ലേബർ റൂമിൽ അവൾ കാലുയർത്തി ഡോക്ടറിനെ ഒരു ചവിട്ട് കുഞ്ഞു പോയി നിന്നെയെങ്കിലും രക്ഷിക്കാൻ ആണ് ഞങ്ങൾ ഈ പാടുപെടുന്നെ എന്ന് അവർ ശേഷം

EDITOR

2020 മെയ്‌ 20 രാത്രി ആശുപത്രിയുടെ ഒന്നാം നിലയുടെ വരാന്തയിലൂടെ അമ്മ എന്നെ തേരാ പാരാ നടത്തിച്ചു. ഒടുവിൽ സിസ്റ്റർ വന്നു പറഞ്ഞു രഹന പോയി കിടന്നേ പുലർച്ചെ എഴുന്നേൽക്കാൻ ഉള്ളതാണ്.വന്ന് കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല.എപ്പഴോ ഒന്ന് മയങ്ങി വന്നപ്പോഴേക്കും അമ്മ വിളിച്ചു  കൊച് മണി 3 ആയടി എന്ന് എഴുന്നേറ്റ് ഫ്രഷ് ആയി. വാർഡിൽ നിന്ന് എന്നോടൊപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു അതെ ടൈമിൽ. സിസ്റ്റർ വിളിച്ചു എനിമ എടുക്കാനാണ്. എനിമ വച്ചു കൂടെ ഉണ്ടായിരുന്ന കുട്ടി അപ്പൊ തന്നെ വാഷ് റൂമിലേക്ക് ഓടി.അമ്മ എന്നോട് ചോദിച്ചു നിനക്ക് ഒന്നും തോന്നുന്നില്ലേ എന്ന്.കൂട്ടിനു അവിടെ ഉണ്ടായിരുന്ന മറ്റൊരു ബൈ സ്റ്റാൻഡർ ചേച്ചിയും ഉണ്ടായിരുന്നു അവർ പണ്ട് അവർക്ക് എനിമ വച്ചതും നിന്ന നിലയിൽ ബാത്‌റൂമിലേക്ക് ഓടിയ കഥയുമൊക്കെ പറയാൻ തുടങ്ങി.ഒരു 10 മിനിറ്റ് ആയിട്ടുണ്ടാവും എന്റെവയറ്റിലും ഒരു യുദ്ധം നടക്കണ പോലെ അങ്ങനെ വയറൊക്കെ ക്ലീൻ ആയി വെള്ളമുണ്ടും ബ്ലൗസും ഇട്ട് മുടി ഇരുവശത്തേക്കും പിന്നി ഇട്ടു. മെഡിക്കൽ റെക്കോർഡ്സ് കയ്യിൽ എടുത്തു കട്ടിലിൽ ഇരുന്നു. അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി. താഴെ വെയ്റ്റിംഗ് ഷെഡിൽ മായമ്മ ഉണ്ടായിരുന്നു. ഇന്നലെ അവരോടൊപ്പം പോകാൻ ആവതും പറഞ്ഞതാണ്.

രാവിലെ വന്നാൽ മതി എന്ന് പറഞ്ഞിട്ട് കേട്ടില്ല എന്റെ മോളിവിടെ കിടക്കുമ്പോ അമ്മക്ക് അവിടെ കിടന്നുറങ്ങാൻ പറ്റുമോ എന്നായിരുന്നു മറുപടി. പിന്നെ അധികം നിർബന്ധിച്ചില്ല. വാർഡിൽ കൂടെ ഒരാളെ മാത്രമേ നിൽക്കാൻ അനുവദിക്കു അതിനാൽ അമ്മയ്ക്ക് താഴെ വെയ്റ്റിംഗ് റൂമിൽ ഇരിക്കേണ്ടി വന്നു.അമ്മ ഫോൺ അറ്റൻഡ് ചെയ്തു. അമ്മാ ഞാൻ ലേബർ റൂമിലേക്ക് പോകുവാണേ അമ്മയുടെ മറുപടി മോള് പേടിക്കുകയൊന്നും വേണ്ട, അവർ ഇപ്പൊ വരും ഞങ്ങൾ എല്ലാം ഇവിടെത്തന്നെ ഉണ്ട്. ധൈര്യമായി പോയിട്ടുവാ..ഫോൺ വച്ചതും സിസ്റ്റർ വന്നു ഫയൽ വാങ്ങി പിന്നാലെ നടന്നോളാൻ പറഞ്ഞു. ഞാൻ അമ്മയെ നോക്കി തലകുലുക്കി. കൂടെ ഉണ്ടായിരുന്ന കുട്ടിയെ മുന്നിൽ നടത്തി ഞാൻ പിന്നാലെ നടന്നു.അങ്ങനെ 4 മണിക്ക് തന്നെ ലേബർ റൂമിനു ഉള്ളിൽ എത്തി. എന്റെ ഓർമ ശെരിയാണങ്കിൽ ഇരുവശത്തും കൂടി 8 ടേബിളുകൾ ആണ് ഉണ്ടായിരുന്നത്. വലത് വശത്തെ 4 മത്തെ ടേബിൾ ചൂണ്ടി കാട്ടി ഡോക്ടർ പറഞ്ഞു മോള് അങ്ങോട്ട് കിടന്നോളു എന്ന്. അവിടെ ക്ലീനിങ്ങിന് നിക്കുന്ന ചേച്ചി മേശ പുറത്തേക്ക് കയറാൻ എന്നെ ഹെല്പ് ചെയ്തു. എന്നിട്ട് മേശയുടെ ഇരു വശത്തും ഹാൻഡിൽ ഫിറ്റ്‌ ചെയ്തു. ഞാൻ അവിടെ കിടന്നു ആ റൂം ആകെ നോക്കി. അമ്മ എന്നോട് പറഞ്ഞിരുന്നു കിഴക്കേ ഭിത്തിക്ക് അപ്പുറത്തായി തുയ്യം വേളാങ്കണ്ണി മാതാവ് നോക്കി തന്നെ ഉണ്ട്.

