ഭാര്യയെ അത്രമാത്രം സ്നേഹിച്ച അയാൾ ഗൾഫിലേക്ക് പോയ ശേഷമാണു ജീവിതം മാറി മറിഞ്ഞത് ശേഷം

EDITOR

അയാളൊരു കുള്ളനായിരുന്നു.ശരിക്കും പറഞ്ഞാൽ നാലരയടി മാത്രം പൊക്കം. ടൗണിലെ ചെറിയൊരു തുണി കടയിലെ ജോലിക്കാരനായിരുന്നു അയാൾ.ആ നാട്ടിലെ ഏറ്റവും ചെറിയ മനുഷ്യൻ അയാളായത് കൊണ്ടാവണം അയാളുടെ നല്ലപ്രായം മുതൽക്കേ നാട്ടുകാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസങ്ങൾ അയാൾ കേട്ടിരുന്നു.ആദ്യമാദ്യം അതെല്ലാം നന്നായി വേദനിപ്പിച്ചുവെങ്കിലും കാലം അയാളെ കുള്ളൻ എന്ന യാഥാർഥ്യം ഉൾകൊള്ളാൻ പ്രേരിപ്പിച്ചു. പിന്നെ എല്ലാവരുടെ പരിഹാസത്തോടും ഒരു പുഞ്ചിരി മാത്രം മറുപടിയായി കൊടുത്തപ്പോൾ തന്റെ കുറവുകൾ അയാൾക്കൊരു പ്രശ്നമായി ഒരിക്കലും തോന്നിയില്ല.ടി. ടി. സി കഴിഞ്ഞ തനുശ്രീയുമായുള്ള വിവാഹം അയാളുടെ മുപ്പതാം വയസ്സിൽ നടക്കുമ്പോൾ കല്യാണ പന്തലിൽ വെച്ചാണ് അയാളാദ്യമായി ആ വാക്ക് പിന്നിൽ നിന്നും ആരോ പറയുന്നത് കേട്ടത്,കുള്ളന്റെ ഭാര്യശരിയാണ്. അഞ്ചടി രണ്ടിഞ്ചു പൊക്കമുള്ള സാമാന്യം ഭംഗിയുള്ള അവൾക്കു അയാളുടെ പൊക്കകുറവ് ഒരു പ്രശ്നമല്ലായിരുന്നു.കല്യാണ ഫോട്ടോയെടുക്കുമ്പോൾ,ചെക്കന് ഒരു സ്റ്റൂൾ ഇട്ട് തരണോ” എന്ന്
അവന്റെയേതോ കൂട്ടുകാരൻ തമാശക്ക് പന്തലിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ, അത് കേട്ടു ചിലർ ചിരിച്ചെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കിയ അവൾക്കു മാത്രമപ്പോൾ ചിരി വന്നില്ല.

കല്യാണം കഴിഞ്ഞ അടുത്ത ദിവസം മുതൽ ബന്ധുക്കാരുടെ വീടുകളിൽ വിരുന്നിനു പോകുമ്പോളും അവളുടെ ബന്ധുക്കളിൽ ചിലർ അയാളോട് ഒരു അന്യനെ പോലെ പെരുമാറി അകൽച്ച കാണിച്ചു.ഹാളിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഉള്ളിലൂടെ കുത്തിയുള്ള ചില കാരണവർമാരുടെ കളിയാക്കലുകൾ അയാൾ ചിരിച്ചു തള്ളുമെങ്കിലും അയാളുടെ ഉള്ളിലെ വേദന അവൾ മാത്രം ആ മുഖത്തു നോക്കി വായിച്ചെടുത്തു.ഒരിക്കൽ ഇടിയും മഴയുമുള്ള ഒരു രാത്രിയിൽ അയാളുടെ നെഞ്ചിൽ തല വെച്ചു അവൾ കിടക്കുമ്പോൾ അയാൾ ചോദിച്ചു “നെനക്ക് വേണ്ടായിരുന്നു എന്ന് തോന്നണുണ്ടോ..??എന്ത് വേണ്ടായിരുന്നു എന്ന്..?അവൾ ചോദിച്ചു.എന്നെ കല്യാണം കഴിച്ചത് വേണ്ടായിരുന്നു എന്ന് തോന്നണുണ്ടോ എന്ന്അങ്ങിനെ തോന്നിയിരുണെങ്കിൽ ഇപ്പോൾ ഇങ്ങിനെ ഈ നെഞ്ചിൽ കിടക്കാൻ ഞാൻ ഉണ്ടാകുമായിരുന്നോ?? എന്നോ ഞാൻ ഇട്ടേച്ചു പോവില്ലായിരുന്നോ..??കല്യാണം കഴിഞ്ഞിട്ടു നാലു മാസമായി, ഇക്കാലയളവിൽ എപ്പോളെങ്കിലും ഞാൻ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ കുറ്റപ്പെടുത്തിയിട്ടുണ്ടോ.ഉണ്ടാവില്ല. കാരണം അത്രയ്ക്കും എനിക്കിഷ്ടമായിട്ടു തന്നെയാ ഞാനീ കല്യാണത്തിന് സമ്മതിച്ചേ.

