ബാത്‌റൂമിൽ കയറിയപ്പോഴാണ് മനസിലായത് ഞാൻ പറഞ്ഞ പോലെ അല്ല പണിതതെന്ന് തെക്കോട്ട് ഇരുന്നു ബാത്രൂം പോയാൽ പ്രശ്ശ്‌നമെന്നു ഏതോ വാസ്തു വിദഗ്ദ്ധൻ പറഞ്ഞത്രേ ശേഷം

EDITOR

തെക്കൻ കേരളത്തിലൂടെയുള്ള ഒരു യാത്രക്കിടെയാണ്, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അപ്രതീക്ഷിതമായി മുരളി ചേട്ടന്റെ വീട്ടിൽ എത്തുന്നത്.മുരളി ചേട്ടൻ ആളൊരു ബാങ്ക് മാനേജരാണ് അദ്ദേഹത്തിൻറെ പത്നി അധ്യാപികയുമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അവർക്കായി ഞാനൊരു വീട് രൂപകൽപ്പന ചെയ്യുന്നത്. പാലുകാച്ചലിനും പിന്നീടുമായി പലതവണ അവരെന്നെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ എത്താൻ കഴിഞ്ഞിട്ടില്ല.പക്ഷെ ഒരു പ്രശ്നമുണ്ട്.ഞാൻ ചെല്ലുമ്പോൾ പുള്ളിക്കാരൻ ബാങ്കിലും, പുള്ളിക്കാരി സ്‌കൂളിലുമാണ്, എന്നുവച്ചാൽ വീട് അടഞ്ഞു കിടക്കുകയാണ് എന്നർത്ഥം.ഉടനെ പുള്ളിക്കാരനെ മൊബൈലിൽ വിളിച്ചു, മുൻകൂട്ടി പറയാതെ വന്നതിൽ പുള്ളി തന്റെ സങ്കടവും, പ്രതിഷേധവും അറിയിക്കുകയും ചെയ്തു.സാരമില്ല, വിരോധം ഇല്ലെങ്കിൽ വീട് ഞാൻ ഒറ്റയ്ക്ക് വീട് കയറി കണ്ടോളാം, മുറ്റത്തെ ചെടിചട്ടിക്ക് അടിയിലല്ലേ താക്കോൽ ഇരിക്കുന്നത് ..?അതെ, എങ്ങനെ മനസ്സിലായി ..?

ഓഫീസിൽ പോകുന്ന ഒട്ടുമിക്ക മലയാളികളും മുറ്റത്തെ ചെടിചട്ടിക്ക് അടിയിലാണ് വീടിന്റെ താക്കോൽ സൂക്ഷിക്കുന്നതെന്ന് ആർക്കാണറിയാത്തത് ..? ഉസ്താദ് ഫ്ലാറ്റ് ..
എന്തായാലും എനിക്ക് താക്കോൽ കിട്ടി, ഞാൻ അകത്തു കയറുകയും ചെയ്തു.വീട് ഗംഭീരം, ഞാൻ പ്ലാൻ ചെയ്തതിനേക്കാൾ ഒന്നുകൂടി ഭംഗിയാക്കാൻ ഞാനയച്ച ചാത്തന്മാർക്കും കോൺട്രാക്ടർക്കും കഴിഞ്ഞിട്ടുണ്ട്.പക്ഷെ താഴത്തെ നിലയിലെ ഒരു അറ്റാച്ഡ് ടോയ്‌ലെറ്റിൽ എത്തിയപ്പോഴാണ് ആ അഭിപ്രായം എനിക്ക് മാറ്റേണ്ടിവന്നത്.
ടോയ്‌ലെറ്റിന്റെ അകത്തളം ഞാൻ ഉദ്ദേശിച്ച പോലെയോ, പ്ലാൻ ചെയ്ത പോലെയോ അല്ല ഉള്ളത്.ഒരു ടോയ്‌ലെറ്റ് ശാസ്ത്രീയമായി സംവിധാനം ചെയ്യുമ്പോൾ ആദ്യം നാം പ്രവേശിക്കേണ്ടത് അതിന്റെ ഡ്രൈ ഏരിയ യിലേക്കാണ്.ഇവിടെയാണ് വാഷ് ബേസിനും, ക്ളോസെറ്റും വേണ്ടത്.ഈ രണ്ടിൽനിന്നും അൽപ്പം അകലെയായാണ് കുളിക്കാനുള്ള സംവിധാനങ്ങൾ അടങ്ങിയ വെറ്റ് ഏരിയ വേണ്ടത്, ഈ ഭാഗം സ്വൽപ്പം താഴ്ത്തി നിർത്തുന്നത് വഴി ഡ്രൈ ഏരിയ യിലേക്ക് വെള്ളം കടന്നുകയറുന്നതു തടയാനും കഴിയും.കയ്യിൽ കാശുള്ളവർക്ക് വേണമെങ്കിൽ ഈ ഭാഗത്തു ഷവർ ക്യൂബിക്കിളോ, ഗ്ളാസ് പാർട്ടീഷനോ ഒക്കെ നിർമ്മിക്കാം.