പ്രാർത്ഥിച്ചു കൊണ്ട് കിടന്നാൽ മതി എന്ന്. ഒരു നിമിഷം മാതാവിനെ മനസ്സിൽ ഓർത്തു എന്നാൽ അടുത്ത നിമിഷം തന്നെ എന്റെ ശ്രദ്ധ ആ റൂമിലേക്ക് തിരിച്ചു വന്നു.ഒരു മെയിൻ ഡോക്ടർ,2അസിസ്റ്റന്റ്സ് 2-3സിസ്റ്റർ മാർ പിന്നെ ക്ലീനിങ്ങിന് നിക്കുന്ന ചേച്ചി ഉൾപ്പെടെ 6/7 പേർ. ഞങ്ങള് ചെല്ലുമ്പോ 3 ടേബിളിൽ ആളുണ്ടായിരുന്നു. എതിർ വശത്തു അങ്ങേയറ്റം ടേബിളിൽ കിടന്ന പെൺകൊച്ചു ഞങ്ങൾ ചെന്ന സമയം തൊട്ട് അസ്വസ്ഥയാണ്. ഒരുപാട് വൈകാതെ എനിക്ക് മനസ്സിലായി അതിനു മാനസികമായി എന്തോ പ്രശ്നം ഉള്ള കുട്ടി ആണന്നു.കാരണം അത് വല്ലാണ്ട് ബഹളം വക്കുന്നുണ്ടായിരുന്നു. ഡോക്ടർ മാരോ സിസ്റ്റേഴ്സോ അടുത്ത് ചെല്ലാനും സമ്മതിക്കുന്നില്ല. ആകെ ബഹളം. അതൊക്ക കണ്ടു കൊണ്ട് അങ്ങനെ കിടക്കുമ്പോഴാണ്ഒരു കുട്ടിയെ വീൽചെയറിൽ കൊണ്ട് വന്നത്.വന്നു ഒരു അഞ്ച് മിനിറ്റിനുള്ളിൽ അത് പ്രസവിച്ചു. അതിനു തൊട്ടടുത്ത നിമിഷം തന്നെ അവിടെ ഉണ്ടായിരുന്ന മറ്റൊരു കൊച്ചും പ്രസവിച്ചു. വെറും 4മിനിറ്റിന്റെ വ്യത്യാസം ഒന്ന് 5.24മറ്റേതു 5.28…!അത് രണ്ടും കഴിഞ്ഞ് റൂം ഒന്ന് ശാന്തമായെങ്കിലും ഇടതുവശത്തു അങ്ങേ ടേബിളിൽ കിടന്ന ഞാൻ നേരത്തെ പറഞ്ഞ ആ പെൺകൊച്ചു വീണ്ടും കിടന്ന് അലറി വിളിച്ചു.

ഡോക്ടർ നോക്കാനായി ചെന്നതും പെട്ടന്ന് അവൾ കാലുയർത്തി ഡോക്ടറിനെ ഒരു ചവിട്ട്. ക്ലീനിങ്ങിന് നിക്കുന്ന ചേച്ചി ആ കാലിനു നല്ലൊരു അടി വച്ചു കൊടുത്തു,അത് ആവശ്യം തന്നെ എന്ന് എനിക്ക് തോന്നി. അഹങ്കാരമല്ലേ അവൾ കാണിച്ചത്. തീരെ പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് ഡോക്ടറും ഒന്ന് പതറിപോയി. എല്ലാരും ഒരുപാട് വഴക്ക് പറഞ്ഞു. വയറ്റിൽ കുഞ്ഞ് മ   രിച്ചു കിടക്കുകയാണ്, നിന്നെയെങ്കിലും രക്ഷിക്കാൻ ആണ് ഞങ്ങൾ ഈ പാടുപെടുന്നെ.എന്നാ പിന്നേ അവിടെ കിടന്ന് വേദന തിന്ന്” എന്നൊക്കെ പറഞ്ഞുഡോക്ടർ മാറി നിന്നു.അതൊക്കെ കണ്ടു അമ്പരന്നും മാതാവിനെ വിളിച്ചും ഞാൻ അങ്ങനെ കിടന്നു. സമയം കടന്നുപോയിക്കൊണ്ടിരുന്നു ഡ്യൂട്ടി ഡോക്ടർ മാറി. ഇല്ലെ മെന്റൽ കൊച്ചിന്റെ ബഹളം മറ്റുള്ളവർക്കും ഒരു ബുദ്ധിമുട്ട് ആകുന്നല്ലോ എന്ന് പറഞ്ഞു ഇപ്പൊ വന്ന ഡോക്ടർ അതിനെ മറ്റൊരു റൂമിലേക്ക് മാറ്റി.അങ്ങനെ ലേബർ റൂം ശാന്തമായി. പെട്ടന്നാണ് രഹനെ മോളെ എന്നൊരു വിളി കേട്ടത്. താര ചേച്ചി ആണ്. കേരളപുരത്തു നമ്മുടെ വീടിന്റെ അടുത്തുള്ളതാണ്. OT യിൽ ഡ്യൂട്ടി ക്ക്‌ നിക്കുകയാരുന്നു. മായമ്മ വിളിച്ചു പറഞ്ഞിട്ട് എന്നെ നോക്കാൻ വന്നതാണ്. കുഴപ്പമൊന്നുമില്ലല്ലോ. പേടിക്കുകയൊന്നും വേണ്ട എന്തേലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഇവരെ ആരെലേം വിളിച്ചു പറഞ്ഞാൽ മതി കെട്ടോ. എനിക്ക് തിയേറ്ററിൽ ആണ് ഡ്യൂട്ടി ഇവിടെ നിൽക്കാൻ പറ്റില്ല ഞാൻ അമ്മയെ വിളിച്ചു പറഞ്ഞേക്കാം കുഴപ്പമൊന്നുമില്ല എന്ന്. അത്രയും പറഞ്ഞു താര ചേച്ചി പോയി.

