ഉമ്മ വെച്ചാൽ കുട്ടി ഉണ്ടാവോ എന്നുള്ള നിഷ്‌കളങ്ക ചോദ്യ ഉടമയായിരുന്നു ഞാനൊക്കെ അതിനാൽ പുരുഷനെ ഒരു കൈ അകലത്തിൽ നിർത്തും പക്ഷെ ഇന്ന്

EDITOR

പതിനാറ് വയസ്സുകാരി ഗർഭിണി, ഉത്തരവാദി പതിനേഴുകാരൻ ഇതൊന്നും ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തയൊന്നുമല്ലാതായിരിക്കുന്നു. .ഇന്നലേയും കേട്ടു.ദിനം പ്രതിയുള്ള , പുറം ലോകമറിയപ്പെട്ട ഇമ്മാതിരി വാർത്തയിലൊന്ന് മാത്രം ഇതും.പക്ഷേ ഈ വാർത്ത കേൾക്കുമ്പോഴൊക്കെ നോവ് ഏറെയാണ്. കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ പ്രണയത്തിന്റെ പേരും പറഞ്ഞ് വയറും വീർപ്പിച്ചു നടക്കുക. പുറം ലോകമറിയാതെ എല്ലാം കശക്കി കളയുന്ന മിടുക്കർ അത് വേറെ.പതിനഞ്ചിലും പതിനാറിലും പെണ്ണുങ്ങൾ പെറ്റ ഒരു കാലമുണ്ടായിരുന്നു. അന്നവൾക്ക് സ്വരമില്ലായിരുന്നു.പത്തൊമ്പതാം വയസ്സിൽ മൂത്ത കുഞ്ഞിനെ ഒക്കത്തു വെച്ച പെണ്ണാണ് ഞാനും . അമ്മയെന്ന സന്തോഷത്തെ അനുഭവിക്കുമ്പോൾ തന്നെ ഉള്ളു പിടഞ്ഞിരുന്നു. കൂടെ കളിച്ചവർ, കൂടെ പഠിച്ചവർ വീണ്ടും പുസ്തകം മാറോടു ചേർത്ത് നടക്കുമ്പോൾ, പൊട്ടിച്ചിരിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിന്റെ വെള്ളിനൂലുകളായ് പറന്നു നടക്കുന്നത് കാണുമ്പോൾ, അച്ഛന്റേം അമ്മേടേം കണ്ണിലുണ്ണികളായി വീട്ടിൽ കുറുമ്പ് കാട്ടിയും കൊഞ്ചി കുഴഞ്ഞും നടക്കുമ്പോൾ ഞാനെന്ന മകൾക്ക് ശരിക്കും നൊന്തിരുന്നു. കാലം എനിക്ക് ചാർത്തി തന്ന വേഷത്തിന്റെ ഭാരത്താൽ ഞാനെന്ന പതിനെട്ടുകാരി പക്വതയുടെ വേഷം അണിഞ്ഞപ്പോഴും ഉള്ളിലൊരു കുഞിപെണ്ണിന്റെ കരച്ചിൽ ആരും കേൾക്കാൻ ഉണ്ടായില്ല.

ഉമ്മ വെച്ചാൽ കുട്ടി ഉണ്ടാവോ എന്നുള്ള നിഷ്‌കളങ്കമായ ചോദ്യത്തിന്റെ ഉടമയായിരുന്നു എന്നെപ്പോലെ അന്നത്തെ എല്ലാ പെണ്കിടാങ്ങളും.പക്ഷെ ഉമ്മ വെച്ചാൽ കുട്ടി ഉണ്ടാവും എന്നുള്ള തെറ്റായ ചിന്തയിൽ നിന്നുണ്ടായ ഭയം അന്നത്തെ പെണ്കുട്ടികൾക്ക് ഉള്ളത് കൊണ്ടുതന്നെ പുരുഷനെ അവൾ ഒരു കൈയകലത്തിൽ നിർത്തിയിരുന്നു. ഇന്ന് ആ ഭയം ഇല്ലാഞ്ഞിട്ടാണോ ആ വക ചിന്ത പോലും ഇല്ലാഞ്ഞിട്ടാണോ അതോ അറിവില്ലായ്‌മയോ പതിനാറാം വയസ്സിലെ അമ്മമാരെ സ്രഷ്ടിക്കുന്നത്?പ്രണയം എന്നത് അത്യന്താപേക്ഷമായ ഒന്നായി കുട്ടികളുടെ ഇടയിലും മാറിയിരിക്കുന്നു. ടെലിവിഷനിൽ ഒരു മ്യൂസിക് പ്രോഗ്രാമിലേയ്ക്ക് കൊച്ചിയിൽ നിന്നും വന്ന ഒരു ഫോണ് കോൾ വളരെ സന്തോഷത്തോടെയാണ് ഒരു കാര്യം പങ്കുവെച്ചത്.പ്രണയം ഉണ്ടത്രേ ഒരു വർഷമായി.പ്രിയനെ കാണാൻ കാത്തിരിക്കുകയാണ് പോലും നാട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന്.വളരെ സ്‌നേഹമുള്ള , കരുതലുള്ള ചേട്ടൻ ” വാവേ” എന്നാണ് പോലും വിളിക്കുക.എല്ലാം കേട്ട അവതാരക ചോദിച്ചു. ‘ചേട്ടൻ എവിടെയുള്ളതാണ്”?കോഴിക്കോട് ഉള്ള ചേട്ടനാണ്”.അപ്പോൾ ചേട്ടനെ കണ്ടിട്ടുണ്ടോ’?ഹേയ് .ഇല്ല നിങ്ങൾ എങ്ങിനാണ് പരിചയം”?സോഷ്യൽ മീഡിയയിലൂടെ”ഉത്തരം കേട്ട അവതാരകയും പ്രോഗ്രാം കണ്ടുകൊണ്ടിരുന്ന എന്നെ പോലുള്ള അമ്മമാരും ഒന്ന് ഭയന്ന് കാണണം.

