ഭർത്താവിനെ സുഹൃത്തുക്കൾക്ക് ഒപ്പം വിടും എന്ന് ഭാര്യ പറഞ്ഞ വാർത്ത കണ്ടു ഇത് തിരിച്ചു ഭാര്യയെ രാത്രി ഒൻപത് മണി വരെ സുഹൃത്തുക്കൾക്ക് ഒപ്പം ഭർത്താവ് വിടുമോ

EDITOR

ഫേസ്ബുക്കിൽ ഒരു വീഡിയോ കണ്ടു. ഒരു വിവാഹ റിസപ്‌ഷൻ നടക്കുന്നതിനിടയിൽ വരന്റെ സുഹൃത്തുക്കൾ ഒരു മുദ്രപത്രവുമായി വരുന്നു. മുദ്ര പത്രത്തിൽ എഴുതിയിരിക്കുന്നത് ഭർത്താവിനെ രാത്രി 9 മണി വരെ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ അനുവദിക്കും എന്നും ആ സമയങ്ങളിൽ ഫോണിൽ വിളിച്ച് ശല്യം ചെയ്യില്ല എന്നുമാണ്. മുദ്രപത്രത്തിൽ വധു ഒപ്പിടുന്നു. എല്ലാം രസകരമാണ്. തമാശയാണ്. എല്ലാവരും ആസ്വദിച്ചു.ഞാൻ ആലോചിച്ചത് ഇതേ കാര്യം വധുവിനും അവരുടെ സുഹൃത്തുക്കൾക്കും ചെയ്യാനുള്ള, അങ്ങിനെ ചെയ്താൽ അത് ഇതേ പോലൊരു തമാശയായി കാണാൻ നമ്മുടെ സമൂഹം തയ്യാറാകുമോ എന്നാണ്.

രാത്രി ഒൻപത് മണിവരെ ഭാര്യയെ സുഹൃത്തുക്കളുമായി കഴിയാൻ അനുവദിക്കും എന്നും അതുവരെ ഫോണിൽ വിളിച്ച് ശല്യം ചെയ്യില്ല എന്നും ഭർത്താവ് എഴുതി ഒപ്പിട്ടു നൽകുന്ന മുദ്രപത്രം ഇതുപോലെ വൈറലാകുമോ?ഭാര്യയും ഭർത്താവും സുഹൃത്തുക്കളുമെല്ലാം ഒരുപോലെ ആസ്വദിക്കുന്ന തമാശകളിൽ പോലും കൃത്യമായ ജന്റർ ഡിസ്ക്രിമിനേഷൻസ് കാണാം.വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന ഭർത്താവിനോട് എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കുന്നതും വൈകിയെത്തുന്ന ഭർത്താവിനോട് നിങ്ങൾ എവിടെയായിരുന്നു എന്ന് ചോദിക്കുന്നതും അന്നും ഇന്നും ട്രോൾ ചെയ്യപ്പെടുന്ന കാര്യങ്ങളാണ്.

കൊളംബസിന് ഭാര്യ ഉണ്ടായിരിക്കില്ല എന്നും ഉണ്ടായിരുന്നേൽ അമേരിക്ക കണ്ടുപിടിക്കില്ലായിരുന്നു എന്നുമുള്ള തമാശകൾക്ക് ഒരുപാട് വർഷത്തെ പഴക്കമുണ്ട്.വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന ഭാര്യയോട് എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാതിരിക്കാനും മടങ്ങി എത്തിയാൽ എവിടെയായിരുന്നു എന്ന് ചോദിക്കാതിരിക്കാനും സോ കോൾഡ് ഫർത്താക്കൻമാർ തയ്യാറാകുമോ?.ഇന്നലെ നിന്റെ ഭർത്താവിനെ രാത്രി 9 മണിക്ക് ടൗണിൽ കണ്ടിരുന്നല്ലോ. എവിടെ പോയതായിരുന്നു എന്ന ചോദ്യത്തിന് ‘അറിയില്ല എന്തേലും ആവശ്യം കാണും’ എന്ന ഭാര്യയുടെ ഉത്തരം വളരെ സ്വാഭാവികമാവുകയും ഇതേ ചോദ്യം ഭാര്യയെ കുറിച്ച് ഭർത്താവിനോടാകുമ്പോൾ ‘അറിയില്ല’ എന്ന ഉത്തരം പറയുന്നതും കേൾക്കുന്നതും ഒരിക്കലും ആക്സപ്റ്റ് ചെയ്യാൻ സാധിക്കില്ല എന്നതുമാണ് സമൂഹത്തിന്റെ സ്‌ത്രീവിരുദ്ധതയും ഇരട്ടത്താപ്പും.

എഴുതിയത് : Vineeth K Kolarath