അധ്യാപകൻ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ചോദിച്ചപ്പോൾ ഒരു കുട്ടി ഫാം തുടങ്ങണം എന്ന് എഴുതി അധ്യാപകൻ അതിനു സീറോ മാർക്ക് കൊടുത്തു ശേഷം സംഭവിച്ചത്

EDITOR

ഒരിക്കൽ ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് അവരുടെ ഇന്റെർണൽ അസ്സെസ്മെന്റിന്റെ ഭാഗമായി ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു പ്രബന്ധമായി എഴുതിക്കൊടുക്കുവാൻ ആവശ്യപ്പെട്ടു. മോണ്ടി റോബർട്ട്സ് എന്ന വിദ്യാർത്ഥിയുടെ സ്വപ്നം ഒരു വലിയ ഫാം നടത്തുക എന്നതായിരുന്നു. അതിന് 200 ഏക്കർ സ്ഥലവും അതിൽ 4000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഒരു കെട്ടിടവും കുതിരകളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംവിധാനവും മറ്റനവധി ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം അധ്യാപകൻ വിദ്യാർത്ഥികളുടെ പേപ്പർ മടക്കി നൽകി. മോണ്ടിക്ക് കിട്ടിയത് F ഗ്രേഡ് ആയിരുന്നു. കൂടാതെ ടീച്ചറിനെ റൂമിൽ ചെന്ന് കാണുവാനുള്ള ഒരു കുറിപ്പും ലഭിച്ചു. മോണ്ടി അധ്യാപകനെ കണ്ടപ്പോൾ അധ്യാപകൻ പറഞ്ഞു: “ഇത് യാഥാർത്ഥ്യബോധമില്ലാത്ത ഒരു സ്വപ്നമാണ്. നിന്റെ ഭവനത്തിന്റെ സാഹചര്യങ്ങൾ വച്ചു നോക്കിയാൽ ഇക്കാര്യങ്ങൾ ഒരിക്കലും സാധിക്കുവാൻ കഴിയില്ല.

കുറച്ചുകൂടി യാഥാർത്ഥ്യ ബോധത്തോടെ ഒരു പേപ്പർ എഴുതി തന്നാൽ നിന്റെ ഗ്രേഡ് കൂട്ടാവുന്നതാണ്”. ചില ദിവസങ്ങൾ കഴിഞ്ഞ് ഒരു കുറിപ്പ് കൂടി എഴുതി ആ പ്രബന്ധം തിരികെ നൽകി. കുറിപ്പ് ഇങ്ങനെയായിരുന്നു: “സർ താങ്കൾ ഗ്രേഡ് വ്യത്യാസപ്പെടുത്തണമെന്നില്ല. ഞാനെന്റെ സ്വപ്നത്തിൽ ഉറച്ചുനിൽക്കുന്നു”. ചില വർഷങ്ങൾക്ക് ശേഷം മോണ്ടിയുടെ ഫാം ആ രാജ്യത്തുള്ള അത്തരം ഫാമുകളിൽ ഒന്നാമതായിത്തീർന്നു. മോണ്ടിയുടെ ഈ അധ്യാപകൻ തന്നെ തന്റെ വിദ്യാർത്ഥികളുടെ സ്റ്റഡി ടൂർ ഈ ഫാമിലിക്ക് പലപ്രാവശ്യം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ അധ്യാപകൻ കുറ്റബോധത്തോടെ മോണ്ടിയോടു പറഞ്ഞു: “ഞാൻ നിന്നെ പോലെയുള്ള പല വിദ്യാർത്ഥികളുടെയും സ്വപ്നങ്ങളെ തകർത്തിട്ടുണ്ട്, നീ നിന്റെ സ്വപ്നത്തിൽ ഉറച്ചുനിന്നത് നന്നായി”. നമ്മുടെ സ്വപ്നങ്ങൾ തകർക്കുവാൻ ആരെയും ഒരിക്കലും അനുവദിക്കരുത്. എളിയവരുടെ സ്വപ്നങ്ങളാണ് പലപ്പോഴും തകർക്കപ്പെടുന്നത്. സ്വപ്നങ്ങൾ എന്തു തന്നെയായിരുന്നാലും അവയെ യാഥാർത്ഥ്യമാക്കി തീർക്കുവാൻ കഠിനാധ്വാനം ചെയ്യുന്നവർക്ക് അത് സാദ്ധ്യമായിത്തീരും.

നമ്മുടെ സ്വപ്നം വലുതോ ചെറുതോ എന്നതല്ല അവ സാക്ഷാത്കരിക്കാനുള്ള പ്രയത്നമാണ് പ്രധാനം. നമ്മുടെ സ്വപ്നമാണ് നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്. ആകയാൽ അത് തകർത്തു കളവാന്‍ ആരെയും അനുവദിക്കരുത്. യൗവന പ്രായത്തിൽ അവയെ സാക്ഷാത്കരിക്കുവാൻ ഉള്ള പ്രയത്നവും മദ്ധ്യ പ്രായത്തിൽ എത്രമാത്രം സാക്ഷാത്കരിക്കപ്പെട്ടു എന്ന് വിലയിരുത്തലും ആവശ്യമാണ്. സമൂഹത്തിന്റെ അനുഗ്രഹത്തിനായി, ഉന്നതമായ ദർശനങ്ങളോടെ, ജീവിക്കുക എന്നത് ഭാഗ്യമാണ്. സാമൂഹ്യ നന്മയെ ലക്ഷ്യമാക്കാതെയുള്ള സ്വപ്നങ്ങൾ സ്വാർത്ഥപരമാകയാൽ അവ ജീവിതത്തെ ശ്രേഷ്ഠമാക്കുകയില്ല. എല്ലായിപ്പോഴും ജീവിതത്തിന്റെ ശ്രേഷ്ഠത അപരന്റെ നന്മയ്ക്കായി ജീവിക്കുന്നതാണ്. അങ്ങനെയുള്ള സ്വപ്നങ്ങൾ രൂപീകൃതമാകുന്നതിനും അവ ജീവിതത്തിന്റെ ലക്ഷ്യമാക്കി തീർക്കുന്നതിനും നമുക്ക് സാധ്യമായി തീരട്ടെ.