അവളുടെ വാക്കുകൾ കേട്ടപ്പോൾ അയാളുടെ കണ്ണിൽ താനെ നനവ് പൊടിഞ്ഞു. അയാൾ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു പറഞ്ഞു, “നിന്നെ കിട്ടാൻ മാത്രം കഴിഞ്ഞ ജന്മത്തിൽ എന്ത് പുണ്യമാണാവോ ഞാൻ ചെയ്തേ ഭഗവാനെ.അവൾക്കു ആ നാട്ടിലെ അറിയപ്പെടുന്ന ട്യൂഷൻ സെന്ററിൽ ടീച്ചറുടെ ജോലി വാങ്ങി കൊടുത്തത് അയാളുടെ സുഹൃത്തിന്റെ പിടിപാട് കൊണ്ടായിരുന്നു. ചില ദിവസങ്ങളിൽ നേരത്തെ ജോലി കഴിഞ്ഞു വരുമ്പോൾ അയാളും അവൾക്കൊപ്പം വീട്ടിലേക്കു ഒരുമിച്ചു നടന്നു.മഴയുള്ള ദിവസങ്ങളിൽ ഒന്നിച്ചു വരുമ്പോൾ അയാളവൾക്ക് കുട ചൂടി കൊടുക്കും. അവളെക്കാൾ പൊക്കകുറവുള്ളത് കൊണ്ടു അയാൾ കുട വളരെ ഉയർത്തിയായിരുന്നു പിടിച്ചിരുന്നത്. തനിക്കു കുട പിടിച്ചു തരുമ്പോൾ അയാൾ നനയാതിരിക്കാൻ അവളയാളുടെ തോളിൽ കൂടി കയ്യിട്ടു ചേർത്തു പിടിക്കും. അപ്പോൾ അവരെ കാണുന്ന ആ നാട്ടിലെ ചിലർ കളിയാക്കി ചിരിച്ചു കൊണ്ടു പറയും “കുള്ളനും ഭാര്യയും ധേ കുടയും ചൂടി നനഞ്ഞു പോണു” എന്ന്.ആളുകൾ പലതും പറയുമ്പോളും ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അയാൾ അവൾക്കൊപ്പം മിക്ക ദിവസവും അവർക്കു മുന്നിലൂടെ തന്നെ വീട്ടിലേക്കു നടന്നു.സന്തോഷപ്രദമായ അവരുടെ ജീവിതത്തിലേക്ക് ഒരു വർഷം കഴിഞ്ഞപ്പോളാണ് ആ ശുഭ വാർത്ത വരുന്നത്. അവർക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നു. എല്ലാ മാതാപിതാക്കളെ പോലെ കുഞ്ഞു കുപ്പായവും കളിപ്പാട്ടങ്ങൾ വാങ്ങി സ്വരൂപിച്ചും അവരൊരുപാട് സ്വപ്നം നെയ്തു കൂട്ടി.

