സുഹൃത്തുക്കൾ ഒരുപാട് പേർ പറഞ്ഞു കേട്ടിട്ടുണ്ട് ആണത്തം തെളിയിക്കുക അവർക്കൊരു കുഞ്ഞിനെ കൊടുക്കുക പിന്നെ നമ്മൾ ഫ്രീയാണ് ശേഷം സംഭവിക്കുന്നത്

EDITOR

പ്രെഗ്നൻസി കിറ്റിലെ രണ്ടാമത്തെ രേഖയായി അവൾ ഈ ഭൂമിയിലെ വരവറിയിച്ച ദിവസം മുതൽ അവളുടെ ഓരോ വളർച്ചയുടെ ഘട്ടവും കണ്ടു നിന്നു എന്ന ചാരിതാർഥ്യത്തോടെ ഞാനെന്ന അച്ഛൻ എഴുതുകയാണ്.പെണ്ണുങ്ങളെ അടുക്കളയിൽ തളച്ചിടരുതെന്നു ഈ കാലത്തു മനുഷ്യർക്ക് വീണ്ടുവിചാരം ഉണ്ടായിട്ടുണ്ടെങ്കിലും ആണുങ്ങൾക്കും വിശ്രമിക്കാൻ അവകാശമുണ്ടെന്നും സ്ത്രീകൾ മാത്രമറിഞ്ഞിരുന്ന ചില അസുലഭ മുഹൂർത്തങ്ങളുടെ നിർവൃതി പങ്കുവെക്കാൻ അവർക്കും അവസരം ഉണ്ടാവേണ്ടതാണെന്നും പലർക്കും ഇപ്പോഴും ചിന്ത ഉണ്ടായിട്ടില്ല . അല്ലെങ്കിൽ എഴുതി ഉറച്ചു പോയ ചില സാമൂഹിക ദുരാചാരങ്ങളെ കണ്ണടച്ചു പിന്തുടരുന്നതിനിടക്ക് നമ്മളൊന്നും അതിനെപ്പറ്റി അധികം ബോധവാന്മാരായിരുന്നില്ല എന്നതാവും ശരി.സുഹൃത്തുക്കളിൽ ഒരുപാട് പേർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ആണത്തം തെളിയിക്കുക , അവർക്കൊരു കുഞ്ഞിനെ കൊടുക്കുക പിന്നെ നമ്മള്‌ ഫ്രീയാണ് . അല്ലെങ്കിൽ സദാ നേരവും അവര്‌ നമ്മുടെ പിറകെ നടക്കും .

എവിടേലും പോയാൽ പെട്ടന്ന് വരണമെന്ന് പറഞ്ഞു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. പക്ഷെ ഒരു കുഞ്ഞായാൽ പിന്നെ നമുക്ക് തൊല്ലയില്ല.പിന്നൊരു കൂട്ടർ തങ്ങളുടെ കുഞ്ഞു ജനിച്ചു വര്ഷങ്ങള്ക്കു ശേഷമാണ് ജോലിസ്ഥലത്തു നിന്നും നാട്ടിലെത്തി അവരുടെ മുഖം ഒന്ന് കാണുന്നത്. സാഹചര്യങ്ങളെ പഴിചാരാമെങ്കിലും ഒരിക്കലും തിരികെവരാത്ത ചില നിമിഷങ്ങളിൽക്കൂടി ആസ്വദിക്കുവാനും പങ്കെടുക്കാനും ഉള്ളതാണ് ജീവിതം എന്ന് ഓർമ്മിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തങ്ങളുടെ കുടുംബത്തിന്റെ അത്താണിയാകാൻ പുരുഷന്മാർ നാടുവിട്ടുപോയ കാലത്തു മാത്രമല്ല, സ്ത്രീകൾക്കും ജോലിയുള്ള ഈ ആധുനിക കാലത്തും പുരുഷന്മാർ പിതൃത്വം എന്നത് പരിപൂര്ണതയോടെ അറിയാൻ ശ്രമിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. കുഞ്ഞുങ്ങളെ നോക്കുന്ന ആണുങ്ങൾ നഖമില്ലാത്ത സിംഹങ്ങളാണെന്നും മൂക്കുകയറിട്ട കുതിരകളാണെന്നുമൊക്കെ വ്യാഖ്യാനിക്കുന്ന മനുഷ്യരാണ് അധികവും.

