ഇത് ഞങ്ങളുടെ കുട്ടിയല്ല. കുട്ടി മാറിയിട്ടുണ്ടു്. ഇതല്ല ഞങ്ങളുടെ കുട്ടി.മദ്ധ്യവയസ്സ് കഴിഞ്ഞ ഒരാളാണ് ഉറക്കെ പറയുന്നത്. അധികം ശബ്ദമുഖരിതമല്ലാത്ത അന്തരീക്ഷത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റും വിധമുള്ള ഒരു പ്രഖ്യാപനമായിരുന്നു അത്. ജില്ലാ ആസ്പത്രിയുടെ പ്രസവവാർഡിലാണ് ഈ ശബ്ദം മുഴങ്ങിയത്.സമയം ഏകദേശം പത്ത് മണി കഴിഞ്ഞു കാണും. ഭക്ഷണം കൊണ്ടുവരുന്നവരുടെയും, രോഗികളുടെ കൂട്ടിരുപ്പുകാരുടെ തിരിച്ചു പോക്കിന്റെയും തിരക്കുള്ള സമയം. നേഴ്സുമാർ ഡ്യൂട്ടി റൂമിൽ വിശ്രമത്തിലാണെന്ന് തോന്നുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട ദിശയിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ചുരുങ്ങിയ സമയത്തിനുള്ളിൽ സാമാന്യം വലിയ ജനക്കൂട്ടം തന്നെ അവിടെ രൂപം കൊണ്ടു. പകച്ച മുഖങ്ങളോടെ ഓടിയെത്തിയ നേഴ്സ്മാരുടെയും, ജീവനക്കാരുടെയും മുന്നിലും ഇക്കാര്യം തന്നെ അയാൾ ആവർത്തിച്ചു. സാവകാശം കാര്യങ്ങൾ അന്വേഷിക്കാമെന്ന അവരുടെ ആശ്വാസവാക്കുകൾക്ക് അയാളുടെ പ്രക്ഷുബ്ധ മനസ്സിനെ ശാന്തമാക്കുവാൻ കഴിഞ്ഞില്ല.
തങ്ങളുടെ പരിധിയിൽ നിന്ന് കാര്യങ്ങൾ കൈവിട്ടു് പോയ കാര്യമായതിനാൽ സൂപ്രണ്ടിനെയും ബന്ധപ്പെട്ട ഡോക്ടറെയും കാര്യമറിയിച്ചു.പ്രസവവാർഡിലെത്തിയ അവരുടെ മുന്നിലും തന്റെ നിലപാടിൽ തന്നെ അയാൾ ഉറച്ച് നിന്നു. അങ്ങിനെ മാറില്ലെന്നും അമ്മയുടെ പേർ എഴുതിയ ടാഗ് കുട്ടിയുടെ കൈയിൽ ഉളളതിനാൽ ഒരിക്കലും തെറ്റില്ലെന്നും ബോദ്ധ്യപ്പെടുത്താൻ ഗൈനക്കോളജിസ്റ്റും ഡ്യൂട്ടി നേഴ്സും കിണഞു പരിശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.അപ്പോഴാണ് അയാളുടെ ഒരു നാട്ടുകാരൻ ആ വഴിക്ക് വന്നതും, ” എന്താ മാഷെ പ്രശ്നമെന്ന് ” അന്വേഷിക്കുന്നതും. ഇദ്ദേഹം എന്റെ നാട്ടുകാരനും, അദ്ധ്യാപകനുമാണെന്ന് കൂടി നിന്നവരെ അറിയിച്ചപ്പോൾ, ബഹളത്തിന് ഒരു ശാന്തത കൈവന്നു. ഒരു കാര്യവുമില്ലാതെ ഒന്നിലും ഇട പെടുന്ന ആളല്ല മാഷ്. മാത്രമല്ല ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ അഭിപ്രായമെന്നും അയാൾ പറഞ്ഞു.ഗോപി മാഷിന്റെ മകൾ മായയാണ് പ്രസവിച്ച് കിടക്കുന്നത്. കൂട്ടിന് ഭാര്യയും. പക്ഷെ, കുട്ടി ഇതല്ലെന്ന കാര്യത്തിൽ രണ്ട് പേർക്കും ഉറപ്പിച്ച് പറയാനും കഴിയുന്നില്ല.
