കുഞ്ഞുങ്ങൾ വെളുത്തിരിക്കാൻ വേണ്ടി കൂടിയാണ് ചേട്ടൻ വെളുത്ത എന്നെ കല്യാണം കഴിച്ചത്. ഇവൾ ജനിച്ചപ്പോൾ കണ്ടിട്ട് ചേട്ടൻ ആദ്യം പറഞ്ഞത് ‘അയ്യോ, വെളുത്ത കൊച്ചല്ലയോ’ എന്നാണ്!രൂപത്തിലും നിറത്തിലും അച്ഛന്റെ തനിപ്പകർപ്പായ അവളെ പറ്റി അമ്മ ബന്ധുക്കളോട് വിവരിക്കുന്നതു കേട്ടപ്പോളാണ് തനിക്കെന്തോ കുറവുണ്ട് എന്നാ ബാലിക ചിന്തിച്ചു തുടങ്ങിയത്. അപകർഷതാ ബോധത്തിന്റെയും ആത്മവിശ്വാസക്കുറവിന്റേയും വീഥികളിലൂടെ അവളുടെ ജീവിത യാത്ര അങ്ങനെ വഴി തിരിച്ചുവിടപ്പെട്ടു.കൗമാരത്തിൽ മനസ്സിൽ മോഹപ്പൂക്കൾ വിരിയിച്ചവൻ വെറുപ്പോടെ മുഖം തിരിച്ചപ്പോൾ വിടരും മുൻപേ കൊഴിഞ്ഞ തന്റെ പ്രണയ പുഷ്പം അവളെ വീണ്ടും തളർത്തി യൗവനത്തിൽ ആദ്യമായ് പെണ്ണുകാണാൻ വന്ന വെളുത്തു ചുവന്ന സുന്ദര പുരുഷനു മുൻപിൽ അവൾ പ്രതീഷകളില്ലാതെ നിർവികാരയായ് നിന്നു . പെണ്ണിനെ ഇഷ്ടപെട്ടുവെന്ന് അറിയിപ്പു ലഭിച്ചപ്പോൾ ആദ്യം ഞെട്ടിയത് അവൾ തന്നെയാണ്.ചേച്ചിയെ എങ്ങനെ ഇഷ്ടപ്പെട്ടോ എന്തോ?” അനിയന്റെ വക സംശയം അവൾക്കും ഉണ്ടായിരുന്നു.
അവർക്കു വെളുത്തു മെലിഞ്ഞ പെണ്ണിനെ ആയിരുന്നല്ലോ വേണ്ടിയിരുന്നത്, പിന്നെ ഇതെങ്ങനെ ശരിയായി?” ബന്ധുക്കളുടെ സംശയവും മാറിയിരുന്നില്ല .മോളേ, നന്നായി റോസ് പൗഡർ ഒക്കെ ഇട്ടിട്ടു പോകണേ, അവന്റെ കൂട്ടുകാരന്റെ ഭാര്യ നല്ല സുന്ദരിആണ്..”വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂട്ടുകാരന്റെ വീട്ടിൽ വിരുന്നിനു പോകാൻ ഒരുങ്ങവേ അമ്മായിയമ്മ വന്നു പറഞ്ഞപ്പോൾ അവൾക്കു മനസ്സിലായി സാഹചര്യങ്ങൾ ഒന്നും മാറാൻ പോകുന്നില്ല എന്ന്.പക്ഷെ, വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഒന്നിൽ, പുലരി വെളിച്ചത്തിൽ, നെഞ്ചോട് ചേർന്നു കിടക്കുന്ന തന്നെ കണ്ണിമയ്ക്കാതെ ഉറ്റുനോക്കുന്ന ഭർത്താവിനോട് അവൾ അല്‌പം ആകാംക്ഷയോടെ തന്നെ ചോദിച്ചു.എന്താ ഇങ്ങനെ നോക്കുന്നത് ?എന്റെ ഭാര്യയെ എനിക്ക് നോക്കിക്കൂടെ?അദ്ദേഹത്തിന്റെ കണ്ണുകളിൽ വിരിഞ്ഞ ഭാവം അവൾക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല.എന്നാലും.എന്നെ ശരിക്കും ഇഷ്ടപ്പെട്ടു തന്നെയാണോ കല്യാണം കഴിച്ചത് എന്ന ചോദ്യം അവളുടെ കണ്ഠത്തിൽ നിന്നും പുറത്തു വരാൻ മടിച്ചു.
നിന്നെ കാണാൻ നല്ല കിളി പോലെ ഇരിക്കുന്നു അയാൾ അവളുടെ കാതോരം മൊഴിഞ്ഞു.വർഷങ്ങളുടെ അപകർഷതാബോധത്താൽ നിസ്സഹായമായ അവളുടെ മനസ്സിനു അത് അവിശ്വസനീയമായിരുന്നു.ഏതു കിളി കാക്ക കിളിയാണോ?? അറിയാതെ ചോദിച്ചു പോയി.ലോകത്തിലെ ഏറ്റവും ഭംഗിയുള്ള എന്റെ പഞ്ചവർണ്ണക്കിളി ചിരിച്ചു കൊണ്ടു പറഞ്ഞയാൾ ചുംബനപ്പൂക്കൾ വർഷിച്ചപ്പോൾ അവളുടെ മനസ്സും മിഴികളും നിറഞ്ഞു തുളുമ്പി.ആ ഒരൊറ്റ വാക്യത്തിൽ അവൾ മറ്റൊരാളായി മാറുകയായിരുന്നു ആഗ്രഹങ്ങളും സ്വപനങ്ങളും ഉള്ള, അവ പൂർത്തീകരിക്കുവാൻ ആത്മവിശ്വാസമുള്ള ഒരുവളായി ഇപ്പോൾ, ഇരുപത് വർഷങ്ങൾക്കിപ്പുറവും അവൾ അയാളുടെ പഞ്ചവർണ്ണക്കിളി തന്നെയാണ്.അയാൾ അവൾക്ക് ഉയർന്നു പറക്കാനുള്ള ആകാശവും.
എഴുതിയത് : ശിവശക്തി