സത്യം പറഞ്ഞാൽ ആ സമയത്തൊന്നും എനിക്ക് തീരെ പേടി തോന്നിയില്ല കേട്ടോ .കണ്ണുകൾ മയങ്ങി വരുന്നപോലെ അതെ എനിക്ക് ശെരിക്കും ഉറക്കം വരുകയാണ്. മാസം തികഞ്ഞു വരുമ്പോ പകല് കിടന്ന് ഉറങ്ങരുതേ എന്ന് ആരോ പറഞ്ഞത് മനസ്സിൽ ഓർമ വന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ഉറക്കത്തിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്..!എത്ര ശ്രമിച്ചാലും അതുമാത്രം പിടിച്ചുനിർത്താൻ എന്നെകൊണ്ട് പറ്റുകേല. എങ്കിലും ആരേലും കണ്ടാൽ മോശമല്ലേ എന്നോർത്തു ഇടയ്‌ക് കണ്ണ് വലിച്ചു തുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ. അതിനിടക്കാണ് എന്റെ കൂടെ ലേബർ റൂമിലേക്ക് വന്ന കൊച്ചിനോട് ഡോക്ടർ എന്തോ പറയുന്നത് ശ്രദ്ധിച്ചത്. ആ കുട്ടിക്ക് ഹാർട്ടിനു സർജറി ചെയ്തിട്ടുള്ളതാണ് അതുകൊണ്ട് തന്നെ നോർമലിന് വെയിറ്റ് ചെയ്യാതെ cs നു വിടട്ടെ എന്ന് ചോദിക്കുകയായിരുന്നു ഡോക്ടർ.അത് കേട്ടതും ആ കൊച്ചിന്റെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു.എനിക്കാണേൽസിസ്സേറിയൻ എന്ന് കേൾക്കുന്നതേ പേടിയാണ് . വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ ഒരായിരം ദൈവങ്ങളെ വിളിച്ചു എന്നെ കത്തി കൊണ്ട് മുറിവേൽപ്പിക്കാതെ ഞങ്ങളെ രണ്ടു കരയിലാക്കി തരണേ എന്ന്. ട്രിപ്പ്‌ വളരെ പതുക്കെയാണ് ഇട്ടിരിക്കുന്നത് ഞാൻ വീണ്ടും മയക്കത്തിലേക്ക് പോയിയും വന്നുമിരുന്നു. ആ മയക്കത്തിനിടയിൽ വീണ്ടും രഹനെ മോളേ ഡാ.

എന്നൊരു വിളി കേട്ടു. ഇത്തവണ വിളിച്ചത് അഖില ചേച്ചി ആണ്. ചേട്ടത്തിയുടെ ആങ്ങള കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണ്. ഞങ്ങൾ തമ്മിൽ പരിചയം ഒന്നുമുണ്ടായിരുന്നില്ല. ഞാൻ അഡ്മിറ്റ്‌ ആയ വിവരം ചേട്ടത്തി വിളിച്ചു പറഞ്ഞിരുന്നു.അഖിലേച്ചി എന്നോട് സംസാരിച്ചിട്ട് ഡോക്ടറോടും വിവരങ്ങൾ തിരക്കി. ഒന്നുമായില്ല എന്ന് ഡോക്ടർ പറയുന്നത് ഞാനും കേട്ടു. ന്യൂ ബോൺ ബേബീസിന്റെ കേൾവി പരിശോധിക്കുന്നിടത്താണ് ചേച്ചിക്ക് ഡ്യൂട്ടി. ഉച്ചക്ക് ഡ്യൂട്ടി കഴിയുമ്പോ വരാം. എന്ന് പറഞ്ഞിട്ട് ചേച്ചിയും പോയി.ഞാൻ അവിടെ ഉണ്ടായിരുന്ന ക്ലോക്കിലേക്ക് നോക്കി പത്ത് മണി കഴിഞ്ഞു. നാല് മണിക്ക് വന്ന് കിടന്നതാ ചെറിയൊരു നോവ് പോലും തോന്നുന്നില്ലല്ലോ ഈശ്വരാ.. ഞാൻ ഈ റൂമിലേക്ക് വന്നപ്പോ ഉണ്ടായിരുന്നവർ ആരും ഇപ്പൊ ഇവിടെ ഇല്ല. എല്ലാവരും കാര്യം കഴിഞ്ഞു പോയിരിക്കുന്നു. പുതുതായി രണ്ട് പേർ വന്നു ചേർന്നിട്ടുമുണ്ട്.ഇടക്കെപ്പോഴോ ഡോക്ടർ വന്ന് ഉള്ള് പരിശോധിച്ചു ഫ്ലൂയിഡ് പൊട്ടിച്ചുകളഞ്ഞു. എനിക്ക് വേദന തോന്നിപ്പിക്കാൻ മാതാവിനോട് പ്രാർത്ഥിച്ചു ഞാൻ കണ്ണുകൾ അടച്ചു കിടന്നു.
പിന്നീട് ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അതാ എന്റെ മുന്നിൽ എന്റെ കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കി കൊണ്ട് ഒരു കുഞ്ഞാവ. എന്റെ ചുണ്ടുകളിൽ ഒരു ചിരി പടർന്നു. ഞങ്ങൾ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു.എട വാവേ നീ ഇപ്പൊ ജനിച്ചതല്ലേയുള്ളു ഇങ്ങനെ തുറിച്ചു നോക്കാമോ.