മാസങ്ങൾക്കു ശേഷമുള്ള ഒരു രാത്രി ഉറങ്ങാൻ നേരം അയാൾ അവളുടെ വീർത്ത വയറിൽ തല വെച്ചു സ്നേഹത്തോടെ നോക്കിയപ്പോൾ അവൾ ചോദിച്ചു.എന്താ ഇങ്ങിനെ നോക്കുന്നെ..?ഉള്ളിൽ മോനോ.. മോളോ എന്ന് നോക്കുകയാണോ.പെട്ടെന്ന് അയാളുടെ മുഖം വാടി. അത് കണ്ടപ്പോൾ അവൾ കട്ടിലിൽ നിന്നും കഷ്ടപ്പെട്ടു എണീറ്റിരുന്നു ചോദിച്ചു “എന്ത് പറ്റീ എന്താ പെട്ടെന്ന് മുഖം വാടിയെ.അത് പിന്നെ മോനായാലും മോളായാലും എന്നെ പോലെ കുള്ളൻ ആവാതിരുന്നാൽ മതിയായിരുന്നു അതോർക്കുമ്പോൾ ഉള്ളിൽ ഒരു വിഷമം അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അവൾ രണ്ടു കൈ കൊണ്ടും അയാളുടെ കണ്ണുകൾ തുടച്ചു.അങ്ങിനെയൊന്നും ഉണ്ടാവില്ല. ഇനിയിപ്പോൾ അങ്ങിനെയാണെങ്കിലും നമ്മൾ അവരെ നമ്മുടെ നല്ല മക്കളായി തന്നെ വളർത്തും. അതുകൊണ്ടു അതൊന്നും ഓർത്തു ഇപ്പോൾ വിഷമിക്കണ്ട കേട്ടോ.അവളുടെ വാക്കുകൾ അയാളുടെ മനസ്സിനെ പാതിയോളം സമാധാനിപ്പിച്ചു.അവളുടെ പ്രസവത്തിനു മൂന്ന് മാസം മുൻപാണ് അയാൾക്ക്‌ ഗൾഫിലേക്കൊരു വിസ വരുന്നത്. അത്യാവശ്യം നല്ല ശമ്പളമുള്ള ജോലി ആയതു കൊണ്ടു അവൾ തന്നെയാണ് അയാളെ പോകാൻ നിർബന്ധിച്ചത്.

അയാൾക്ക്‌ അവളെ ആ അവസ്ഥയിൽ വിട്ടു അന്യ നാട്ടിലേക്ക് പോവാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും ഒരു രണ്ടു വർഷം നിന്നു അല്പം പണം ഉണ്ടാക്കിയിട്ടു കടമെല്ലാം വീടുമ്പോൾ തിരിച്ചു വന്നു നാട്ടിൽ തന്നെ നിൽക്കാം എന്ന അവളുടെ നിബന്ധനക്കു മുന്നിൽ അയാൾക്കു അടിയറവ് പറയേണ്ടി വന്നു.കൂട്ടിനു ആ വീട്ടിൽ അയാളുടെ അച്ഛനും അമ്മയുമുള്ള ധൈര്യത്തിൽ അയാൾ അവളെ അവരെയേൽപ്പിച്ചു നെറ്റിയിലൊരു ചുംബനവും നൽകി മണലാരണ്യത്തിലേക്ക് യാത്രയായി. അയാൾ കണ്ണിൽ നിന്നും മായുന്ന വരെ നിറഞ്ഞ വയറുമായി അവളാ ഉമ്മറത്തിരുന്നു അയാളെ നോക്കി നിന്നു.അയാൾ പോയി രണ്ടു മാസം കഴിഞ്ഞപ്പോളാണ് മറ്റൊരു ശുഭ വാർത്ത അവളറിഞ്ഞത്. ഗൾഫിൽ വെച്ചു കൂട്ടുകാരുമായി പങ്കിട്ടെടുത്ത ഗൾഫിലെ ലോട്ടറി അയാൾക്ക്‌ അടിച്ചിരിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ടു കോടിപതിയായ അയാൾ അവളുടെ ഡെലിവറിക്കു മുൻപേ പണവുമായി എത്രയും പെട്ടെന്ന് നാട്ടിലെത്തുമെന്നു അറിയിച്ചു. അത് കേട്ടപ്പോൾ അവളും ഒരുപാട് സന്തോഷിച്ചു.അന്ന് മുതലവൾ അയാളെയും കാത്തു ദിവസങ്ങൾ എണ്ണി തുടങ്ങി.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി കാത്തിരിപ്പു നീണ്ടു.ക്രമേണ അയാളുടെ ഫോൺ വിളികൾ ഇല്ലാതായി. അയാളുടെ കൂടെ ജോലി ചെയ്യുന്നവരോട് അന്വേഷിച്ചപ്പോൾ കുറച്ചു ദിവസമായി അയാളെ കാണ്മാനില്ല, അവരുടെ കമ്പനി പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.ഒരിക്കൽ വേദന വന്നു അവളെ വീട്ടുകാർ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയുമ്പോൾ അവൾ വീണ്ടും പ്രാർത്ഥിച്ചു, കുഞ്ഞിനെ കാണാനെങ്കിലും അയാൾ വരണമെ എന്ന്.പക്ഷേ അവളുടെ പ്രാർത്ഥന ഫലം കണ്ടില്ല. അവളൊരു ആൺ കുഞ്ഞിന് ജന്മം നൽകിയ നിമിഷത്തിലും അയാൾ വന്നില്ല. അവൾക്കു കൂട്ടായി അവളുടെയും അയാളുടെയും വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ആശുപത്രിയിൽ നിന്നും ഡിസ്ചാർജായിട്ടും അവളവരുടെ വീട്ടിലെ റൂമിൽ അയാളുടെ കുഞ്ഞിനേയും കൊണ്ടു അടച്ചിരുന്നു. പുറം ലോകവുമായുള്ള അവളുടെ ബന്ധം താനെ കുറഞ്ഞു വന്നു.കാത്തിരിപ്പിന്റെ നീളം ആറു മാസം കഴിഞ്ഞപ്പോൾ അവൾ രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ഓഫിസുകളിൽ ആ പിഞ്ചു കുഞ്ഞിനെയുമെടുത്തു അയാളെ അന്വേഷിക്കാൻ അപേക്ഷയുമായി ഒരുപാട് തവണ കയറിയിറങ്ങി. പക്ഷേ ഒന്നും പ്രയോജനം കണ്ടില്ല.