എവിടെയോ ഉള്ള, ഊരും പേരും അറിയാത്ത ചേട്ടനെ കാണാൻ കാത്തിരിക്കുന്ന , സ്‌ഥലം പോലും നിശ്‌ചയിച്ച , പ്രണയിക്കുന്ന വെറും പതിമൂന്ന് വയസ്സുകാരി.അവളുടെ ലോകം ഒരു വർഷമായി അവനാണ്.പൊട്ടു കുത്തുന്നതും ചായം പൂശുന്നതും എവിടെയോ ഉള്ള അവനു വേണ്ടിയാണ്.ഇതുപോലെ പ്രണയക്കുരുക്കിൽ പെട്ട് ജീവിതം കളയുന്ന കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആധിയേറെയാണ്‌. എന്തൊക്കെ പുരോഗമനം പറഞ്ഞാലും കുളിച്ചാൽ പോകുന്ന അഴുക്കുകളെ അവളെ തീണ്ടിയിട്ടുള്ളുവെങ്കിലും മനസ്സിൽ തീർക്കുന്ന വ്രണപ്പാടുകളിൽ നിന്നും അവൾ കരകയറാൻ കാലമേറെ എടുക്കും. അത് തിരിച്ചറിയുമ്പോഴേയ്ക്കും അവളുടെ കൗമാരവും യൗവനവും കടന്നുപോയികാണും. ആർത്തുല്ലസിക്കേണ്ട ഒരു ലോകത്തിൽ പ്രണയക്കറ സ്രഷ്ടിക്കുന്ന വൻവിപത്തുകൾ നാമിന്ന് കണ്ടുകൊണ്ടിരിക്കുവാണ്. ഇതൊക്കെ കാലത്തിന്റെ വികൃതിയായി കാണുന്നവർക്കും പുരോഗമനവാദികൾക്കും നിശബ്ദത പാലിക്കാം.

അല്ലാത്തവർ,ഒന്നുമില്ലെങ്കിലും ഹോർമോണുകളെ പറ്റിയും ആർത്തവത്തെ പറ്റിയും വയറ്റിൽ കുഞ്ഞുങ്ങൾ തനിയെ ഉണ്ടാവുന്നത് അല്ലെന്നും ഈ വക ബന്ധങ്ങളിൽ പുരുഷന്റെ മുന്നിലോ ക്യാമറയ്ക്ക് മുന്നിലോ തുണിയുരിയാൻ പാടില്ലെന്നും അവളുടെ ശരീരം കാക്കാനുള്ള സാമാന്യബോധം എങ്കിലും ഓരോ അവളുമാർക്കും ഉണ്ടാകണമെന്നും അല്ലെങ്കിൽ കഷായവും ജ്യുസും കുടിക്കേണ്ടതായും കുടിപ്പിക്കേണ്ടതായും വരുമെന്നും ഏതു നിമിഷവും നിലച്ചു പോയേക്കാവുന്ന ബന്ധങ്ങളാണ് ഏറെയും ഈ ലോകത്തിൽ എന്ന് അവനോടും അവളോടും പ്രോഗ്രസ് റിപ്പോർട്ട് ഒപ്പിടുമ്പോൾ കണ്ണുരുട്ടാൻ കാണിക്കുന്ന അതിലേറെ ശുഷ്‌കാന്തിയോടെ തത്തമ്മേ പൂച്ച പൂച്ച കണക്കേ പിള്ളേരോട് ഓരോ മാതാപിതാക്കളും ഉരുവിട്ടാൽ അത്രയെങ്കിലും നമുക്ക് സ്വയം ആശ്വസിക്കാം.നമ്മൾ പറഞ്ഞു കൊടുക്കാഞ്ഞിട്ടോ ശ്രദ്ധിക്കാഞ്ഞിട്ടോ അല്ലല്ലോ ഇതൊക്കെ ഉണ്ടായത് എന്ന് എങ്കിലും!!
എഴുതിയത് : ഷബ്‌ന ഫെലിക്സ്