ആ നോട്ടം അതെന്നെ വല്ലാണ്ട് സന്തോഷിപ്പിച്ചു.ആരുടെ കുഞ്ഞാണന്നു പോലും അറിയില്ല.ഞാൻ കിടക്കുന്ന ടേബിളിന്റെ തൊട്ടടുത്തായിട്ടാണ് കുഞ്ഞിനെ കിടത്തിയ ആ ചില്ലുകൂട്. നേരത്തെ ജനിച്ച കുഞ്ഞുങ്ങളെയും അതിൽ കൊണ്ട് വന്നു കിടത്തിയിരുന്നു എന്നാൽ ഇങ്ങനെ ഒരു നോട്ടം അവർ ആരും എന്നെ നോക്കിയില്ല. ഞങ്ങളെങ്ങനെ കണ്ണും കണ്ണും നോക്കി കളിക്കുമ്പോഴാണ് ആ ചില്ലുകൂടിന് അസൂയ തോന്നി അത് ബീപ് സൗണ്ട് ഉണ്ടാക്കുന്നത്. ആ സൗണ്ട് കേട്ടതും സിസ്റ്റർ വന്ന് ആ കുഞ്ഞിനെ എടുത്തോണ്ട് പോയി.പിന്നെയും സമയം കടന്നു പോയികൊണ്ടിരുന്നു. തണുപ്പ് ശരീരത്തെ മരവിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഉള്ളു കിടുങ്ങുന്നു. വേദന ഉണ്ടോ കരയാൻ തോന്നുന്നോ അതെ എന്റെ കണ്ണുകൾ നിറയുന്നുണ്ട്.”ആ .. അമ്മേ…. “ഇല്ല ശബ്ദം പുറത്തേക്ക് വന്നില്ല മനസ്സിൽ അമ്മയെ വിളിച്ചുകൊണ്ടേയിരുlന്നു. സിസ്റ്റർ കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് നോക്കാൻ വന്നപ്പോ ഞാൻ പറഞ്ഞു. സിസ്റ്ററെ.. എനിക്ക്..എനിക്ക് ഈ തണുപ്പ് പറ്റുന്നില്ല, കിടുങ്ങുന്നു. ശെരിക്കും എന്റെ ശരീരം മരവിക്കാൻ തുടങ്ങി മണിക്കൂറുകൾ ആയില്ലേ ആ തണുപ്പിൽ കിടക്കാൻ തുടങ്ങിയിട്ട് സിസ്റ്റർ ഒരു പുതപ്പ് കൊണ്ട് വന്ന് എന്നെ പുതപ്പിച്ചു. ഡോക്ടർ എ സി ഓഫ്‌ ചെയ്യാൻ പറഞ്ഞു. എനിക്ക് വയറു വേദനിക്കുന്നു ഞാൻ അമ്മാ..എന്ന് വിളിച്ചു കൊണ്ടേയിരുന്നു. ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞു അഖിലേച്ചി വന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്ന എന്റെ അരികിൽ തന്നെ നിന്നു എന്റെ വയറ്റിൽ കൈ വച്ചു തടവി തന്നു. ചെറിയൊരു ആശ്വാസം തോന്നുന്നു.

