ഞാൻ തെറിച്ചു റോഡിലൂടെ തെന്നി മറുവശത്തു വീണു പകുതി ബോധത്തോടെ ഞാനലറിവിളിച്ചിട്ടും അവര് എന്നെ ആക്രമിക്കാൻ വന്നു ശേഷം

EDITOR

നിസ്സാർ അഹമ്മദ് എഴുതുന്നു ഇന്നലെ 18-09-22എനിക്കുണ്ടായ ഒരു ആക്സിഡന്റ് അനുഭവത്തിന്റെ നല്ലതും ചീത്തയുമായ ഞാനനുഭവിച്ച അവസ്ഥ പങ്കുവെക്കാനാണ് ഈ പോസ്റ്റ്.ഞാൻ ബംഗ്ലൂർ ആണ് ഉള്ളത്.രണ്ട് ദിവസം ലീവ് ആയതിനാൽ ഒന്നു വീടുവരെ പോയിവരാം എന്ന് വിചാരിച്ചു. ഇറങ്ങുബോൾ തന്നെ രണ്ട് മനസ്സായിരുന്നു. പോകണോ പോകണ്ടേ എന്ന്. എന്തായാലും രണ്ടും കല്പിച്ചു ഇറങ്ങി.ഏകദേശം 450 നു മുകളിൽ കിലോമീറ്റർ ഉണ്ട്. ഫ്ലാറ്റിൽ നിന്നും 12.30pm നു ഇറങ്ങി.ബൈക്കിൽ ആണ് യാത്രാ. ബാംഗ്ലൂർ നിന്നു പുറത്തെത്താൻ ഒരു മണിക്കൂർ പിടിച്ചു. പക്ഷെ സാറ്റലൈറ്റ് മുതൽ മൈസൂർ വരെ നല്ല റോഡ് ആയതോണ്ട് രണ്ട് രണ്ടര മണിക്കൂർ കൊണ്ട് മൈസൂർ എത്തി. ഒരു പത്ത് മിനുട്ട് റസ്റ്റ് എടുത്ത് വീണ്ടും യാത്ര തുടങ്ങി. അങ്ങിനെ നെഞ്ചഗോഡ് കഴിഞ്ഞു തൊട്ടടുത്ത ജംഗ്ഷൻ. ചെറുതായിട്ടൊന്നു ആക്സിഡന്റ് ആയി.ആക്‌സിഡന്റായ കഥ പറയാം.ഞാനൊരു ആവറേജ് സ്പീഡിൽ ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. റോഡിൻറെ സെന്റർ കീപ് ചെയ്ത്. റോഡിൻറെ ഇടത് വശത്തുകൂടി രണ്ട് TVS ന്റെ ചെറിയ ബൈക്ക് പോകുന്നത് ഞാൻ പിറകിൽ നിന്നുതന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