അങ്ങനെ തന്നെയാണ് ഞാൻ ഈ വീടും പ്ലാൻ ചെയ്തിട്ടുള്ളത്, നിർമ്മാണ ഘട്ടത്തിലും ഇത്തരം ഒരു വെത്യാസം ചാത്തന്മാർ എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ല.
അപ്പോൾ ഇത് നിർമ്മാണ ശേഷമുള്ള ഒരു ആൽട്രേഷനാണ്.ഉടനെ വീട്ടുകാരനെ വിളിച്ചു, അപ്പോഴാണ് പൂച്ച പുറത്തു ചാടുന്നത്.പാലുകാച്ചൽ കഴിഞ്ഞു ഏതാനും ദിവസം കഴിഞ്ഞു വീട്ടിൽ വന്ന ഒരു വാസ്തുവിദ്യക്കാരന്റെ വകയാണ് ഈ ആൽട്രേഷൻ. കാരണം, തെക്കോട്ടു തിരിഞ്ഞിരുന്നു അപ്പിയിട്ടാൽ ദൈവകോപം ഉണ്ടാകുമെന്ന് അയാൾ പറഞ്ഞു ധരിപ്പിച്ചിരുന്നു. ഈ ടോയ്‌ലെറ്റിൽ മാത്രമല്ല, മുകൾ നിലയിലെ ഒരു ടോയ്‌ലെറ്റിലും ഇതേ അതിക്രമം ചെയ്തു വച്ചിട്ടുണ്ട്.
ദൈവങ്ങൾ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ മനസ്സമാധാനത്തോടെ എങ്ങനെ അപ്പിയിടും ..?മുൻപ് ക്ളോസെറ്റും, ബേസിനും ഉണ്ടായിരുന്ന ഭാഗത്തു നിലവിൽ ഷവർ ഉണ്ട്, അതായത് കാൽ നനയാതെ ക്ളോസറ്റിലേക്കു പോകാൻ കഴിയില്ല, ചുരുക്കിപ്പറഞ്ഞാൽ ആ ടോയ്‌ലെറ്റ് മൊത്തം നശിപ്പിച്ചിരുന്നു എന്നർത്ഥം .
കോപവും സങ്കടവും സഹിക്കാൻ കഴിയാതെ ഞാൻ ആ ക്ളോസറ്റിൽ ആഞ്ഞൊരു ചവിട്ടു വച്ചുകൊടുത്തു.