സമയം കടന്നുപോയിക്കൊണ്ടിരുന്നു. തലേ രാത്രിയിൽ ആഹാരം കഴിച്ചതാണ്. ഇപ്പൊ നാല് മണി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇവിടെ ഇങ്ങനെ ഒരേ കിടപ്പു തുടങ്ങിയിട്ട് മണിക്കൂർ 12 കഴിഞ്ഞു. വേദന കൊണ്ട് കരഞ്ഞിട്ടും ഇനിയും സമയം ആയില്ലന്നാണ് പറയുന്നേ. കുറച്ചു സമയം കഴിഞ്ഞ് ഹാർട്ട്‌ ബീറ്റ് നോക്കാൻ വന്ന സിസ്റ്റർ ഡോക്ടറെ അടുത്തേക്ക് വിളിച്ചു അവർ എന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല ഞാൻ അത്രക്കും ക്ഷീണിച്ചിരുന്നു. ഇത്തിരി കഴിഞ്ഞ് ഡോക്ടർ എന്റടുത്തു വന്നു , രഹനാ നമ്മള് മാക്സിമം നോർമലിന് ശ്രമിക്കുകയായിരുന്നു. നോർമൽ നടക്കില്ല എന്നല്ല പക്ഷെ അതിനു ഇനിയും സമയം എടുക്കും ഒരു ചാൻസ് എടുക്കാൻ നിക്കണോ ഇപ്പൊ തന്നെ താൻ ഒരുപാട് ക്ഷീണിച്ചു cs നു വിടട്ടേടാ.. എന്ന് ചോദിച്ചു. മറുത്തൊന്നും പറയാൻ എനിക്ക് കഴിയുമായിരുന്നില്ല. വേദന അസഹ്യമായിരുന്നു. ഇനിയും സമയം എടുക്കുമെന്ന് പറയുമ്പോൾ എങ്ങനെയെങ്കിലും രണ്ട് കര എത്തിയാൽ മതി എന്നായി എന്റെ മനസ്സിൽ.5.30ഓടെ എന്നെയും കൊണ്ട് സ്ട്രക്ചർ ലേബർ റൂമിന് പുറത്തിറങ്ങി.അപ്പോഴേക്കും ഒരു മൂളൽ മാത്രമായി എന്റെ റിയാക്ഷൻ. അമ്മേ എന്ന് ഉറക്കെ വിളിക്കാൻ പോലും പറ്റാത്ത രീതിയിൽ ആയി ഞാൻ.

ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ രണ്ട് അമ്മമാരും ഉണ്ടായിരുന്നു. എന്നെ കണ്ടതും അവരുടെ മുഖം വല്ലാതെ ആയി. എന്റെ അമ്മമാർ എന്റെ മുന്നിൽ ധൈര്യം കാണിക്കുകയാണ്. ഒന്നുമില്ല.. ഒന്നുമില്ലാ.. എന്ന് എന്നെ സമാധാനിപ്പിക്കുകയാണ്.
ഓപ്പറേഷൻ തീയേറ്ററിനോട് ചേർന്നുള്ള വലിയൊരു ഹാളിൽ ആണ് ഞാനിപ്പോ. കുറേ നേരമായി വന്നിട്ട് വേദന അസഹ്യമായി തുടരുന്നു അഖിലേച്ചി അല്ലാതെ ആരും അടുത്തില്ല. ചേച്ചിയുടെ കൈ മുറുകെ പിടിച്ചു എങ്ങനെയോ ചോദിച്ചു എന്താ ചേച്ചീ ആരും വരാത്തെ എന്ന്.ഇപ്പൊ വരുമെടാ എന്ന് പറഞ്ഞു. ക്യാഷ്വാലിറ്റി യിൽ ഒരു എമർജൻസി വന്നിട്ട് ഡോക്ടർസ് എല്ലാം അങ്ങോട്ട് പോയിരിക്കുകയാണ്. അതിനിടക്ക് ആ പേഷ്യന്റിന് കൊറോണ ആണ് എന്നൊരു വാർത്തയും പരന്നിരുന്നു. അവരെ വേറെ ഹോസ്പിറ്റലിലേക്ക് വിട്ടു. എങ്കിലും അപ്പൊ ഡ്യൂട്ടിയിൽ നിന്ന ഡോക്ടർമാർ മാറണം എന്നും ആയി.മുക്കിയും മൂളിയും ഞെലങ്ങിയും പിന്നെയും മണിക്കൂറുകൾ എനിക്ക് ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ ചിലവഴിക്കേണ്ടി വന്നു. അനസ്ത്യേഷ്യ നൽകേണ്ട ഡോക്ടർ വീട്ടിൽ നിന്നും എത്തണം എങ്കിലേ എന്റെ കാര്യം നടക്കൂ.അങ്ങനെ ഒരു എട്ടര മണിയോടെ എന്നെ തീയേറ്ററിലേക്ക് കൊണ്ട് പോയി. അപ്പോഴേക്കും തണുത്ത് വിറച്ച് ഞാൻ ഒരു പരുവമായി. സ്ട്രക്ചറിൽ നിന്നും ടേബിളിലേക്ക് കിടത്തി. വലത്തോട്ട് ചരിഞ്ഞു കിടക്കാൻ പറഞ്ഞു. മുട്ട് മടക്കി മുഖത്തിനടുത്തേക്ക് കൊണ്ട് വരാൻ പറഞ്ഞു എന്നെകൊണ്ട് ആവും വിധം ഞാൻ ചെയ്തു എന്നിട്ടും ഡോക്ടർ വന്നു ഒന്നുടെ ചുരുട്ടി കൂട്ടി. എന്നിട്ട് പറഞ്ഞു മോളെ ഞാൻ ഒരു ഇൻജെക്ഷൻ എടുക്കാൻ പോകുവാണേ എന്ന്. സിസ്സേറിയൻ ചെയ്യാൻ മുതുകിനു താഴെ നടുക്കായി നട്ടെല്ലിന് എടുക്കുന്ന ഇൻജെക്ഷന്റെ വേദനയെ പറ്റി ആശകൊച്ചു പറഞ്ഞത് ഓർമയുണ്ട്.രാവിലെ മുതൽ എ സി യിൽ കിടന്ന് തണുത്തു മരവിച്ച ശരീരം ആയതു കൊണ്ടാവാം എനിക്ക് വേദന ഒന്നും തോന്നിയില്ല. സൂചി ആഴത്തിൽ ഇറങ്ങുന്നത് അറിയുന്നുണ്ടായിരുന്നു എങ്കിലും പറഞ്ഞത്ര വേദന തോന്നിയില്ല.

