ധി ആണല്ലോ.രണ്ടു ദിവസം കഴിഞ്ഞ് മരുമകന്റെ ഫോൺ വന്നു, ‘അടുത്ത ദിവസം അവൻ വരുന്നുണ്ടെന്നും തിരിച്ചു പോവുമ്പോൾ മോളെയും കൂടെ കൂട്ടുമെന്നും’ഞാൻ ഒരുപാട് സന്തോഷിച്ചു. എന്റെ പ്രാർത്ഥന കേട്ട ദൈവങ്ങൾക്ക് എല്ലാം ഞാൻ ഓടിനടന്ന് വഴിപാടുകൾ നടത്തി.അവളുടെ അച്ഛൻ പറഞ്ഞു, “കണ്ടില്ലേടീ, എന്റെ മോൾ ബോംബെക്കാരിയാൻ പോവാ.. നീ പറഞ്ഞ പോലെ ഞാൻ ചെയ്തിരുന്നെങ്കിലോ? ഇപ്പൊ എന്തായേനെ? നിന്റെ ബുദ്ധി പെൺബുദ്ധി പിൻബുദ്ധിയാടി.ഇത്തവണ അതു കേട്ട് ഞാനും ഉറക്കെ ചിരിച്ചു.മരുമകൻ വന്നു, ആറു മാസങ്ങൾക്കു ശേഷം മരുമകനോടൊപ്പം മകൾ അന്ന് ഞങ്ങളുടെ വീട്ടിലെത്തി.ഒരുപാട് നേരം എന്റെ മകൾ എന്റെ മടിയിൽ തല ചായ്ച്ചു തളർന്നു കിടന്നു. ഞാൻ അവളുടെ നെറുകയിൽ തലോടി.

  അവൾക്ക് ഇഷ്ടപ്പെട്ടത് എല്ലാം ഉണ്ടാക്കി നിറയെ കഴിപ്പിച്ചു.ഞങ്ങൾ മോളെ എയർപോർട്ട് വരെ കൂടെ പോയി യാത്രയാക്കി.എന്റെ മോൾ മുംബൈയിൽ എത്തി എന്നെ വിളിച്ചു. അന്ന് അവൾ ഏറെ സന്തോഷവതിയായിരുന്നു.ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം വൈകീട്ട് ഞാനും അവളുടെ അച്ഛനും ടിവിയിൽ വാർത്ത കാണാൻ ഇരിക്കുകയായിരുന്നു.ടീവിയിൽ മോളുടെ പടം കണ്ട് ഞാൻ ഞെട്ടി. കൂടെ ഒരു വാർത്തയും,ഫ്ലാഷ് ന്യൂസ്: മുംബൈയിലെ ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മലയാളി വീട്ടമ്മ മ– രിച്ചു. ഭർത്താവ് ഒളിവിൽ.ഞാൻ അവിടെ തളർന്നു വീണു. മോളുടെ അച്ഛൻ ഉറക്കെ എന്തൊക്കെയോ പിച്ചും പേയും പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
  പിന്നെ വീട്ടിലെ ഫോണുകൾ എല്ലാം നിർത്താതെ അടിക്കാൻ തുടങ്ങി. വാഹനങ്ങളുടെയും ആളുകളുടെയും ശബ്ദങ്ങൾ വീടിനുള്ളിലേക്ക് ആർത്തിരമ്പി വരുന്ന പോലെ തോന്നി എനിക്ക്.ചുറ്റും കഴുകന്മാർ പറക്കുന്ന പോലെ, ചെവിയിൽ ചീവീടുകൾ മത്സരിച്ചു മൂളുന്നു. പിന്നെ എനിക്കൊന്നും ഓർമ്മയില്ല.അന്ന് തളർന്നു കിടന്ന ഞാൻ പിന്നെ എണീറ്റിട്ടില്ല.ഒരിക്കൽ മോളുടെ അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു പറഞ്ഞു,

  നിന്റെ ബുദ്ധിയായിരുന്നു ശരി. എന്റെ ബുദ്ധിയാണ് പിൻബുദ്ധിയായി പോയത്. അവൻ, ആ ദുഷ്ടൻ,നമ്മുടെ മരുമകൻ മദ്യത്തിനും മയക്കുമരുന്നിനും മറ്റെല്ലാ ദു:ശീലങ്ങൾക്കും അടിമയായിരുന്നത്രേ. ഞാനൊന്നും അറിഞ്ഞിരുന്നില്ലല്ലോ ഈശ്വരാ അവന്റെ കൈപ്പിഴ കൊണ്ടാണത്രേ നമ്മുടെ മോൾ.അദ്ദേഹം അങ്ങനെ കരഞ്ഞും പറഞ്ഞും പിറുപിറുത്തു കൊണ്ടിരുന്നു.ആരാ പറഞ്ഞേ പെൺബുദ്ധി പിൻബുദ്ധിയാ ന്ന്.അന്ന് നീ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു.എന്റെ മോളെ ആ വീട്ടിലേക്ക് വിടണ്ടായിരുന്നു.. ന്റെ മോളെ എനിക്ക് നഷ്ടപ്പെട്ടല്ലോ ഭഗവാനെ.ഞാനൊന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ സംസാരശേഷി നഷ്ടപ്പെട്ട ഞാൻ എന്തു പറയാൻ?വലതുകൈയുടെ അനക്കം മാത്രം ദൈവം തിരികെ തന്നതുകൊണ്ട് പറയാനുള്ളത് അത്യാവശ്യം ഒന്ന് എഴുതി കാണിക്കാം.ഇത്തവണ അതും ചെയ്തില്ല.
  എന്നത്തെയും പോലെ ഇന്നും എനിക്ക് കഴിക്കാനുള്ള ഉറക്കഗുളികയും വെള്ളവും എന്റെ അടുത്തേക്ക് നീക്കിവെച്ച് അദ്ദേഹം അപ്പുറത്തെ മുറിയിലേക്ക് നടന്നു.അപ്പോഴാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.ഇനി എന്റെ കയ്യൊന്ന് നീട്ടി ആ ഉറക്കഗുളികയുടെ കുപ്പി കയ്യിലെടുക്കണം. അതിലുള്ള മുഴുവൻ ഗുളികകളും വായിലേക്കിട്ട് സുഖമായി ഉറങ്ങണം, എന്റെ മോളോടൊപ്പം.എന്റെ മോളോട് ചെയ്ത തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യാതെങ്ങനെ?
  എന്ന്
  സ്വന്തം രാധമ്മ
  ഒപ്പ്.
  _____________________
  റെഴുതിയത് : shafia