ആറു മാസത്തെ കാത്തിരിപ്പു ഒരു വർഷമായി നീണ്ടു. പിന്നീടെപ്പോളോ ടിവി ചാനലുകളിൽ അയാളെ കുറിച്ച് വാർത്ത വന്നു. ഗൾഫിലെ ലോട്ടറി അടിച്ചപ്പോൾ കൂടെയുള്ള പാകിസ്ഥാനികൾ ചതിച്ചെന്നും അയാളെ ആരൊക്കെയോ തട്ടി കൊണ്ടു പോയി ഇല്ലാതാക്കിയെന്നും പല അഭ്യൂഹങ്ങളും വന്നു. പക്ഷേ ഒന്നിന്നും വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ആർക്കും കഴിഞ്ഞില്ല. ഭരണം മാറിയപ്പോൾ കേസും അന്വേഷണവും നീണ്ടു നീണ്ടു പോയി.വീട്ടിലെ ഭക്ഷണത്തിന് ബുദ്ധിമുട്ട് വന്നു തുടങ്ങിയപ്പോൾ അവൾ കുഞ്ഞിനെ പ്രായമായ അവന്റെ വീട്ടുകാരെയേൽപ്പിച്ചു വീണ്ടും ട്യൂഷൻ സെന്ററിൽ ജോലിക്ക് പോയി തുടങ്ങി. കുട്ടികളുടെ പരീക്ഷാ സമയത്തു സ്പെഷ്യൽ ക്ലാസ്സ്‌ കഴിഞ്ഞു അവൾ സന്ധ്യക്ക്‌ വീട്ടിലേക്കു നടക്കുമ്പോൾ അവളെക്കാൾ ഇളയ ചെക്കന്മാർ വരെ അവളെ നോട്ടമിട്ടും അശ്ലീല വാക്കുകൾ പറഞ്ഞും റോഡിന്റെ വക്കിൽ പലപ്പോഴും ശല്യമായി ഉണ്ടായിരുന്നു.അപ്പോളൊന്നും അവൾ ആർക്കും പിടി കൊടുക്കാതെ ആ നാട്ടിലൂടെ തന്നെ,കൂടെ നടക്കാൻ ഒരു ആൺതുണയില്ലാതെ തന്റേടത്തോടെ തന്നെ തലയുയർത്തി നടന്നു ഒറ്റയ്ക്ക് ജീവിച്ചു.

അവളുടെ കാത്തിരിപ്പിന്റെ വർഷങ്ങൾ വീണ്ടും നീണ്ടു പോയി. അവരുടെ മോനു രണ്ട് വയസ്സായി.പിന്നെയത് അഞ്ചായി പത്തായി പക്ഷേ അപ്പോളൊന്നും അയാളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. അയാൾ എന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു അവൾ വീണ്ടും കാത്തിരുന്നു.അവളുടെ മകനിപ്പോ ഒരുപാട് വളർന്നു ഇരുപതാം വയസ്സിലെത്തി നിൽക്കുന്നു. ഒരിക്കൽ അവൾ അവനുമൊത്തു പുറത്ത് പോകാനൊരുങ്ങിയപ്പോൾ ടിവിയിൽ ഫ്ലാഷ് ന്യൂസ്‌ കണ്ടു, ഗൾഫിൽ വെച്ചു ലോട്ടറി അടിച്ച തന്റെ ഭർത്താവിനെ പണത്തിനു വേണ്ടി ആരൊക്കെയോ ചേർന്നു വർഷങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയതായി കേസ് തെളിഞ്ഞിരിക്കുന്നു. മൃതശരീരം പുറം ലോകമറിയാതെ കുറ്റവാളികൾ ഇല്ലാതാക്കി. കുറ്റം ചെയ്തവരെ തെളിവുകളോടെ പോലീസ് അറസ്റ്റ് ചെയ്തു.ആ വാർത്ത കണ്ടപ്പോൾ ഒന്നും വിശ്വസിക്കാനാവാതെ അവളവിടെ തന്നെ നിന്നു നിർത്താതെ കരഞ്ഞു. ആ ഷോക്കിൽ നിന്നും മോചിതയാവാൻ അവൾക്കു വീണ്ടും കുറച്ചൂ കൂടി ദിവസം വേണ്ടി വന്നു.അടച്ചിട്ട മുറിയിൽ വീണ്ടും അയാളുടെ ഓർമ്മകളുമായി കുറേ ദിവസമിരുന്നു ഡിപ്രെഷന്റെ വക്കിലവളെത്തിയപ്പോൾ, അതിൽ നിന്നും അവളെ കരകയറ്റണമെന്ന് മകൻ തീരുമാനിച്ചു.