ഇൻജെക്ഷൻ കഴിഞ്ഞു നേരെ കിടന്ന എന്റെ കയ്യിലും പുറത്തുമൊക്കെ ഡോക്ടർ നുള്ളിയിട്ട് അറിയുന്നുണ്ടോ എന്ന് ചോദിച്ചു.ഇല്ല. ചെവിയിലെ നുള്ളിന്റെ വേദന മാത്രേ അറിയാൻ കഴിഞ്ഞുള്ളു. ഡോക്ടർ വന്നു എന്റെ മുഖത്ത് ഒരു തുണി ഇട്ടു മറച്ചു. കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ദ്വാരങ്ങൾ ഉണ്ടായിരുന്നു കണ്ണുകൾ അടച്ചു കിടക്കുവാൻ ആണ് പറഞ്ഞത്. ശരീരത്തിന്റെ നിയന്ത്രണം ഇല്ലാതായിരിക്കുന്നു. വിരലുകൾ അനങ്ങുന്നുണ്ടോ.ഒന്ന് ചലിപ്പിച്ചു നോക്കി,ആവോ അറിയാൻ കഴിയുന്നില്ല. വെള്ളപേപ്പറിൽ സ്കെയിൽ കൊണ്ട് നീളത്തിൽ വരയിടില്ലേ. അതുപോലെ ഒരു ഫീൽ സംഭവം മനസിലായല്ലോ അല്ലേ. എന്ത് ചെയ്യാൻ ഇട വരുത്തരുതേ എന്നാണോ ഞാൻ പ്രാർത്ഥിച്ചത് അതാണിപ്പോ കഴിഞ്ഞതും.വയറു കീറിയതാണ്.. നിമിഷങ്ങൾക്കുള്ളിൽ ആ ശബ്ദം എന്റെ കാതുകളിൽ എത്തി. എന്റെ കുഞ്ഞുവാവ ഭൂജാതനായിരിക്കുന്നു.

അവന്റെ കരച്ചിലാണ് ഞാൻ കേട്ടത്.മക്കളുടെ കരച്ചിൽ കേട്ട് അമ്മമാർ ചിരിക്കുന്ന ഒരേയൊരു ദിവസം എന്ന് പറയുന്നത് എത്ര ശെരിയാണല്ലേ.പാതി മയക്കത്തിൽ നിറഞ്ഞ കണ്ണുകളോടെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.അതേ നിമിഷം തന്നെ ഡോക്ടർ വിളിച്ചു രഹനാ മോളേ.. ആൺകുട്ടിയാ ട്ടോ “ഞാൻ മ് എന്ന് മൂളി കേട്ടു.മോന്റെ കരച്ചില് കേൾക്കുന്നില്ല, ക്ലീൻ ചെയ്യാനായി കൊണ്ട് പോയി കാണും. ഡോക്ടർമാർ എന്തൊക്കെയോ ചെയ്യുന്നുണ്ട്.ഞാൻ കണ്ണുകൾ അടച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോ ആരൊക്കെയോ എന്നെ എടുത്തു പൊക്കുന്നതു പോലെ തോന്നി സ്ട്രക്ചറിലേക്ക് മാറ്റിയതാണ്.തിയേറ്ററിനു പുറത്തു എത്തിയെന്നു തോന്നിയനേരം ഞാൻ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു. അമ്മ അടുത്ത് നിൽക്കുന്നു. എന്റെ നോട്ടം കണ്ട് ‘ദേ ഇവിടെയുണ്ട് എന്ന അർത്ഥത്തിൽ ഒന്ന് തിരിഞ്ഞു നോക്കി. ഞാനും നോക്കി മോൻ മായമ്മയുടെ കയ്യിൽ ഉണ്ട്. അമ്മ നെഞ്ചോട് അടക്കി പിടിച്ചിരിക്കുവാണ്. ഞാൻ ചെറുതായി തല അനക്കാൻ ശ്രമിച്ചിട്ട് കണ്ണുകൾ അടച്ചു കിടന്നു. ഒബ്സെർവഷൻ വാർഡിൽ ആണ് വന്നത്. സ്വയം ഒന്ന് ചലിക്കാൻ കൂടി കഴിയാത്ത നിമിഷങ്ങൾ കൊറോണ യുടെ ആരംഭകാലം അല്ലേ എല്ലായിടത്തും കടുത്ത നിയന്ത്രണങ്ങൾ ആണ്. ആശുപത്രിയിൽ ഒരേഒരു ബൈ സ്റ്റാൻഡറിനെ മാത്രേ അനുവദിച്ചിരുന്നുള്ളു. എന്നാൽ എന്റെ കൂടെ ഇവർ രണ്ടു പേരും എങ്ങനെ വന്നു നിന്നു എന്ന് ഇപ്പഴും എനിക്ക് അറിയില്ലാട്ടോ. അതിന്റെ കടപ്പാട് സെക്യൂരിറ്റി വിമല ചേച്ചിക്കാണ്. കേരളപുരത്തു ഉള്ളതാണെ.