അവർ അതിന്റെ മാക്സിമം സ്പീഡിൽ ആയിരുന്നു. ഞാനവരുടെ അടുത്തെത്തുന്നതും ചെറിയൊരു ജംഗ്ഷൻ എത്തുന്നതും ഒരുമിച്ചായിരുന്നു. നേരെ പോകാനുള്ള എന്നെക്കണ്ടിട്ടും അവർ ഒരു തെല്ലുപോലും സ്പീഡ് കുറക്കാതെ വണ്ടി തിരിച്ചു എന്റെ ബൈക്കിന്റെ സെന്റർ ഭാഗത്ത് അതായത് കറക്റ്റ് എന്റെ കാൽ മുട്ടിനു വന്നിടിച്ചു. എനിക്കും വെട്ടിക്കാൻ കഴിഞ്ഞില്ല .കാരണം റോഡിൽ എന്റെ സൈഡിൽ ബാരിക്കേഡ് ഉണ്ടായിരുന്നു. ഞാൻ തെറിച്ചു റോഡിലൂടെ തെന്നി മറുവശത്തു ചെന്ന് വീണു.പകുതി ബോധത്തോടെ ഞാനലറിവിളിച്ചിട്ടും ആരും എന്റെ നേരെ സഹായത്തിനു വന്നില്ല. ഞാൻ സ്വയം എണീക്കാൻ ശ്രമിച്ചതും ഒരുകൂട്ടം ആളുകൾ വന്ന് കയ്യേറ്റം ചെയ്യാന് ശ്രമിക്കുന്നു. അവരെവിടെന്നു വന്നോ എന്തോ.എന്നെ ഇടിച്ചിട്ട വണ്ടിയിലുള്ളവർക്ക് നിസ്സാരമായ പരിക്കുകളുണ്ട്. അവരെ ആളുകൾ കൂടി ഓട്ടോയിൽ കയറ്റി നെഞ്ചഗോഡ് govt ഹോസ്പിറ്റലിലെത്തിച്ചു. എന്നെ തല്ലാൻ ശ്രമിക്കല്ലാതെ എനിക്കെന്തെങ്കിലും പറ്റിയോ എന്നുപോലും ചോദിയ്ക്കാൻ ആരുമില്ലാത്ത അവസ്ഥ.ഈ ഭൂമിയിൽ തന്നെ ഒറ്റപെട്ടു പോയി എന്ന തോന്നൽ. അവരെന്നെ തല്ലികൊല്ലും എന്നുമനസ്സിലുറപ്പിച്ചു.അത് കണ്ടതും അവിടെ ഉണ്ടായിരുന്ന ഒരു ട്രാഫിക് പോലീസ് ഉദ്യാഗസ്ഥൻ എന്നെ ചേർത്ത് പിടിക്കുന്നു. വണ്ടിയിൽ ഫിറ്റ് ചെയ്‌ത ഫോൺ അദ്ദേഹം മറ്റൊരാളുടെ സഹായത്തോടെ എടുത്ത് അദ്ദേഹത്തിന്റെ പോക്കറ്റിൽ ഇടുന്നു.

ആക്‌സിഡന്റായവരെ ഹോസ്പിറ്റലിലെത്തിക്കാൻ ഓട്ടോക്കാരോട് പറയുന്നു. അങ്ങിനെ ആകെ കലപില. അതിനിടയിലൊക്കെ എന്നെ ചിലർ വലിച്ചു താഴെ ഇടാൻ ശ്രമിക്കുന്നുണ്ട്.ബാക്കിൽ വന്ന് കാലിനു ചവിട്ടുക. തോളിലുള്ള ബാഗ് പിടിച്ചു പറിക്കുക. ഹെൽമെറ്റ് വലിച്ചൂരാൻ ശ്രമിക്കുക അങ്ങിനെയൊക്കെ.ആ പോലീസുദ്യോഗസ്ഥൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ അപ്പൊത്തന്നെ ശവമായേനെ.
അതിനിടയിൽ തന്നെ ട്രാഫിക് പോലീസ് ജീപ്പ് വരുന്നു. ഒരു ലേഡി ഉദ്യാഗസ്ഥ. മറ്റെ പോലീസുകാരനോട് എന്റെ ഫോൺ തിരിച്ചുതരാൻ പറയുകയും എന്നോട് ആരെയെന്കിലും വിളിച്ചു പറയാനും പറഞ്ഞു. നീയും ഹോസ്പിറ്റലിലേക് പൊയ്ക്കോ അതാണ് നിനക്കു സേഫ് എന്ന് പറഞ്ഞു ഒരു ഓട്ടയിൽ കയറ്റിവിട്ടു. അവരായിരുന്നു എന്നെ അവിടെനിന്നു ശരിക്കും രക്ഷിച്ചത്.ഹോസ്പിറ്റലിലെത്തിയപ്പോയാണ് ഞാനറിയുന്നത് എന്നെ ഇടിച്ച വണ്ടിയിലിടിച്ചു വേറെ ഒരു ബൈക്ക് കൂടി വീണിട്ടുണ്ടെന്നു. അവരും അവിടെയുണ്ട്. പാവങ്ങളെല്ലാം വയസ്സായവരായിരുന്നു. ഒരു സ്ത്രീയും ഉണ്ട്. അവരെ ആശ്വസിപ്പിക്കണം എന്നുണ്ട്. പക്ഷെ അവിടെയുള്ളവർ എങ്ങനെ react ചെയ്യും എന്ന പേടികൊണ്ട് എനിക്കതിനു സാധിക്കുന്നില്ല. പക്ഷെ നേഴ്സ് മാരോട് ഞാൻ തിരക്കുന്നുണ്ടായിരുന്നു.