പെട്ടെന്നവിടെ ഒരു പൊട്ടിച്ചിരി മുഴങ്ങി അതോടെ ക്ളോസറ്റിനുള്ളിൽ നിന്നും വെളുത്ത പുക ഉയർന്നു വന്നു ആ പുകയുടെ ഉള്ളിൽ നിന്നും അതിഭയങ്കരനായ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു.നാം മലം ഭൂതമാണ്. ഒന്നുരണ്ടു വർഷമായി ഈ വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ നിദ്രയിലായിരുന്ന എന്നെ നീ എന്തിനാണ് ചവിട്ടി ഉണർത്തിയത് ..? ഭൂതം ചൂടിലാണ്. സത്യം സത്യം പോലെ പറയുന്നതാണ് ബുദ്ധി.
അങ്ങനെ ഞാൻ കാര്യങ്ങൾ ഭൂതത്തോട് വിശദീകരിച്ചു.സാരമില്ല. നീ ചെയ്തത് ഒരു നല്ല കാര്യം ഉദ്ദേശിച്ചായതുകൊണ്ടു നാം ക്ഷമിച്ചിരിക്കുന്നു അതിനാൽ നിന്റെ മൂന്നു ചോദ്യങ്ങൾക്ക് നാം ഉത്തരം നൽകുന്നതായിരിക്കുംഅതെന്താ മൂന്നിലധികം ചോദ്യങ്ങൾ ചോദിച്ചാല് ? ” എന്നിലെ മലയാളി ഉണർന്നു.സൗകര്യമില്ല, അത്രത്തന്നെ. എനിക്ക് പോയിട്ട് വേറെ പണിയുണ്ട് ” ഭൂതത്തിനു ദേഷ്യം വന്നു.
എങ്കിൽ ഒന്നാമത്തെ ചോദ്യം ഇതാണ്. നിങ്ങൾ ഈ ഭൂതങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഒപ്പം ഈ വെളുത്ത പുക എന്തിനാണ്.

ഭൂതത്തിന്റെ മുഖം വാടി.ഈ മാലാഖമാർക്കും, ദേവതകൾക്കും ഒക്കെ നീളമുള്ള ഉടുപ്പും, തിളങ്ങുന്ന പട്ടുസാരിയും ഒക്കെ കിട്ടുന്നുണ്ടെങ്കിലും ഞങ്ങൾ ഭൂതങ്ങളും കാര്യം പരമ കഷ്ടമാണ്. ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോൾ ഒരു ജെട്ടി കിട്ടിയാലായി ”
ഈ കൊറോണക്കാലം തുടങ്ങിയതോടെ അതും കിട്ടാതായി.അപ്പോൾ പിന്നെ നിങ്ങളുടെ വസ്തുവഹകൾ ഒക്കെ മറ്റുള്ളവരിൽ നിന്നും മറച്ചുപിടിക്കാനുള്ള ഒരുപാധിയാണ് ഈ പുകമറ. മനസ്സിലായോടോ ..?കഷ്ടം തന്നെ മുതലാളീ .. കഷ്ടം തന്നെ.എനിക്ക് ഭൂതത്തോട് അലിവ് തോന്നി.നിങ്ങൾ ഈ ഭൂതങ്ങളും ചെകുത്താന്മാരും ഒക്കെ പ്രത്യക്ഷപ്പെടുമ്പോൾ എന്താവശ്യത്തിനാണ് ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്..? ” ഞാൻ രണ്ടാമത്തെ ചോദ്യം ചോദിച്ചു.ഭൂതം ഒന്ന് പരുങ്ങി. പിന്നെ തല ചൊറിഞ്ഞുകൊണ്ടു ചുറ്റും നോക്കി.സത്യത്തിൽ അങ്ങനെ പൊട്ടിച്ചിരിക്കേണ്ട ഒരാവശ്യവുമില്ല. പക്ഷെ അങ്ങനെ ചെയ്താലേ ഞങ്ങടെ വരവിനു ഒരു ഗുമ്മുണ്ടാവൂ ”
മാത്രമല്ല, പ്രത്യക്ഷപ്പെടുമ്പോൾ പൊട്ടിച്ചിരിക്കണം എന്നുള്ളത് ഇപ്പോൾ ഞങ്ങടെ അസോസിയേഷൻ തീരുമാനവുമാണ് ” ഭൂതം നയം വ്യക്തമാക്കി.

