ട്രെയിനിൽ രണ്ട് സ്ത്രീകൾ തമ്മിൽ ജനാല തുറക്കുന്നത് സംബന്ധിച്ച് വലിയ വഴക്ക് ന്യുമോണിയ കാരണം തുറക്കരുത് എന്ന് ഒരാൾ ചൂടു കാരണം തുറക്കണം എന്ന് മറ്റൊരാൾ ഒടുവിൽ

EDITOR

ചുറ്റുപാടും പാർക്കുന്നവർ ക്രൂരരും ദുഷ്ടനരും ആണെന്നതിനാൽ ഒരു പുതിയ സ്ഥലം അന്വേഷിച്ച് അയാൾ യാത്രയായി. ഒരു ഗ്രാമത്തിൽ എത്തിച്ചേർന്ന അയാൾ അവിടെ ഉണ്ടായിരുന്ന ഒരു ആശ്രമത്തിൽ ചെന്ന് ആ ഗ്രാമത്തിലെ ആളുകളെ കുറിച്ച് അന്വേഷിച്ചു. ആശ്രമത്തിലെ ഗുരുജി ചോദിച്ചു: “നിങ്ങൾ എവിടെ നിന്നും വരികയാണ്”? അയാൾ തന്റെ വിവരങ്ങളൊക്കെയും പറഞ്ഞു. ഗുരുജി ചോദിച്ചു നിങ്ങളുടെ നാട്ടിലെ ആളുകൾ എങ്ങനെയുള്ളവരായിരുന്നു? അയാൾ പറഞ്ഞു: “അവർ ക്രൂരരും ദുഷ്ടന്മാരുമാണ്, അതുകൊണ്ടാണ് അവിടെനിന്നും താമസം മാറുന്നത്”. ഗുരുജി പറഞ്ഞു:”ഇവിടെയുള്ളവരും അങ്ങനെയൊക്കെ തന്നെയാണ്, നിങ്ങൾ വേറെ എവിടെയെങ്കിലും പോകുന്നതായിരിക്കും നല്ലത്”. ചില ദിവസങ്ങൾ കഴിഞ്ഞു ഇതേ പ്രകാരം മറ്റൊരു വ്യക്തിയും അവിടെയെത്തി. അദ്ദേഹവും ഗുരുജിയോട് വിവരങ്ങൾ അന്വേഷിച്ചു.

ഗുരുജി അദ്ദേഹത്തിന്റെ നാട്ടിലെ വിവരങ്ങളും അന്വേഷിച്ചു. അയാൾ പറഞ്ഞു: “അവർ വളരെ നല്ലവരാണ്. സ്നേഹമുള്ളവരാണ്. അവിടം വിട്ടുപോരാൻ ഇഷ്ടമില്ലായിരുന്നു. സ്വന്തമായി അല്പസ്ഥലം വാങ്ങുന്നതിനു വേണ്ടിയാണ് ഞാൻ ഇവിടേക്ക് മാറാൻ ശ്രമിക്കുന്നത്”. ഗുരുജി പറഞ്ഞു: “ഇവിടെയുള്ള ആളുകളും നല്ലവരും സ്നേഹമുള്ളവരുമാണ്. ഇവിടെ താമസിക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും”. അയാൾ പോയി കഴിഞ്ഞപ്പോൾ ഒരു ശിഷ്യൻ ഗുരുജിയോട് ചോദിച്ചു: “സ്വാമിൻ, ചില ദിവസങ്ങൾക്ക് മുൻപ് വന്ന ആളിനോട് ഇവിടുത്തുകാർ ക്രൂരരും ദുഷ്ടന്മാരും ആണെന്ന് പറഞ്ഞിട്ട്, ഇപ്പോൾ വന്ന ആളിനോട് ഇവർ നല്ലവരും സ്നേഹമുള്ളവരും ആണെന്ന് പറഞ്ഞത് എന്താണ്?” ഗുരുജി പറഞ്ഞു: “ഒരു നാട്ടിലും എല്ലാവരും ക്രൂരരും ദുഷ്ടരും അല്ല, എല്ലാവരും നല്ലവരുമായിരിക്കില്ല. എന്നാൽ നാം അവരെ കാണുന്നതു പോലെയും സ്നേഹിക്കുന്ന പോലെയുമാണ് അവരും പ്രതികരിക്കുന്നത്. ആദ്യം വന്നയാളിന് എല്ലാവരും ക്രൂരരും ദുഷ്ടരുമായിരുന്നു. അയാൾ ഇവിടെ ഉള്ളവരെയും അങ്ങനെയേ കാണുകയുള്ളൂ. ഇപ്പോൾ വന്ന ആളിന് എല്ലാവരെയും സ്നേഹിക്കുവാനും അവരിലെ നന്മ കാണുവാനും കഴിയും. അതുകൊണ്ട് ഇവിടെയുള്ള ആളുകളെയും അദ്ദേഹം അങ്ങനെ കാണും”. നാം ജീവിക്കുന്ന സമൂഹം വിവിധ സ്വഭാവക്കാർ ഉൾക്കൊള്ളുന്നതാണ്.

