ഇന്നലെ റെയിൽവേസ്റ്റേഷനിൽ പ്രായമായ ഒരു മനുഷ്യൻ എന്നോട് കാശ് ചോദിച്ചു ഞാൻ കൊടുത്തു പക്ഷെ ആ കാശ് അദ്ദേഹം ഉപയോഗിച്ചത് കണ്ണ് നിറച്ചു

EDITOR

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. 70 വയസ്സു പ്രായമുള്ള ഒരു മനുഷ്യൻ അടുത്ത് വന്ന് തമിഴ് അറിയുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഞാൻ അടുത്തിരിക്കുന്ന ആളുകളോട് അയാൾ ചോദ്യം ആവർത്തിച്ചു. ആരും മറുപടി പറഞ്ഞില്ല.ആംഗ്യവും മലയാളവും എനിക്കറിയുന്ന തമിഴും Mix ചെയ്ത് ഞാനയാളോട് കാര്യമെന്തെന്ന് ചോദിച്ചു. എന്തോ ആശ്വാസം കിട്ടിയത് പോലെ അദ്ദേഹം കുറേ കാര്യങ്ങൾ പറഞ്ഞു. ( പറയുന്നത് വിശ്വസിച്ചില്ലെങ്കിലോ എന്ന ആശങ്കയിൽ വിശദമായി പറയാനാകും ഭാഷ അറിയാമോ ന്ന് ചോദിച്ചത് )എനിക്ക് മനസ്സിലായത് ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. എനിക്ക് കന്യാകുമാരിയിലേക്ക് തിരിച്ച് പോകണം . ടിക്കറ്റെടുക്കാൻ പൈസയില്ല. അവിടെ ബോട്ടിൽ പണിയില്ലാതായപ്പോൾ , ഇവിടെ തൊഴിൽ നോക്കി വന്നതാണ്. ഇവിടെയും ബോട്ടിൽ പണി കിട്ടിയില്ല. ഞാൻ പറയുന്നത് സത്യമാണ്. വിശ്വസിക്കണം. രാവിലെ മുതൽ പലരോടും അപേക്ഷിച്ചു. ഇന്നലെ മുതൽ ഭക്ഷണം കഴിച്ചിട്ടില്ല. എനിക്ക് നാഗർകോവിലിലേക്ക് ഒരു ടിക്കറ്റ് എടുത്തു തരാമോ ? വീട്ടിൽ ഭാര്യ മാത്രമേ ഉള്ളൂ. എന്റെ കയ്യിൽ ഫോണും ഇല്ല . ” (കണ്ണ് നിറഞ്ഞിരുന്നു )

ഇത്രയും ദൂരം തൊഴിൽ തേടി വന്നതെന്തിനാണെന്ന് ചോദിച്ചപ്പോൾ , ആരോ പറഞ്ഞിട്ടാണെന്ന് പറഞ്ഞു.ഞാൻ 200 രൂപ കൊടുത്ത് ടിക്കറ്റ് എടുക്കാൻ പറഞ്ഞു. ( പേഴ്സിൽ ആകെ 440 രൂപയേ ഉണ്ടായിരുന്നുള്ളൂ ) പൈസ കണ്ണിൽ വച്ച് നന്ദി പറഞ്ഞ്, ബാഗും സാധനങ്ങളും എന്റെ അടുത്ത് വച്ച് അദ്ദേഹം ടിക്കറ്റെടുക്കാൻ പോയി. തിരിച്ച് വന്ന് ഉച്ചയ്ക്ക് ശേഷമേ വണ്ടിയുള്ളൂ.. അപ്പോഴേ ടിക്കറ്റ് തരൂവത്രേ, എന്ന് പറഞ്ഞു പൈസ തിരിച്ച് തരാൻ കൈ നീട്ടി. ടിക്കറ്റ് എടുത്ത് കാണിച്ച് ബോധ്യപ്പെടുത്താൻ കഴിയാത്തത് കൊണ്ടാവാം(ടിക്കറ്റ് എടുക്കാൻ കഴിയാത്തോണ്ട് , എന്ത് പറയണമെന്ന് കരുതി , നിസ്സഹായനായി നിൽക്കുകയായിരുന്നു )
ഉച്ചയ്ക്കായാലും നിങ്ങൾക്ക് പോകണ്ടേ … ഞാനിപ്പോൾ പോകും. നിങ്ങൾ പൈസ കയ്യിൽ വച്ചോളൂ.. ടിക്കറ്റ് എടുത്ത് പോയ്ക്കോളൂ എന്ന് പറഞ്ഞു. കണ്ണ് നിറഞ്ഞ് കൊണ്ട് ആ മനുഷ്യൻ വീണ്ടും ചോദിച്ചു. ടിക്കറ്റിന് 210 രൂപയാണ്. 10 രൂപ കൂടി തരാമോ എന്ന്

10 രൂപയും ഭക്ഷണം കഴിക്കാൻ 130 രൂപയും കയ്യിൽ വച്ച് കൊടുത്ത് , ഞാൻ ചിരിച്ചു. ഞാൻ ഒരു ചായ കുടിച്ചിട്ട് വന്നോട്ടെ എന്ന് ചോദിച്ച് (എന്റെ സമ്മതം വാങ്ങി ) എന്തോ കഴിച്ചിട്ട് വന്ന് അടുത്തിരുന്നു.അപ്പോഴേക്കും എന്റെ Train വന്നു. എന്റെ ഭാണ്ഡക്കെട്ടുകൾ എടുത്ത് കയറ്റാൻ ആ മനുഷ്യൻ എന്റൊപ്പം കൂടി . സന്തോഷത്തോടെ ഞാൻ ഒരു ഷേക്ക് ഹാൻഡും കൊടുത്ത് പിരിഞ്ഞു. വണ്ടി വിട്ടപ്പോഴും എന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ വീശി ആ മനുഷ്യൻ നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.ശരീര ഭാഷയിൽ നിന്നും ആ മനുഷ്യൻ സത്യമാണ് പറയുന്നതെന്ന് എനിക്ക് feel ചെയ്തു. എന്തോ ഭാഗ്യത്തിന് കയ്യിൽ പൈസയും ഉണ്ടായിരുന്നു.70 വയസ്സ് വരെയും മത്സ്യത്തൊഴിലാളി ജീവിതം നയിച്ച ഒരു മനുഷ്യന്റെ അവസ്ഥ നോക്കൂ.നല്ലോണം മീൻ തിന്നുന്ന ഞാനൊക്കെ ഈ മനുഷ്യനോട് എത്രത്തോളം കടപ്പെട്ടിരിക്കും അല്ലേ.സമൂഹത്തിന് ഇവർ നൽകുന്ന സേവനത്തിന്, പകരമായി ഈ പ്രായത്തിലും ദാരിദ്ര്യം പോലും മാറുന്നില്ലെങ്കിൽ നമ്മൾ വികസനം എവിടെ നിന്നാണ് തുടങ്ങേണ്ടത് ?

എഴുതിയത് : സനൂപ് നരേന്ദ്രൻ