പ്രസവിച്ചിട്ട് രണ്ടു് ദിവസമേ ആയിട്ടുള്ളൂ. കാലത്ത് കുട്ടിയെ കുളിപ്പിക്കാൻ നേഴ്സ് കൊണ്ടുപോയതല്ലാതെ വെറെ ആരും കുട്ടിയെ എടുക്കുകയൊ, കാണാൻ വരികയൊ ഉണ്ടായിട്ടില്ല. പിന്നെ എങ്ങിനെ കുട്ടി മാറുമെന്നതാണ് എല്ലാവരെയും അതിശയപ്പെടുത്തിയത്. മാഷിന്റെ പരാതി മുഖവിലക്കെടുക്കാതെ കഴിയില്ലെന്ന് സൂപ്രണ്ടിന് മനസ്സിലായി. ഇത്ര ഉറപ്പിച്ച് പറയുവാൻ എന്തെങ്കിലും തെളിവു് നൽകാൻ ഉണ്ടൊയെന്ന ചോദ്യത്തിന്, എല്ലാ വാർഡിലേയും ആൺകുട്ടികളെ കാണുവാൻ അനുവദിക്കുമൊയെന്ന മറുചോദ്യമായിരുന്നു മാഷിന്റേത്. അതിനെന്താ, മാഷ് വന്ന് നോക്കി കൊള്ളൂവെന്ന് സൂപ്രണ്ട് അനുവാദവും നൽകി.ഓരോ വാർഡിലും കയറി മാഷ് കുട്ടികളുടെ വലത് ചെവിയുടെ പിന്നിൽ എന്തൊ സൂക്ഷ്മതയോടെ നോക്കുന്നുണ്ടായിരുന്നുവെങ്കിലും ആർക്കും അതിന്റെ രഹസ്യം മനസ്സിലായില്ല. പരിശോധന അവസാന ഘട്ടത്തിൽ എത്തി. അവസാന വാർഡിലെ ആദ്യത്തെ കുട്ടിയെ പരിശോധിച്ച് തല ഉയർത്തിയ അദ്ദേഹം ‘നിധി’ കിട്ടിയ സന്തോഷത്തിൽ ഉറക്കെ പ്രഖ്യാപിച്ചു,
ഇവനാണ് ഞങ്ങളുടെ കുട്ടി, ഇവൻ തന്നെ എങ്ങിനെ ഞങ്ങളുടെ കുട്ടി ഇവിടെ വന്നു.അദ്ദേഹത്തിന്റെ ചോദ്യശരങ്ങൾ ഓരോന്നായി തറച്ചപ്പോൾ നിശബ്ദമായി നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ. എല്ലാവരും ഒരു നിമിഷം സ്തബ്ധരായി. മുകളിൽ കറങ്ങുന്ന ഫാനിന്റെ ദയനീയ ശബ്ദം ആ നിശബ്ദതയെ ഭേദിച്ച് ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു.ഈ ശബ്ദകോലാഹലങ്ങളെല്ലാം തന്നെ സംബന്ധിച്ചാണെന്നറിയാതെ സുഖസുപ്തിയിലാണ്ട്, ഇടക്ക് പുഞ്ചരിച്ച് ശാന്തമായുറങ്ങുന്ന കുട്ടിയെ എടുക്കുവാൻ മാഷ് തുനിഞ്ഞതും, തങ്ങളുടെ കുട്ടിയുടെ അവകാശവാദവുമായി വന്ന മാഷിന്റെ നേരെ രോഷത്തോടെ കുട്ടിയുടെ ബന്ധുക്കൾ ശബ്ദമുയർത്തിയതും, പ്രസവവാർഡു് ഒരു വിചാരണക്കോടതിയെ അനുസ്മരിപ്പിച്ചു. ഇതിനിടയിൽ ആരൊ പറയുന്നുണ്ടായിരുന്നു ഡി.എൻ.എ. ടെസ്റ്റ് നടത്തിയാൽ മതിയെന്ന്. ഇപ്പോൾ മുന്നും പിന്നും നോക്കാതെ പിതൃത്വം നിശ്ചയിക്കുവാൻ സ്വീകരിക്കുന്ന മാർഗ്ഗം ഇതാണല്ലൊ.