ദുഷ്ടന്മാർ എന്നു തോന്നുന്നവരെയും സ്നേഹിപ്പാൻ നമുക്ക് കഴിഞ്ഞാൽ അവർ നമുക്ക് നല്ല സ്നേഹിതർ ആയിരിക്കും. നല്ലവർ എന്ന് നാം കരുതുന്നവരെ അവരുടെ പ്രതീക്ഷയ്ക്ക് അനുസരണമായി സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ നമുക്ക് നല്ലവരായിരിക്കുകയില്ല. നാം ജീവിക്കുന്ന സമൂഹത്തെ, നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിരൂപമായി മാത്രമേ നമുക്ക് കാണുവാൻ കഴിയുകയുള്ളൂ. സ്നേഹിപ്പിൻ, നിങ്ങൾ സ്നേഹിക്കപ്പെടും. മറ്റുള്ളവരെ കരുതിവീൻ, നിങ്ങൾക്കും കരുതൽ ലഭിക്കും. എന്നാൽ സ്നേഹിക്കപ്പെടുവാനും കരുതപ്പെടുവാനുമായി ആരെയും സ്നേഹിക്കരുത്, കരുതുകയുമരുത്. അപരരോടുള്ള നമ്മുടെ സ്നേഹവും കരുതലും നിസ്വാർത്ഥമായിരിക്കണം. എല്ലാവരെയും സ്നേഹിക്കുവാനും അവരിലെ നന്മ കണ്ടെത്തുവാനും കഴിയുന്ന ഹൃദയ വിശാലതയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

വേറെ ഒരു ഗുണപാഠ കഥ കൂടെ ഇവിടെ പറയാം ഒരു ട്രെയിനിൽ യാത്ര ചെയ്യുന്ന രണ്ട് സ്ത്രീകൾ തമ്മിൽ ജനാല തുറക്കുന്നത് സംബന്ധിച്ച് വലിയ വാദപ്രതിവാദം ഉണ്ടായി. ഒരു സ്ത്രീ പറഞ്ഞു ജനാല തുറന്നില്ലെങ്കിൽ ഞാൻ ചൂടുകൊണ്ട് മരി    ച്ചുപോകും. മറ്റെ സ്ത്രീ പറഞ്ഞു ഇത് തുറന്നാൽ ഞാൻ ന്യൂമോണിയ ബാധിച്ച് മരി   ച്ചുപോകും. വഴക്ക് വർദ്ധിച്ചു, എന്നാൽ ഒരു കാര്യത്തിൽ ഇരുവരും യോജിച്ചു. ടിക്കറ്റ് എക്സാമിനാറേ വിളിക്കുക. അദ്ദേഹം പരിഹാരം ഉണ്ടാക്കട്ടെ. അദ്ദേഹം വന്നു, പക്ഷേ ഈ കാര്യത്തിൽ എന്ത് തീരുമാനമാണ് അയാൾ ചെയ്യുക? എന്തുചെയ്യണമെന്ന് അറിയാതെ അദ്ദേഹം വിഷമിച്ചപ്പോൾ, ഒരു സഹയാത്രികൻ പറഞ്ഞു: “ആദ്യം ജനൽ തുറക്കുക, അപ്പോൾ ഒരാൾ മരി   ക്കും. പിന്നീട് ജനൽ അടയ്ക്കുക, അപ്പോൾ മറ്റേ ആളും മരി    ക്കും. അതോടെ യാത്രക്കാർക്ക് സമാധാനമാകും”. നമ്മുടെ നിസ്സാര പ്രശ്നങ്ങൾ മൂലം സമൂഹത്തിന്റെ സമാധാനം കെടുത്തുന്ന നിരവധി അനുഭവങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഇല്ലേ? “കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം”! ഇങ്ങനെയല്ലേ അനവധി പ്രശ്നങ്ങളുടെയും സ്ഥിതി?

