ആ നാട്ടിലെ ഏറ്റവും നല്ല വ്യക്തിയെ കണ്ടെത്താൻ രാജാവ് ഒരു മത്സരം വെച്ചു ഒരു മണി കൊട്ടാരത്തിൽ വെക്കുക ജീവിതത്തിൽ ഒരു നന്മ ചെയ്തിട്ടുളവർ ആ മണി അടിക്കുക ശേഷം സംഭവിച്ചത്

EDITOR

ഒരിക്കൽ രാജാവ് തൻറെ രാജ്യത്തെ ഏറ്റവും നല്ല വ്യക്തികളെ കണ്ടെത്താൻ മന്ത്രിയോട് ആഗ്രഹം പ്രകടിപ്പിച്ചു.മന്ത്രി അതിനൊരു പോംവഴി പറഞ്ഞു കൊടുത്തു.കൊട്ടാരത്തിനു വെളിയിൽ വലിയൊരു മണി സ്ഥാപിക്കുക.ജീവിതത്തി ലൊരിക്കലെങ്കിലും മറ്റുള്ളവർക്കുവേണ്ടി നന്മ ചെയ്തവർ ഉണ്ടെങ്കിൽ അവർ ഇവിടെ വന്നു മണിമുഴക്കാൻ പ്രജകളോട് പറയുക.മന്ത്രിയുടെ ശുപാർശ പ്രകാരം കൊട്ടാരത്തിന് വെളിയിൽ വലിയൊരു മണി സ്ഥാപിച്ചു.പ്രജകളെ മുഴുവനും വിളിച്ചുവരുത്തി രാജാവ് കാര്യങ്ങൾ അവതരിപ്പിച്ചു.പിറ്റേദിവസം രാവിലെ തൊട്ട് നേരം ഇരുട്ടി കഴിഞ്ഞിട്ടും സദാസമയവും മണിമുഴങ്ങികൊണ്ടേയിരുന്നു.
രാത്രി ഏറെ വൈകിയിട്ടും മണി മുഴക്കാൻ വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.രാജാവ് ആകെ അങ്കലാപ്പിലായി.മന്ത്രിയെ വിളിച്ചുവരുത്തി ചോദിച്ചു.അല്ലയോ മന്ത്രി ഇത്രയും ആൾക്കാർ നന്മ ചെയ്യുന്നവരാണോ?

ഇവരിൽ നിന്ന് നല്ല വ്യക്തിയെ എങ്ങനെ കണ്ടെത്തും.രാജാവിൻറെ ചോദ്യത്തിന് ചെറുപുഞ്ചിരിയോടെ മന്ത്രി മറുപടി നൽകിമഹാരാജാവേ.അങ്ങ് നാളെ വീണ്ടും പ്രജകളെ എല്ലാം വിളിച്ചു വരുത്തണം.ജീവിതത്തിൽ ഒരു തിന്മയെങ്കിലും ചെയ്തവർ ഉണ്ടെങ്കിൽ നാളത്തെ ദിവസം മണി മുഴക്കാൻ ആജ്ഞാപിക്കുക.പിറ്റേദിവസം രാജാവ് മുഴുവൻ പ്രജകളെയും വിളിച്ചുവരുത്തി.മന്ത്രി പറഞ്ഞത് പോലെ പ്രജകളോട് തിന്മ ചെയ്തവർ മണി മുഴക്കാൻ ആജ്ഞാപിച്ചു.രാത്രി ഏറെ വൈകിയിട്ടും ഒരാൾപോലും മണിമുഴക്കാൻ കൊട്ടാരത്തിന്റെ പരിസരത്ത് വന്നില്ല.രാജാവ് ആകെ വിഷമത്തിലായി മന്ത്രിയോട് തിരക്കി.അല്ലയോ മന്ത്രി ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്.ചിരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.മഹാരാജാവേ നാളെ വീണ്ടും എല്ലാ പ്രജകളെയും വിളിച്ചു വരുത്തുക.ഇന്നലെയും ഇന്നുമായി മണിമുഴക്കാത്തവർ ഉണ്ടെങ്കിൽ അവർ ഒഴികെ മറ്റുള്ളവർ പിരിഞ്ഞുപോകാൻ ആജ്ഞാപിക്കുക.മന്ത്രി പറഞ്ഞതുപോലെ പിറ്റേദിവസം എല്ലാ പ്രജകളെയും വിളിച്ചുവരുത്തി ഇതുവരെ മണിമുഴക്കത്തവർ ഒഴികെ ബാക്കിയുള്ളവർ പിരിഞ്ഞുപോകാൻ ആജ്ഞാപിച്ചു.

