ജോലി കഴിഞ്ഞു വീട്ടിലേക്ക് എത്തുന്ന സമയം മതിലിൽ ഒരാൾ പതുങ്ങി നിൽക്കുന്നു കാര്യം അറിഞ്ഞപോ ഞെട്ടി ഒരിക്കലും പ്രതീക്ഷിക്കാത്തതു കുറിപ്പ്

EDITOR

രാത്രി പത്തു മണിയോടെ ഓഫീസ് ജോലികൾ എല്ലാം തീർത്ത്, സ്റ്റേഷന്റെ ചാർജ്ജ് ഹെഡ് കോൺസ്റ്റബിളിനെ ഏൽപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാൻ. വിജനമായ വഴിയിൽ ഡോക്ടർ രവീന്ദ്രൻെറ മതിലിനോട് ചേർന്ന് ഒരുവൻ നിൽക്കുന്നു. പുറംതിരിഞ്ഞ് നിന്ന കാരണം ആളെ വ്യക്തമായില്ല. അവനെ കാണാത്ത പോലെ ഞാൻ കാറോടിച്ചു പോയി.തൊട്ടടുത്ത വളവു തിരിഞ്ഞതും കാർ നിർത്തി ലൈറ്റ് ഓഫ് ചെയ്തു. ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി ഡോക്ടറുടെ വീട് ലക്ഷ്യമാക്കി നടന്നു. അവൻ മതിൽ ചാടാനുള്ള ശ്രമമാണ്. ഒരു പൂച്ചയെപ്പോലെ ഞാനവനെ പിന്തുടർന്നു. പതുക്കെ രവീന്ദ്രൻ ഡോക്ടറെ ഫോൺ വിളിച്ചു.അകത്ത് ആളുണ്ടെങ്കിൽ കരുതിയിരിക്കാൻ പറയാമല്ലോ. ഡോക്ടർ ദൂരെയുള്ള ഭാര്യവീട്ടിൽ ആണ്. നാളെ കാലത്തേ വരൂ. അപ്പോൾ വീട്ടിൽ ആളില്ലെന്നറിഞ്ഞ വ്യക്തിയാണ്. അവൻ മതിൽ ചാടി അടുക്കള ഭാഗത്തേക്ക് നീങ്ങി. ഞാനും മതിൽ ചാടി മറുവശത്തു കൂടി അടുക്കള ഭാഗത്ത് എത്തി. അവൻ പുകക്കുഴൽ വഴി മുകളിലേക്ക് കയറാനുള്ള ശ്രമമാണ്. എന്നിലെ പോലീസുകാരൻ ഉണർന്നു. ഓടി അവൻെറ കാലിൽ പിടിച്ചു വലിച്ചു. അവൻ ഉരസി താഴെ എത്തി.

കുതറി ഓടാൻ ഒരു ശ്രമം നടത്തിയെങ്കിലും കത്രിക പൂട്ട് എന്ന് കളരിമുറയിൽ ഞാൻ അവനെ അനങ്ങാനാവാത്ത വിധം നിർത്തി. അടുക്കള ഭാഗത്ത് കണ്ട തോർത്തെടുത്ത് അവൻെറ രണ്ടു കൈകളും പിന്നിലേക്ക് കെട്ടി കാറിനടുത്തേക്ക് നടത്തി. കേവലം പതിനഞ്ച് വയസ്സുള്ള ഒരു കുട്ടിയായിരുന്നു അവൻ. ഞാൻ അവനെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി.നഗരത്തിലെ വൻ മോഷണ റാക്കറ്റിന്റെ ഒരു കണ്ണിയായിരുന്നു അവൻ. ഞാൻ, എസ്ഐ ആണെന്നറിഞ്ഞപ്പോൾ നിസ്സഹായനായി അവൻ കാര്യങ്ങൾ പറഞ്ഞു. ആദിത്യൻ എന്നാണ് പേര്.സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി. അച്ഛൻ ജയിലിൽ ആണ്. സ്കൂൾ പരിസരത്ത് കടലബർഫിയും, മറ്റുമിഠായികളും കച്ചവടം നടത്തുന്ന തള്ളു വണ്ടിക്കാരൻ ആണ് അവന് ആദ്യമായി ആ മിഠായി നൽകിയത്. വേദനയോ, വിഷമങ്ങളോ ഒന്നുമറിയാത്ത ഒരു അവസ്ഥ, എന്തിനും ധൈര്യം തോന്നുന്ന അവസ്ഥ, ആ മിഠായി കഴിക്കുന്നതിലൂടെ അവന് കിട്ടിയിരുന്നു. ദിവസേന ആ മിഠായി കിട്ടാൻ അവൻ ആ കടക്കാരനെ സമീപിച്ചു. ആദ്യ രണ്ടു മൂന്നു ദിനങ്ങളിൽ വെറുതെ കൊടുത്തത്, പിന്നീട് കാശ് വേണമെന്നായി. കാശില്ലെങ്കിൽ അവർ പറയുന്ന ഏതെങ്കിലും ജോലി ചെയ്യാൻ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് മോഷണ രംഗത്തേക്ക് അവൻ വരുന്നത്. പൂട്ടിക്കിടക്കുന്ന വീടുകളുടെ വിവരം കടലവണ്ടിക്കാരൻ അവന് പറഞ്ഞു കൊടുക്കും.