അവനടുത്ത ദിവസം വൈകിട്ട് ആ മുറിയിലേക്ക് വന്നു അവളുടെ കൈ പിടിച്ചു പറഞ്ഞു അമ്മാ വരൂ നമുക്കൊന്ന് പുറത്തേക്കു മെല്ലെ നടക്കാൻ പോകാം.അപ്പോളവൾ ഒരു ഭ്രാന്തിയെ പോലെഞാൻ വരൂല എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. കൂടെ പൊട്ടി കരയുന്നുമുണ്ട്.പക്ഷേ അവനതു വക വെക്കാതെ പറഞ്ഞു,ഞാനുണ്ട് അമ്മയുടെ കൂടെ പേടിക്കണ്ടട്ടോ ഞാൻ കൈ പിടിക്കാം വരൂ ധാ.. ഇവിടെ നല്ല കുട്ടിയായി ഇത്തിരി നടന്നാൽ മതി.അത് കേട്ടപ്പോളവൾ ഒരു ചെറിയ കുട്ടിയെല്ലാം അനുസരിക്കുന്ന പോലെ നിലത്തു നിന്നും അവന്റെ കൈ പിടിച്ചു എണീറ്റു. അവനവളുടെ തോളിലൂടെ കൈ പിടിച്ചു താങ്ങി വീടിനു പുറത്തേക്കു ഇറങ്ങി. മുറ്റത്തു എത്തിയപ്പോളേക്കും മഴ ചെറുതായി പെയ്തു തുടങ്ങി. അവൻ വേഗം ഉമ്മറത്തേക്ക് തന്നെ തിരിച്ചു കയറി ഒരു കുടയുമെടുത്തു അവൾക്ക് ചൂടി കൊടുത്തു. അമ്മയുടെ വലതു തോളിലൂടെ ചേർത്തു പിടിച്ചു അവൻ പുറത്തെ റോഡിലേക്കിറങ്ങി നടക്കുമ്പോൾ അവരുടെ ഇരു വശത്തും കാറ്റ് കൊണ്ടു മഴ ചാറൽ നനഞ്ഞു.അപ്പോളവൾ അവനോടു ചേർന്നു നിന്ന് അവളെക്കാൾ ഉയരമുള്ള മകന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു,നിന്റെ അച്ഛന്റെ ആഗ്രഹം പോലെ തന്നെ നീ ഞങ്ങൾ രണ്ടു പേരേക്കാളുമൊരുപാട് വലിയവനായി.സന്തോഷമായി ഈ അമ്മയ്ക്ക്.ഒരുപാടൊരുപാട്.അവർ കൂടുതൽ നനയാതിരിക്കാൻ അമ്മയെ ഒന്നൂടി ചേർത്തു പിടിച്ചു അവൻ മഴയത്തു കുടയും ചൂടി നടക്കുമ്പോൾ ആ റോഡിന്റെ ഒരു വശത്തുള്ള പൊട്ടി പൊളിയാനായ പീടിക തിണ്ണയിൽ നിന്നും ഒരാൾ അവിടുത്തെ ചായ കടക്കാരനോട് ചോദിച്ചു,ആരാ ബാലേട്ടാ ഈ പെരുംമഴയത്തു ആ ചെറുക്കന്റെ കൂടെഒരു കുടയിൽ നനഞ്ഞു കുളിച്ചു നടന്നു പോകുന്ന സ്ത്രീ.?പ്രായമായ ആ ചായക്കടക്കാരൻ നെറ്റിയിൽ കൈവെച്ചു മഴയത്തേക്കൊന്നു നീട്ടി നോക്കിയിട്ടു അയാളോടായി പറഞ്ഞു.കുള്ളന്റെ ഭാര്യ