Cs ന്റെ രണ്ടാം ദിവസം അന്നാണ് ശെരിക്കും വേദന അറിയുന്നത്. മരവിപ്പ് ഓക്കെ മാറി വേദന അറിയാൻ തുടങ്ങി. സ്വയം ഒന്ന് അനങ്ങാൻ പോലുമാവുന്നില്ല. രാവിലെ ഏതോ ഒരു ഡോക്ടർ വന്നു കേസ് ഷീറ്റിലെ പേര് വായിച്ച് എന്നോട് ചോദിച്ചു. താൻ ആണോ രഹന. ഇന്നലെ തന്റെ പേരിൽ കുറച്ചധികം ഫോൺ കാളുകൾ വന്നല്ലോ. ശ്രീജ മാഡത്തിനെ വല്ലാതെ വിഷമിപ്പിച്ചു കേട്ടോ… ഡോക്ടർ പോയപ്പോൾ ഞാൻ അമ്മയോട് അതേപറ്റി ചോദിച്ചു അല്ലാ അവരെയും കുറ്റം പറയാൻ പറ്റില്ല.10-12 മണിക്കൂറുകൾ കഴിഞിട്ടും ഒരു വിവരവും കിട്ടാതെ ആകുമ്പോ അവർക്ക് ടെൻഷൻ ആവില്ലേ. അങ്ങനെ വന്നപ്പോ ആണ് സൂപ്രണ്ടിനെയും ഡോക്ടറെയും ഓക്കെ വിളിപ്പിക്കേണ്ടി വന്നത്. അന്ന് വൈകുന്നേരത്തോടെ യൂറിൻ ബാഗ് മാറ്റി. ആൾസഹായം കൂടാതെ ഒന്ന് അനങ്ങാൻ പോലും പറ്റാത്തവർക്ക് ബാത്‌റൂമിൽ പോകണമെങ്കിൽ 100മീറ്റർ ദൂരം നടക്കണം.കൂടെ നിക്കുന്നവർ കുഴഞ്ഞു പോകും. നമ്മുടെ മുഴുവൻ ഭാരവും അവരിൽ പ്രയോഗിക്കുവല്ലേ.എന്റെ കൂടെ രണ്ടു പേർ ഉള്ളത് കൊണ്ട് ആശ്വാസം.

അല്ലങ്കിൽ അടുത്ത് കിടക്കുന്നവരെ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചിട്ട് വേണം ബാത്‌റൂമിലും മറ്റും പോകാൻ. മുകളിലത്തെ ഫ്ലോറിലെ ac കംപ്ലയിന്റ് ആയിട്ട് ബാത്‌റൂമിലേക്ക് പോകാനുള്ള ഇടനാഴി മൊത്തം ഈർപ്പം പിടിച്ചു നനഞ്ഞു കിടക്കുകയാണ് അതിനാൽ അങ്ങോട്ടുള്ള പോക്കും വരവും വളരെ പ്രയാസമായിരുന്നു. മോനെ ഇടക്കിടക്ക് nicu വിൽ കൊണ്ട് പോകേണ്ടി വന്നു നിർത്താതെ കരച്ചിൽ ആണ്. പാല് കുടിക്കുന്നില്ല. അവിടുന്ന് വരുമ്പോളേക്കും ആള് സുഖനിദ്രയിലായിരിക്കും. Cs ന്റെ മൂന്നാം നാൾ ഒബ്സെർവേഷൻ വാർഡിൽ നിന്നും താഴെ നാലാം വാർഡിലേക്ക് മാറ്റി. അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞുപോയി. പിറ്റേന്ന് രാവിലെ ഒരു എട്ട് ഒൻപത് മണി ആയിട്ടുണ്ടാവും വാർഡിൽ ഉള്ളവർക്കെല്ലാം എന്തോ ഭീതി ഉള്ളത് പോലെ അവിടെയും ഇവിടെയും ഒക്കെ നിന്ന് അടക്കം പറയുകയാണ്. ഡ്യൂട്ടിക്ക് വരുന്ന സിസ്റ്റർമാരും അതുപോലെ തന്നെ, അധികം വൈകാതെ തന്നെ വിവരം പുറത്തായി. Delux വാർഡിൽ ഒരു പേഷ്യന്റിന് കൊറോണ പോസിറ്റീവ് ആണ്. അവരെ അപ്പൊ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. കൊണ്ട് പോകാൻ വന്ന ആംബുലൻസ് കണ്ട് പേടിച്ചു നിൽക്കുകയാണ് വാർഡിലെ മിക്കവരും. കൊറോണയുടെ പ്രാരംഭ ഘട്ടം ആയതിനാൽ PPE കിറ്റ് ധരിച്ചവരെ ഒക്കെ മിക്കവരും ആദ്യമായിട്ടാണ് കാണുന്നത്.വിക്ടോറിയ ഹോസ്പിറ്റലിലെ ആദ്യത്തെ കോവിഡ് റിപ്പോർട്ടിങ് ആണ്. അതുകൊണ്ട് തന്നെ ചാനലുകളിലും ബ്രേക്കിങ് ന്യൂസ്‌ ആയി വന്നു കഴിഞ്ഞിരുന്നു.