അങ്ങനെ കരുതിയ മനുഷ്യരൊക്കെ ജീവിതത്തിൽ എത്ര അസുലഭ മുഹൂർത്തങ്ങളാണ് നഷ്ട്ടപ്പെടുത്തിയതെന്നു അറിയിക്കാനാണ് ഈ എഴുത്ത്‌.കുഞ്ഞുങ്ങളുടെ കാൽപ്പാടുകൾ പ്രിയപെട്ടവളുടെ വയറ്റിൽ മുഴച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ടോ ?വിരൂപമാകുന്ന വയറ്റിലെ വരകൾ ആദ്യമായി വന്നത് എപ്പോൾ മുതലെന്നു ശ്രദ്ധിച്ചിട്ടുണ്ടോ ? നിങ്ങളുടെ തലമുറയെ ഈ ഭൂമിയിൽ തുടരാൻ സഹായിക്കുന്ന സ്ത്രീകൾ തങ്ങളുടെ ആകാരവടിവും സൗന്ദര്യവുമൊക്കെ നഷ്ടപ്പെടുത്തുന്നത് . നീരുവന്ന് തവളയെപ്പോലെ പാദങ്ങളുമായി അവർ കഷ്ടപ്പെടുന്നത് ?പ്രസവ വേദന അനുഭവിക്കുമ്പോൾ നിങ്ങളുടെ കൈകളിൽ അമർത്തി പിടിക്കുന്ന അവരോട് കരുണ തോന്നിയിട്ടുണ്ടോ?ആദ്യമായി ഭൂമിയിലെ വെളിച്ചം കണ്ട് നിങ്ങളുടെ കുഞ്ഞു കണ്ണ് ചിമ്മുമ്പോൾ അതിലെ കൗതുകം അനുഭവിച്ചിട്ടുണ്ടോ ?നനഞ്ഞു കൊഴുത്ത പൊക്കി  ൾക്കൊടി കുരുമുളകിന്റെ തിരിപോലെ ഉണങ്ങുന്നതും അടർന്നു പോകുന്നതും കണ്ടിട്ടുണ്ടോ ?മു  ലക്കണ്ണും തിരഞ്ഞു നിസ്സഹായതയോടെ ഒരുകുഞ്ഞു പല്ലില്ലാത്ത വായ തുറക്കുകയും അടക്കുകയും ചെയ്യുന്നത് ?സെക്കൻഡ് സൂചിപോലെ സാധാരണമായി മിടിച്ചു തുടങ്ങും മുന്നേ തുടക്കത്തിൽ കുഞ്ഞുങ്ങളുടെ ഹൃദയം നിർത്താതെ മിടിക്കുന്നത് ചെവിയോർത്തിട്ടുണ്ടോ ?