കുട്ടിയുടെ ചെവിയുടെ പിൻഭാഗത്ത് ചൂണ്ടി മാഷ് ചോദിച്ചു, ” ഈ ഭാഗത്തെ കുറച്ച് മുടി എവിടെ?” ശ്രദ്ധിച്ചപ്പോൾ കൂടി നിന്നവർ പറഞ്ഞു, ശരിയാണല്ലൊ. കുറച്ച് മുടി ആരൊ വെട്ടിയെടുത്തിട്ടുണ്ട്. ഒരു അടയാളം പോലെ ആ ഭാഗം വ്യക്തമായറിയാം. പ്രസവിച്ച് കുട്ടിയെ കുളിപ്പിച്ച് കൊണ്ടുവന്ന് കിടത്തിയപ്പോൾ താൻ തന്നെ ഒരു അടയാളം കിടക്കട്ടെയെന്ന് കരുതി വെട്ടിമാറ്റിയതാണെന്ന സത്യം അദ്ദേഹം വെളിപ്പെടുത്തി. കൂടെ മൊബൈലിൽ പകർത്തിയ ഫോട്ടോ കൂടി കാണിച്ചപ്പോൾ ആർക്കും എതിർത്ത് പറയാൻ പറ്റാത്ത അവസ്ഥ. ഇതിൽ കൂടുതൽ തെളിവു് വേണൊയെന്ന ചോദ്യത്തിന് നിശബ്ദത മാത്രമായിരുന്നു മറുപടി.കുടത്തിനകത്തെ ഭൂതത്തെക്കാത്ത് ആകാംക്ഷയോടെ കൂടി നിൽക്കുന്നവരെ പോലെ മാഷിന്റെ അടുത്ത നീക്കത്തിനായി കൺചിമ്മാതെ നിന്നു എല്ലാവരും. അദ്ദേഹം ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പൊതിയെടുത്ത് വിടർത്തി. അപ്രതീക്ഷിതവും, അതേസമയം അമൂല്യവുമായ തെളിവു്! കുട്ടിയുടെ തലയിൽ നിന്നും മുറിച്ച് മാറ്റിയ മുടിയായിരുന്നു അത്.അധികം തർക്കങ്ങൾക്കൊ, വാദങ്ങൾക്കൊ ഇനി പ്രശക്തിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
പ്രാഥമികാന്വേഷണത്തിൽ വീഴ്ച പറ്റിയത് ഡ്യൂട്ടി നേഴ്സിനാണെന്ന് കണ്ടെത്തി. മായ എന്ന പേരുള്ള രണ്ടു് പേർ, രണ്ടു് വാർഡിൽ ഒരേ ദിവസം ആൺകുട്ടികൾക്ക് ജന്മം നൽകാൻ അവസരമൊരുക്കിയത് ദൈവത്തിന്റെ വികൃതിയാകാം. കുട്ടികളുടെ കൈയിലെ ടാഗിൽ ബേബി മായയെന്നുണ്ടെങ്കിലും, വാർഡു് നമ്പർ ഇല്ലാതിരുന്നതാണ് കഥയുടെ ഗതി മാറ്റിയത്. കഥയുടെ പൂർണ്ണതക്ക് നേഴ്സിന്റെ ഉദാസീനതയും.പരാതിപ്പെടാനൊ, നിയമപരമായി മുന്നോട്ടു് പോകാനൊ മാഷിന്റെ പക്വതയാർന്ന മനസ്സ് മുതിരാതിരുന്നത് ഇതിനെ ചൊല്ലി ഉണ്ടാകാൻ പോകുന്ന കോലാഹലങ്ങളെയോർത്തിട്ടായിരുന്നു. അന്വേഷണമെന്ന പ്രഹസനവും, സസ്പെൻഷനും, തിരിച്ചെടുക്കലും, അന്തിചർച്ചക്ക് ചാനലുകാർക്ക് ചാകരക്കുള്ള അവസരവും നൽകില്ലെന്ന തീരുമാനമായിരുന്നു അതിനു പിന്നിൽ.
ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെ, കൃത്യതയോടെ, സന്തോഷത്തോടെ നിർവ്വഹിക്കുകയെന്നതായിരിക്കണം തങ്ങളുടെ കടമയെന്ന് നേഴ്സുമാരെ ഓർമ്മിപ്പിച്ചുകൊണ്ടു് മാഷ് കുട്ടിയെ എടുത്ത് നെറുകയിൽ ഉമ്മ വെച്ചു. അപ്പോൾ കുട്ടിയുടെ മുഖത്ത് പുഞ്ചരിയും, മാഷുടെ മുഖത്ത് കണ്ണുനീരും ഒരേ സമയം മിന്നിത്തെളിഞ്ഞു.
എഴുതിയത് : സദാനന്ദ കുമാർ