പിന്നീടങ്ങോട് അവിടെനിന്നും എന്നെ രക്ഷിച്ചത് ശരിക്കും ദൈവത്തിന്റെ മാലാഖ മാരായിരുന്നു. അവിടുത്തെ നഴ്സുമാർ. മരിക്കുവോളും കടപ്പാടുണ്ട് എനിക്കവരോട്.ആദ്യമൊന്നും അവരെന്നെ മൈൻഡ് പോലും ചെയ്യുന്നില്ലായിരുന്നു. കാരണം എന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഇല്ലായിരുന്നു. (കാരണം ജാക്കറ്റ്, ഗ്ലൗസ് ,ഹെൽമെറ്റ് എല്ലാം ഉള്ളത് കൊണ്ട് എന്നെ bp നോക്കിയ നേഴ്സ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവരും ആരോടെങ്കിലും വിളിച്ചു പറയാന് പറയുന്നു. ഞാൻ പറഞ്ഞു എന്റെ ഫോണിൽ ചാർജ് ഇല്ല എന്ന് .ഐ ഫോൺ ആയതോണ്ട് അവരാരുടെ കയ്യിലും കേബിളും ഇല്ല. ഞാനങ്ങനെ പേടിച്ചു നിക്കാണ്. കാരണം പുറത്തു എന്നെ കിട്ടാൻ ആളുകൂടി നീക്കുകയാണ്. അതിലൊരു സിസ്റ്റർ എന്നെ ഡോക്ടറുടെ റൂമിലേക്ക് പറഞ്ഞുവിട്ടു. ഡോക്ടർ എന്നെ എവിടെ തന്നെ ഇരുത്തി. പുറത്തൊന്നും പോകണ്ട എന്ന് പറഞ്ഞു. കാരണം ഒരുപാട് ആളുകളുണ്ട് പുറത്ത്.എന്റെ ബിപി നോക്കിയ സിസ്റ്റർ അവിടെയുള്ള മറ്റൊരു മലയാളി യായ നഴ്സിനെ അപ്പോയെക്കും വിവരമറിയിച്ചിരുന്നു. അവരോടിവന്നു എന്നോട് കാര്യങ്ങൾ തിരക്കുന്നു. (പേര് പറഞ്ഞെങ്കിലും ആ പേടിയിൽ ഞാൻ മറന്നു പോയതാണ് )മലയാളി സമാജത്തിന്റെ പ്രസിഡന്റ് ആയിരുന്ന ഇക്ബാൽ എന്നയാളെ ഫോണിൽ വിളിച്ചു പറയുന്നു.

അദ്ദേഹത്തോട് എന്നോട് ഫോണിൽ സംസാരിക്കാൻ പറയുന്നു. ആ നേഴ്സ് അദ്ദേഹത്തെ അറിയിച്ചത് കാരണം എന്നെ ഹെല്പ് ചെയ്യാന് ശിവൻ എന്നുപറയുന്ന ഒരാളെ ഏർപ്പാട് ചെയ്തുതരുന്നു .അദ്ദേഹം 10 മിനിറ്റിനു മുമ്പ് തന്നെ ഹോസ്പിറ്റലിൽ എത്തി എന്നെ കണ്ടു സംസാരിച്ചു കാര്യങ്ങളൊക്കെ തിരക്കി. (അതിനൊക്കെ കാരണക്കാരിയായ ആ മലയാളം അറിയുന്ന ഞാൻ പേരുമറന്നുപോയ നഴ്സിന് മനസ്സിൽ ഒരുപാട് നന്ദി പറയുന്നുണ്ടായിരുന്നു അതിനിടയിൽ മിഥുൻ രാജ് എന്നുപേരുള്ള ഒരുത്തൻ വന്ന് എനിക്ക് ചാർജർ കൊണ്ട് തരുന്നു.എന്നെ bp നോക്കിയ നഴ്സിന്റെ മകനാണ്. 10 km അകലെയുള്ള മകനെ വിളിച്ചു വരുത്തി എനിക്ക് വേണ്ടി ചാർജർ കൊണ്ടുതരാൻ കൽപിച്ച ആ മാലാഖയെ മറന്നാൽ ഞാൻ മനുഷ്യനല്ലാതെയാകും.ശരിക്കും ഞാൻ കരഞ്ഞു പോയി. അവൻ എന്റെ കൂടെത്തന്നെ ഇരുന്നു,ഫോണിൽ 50% ചാർജ് ആകുന്നത്‌ വരെ.അതിനിടയിൽ ചിലർ വന്നെന്റെ ഫോട്ടോയൊക്കെ എടുത്ത് പോകുന്നുണ്ടായിരുന്നു. ഒറിജിനൽ id കാർഡ്ചോ ദിക്കുന്നു, അങ്ങിനെയൊക്കെ എന്തൊക്കെയോ നടക്കുന്നുണ്ട്.അവരെയൊക്കെ ഭാസ്കർ എന്ന മലയാള മറിയുന്ന ഡോക്ടർ പുറത്താക്കുന്നുമുണ്ട് .