കഴുത്തു ഉറക്കും മുന്നേ ചേമ്പിലപോലെ അവരുടെ തല തളർന്നുപോകുന്നത് പാല് കുടിച്ചു തുടങ്ങി ആദ്യമായി അവരപ്പി ഇടുന്നത് (അതിന് പോലും പല മാറ്റങ്ങൾ ഉണ്ടാവുന്നത് )കുഞ്ഞിപ്പല്ലു മുളക്കുമ്പോൾ അവരുടെ മുഖം മാറിപ്പോകുന്നത് ആ പല്ലുകൾക്കൊണ്ടു കടിക്കാൻ അവർ നടത്തുന്ന ആദ്യ ശ്രമങ്ങൾ അതിലെ സുഖമുള്ള നോവ് കരയാൻ മാത്രമറിയാവുന്ന ജീവികൾ അസ്പഷ്ടമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത്.അതിൽ നിന്ന് മ്മയും പ്പയും വേർതിരിക്കുന്നത് ഏത് മാസം മുതലാണ് അവർ കമിഴ്ന്നു വീഴുന്നതെന്നും എഴുന്നേൽക്കാൻ തുടങ്ങുന്നതെന്നും നിങ്ങൾക്കെറിയാമോ നിങ്ങളാ കാഴ്ച്ച കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ നിങ്ങൾ മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ട് യാതൊരു കാര്യവുമില്ല കേട്ടോ . നാല് കുഞ്ഞുങ്ങളുള്ള മനുഷ്യർ ഇപ്പോഴും അഭിമാനത്തോടെ പറയുന്നത് കേൾക്കാം . എനിക്കതിന്റെ ഡയപ്പർ മാറ്റാൻ അറിയില്ല അതൊക്കെ അവളാണ് നോക്കുന്നത്.നിസ്വാർഥമായ സ്നേഹം എന്ത് എന്നും അതെന്തു മാറ്റമാണ് ജീവിതത്തിൽ വരുത്തുന്നതെന്നും ഞാൻ അനുഭവിച്ചറിഞ്ഞത് ഹെവന്റെ വരവോടെയാണ്. അവളെന്റെ ഉറക്കം തടസ്സപ്പെടുത്തുന്നുണ്ട്. എന്റെ പ്രിയമുള്ള നേരങ്ങളെയൊക്കെ തട്ടിയെടുക്കുന്നുണ്ട് (പ്രണയവും എന്നോടിങ്ങനെ ചെയ്തിട്ടുണ്ട്)

പക്ഷെ അവളോട് പരിഭവം തോന്നാത്തത് എന്താണെന്നോർക്കുമ്പോഴാണ് എഴുതാനാവാത്ത പലതും ജീവിതത്തിൽ അനുഭവിക്കുന്നുണ്ടല്ലോ എന്ന് തിരിച്ചറിയുകയാണ് അവളൊന്നു ചിരിച്ചാൽ കരഞ്ഞാൽ മനസ്സ് വല്ലാതെ ആർദ്രമാകും. ഞങ്ങളില്ലെങ്കിൽ നിനക്ക് ഇതുപോലെ ആരെന്നൊക്കെ ഓർത്തു അവളോട് ദയതോന്നും.അവളെന്നും ഞങ്ങളെ തിരിച്ചു സ്നേഹിക്കണം എന്നൊരു ധാരണ വെച്ചിട്ടല്ല. ഒന്നും മോഹിച്ചുമല്ല നാമൊരാളെ അങ്ങ് സ്നേഹിക്കുകയാണ്. അയാൾ അയാളായതുകൊണ്ടു മാത്രം.ആ സ്നേഹത്തിൽ ആത്മാവിനെ തൊടുന്ന അഭൗമമായൊരു നിർവൃതിയുണ്ട്.അവർക്ക് വേണ്ടി കാശുണ്ടാക്കാൻ ഓടി നടക്കുന്നതിൽ തെറ്റില്ല പക്ഷെ അതിൽ പലതും നാളെ സ്വീകരിക്കപ്പെട്ടില്ലെന്നു വരും.എങ്കിലും അവർക്ക് നാം കൊടുത്ത ചില നിമിഷങ്ങൾ അവരെന്നും ഓർമ്മിക്കും.അതുകൊണ്ടാണ് കുഞ്ഞുങ്ങൾ അച്ഛനെക്കാളും അധികം അമ്മയോട് സ്നേഹമുള്ളവരാകുന്നത്. കാശൊക്കെ നാളെ അവരും ഉണ്ടാക്കിക്കോളും പക്ഷെ ചില നിമിഷങ്ങൾ അതൊരിക്കലും തിരികെ വരികയില്ല.
അതുകൊണ്ട് ആണുങ്ങളെ, കാശല്ല ഓർമ്മകളുണ്ടാക്കുക

എഴുതിയത് : ടെന്നി പി മാത്യു