കഴിഞ്ഞ പത്തമ്പതു വർഷമായി കേരളം ലോട്ടറി കച്ചവടം ചെയ്യുന്നു. ഓരോ ആഴ്ചയും ഇവിടെ ലക്ഷപ്രഭുക്കൾ ഉണ്ടാകുന്നുണ്ട്. എന്നിട്ട് ലോട്ടറിയടിച്ച് ലക്ഷപ്രഭുക്കൾ ആയവരൊക്കെ എവിടെ? ശരിക്കും പറഞ്ഞാൽ ലക്ഷപ്രഭുക്കളെ തട്ടി നടക്കാൻ പറ്റാതാകേണ്ടതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പെട്ടെന്നു സമ്പന്നരാകുന്നവർക്ക് അവരുടെ സമ്പത്ത് നിലനിർത്താൻ കഴിയാത്തത്?ആദ്യം ലേശം ബിഹേവിയറൽ എക്കണോമിക്സ് പറഞ്ഞു തരാം.ഒരു ചോദ്യം.. നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ആരാധകനാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ലാല്‍ ചിത്രത്തിന്റെ ടിക്കറ്റ് (നൂറു രൂപ) നിങ്ങള്‍ നേരത്തേ വാങ്ങി വച്ചിട്ടുണ്ട്. നിങ്ങള്‍ ഷോ കാണാന്‍ പോകുന്ന വഴി നൂറു രൂപ വിലയുള്ള ആ ടിക്കറ്റ് പോക്കറ്റടിച്ചു പോകുന്നു. ഭാഗ്യവശാല്‍ തീയറ്ററില്‍ വേറെ ടിക്കറ്റ് കിട്ടാനുണ്ട്. നിങ്ങളുടെ കൈയില്‍ പണവുമുണ്ട്. നിങ്ങള്‍ വേറെ ടിക്കറ്റ് വാങ്ങുമോ?ഇനി വേറൊരു സിനേറിയോ. നേരത്തെ പോലെ നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ആരാധകനാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാല്‍ ചിത്രം കാണാന്‍ പോകുകയാണ്. ഇത്തവണ നിങ്ങള്‍ അവിടെ എത്തിയ ശേഷം ടിക്കറ്റ് വാങ്ങാനാണ് തീരുമാനിക്കുന്നത്. പോകുന്ന വഴിക്ക് നിങ്ങളുടെ നൂറു രൂപ പോക്കറ്റടിച്ചു പോകുന്നു. ഭാഗ്യവശാല്‍ നിങ്ങളുടെ കൈയില്‍ വേറെ പണമുണ്ട്. നിങ്ങള്‍ ടിക്കറ്റ് വാങ്ങുമോ? ഉത്തരം പറയുക.
ഇവിടെ രണ്ടു അവസരത്തിലും നൂറു രൂപ മൂല്യമുള്ള ഒരു ടിക്കറ്റിന് ഇരുന്നൂറു രൂപ നിങ്ങള്‍ ചിലവാക്കേണ്ട അവസ്ഥ വരുന്നു എന്നതാണ് വിഷയം. ക്ലാസിക്കല്‍ എക്കണോമിക്സ് പ്രകാരം രണ്ട് അവസരത്തിലും നിങ്ങള്‍ ഒരു പോലെയാണ് പെരുമാറേണ്ടത്. ഒന്നുകില്‍ വീണ്ടും ടിക്കറ്റെടുക്കും. അല്ലെങ്കില്‍ ഇല്ല. എന്നാല്‍ ബിഹേവിയറൽ എക്കണോമിക്സ് പ്രകാരം ആദ്യത്തെ അവസ്ഥയില്‍ നിങ്ങള്‍ വീണ്ടും ടിക്കറ്റ് വാങ്ങാന്‍ സാധ്യതയില്ല. രണ്ടാമത്തെ അവസ്ഥയില്‍ നിങ്ങള്‍ ടിക്കറ്റ് എടുക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാണ് ബിഹേവിയര്‍ എക്കണോമിക്സ് വിശദീകരിക്കുന്നത്.ആദ്യത്തെ കേസില്‍ ഒരു തവണത്തെ വിനോദത്തിന് രണ്ട് ടിക്കറ്റ് വാങ്ങിയതായാണ് നമ്മുടെ തലച്ചോറിലെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തുക. ആതൊരു അന്യായ ചിലവായി നമുക്ക് തോന്നും. ഏതോ രീതിയില്‍ നമ്മൾ കബളിക്കപ്പെട്ടതായി നമുക്ക് തോന്നും. എന്നാല്‍ രണ്ടാമത്തെ കേസില്‍ പോക്കറ്റടിച്ചു പോയ രൂപയും, ടിക്കറ്റിനു ചിലവാക്കുന്ന രൂപയും രണ്ട് അക്കൌണ്ടുകളിലാണ് തലച്ചോറിലെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തുക. രണ്ടു കേസിലും നമ്മുടെ ചെലവ് ഇരുന്നൂറു രൂപ തന്നെയാണെങ്കിലും ഒരു തവണ മാത്രമല്ലേ ടിക്കറ്റ് എടുക്കുന്നുള്ളൂ. അതുകൊണ്ട് വിനോദിക്കാൻ കൂടുതല്‍ ചിലവാക്കിഎന്ന ഫീലിംഗ് ഉണ്ടാകുന്നില്ല.