മൂന്ന് ചെറുപ്പക്കാർ ഒഴികെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും യുവാക്കളും മുതിർന്നവരും വയസ്സായവരും എല്ലാം പിരിഞ്ഞു പോയി.ബാക്കി അവശേഷിച്ച മൂന്നു പേരോട് രാജാവ് ക്ഷുഭിതനായി.രാജാവിനെ സമാധാനിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. ഒരു നിമിഷം അടങ്ങു പ്രഭോ.അങ്ങ് ചോദിച്ചില്ലേ അങ്ങയുടെ രാജ്യത്തെ ഏറ്റവും നല്ല വ്യക്തികൾ ആരാണെന്ന്.അവർ ഇവരാണ്.മന്ത്രിയുടെ വാക്കുകൾ കേട്ട് രാജാവ് ആകെ ആശയക്കുഴപ്പത്തിലായി.അല്ലയോ മന്ത്രി ഇവർ എങ്ങനെ നല്ലവ്യക്തികളാകും.പ്രഭോ അങ്ങ് നന്മ ചെയ്തവർ മണി മുഴക്കാൻ ആവശ്യപ്പെട്ട ആദ്യദിവസം മൂവരും മണി മുഴക്കാൻ വന്നവർക്ക് സേവ ചെയ്യുന്ന തിരക്കിലായിരുന്നു.പകൽ തൊട്ട് രാത്രി ഏറെ വൈകിയും ഇവർ ഭക്ഷണം എത്തിച്ചും വെള്ളം എത്തിച്ചുംസഹായിക്കുകയായിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി പരമാവധി ആൾക്കാരെ ഇവിടെ കൊണ്ടുവരികയും വൈകല്യമുള്ളവരെ തോളിലേറ്റി കൊണ്ടുവന്നു മണി മുഴക്കാൻ സഹായിക്കുകയും ചെയ്തു. ആ തിരക്കിനിടയിൽ അവർക്ക് മണിമുഴക്കാൻ സാധിച്ചില്ല.തിന്മ ചെയ്തവർ മണി മുഴക്കാൻ ആവശ്യപ്പെട്ട രണ്ടാം ദിവസം.

ഇവർ വീടുവീടാന്തരം കയറിയിറങ്ങി രാജ കല്പനകെട്ട് ചെറിയ തെറ്റുകൾ ചെയ്തവർ മണി മുഴക്കാൻ പോകരുതെന്നും അങ്ങനെ ചെയ്താൽ നിങ്ങൾ ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ടെന്നും രാജാവിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ചിലപ്പോൾ തന്മൂലം തടയപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള സത്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.മൂന്നാം ദിവസമായ ഇന്ന്.ഇവിടെ കൂടി നിന്ന പ്രജകളിൽ ഒട്ടുമിക്കവർക്കും ആദ്യദിവസം മണി മുഴക്കാൻ അവസരം ലഭിച്ചിരുന്നില്ലപക്ഷേ രാജാവിനെ ഭയന്ന് പിരിഞ്ഞുപോയവരുടെ കൂട്ടത്തിൽ അവരും പോയി.പക്ഷേ രാജാവിനു മുന്നിൽ ഇവർ കള്ളം മറച്ചുവെച്ചില്ല.മറ്റുള്ളവർ വെറുതെ ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രവർത്തിക്കുകയും സ്വന്തം തെറ്റുകൾക്ക് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാവുകയും ചെയ്തു.പ്രഭോ ഇവിടെ അങ്ങ് മനസ്സിലാക്കേണ്ടത് ഇത്രമാത്രം.സമൂഹത്തിന് സേവ ചെയ്യുന്നത് കൊട്ടിഘോഷിക്കുന്നവരല്ല യഥാർത്ഥത്തിൽ നല്ല വ്യക്തികൾ.അങ്ങനെ ചെയ്യുന്നവരുടെ പ്രവർത്തനം പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമാണ്.താൻ ചെയ്യുന്ന സേവനം അത് തൻറെ കടമയാണെന്ന് മനസ്സിലാക്കി, അതിലൊരു പ്രതിഫലവും ആഗ്രഹിക്കാതെ അതിൽ പേരും പ്രശസ്തിയും ആഗ്രഹിക്കാതെ മുന്നോട്ട് വന്ന ഇവരാണ് അങ്ങ് കണ്ടെത്താൻ ആഗ്രഹിച്ച നല്ല വ്യക്തികൾ.

എഴുതിയത് : മേഘ സദീഷ്