യുദ്ധം വന്ന സമയം ഒരു വൃദ്ധ രാജാവിനെ തേടി എത്തി ഏകമകനെ സൈന്യത്തിൽ ചേർക്കണമെന്ന് സ്ത്രീയുടെ രാജ്യസ്നേഹം കണ്ട് രാജാവ് സ്തംഭിച്ചുപോയി പക്ഷെ സംഭവിച്ചത്

EDITOR

ഒരിക്കൽ, അയൽ രാജ്യം തന്റെ രാജ്യത്തിന് നേരെ ആ -ക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഒരു രാജാവിന്, വാർത്ത ലഭിച്ചു. അദ്ദേഹത്തിന്റെ രാജ്യത്തിൽ ഒരു വൃദ്ധ ജീവിച്ചിരുന്നു, ഈ വാർത്ത കേട്ട് ആ വൃദ്ധ രാജകൊട്ടാരത്തിലേക്ക് പോയി.
അവൾ രാജാവിനെ കണ്ടു തന്റെ ഏകമകനെ സൈന്യത്തിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടു ആ സ്ത്രീയുടെ രാജ്യസ്നേഹം കണ്ട് രാജാവ് സ്തംഭിച്ചുപോയി. രാജാവ് അനുവാദം കൊടുത്തു. ഘോരമായ ആ യുദ്ധത്തിൽ മാതൃരാജ്യത്തിനു വേണ്ടി വൃദ്ധയുടെ മകൻ ജീവൻ ബലിയർപ്പിച്ചു . വൃദ്ധ കരഞ്ഞുകൊണ്ട് വീണ്ടും രാജാവിനെ കണ്ടു. രാജാവ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൾ പറഞ്ഞു, “ഞാൻ കരയുന്നത് എന്റെ മകൻ മരിച്ചതുകൊണ്ടല്ല, രാഷ്ട്രത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു മകനെ കൂടെ നൽകുവാൻ എനിക്കില്ലല്ലോ എന്നതിനാലാണ്.” രാജ്യത്തിനു വേണ്ടി മകനെ അർപ്പിച്ച വൃദ്ധ, ഒരു മകൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അവനെയും രാഷ്ട്രസേവനത്തിനായി സമർപ്പിക്കുമായിരുന്നു. എന്തൊരു രാജ്യസ്നേഹം! എന്നാൽ ഈ ലോകത്തിലെ സാമ്രാജ്യങ്ങൾ ഒക്കെയും മാറിപ്പോകുന്നവയാണ്. ഭരണകൂടങ്ങൾ മാറുന്നു, രാജ്യാതിർത്തികൾ വ്യത്യാസപ്പെടുന്നു, രാജ്യത്തെ സംവിധാനങ്ങളൊക്കെയും മാറുന്നു.

മാത്രമല്ല, ഒരു രാജ്യത്ത് തന്നെ ജനങ്ങൾ തമ്മിൽ തമ്മിൽ കലഹിക്കുന്നു, പലരും മറ്റുള്ളവരെ ഇല്ലാതാക്കുവാൻ വ്യഗ്രതപ്പെടുന്നു. അതിനാൽ സമാധാനം തന്നെ നഷ്ടപ്പെടുന്നു. മനുഷ്യർ തമ്മിൽ തമ്മിൽ സ്നേഹിക്കുകയും, കരുതുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഓരോ രാജ്യത്തും അതേപ്രകാരം രാജ്യങ്ങൾ തമ്മിലും ഉണ്ടായിരുന്നെങ്കിൽ! എങ്കിൽ ഭൂമി ദൈവരാജ്യമായി രൂപാന്തരപ്പെടുമായിരുന്നു. ശത്രുതയുള്ള അയൽ രാജ്യത്തോട് പൊരുതുന്നതിനു പകരം, മനുഷ്യനെ തമ്മിൽ തമ്മിൽ ഭിന്നിപ്പിക്കുന്ന പൈശാചിക ശക്തിക്ക് നേരെയല്ലേ പൊരുതേണ്ടത്? ഒരു രാഷ്ട്രത്തിലെ ജനങ്ങൾ തമ്മിൽ തമ്മിൽ സഹോദരങ്ങൾ എന്നു പറയുന്നതുപോലെ ശത്രു രാജ്യത്തുള്ളവരെയും സഹോദരങ്ങളായി കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ! അവരും മനുഷ്യരല്ലേ? നമ്മുടെ ജീവൻ പോലെ അവരുടെ ജീവനും വിലയുള്ളതല്ലേ? ആകയാൽ ശത്രുക്കളെ വധിക്കുന്നതിന് പകരം മിത്രങ്ങൾ ആക്കി തീർക്കുന്ന മഹാ യജ്ഞത്തിനായി, നാം സജ്ജരാകേണ്ടതല്ലേ? ആ സ്ത്രീ തന്റെ മകനെ രാജ്യസേവനത്തിനായി കൊടുത്തതുപോലെ, ഈ ഭൂമിയിൽ ദൈവഹിതം നിറവേറുന്ന ഒരു വ്യവസ്ഥിതിക്കായി നാം ഏവരും സമർപ്പിക്കപ്പെടേണ്ടതാണ്. ഇത് അസാധ്യം എന്ന് പറഞ്ഞു നാം അത് തള്ളിക്കളഞ്ഞേക്കും. എന്നാൽ അതല്ലേ സാധ്യമാവേണ്ടത്? എല്ലാവരും തമ്മിൽ തമ്മിൽ സ്നേഹിക്കുകയും അയൽ രാജ്യങ്ങൾ, മിത്രങ്ങൾ ആയിരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയ്ക്കു വേണ്ടി ജീവനെ പോലും അർപ്പിച്ച് പോരാടുവാൻ നമുക്ക് സാധ്യമായി തീരട്ടെ.