ഇതൊക്കെ എന്റെ പേഴ്സണൽ ലൈഫിനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ്. ഇജ്‌ജാതി ചോദ്യങ്ങൾക്കൊന്നും ഞാൻ ഉത്തരം തരില്ല. ടോലെറ്റിനെ സംബന്ധിക്കുന്ന വല്ല ചോദ്യവും ആണെങ്കിൽ ഞാൻ ഉത്തരം തരാം. അല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും.ഭൂതം കലിപ്പിലാണ്.എങ്കിൽ ഞാൻ എന്റെ മൂന്നാമത്തെ ചോദ്യം ചോദിക്കാം. ഏതെങ്കിലും ഒരു നിശ്ചിത ദിശയിലേക്കു തിരിഞ്ഞിരുന്നു അപ്പിയിടണം എന്നോ, അപ്പിയിടാൻ പാടില്ലെന്നോ വാസ്തുവിദ്യയിൽ പറയുന്നുണ്ടോ ..? ഭൂതം സ്വൽപ്പനേരം ഒന്നാലോചിച്ചു. പിന്നെ പറഞ്ഞു.ഉണ്ടെന്നും, ഇല്ലെന്നും പറയാം ഇതൊരുമാതിരി നിയമസഭാ ചോദ്യോത്തരം പോലുള്ള പരിപാടിയാണ് . ടെൽ മി യെസ് ഓർ നോ ” എനിക്ക് ദേഷ്യം വന്നു.ഭൂതം വ്യക്തമാക്കി.വാസ്തുവിദ്യയുടെ ഒരു പോഷക ഗ്രന്ഥമായ അഗ്നി പുരാണത്തിലാണ് ഇതേക്കുറിച്ചു സൂചനകൾ ഉള്ളത്.ആ ഗ്രന്ഥത്തിൽ പറയ്യുന്നതു പ്രകാരം തെക്കോട്ടോ, വടക്കോട്ടോ തിരിഞ്ഞിരുന്നു അപ്പിയിടാം”
എന്ന് വച്ചാൽ ക്ളോസാറ്റ് പൊസിഷൻ ചെയ്യുമ്പോൾ തെക്കോട്ടോ, വടക്കോട്ടോ തിരിച്ചു വയ്ക്കണം എന്നർത്ഥം

ഒന്നുകൂടി ഉറപ്പിക്കാനായി ഞാൻ ചോദിച്ചു.ഭൂതം ഒരിച്ചിരി ചെരിഞ്ഞു നിന്നശേഷം ശേഷം ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞുപക്ഷെ ഒരു പ്രശ്നമുണ്ടല്ലോ വർമ്മ സാറേ… പകൽ സമയം അപ്പിയിടുന്നത് വടക്കോട്ടു തിരിഞ്ഞിരുന്നാവണം എന്നും രാത്രിയിൽ അപ്പിയിടുന്നത് തെക്കോട്ടു തിരിഞ്ഞിരുന്നാവണം എന്നാണ് അഗ്നിപുരാണം പറയുന്നത്.എന്റെ കിളി പോയി.ഒരേ ക്ളോസറ്റിൽ രാത്രിയും പകലും രണ്ടു ഡയറക്ഷനിൽ തിരിഞ്ഞിരുന്ന് അപ്പിയിടുന്ന എത്ര എത്ര ആചാര്യന്മാരുണ്ടെടോ ഇന്ന് നിങ്ങടെ വാസ്തുവിദ്യാ തറവാട്ടിൽ ..?ഭൂതം ഫുൾ ചൂടിലാണ്.അതായത് ഈ നിയമങ്ങൾ എല്ലാം തന്നെ മനുഷ്യൻ ടോയ്‌ലെറ്റിനെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടത്തിനും മുന്പുള്ളയാവാണ്. അതായത് കാട്ടിലും, മേട്ടിലും പോയി കാര്യം സാധിച്ചിരുന്നു കാലത്തുള്ളവ. അതൊന്നും ഇക്കാലത്തു പ്രായോഗികമല്ല. ഇതൊക്കെ പാലിച്ചുകൊണ്ട്‌ ജീവിക്കാൻ ഇക്കാലത്ത് ഒരാൾക്കും സാധിക്കുകയുമില്ല. മനസ്സിലായോടോ ..?”
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഭൂതം എത്ര കുലീനൻ എന്ന് മാത്രം മനസ്സിൽ പറഞ്ഞു.ഇത്തരം മണ്ടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ എന്നെ കിട്ടില്ല. ഞാൻ പോകുന്നുഭൂതം വീണ്ടും ക്ളോസറ്റിനകത്തേക്കു പോയിഞാൻ ടോയ്‌ലെറ്റിന് പുറത്തേക്കും

എഴുതിയത് : സുരേഷ് മഠത്തിൽ വളപ്പിൽ