ഇതിനകം തന്നെ ഹോസ്പിറ്റൽ അടച്ചു തുടങ്ങി. അഡ്മിറ്റിങ് നിർത്തി വച്ചു. ഡെലിവറിക്കായി വാർഡിൽ ഉണ്ടായിരുന്നവരെ മറ്റു ഹോസ്പിറ്റലുകളിലേക്ക് മാറ്റി. ഡെലിവറി കഴിഞ്ഞവരെ എമർജൻസി ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിടുന്നു. നാലാം വാർഡിൽ ഉള്ള മിക്കവരെയും പറഞ്ഞു വിട്ടു. ഇനി ഞങ്ങൾ മൂന്നോ നാലോ കൂട്ടരേ ഉള്ളൂ. അമ്മമാർക്ക് ടെൻഷൻ കൂടുകയാണ്. Cs ന്റെ നാലാം ദിവസം ആണ് സ്റ്റിച്ച് എടുത്തിട്ടില്ല. എങ്കിലും അമ്മ ചെന്ന് സിസ്റ്ററോട് ചോദിച്ചു ഞങ്ങൾക്കും പോകാമോ എന്ന്. സിസ്റ്റർ ഡോക്ടറെ വിളിച്ചു പെർമിഷൻ വാങ്ങി. അങ്ങനെ സിസേറിയന്റെ നാലാം ദിവസം സ്റ്റിച്ചും എടുത്തു ഡിസ്ചാർജും ആയി. വീട്ടിൽ വന്നെങ്കിലും ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞു നിൽക്കുകയായിരുന്നു.എന്റെ രണ്ടു കാലുകളിലും നല്ല നീര് ഉണ്ടായിരുന്നു മുറിയിൽ വന്ന് കണ്ണാടിയിൽ എന്റെ രൂപം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. മുഖമൊക്കെ തടിച്ചു വീർത്തു മത്തങ്ങാ പോലെ ഇരിക്കുന്നു. ഒരേയൊരു തവണയേ ഞാൻ കണ്ണാടി നോക്കിയുള്ളു ഇനിയും പേടിച്ചു കണ്ണ് തള്ളാൻ വയ്യ അതോണ്ട പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ഞാൻ ഭീതിയോടെ ആണ് കഴിച്ചു കൂട്ടിയത്.ഒന്നുമില്ലെങ്കിലും പനിയുണ്ടോ കിടുങ്ങലുണ്ടോ എന്നൊക്കെ ഓരോ സംശയങ്ങൾ എല്ലാവരുടെയും കയ്യിന്ന് വഴക്ക് കേട്ടപ്പോ അതങ്ങു മാറിക്കിട്ടി.

പിന്നീ ഉഴിച്ചിലും പിഴിച്ചിലും കിഴിയും ചൂട് വെള്ളത്തിൽ കുളിപ്പിക്കലും… അയ്യയ്യോ മ്യാരകം തന്നെ ഓർക്കാൻ കൂടി വയ്യ..ദിവസങ്ങൾ കടന്നുപോയി 28ആം നാൾ മോന് ആരുഷ് എന്ന് പേര് ചൊല്ലി വിളിച്ചു. ലല്ലു എന്ന് വീട്ടിലും വിളിച്ചു. നിർഭാഗ്യവശാൽ ഞാൻ മനസ്സിൽ കരുതിയ പേര് ഇടാൻ പറ്റിയില്ല. എങ്കിലും ഞാൻ അങ്ങനെ തന്നെയാ മോനെ വിളിക്കാൻ ഇഷ്ടപെടുന്നത്.അവന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുകയാണ് ഞങ്ങൾ ഇപ്പൊ.cs എന്നൊരു വിഷമം മാത്രമേ ഉണ്ടായുള്ളൂ അതിന്റെ പാർശ്വ ഫലങ്ങൾ ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നു. നോർമൽ ഒരുപാട് ആഗ്രഹിച്ചിട്ട് cs അല്ലേ കിട്ടിയത് ആ ഒരു വിഷമം ഇടക്കിടക്ക് തലപൊക്കാറുണ്ട് എന്നല്ലാതെ life happy ആയി പോകുന്നു.അങ്ങനെ ഇതാ ഞങ്ങളുടെ കണ്ണന്റെ രണ്ടാം പിറന്നാൾ (21.05.2022) വന്നെത്തിയിരിക്കുന്നു. എന്നെന്നും ഇതുപോലെ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ എന്റെ പൊന്നുമോനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.Love you കണ്ണാ.ഇതിൽ പരാമർശിക്കാത്ത ഒരാൾ ഉണ്ട്. പാവം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്ന ദിവസങ്ങളിൽ ആധി പിടിച്ചു ആശുപത്രിക്ക് വെളിയിൽ തന്നെ ഉണ്ടായിരുന്നു. മോനെ അന്ന് തന്നെ കണ്ടെങ്കിലും. ഞാൻ വീട്ടിൽ വന്ന ശേഷം ആണ് കണ്ടത്. അതാണ്‌ മുകളിൽ എങ്ങും പുള്ളിക്കാരനെ പറ്റി പറയാൻ പറ്റാഞ്ഞത്

എഴുതിയത് : രഹ്ന