പേഴ്സിൽ നിന്ന് എടുത്ത് ചിലവാക്കുന്നതും അക്കൗണ്ടിൽ നിന്ന് കാശ് പോകുന്നതും ഒരുപോലെയല്ല നമ്മുടെ മസ്തിഷ്‌കം മനസ്സിലാക്കുക. ക്ലാസിക്കല്‍ എക്കണോമിക്സ് പ്രകാരം ചിന്തിച്ചാല്‍ അങ്ങനെ ദുര്‍വ്യയം ഉണ്ടാകാന്‍ ന്യായമില്ല. എന്നാല്‍ ബിഹേവിയര്‍ എക്കണോമിക്സ് പ്രകാരം നിങ്ങളുടെ സാമ്പത്തിക അച്ചടക്കം താറുമാറാകും. ഡിജിറ്റല്‍ മണിയിലേക്ക് മാറുന്നത് നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കും. നിങ്ങളുടെ ദുര്‍വ്യയം കൂടും.അതുപോലെതന്നെയാണ് ലോട്ടറിയിൽ കിട്ടുന്ന പണവും. അത് വെറുതെ കിട്ടിയ പോലെയാണ് തലച്ചോറിലെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തുക. അതിനാൽ അത് ദൂർത്തടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. മറ്റൊരു കാര്യം ലോട്ടറിയെടുക്കുന്ന ശീലമുള്ളവർ പൊതുവേ സാമ്പത്തിക അച്ചടക്കം കുറവുള്ളവരായിരിക്കും. ഓണം ബമ്പറടിച്ച ആൾ മാസം ആറായിരം രൂപക്ക് ടിക്കറ്റെടുക്കാറുണ്ടായിരുന്നു എന്നാണ് കണ്ടത്. അത് ബോധമുള്ള മനുഷ്യന്റെ ലക്ഷണമല്ല.കണ്ണടച്ചു തുറക്കുമ്പോഴേക്കും പണക്കാരാകുന്ന സിനിമാക്കാർക്കും ഇതേ അബദ്ധം പറ്റാറുണ്ട്. വിശേഷിച്ചും കഴിഞ്ഞ തലമുറയിലെ നടീനടന്മാരിൽ അവസാന കാലത്ത് ദാരിദ്ര്യം അനുഭവിക്കാത്തവർ കുറവായിരിക്കും.പ്രശ്നം നമ്മുടെ തലച്ചോർ തന്നെയാണ്. കണക്കുകൾ കൈകാര്യം ചെയ്യാനും, ഭാവിയെക്കുറിച്ച് ചിന്തിക്കാനും അതിന് കഴിവ് കുറവാണ്. ഉടനടിയുള്ള സംതൃപ്തിയെ ലക്ഷ്യത്തെ വച്ചു പ്രവർത്തിക്കാൻ തക്ക വിധമാണ് നമ്മുടെ തലച്ചോർ പരിണമിച്ചിട്ടുള്ളത്.
എഴുതിയത് : മനോജ് ബ്രൈറ്റ്