നമ്മുടെ സൗകര്യം മാത്രം നോക്കി നാം പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസൗകര്യത്തെക്കുറിച്ച് പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. നമ്മുടെ സൗകര്യം മാത്രമാണ് നമ്മുടെ പ്രശ്നം. എന്നാൽ നാം കാരണം മറ്റുള്ളവർക്ക് എന്തെല്ലാം അസൗകര്യങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നു എന്നത് നാം ചിന്തിക്കേണ്ടതല്ലേ? മറ്റുള്ളവരുടെ സൗകര്യത്തെ പ്രതി അല്പം ബുദ്ധിമുട്ടെങ്കിലും സഹിപ്പാൻ തയ്യാറായാൽ എത്രമാത്രം ശാന്തത കൈവരിക്കുവാൻ കഴിയും! ഇവിടെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നത്തേക്കാൾ, തന്റെ സ്വാർത്ഥ താല്പര്യങ്ങൾ സാധിക്കുന്നില്ല എന്നുള്ള പ്രശ്നമല്ലേ ഗുരുതരം? നാം ഓരോരുത്തരുടെയും സ്വാർത്ഥതയും, ഈഗോയും കുടുംബങ്ങളിലും സമൂഹത്തിലും ഉളവാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. സമൂഹത്തിന്റെ സമാധാനത്തിനു വേണ്ടി എങ്കിലും നമ്മുടെ സ്വാർത്ഥതയും അഹംഭാവവും ഉപേക്ഷിക്കാൻ നാം തയ്യാറാകേണ്ടതല്ലേ?

നമുക്കുവേണ്ടി സമൂഹം മുഴുവൻ ത്യാഗം സഹിക്കണം എന്ന് ചിന്തിക്കാതെ, സമൂഹത്തിനുവേണ്ടി ത്യാഗം സഹിക്കാൻ നാം തയ്യാറായിരുന്നെങ്കിൽ എത്ര വലിയ സമാധാനം സാദ്ധ്യമാകുമായിരുന്നു നമ്മുടെ ആവശ്യങ്ങൾ പോലെയോ, അതിലുപരിയായോ അപരന്റെ ആവശ്യങ്ങളെ കാണുവാൻ നമുക്ക് കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ! എനിക്ക് ഇവിടെ ജീവിക്കണം, നീ മരിച്ചാലും കുഴപ്പമില്ല, എന്ന ഭാവമല്ലേ നമുക്കുള്ളത്? എനിക്ക് ജീവിക്കണം, നീ മരിക്കണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്. അതുകൊണ്ടാണല്ലോ കൊലപാതകങ്ങൾ വർദ്ധിച്ചു വരുന്നത്. മറിച്ച്, ‘നീ ജീവിക്കണം, ഞാൻ മരിക്കാം’ എന്നു ചിന്തിക്കുവാൻ എപ്പോഴെങ്കിലും നമുക്ക് കഴിയുമോ? അപരനുവേണ്ടി ജീവിക്കുന്ന ജീവിതത്തിന് മാത്രമേ അങ്ങനെ ചിന്തിക്കുവാൻ കഴിയുള്ളൂ. മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കുവാനും, ആവശ്യമെങ്കിൽ മരിക്കുവാനുള്ള സന്നദ്ധത ദൈവമേ എനിക്ക് നൽകണമേ എന്ന് പ്രാർത്ഥിക്കാം.