മറ്റൊരു കഥ ഇങ്ങനെ ജെന്നിക്ക് പുസ്തകങ്ങൾ വായിക്കാൻ വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം, അവൾ ഒരു പുസ്തകക്കടയിൽ പോയി, ഏത് പുസ്തകം വാങ്ങണം എന്ന് ആലോചനയോടെ പുസ്തകങ്ങൾ നോക്കിക്കൊണ്ടിരുന്നു. അപ്പോൾ അവളുടെ അരികിൽ നിന്ന ഒരു സ്ത്രീ പറഞ്ഞു, അടുത്ത ഷെൽഫിൽ രസകരമായ ഒരു നോവൽ ഉണ്ടെന്ന്. ജെന്നി വളരെ ആവേശഭരിതനായി, അവളുടെ പേഴ്സ് കൗണ്ടറിൽ വെച്ചിട്ട് നോവൽ നോക്കാൻ പോയി. അവൾ പുസ്തകം വളരെ രസകരമാണെന്ന് കണ്ട്, അത് വാങ്ങാൻ തീരുമാനിച്ചു. പേഴ്‌സ് നോക്കിയപ്പോൾ അതു വെച്ചിരുന്ന കൗണ്ടറിൽ കാണാനില്ലായിരുന്നു. പകരം ഒരു കുറിപ്പ്. “വിട. നോവൽ വായിക്കൂ. വളരെ രസകരമാണ്”സഹായിയായി ഭാവിച്ച ആ സ്ത്രീ സ്വയം സഹായിച്ചതിനാൽ ജെന്നിയുടെ പേഴ്സുമായി സ്ഥലം വിട്ടു. ഈ ലോകത്തിൽ അനേക സഹായികളും ഇങ്ങനെയാണ്. ജന്നി അവളുടെ പേഴ്സ് കൗണ്ടറിൽ വെച്ചിട്ട് പോയത് അവളുടെ ബുദ്ധിമോശം! എന്നാൽ ആ സ്ത്രീ യഥാർത്ഥ സഹായി ആയിരുന്നുവെങ്കിൽ അത് അപഹരിക്കുകയില്ലായിരുന്നു. സഹായികളുടെ ഭാവത്തിൽ നമ്മെ സമീപിക്കുന്ന സ്വാർത്ഥമതികളായ പലരും വഞ്ചിക്കുകയും മോഷ്ടിക്കുകയും ചെയ്തു എന്നു വരാം.

അങ്ങനെ ചെയ്തില്ലെങ്കിൽ തന്നെയും പലരും എന്തെങ്കിലും സഹായം ചെയ്യുമ്പോൾ അതിലൂടെ ഏതെങ്കിലും വിധത്തിൽ അവരുടെ കാര്യസാധ്യത്തിനായി ശ്രമിക്കും. സ്വന്തം കാര്യസാധ്യത്തിനും ഉദരപൂരണത്തിനും ഉള്ള ഒരു മാർഗ്ഗം ആയിട്ടാണ് സഹായം ചെയ്യുന്ന ഭാവം പ്രകടിപ്പിക്കുന്നത്. സ്വന്തം വളർച്ചയിൽ മാത്രം കണ്ണ് നട്ടിരിക്കുന്നവർക്ക്, ഒരിക്കലും മറ്റുള്ളവർക്ക് സഹായിയായി തീരുവാൻ കഴിയില്ല. യഥാർത്ഥ സ്നേഹത്തിൽ നിന്നാണ് സഹായം ചെയ്യുവാനുള്ള മനസ്സ് ഉണ്ടാവുന്നത്. സ്വാർത്ഥർക്ക് ഒരിക്കലും സ്നേഹം ഉണ്ടാവില്ല.എന്തെന്നാൽ സ്വാർത്ഥതയും സ്നേഹവും പരസ്പര വിരുദ്ധമാണല്ലോ. നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, നാം യഥാർത്ഥത്തിൽ സ്നേഹിതരോ സ്വാർത്ഥരോ? മറ്റുള്ളവരുടെ സ്വാർത്ഥതയെ വിമർശിക്കുവാൻ നമുക്ക് കഴിയും, എന്നാൽ മറ്റുള്ളവർക്ക് യഥാർത്ഥ സ്നേഹിതർ ആയിരിക്കുവാൻ നമുക്ക് എത്രമാത്രം സാധിക്കുന്നു? ഒരു പക്ഷേ പേഴ്സ് അപഹരിച്ചില്ലെങ്കിലും സ്വാർത്ഥഭാവം ഇപ്പോഴും നമ്മിലും നിലനിൽക്കുന്നില്ലേ? ഇന്ന് നമ്മുടെ ആവശ്യം, സ്വാർത്ഥതയെ അതിജീവിക്കുക എന്നുള്ളതാണ്. ആവശ്യങ്ങളിൽ ഇരിക്കുന്നവരെ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കാതെ, അവർക്ക് നല്ല സ്നേഹിതരായിരിപ്പാൻ നമുക്ക് സാധിക്കുമെങ്കിൽ അത് ജീവിതത്തിന്റെ ധന്യതയാണ്.