അന്ന് രാത്രി ആ വീട്ടിൽ കയറി, ജനലിലൂടെയോ മറ്റോ അകത്തു കടക്കുകയും മുൻവശത്തെയോ അല്ലെങ്കിൽ പുറകുവശത്തെയോ വാതിൽ തുറന്നു കൊടുക്കുകയും മാത്രമാണ് അവൻ ചെയ്യേണ്ടത്. കുറച്ച് പൈസയും മിഠായികളും അവനു നൽകിയാണ് ആ സംഘം പോകാറുള്ളത്. ഇത് അവൻെറ മൂന്നാമത്തെ ഉദ്യമമാണ്. അപ്പോഴേക്കും അവൻെറ ഫോൺ റിങ്ങ് ചെയ്തു. ഞാൻ പറഞ്ഞു കൊടുത്തപോലെ “രണ്ടുമണിക്ക് എല്ലാം ഓക്കെ” എന്ന് മാത്രം അവൻ പറഞ്ഞു. ഞാൻ സ്പെഷ്യൽ സ്ക്വാഡിനെ വിവരമറിയിച്ച്, ആവശ്യമുള്ളത്ര പോലീസുകാരെ വരുത്തി, ആ വീടിൻെറ പല ഭാഗത്തായി ഒളിപ്പിച്ചു നിർത്തി.കൃത്യം രണ്ടു മണിയായപ്പോൾ ഒരു പിക്കപ്പ് ജീപ്പ്, ഗേറ്റിന്റെ സമീപത്തു വന്നു. അതിൽ നിന്നും ബലിഷ്ഠരായ മൂന്നുപേർ ചാക്കുകളുമായി പുറത്തിറങ്ങി, മതിൽ ചാടി വീടിനകത്തേക്ക് വന്നു. ഞാനും പോലീസുകാരും വളരെ തന്ത്രപരമായി അവരെ പിടികൂടി. അങ്ങനെ ആ പ്രദേശത്തുള്ള വലിയ മോഷണ പരമ്പരകൾ അവസാനിച്ചു. പിറ്റേന്ന് കടല വണ്ടിക്കാരനേയും, അവനിലൂടെ കുറച്ചു മയക്കുമരുന്ന് വിൽപ്പനക്കാരേയും അറസ്റ്റ് ചെയ്തു തുറങ്കിലടച്ചു.മയക്കുമരുന്നു ലോബിയുടെ ഒരു ശാഖ അങ്ങനെ അവസാനിപ്പിച്ചു.ആദിത്യനെ ദുർഗുണ പരിഹാര പാഠശാലയിൽ ചേർത്ത് പഠിപ്പിച്ചു. കുറച്ചു ദിവസങ്ങളിൽ ആദിത്യന് പ്രയാസമുണ്ടായെങ്കിലും ക്രമേണ അവൻ നല്ല മിടുക്കനായി. ഒരു അപഥ സഞ്ചാരിയെ നേർവഴിയിൽ ആക്കിയ ചിരിതാർത്ഥ്യത്തോടെ ഈ ഡയറിക്കുറിപ്പ് അവസാനിപ്പിക്കുന്നു.