ഭാസ്കർ ഡോക്ടറും ഈ നേഴ്‌സുമാരും ശരിക്കെന്നെ സംരക്ഷിക്കുക ആയിരുന്നു. അതിനിടയിൽ ഡോക്ടർ മറ്റു രോഗികളെയും നോക്കുന്നുണ്ടായിരുന്നു. അതിലെ ഒരു രോഗിയായ സ്ത്രീയും എനിക്ക് ഫോൺ നീട്ടി ആരെയെങ്കിലും വിളിക്കാൻ പറയുന്നു.
പിന്നെ കണ്ടവരെല്ലാം മനുഷ്യരായിരുന്നു.പരിക്ക് പറ്റിയ നാല് പേരെയും കൂടുതൽ ചെക്കപ്പിന് വേണ്ടി ഡോക്ടർ അപ്പോയെക്കും മൈസൂർ ഹോസ്പിറ്റലിലേക് റെഫർ ചെയ്ത്.അത് കാരണം കുറെ ആളുകൾ പിരിഞ്ഞു പോയി. വീണ്ടും കുറച്ചാളുകൾ പിന്നെയും പുറത്തു കാത്തു നിൽക്കുന്ന കാരണം ഭാസ്കർ ഡോക്ടർ എന്നെ അദ്ദേഹത്തിന്റെ റൂമിൽ തന്നെ രണ്ട് മണിക്കൂറിൽ കൂടുതൽ ഇരുത്തി.കൂടെ മിഥുൻ രാജും,അതിനിടയിൽ ഹോസ്പിറ്റൽ കമ്പോണ്ടർ ഒരു ചായയും കൊണ്ടുതന്നു. ഞാൻ വിളിച്ചത് പ്രകാരം മൈസൂർ നിന്നു എന്റെ ഒരു ബ്രദർ വന്ന് എന്നെ കൂട്ടികൊണ്ട് പോകുന്നത് വരെ ഭാസ്കർ ഡോക്ടർ എന്റെ കൂടെ റൂമിൽ തന്നെ ഇരുന്നു. ബ്രദറും പേടിച്ചിട്ട് എത്താൻ കുറച്ചു ലേറ്റ് ആയി. കാരണം അവനറിയാം അവനെത്തിയാലും അടി ഉറപ്പാണെന്ന്അപ്പോയെക്കും ഇവിടെ ബാംഗ്ലൂർ ഉള്ള എന്റെ ഫ്രൻഡ്‌സും കാർ എടുത്ത് മൈസൂർ എത്തിയിരുന്നു. അത്കൊണ്ട് ഞാൻ രക്ഷപെട്ടു.നെഞ്ചഗോഡ്‌ ഗവണ്മെന്റ് ഹോസ്പിറ്റലിലെ വയനാട് മീനങ്ങാടി യിലേക് കല്യാണം കഴിച്ച ആ മലയാളമറിയുന്ന നഴ്സിനോടും അവിടുത്തെ ജെനെറൽ വിഭാഗത്തിലെ ഭാസ്കർ ഡോക്ടറിനും bp നോക്കിയ നേഴ്സിനോടും അവരുടെ മകനോടും ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരുപാട് നന്ദി അറിയിച്ചു ഈ എഴുത്ത് അവസാനിപ്പിക്കുന്നു.ഫുൾ ബോഡി വീക്ക് ആയി ഇപ്പോ ബംഗ്ലൂർ റെസ്റ്റിലാണ്.