ഒരു സ്ത്രീ കുറച്ച് പയ്യൻമാർക്ക് വീട് വാടകയ്ക്ക് കൊടുത്ത് കുടുങ്ങി എന്നും അതിൽ നിന്ന് തലയൂരാൻ സഹായത്തിനു വിളിച്ചു സത്യത്തിൽ പയ്യന്മാരല്ല പ്രശ്നം ശരിക്കുള്ള പ്രശ്നം ആണ് ഞെട്ടിച്ചത്

EDITOR

ഇന്ന് രാവിലെ വന്ന ഒരു ഫോൺ കോൾ.ഡൽഹിയിൽ താമസിക്കുന്ന ഒരു സ്ത്രീ.അവർക്ക് നാട്ടിൽ ഒരു വീടുണ്ട്. അവരുടെ വീടിന് അടുത്തായി ഒരു പുതിയ പ്രൊഫഷണൽ കോളേജ് വന്നിട്ടുണ്ട്. അവിടെ പഠിക്കുന്ന കുറച്ച് ആൺകുട്ടികൾക്ക്( നാട്ട് ഭാഷയിൽ പറഞാൽ ബാച്ചിലേഴ്സ്) അവർ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്.അതിൻ്റെ പേരിൽ അവർക്കിപ്പോൾ യാതൊരു സ്വസ്ഥതയുമില്ല. അത് പറയാനാണ് അവർ എന്നെ വിളിച്ചത്.(എന്നെ അവർക്ക് പരിചയം ഒന്നുമില്ല,ആരുടെയോ കയ്യിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് വിളിച്ചതാണ്).
അപ്പൊൾ നിങ്ങൾ കരുതും ഒരു പാവം സ്ത്രീ കുറച്ച് പയ്യൻമാർക്ക് വീട് വാടകയ്ക്ക് കൊടുത്ത് കുടുങ്ങി എന്നും ആ പ്രശ്നത്തിൽ നിന്ന് തലയൂരാൻ സഹായത്തിനായി വിളിച്ചതാണെന്നും. അല്ല. ആ പിള്ളേരെ കുറിച്ച് അവർക്ക് നല്ല അഭിപ്രായമാണ്.അവരെ കൊണ്ട് ഉപദ്രവം ഒന്നും ഇല്ല.വാടക ഒക്കെ കൃത്യമായിട്ട് കൊടുക്കും.പിന്നെന്താ പ്രശ്നം? നാട്ടുകാരാണ് പ്രശ്നം.അഥവാ നാട്ടുകാർക്കാണ് പ്രശ്നം.
ഈ കുട്ടികളെ അവിടെ താമസിപ്പിക്കാൻ പാടില്ല എന്നതാണ് നാട്ടുകാരുടെ ആവശ്യം. അവർ അവിടെ പാട്ട് പാടുന്നു,ബഹളം വെക്കുന്നു,പാർട്ടി നടത്തുന്നു.

പോരാത്തതിന് അവിടെ പെൺകുട്ടികൾ വരുന്നു ,പോവുന്നു. അവരെ അവിടെ നിന്ന് ഒഴിപ്പിച്ച്ഫേമിലി’ ക്ക് വീട് കൊടുക്കണം എന്നാവശ്യപ്പെട്ട് നാട്ടിൽ നിന്ന് പലരും അവരെ വിളിച്ചു കൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പിണക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് അവർ , ആ കുട്ടികളെ വിളിച്ചു സംസാരിച്ചു. അയൽപക്കത്തുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പാട്ട് വെക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത് എന്ന് മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്ക് പ്രശ്നം ഉണ്ടാക്കുന്ന തരത്തിൽ തങ്ങൾ ബഹളം വെക്കാറില്ലെന്നാണ് ഈ കുട്ടികൾ പറയുന്നത്. അവിടെ വരുന്ന പെൺകുട്ടികൾ അവരുടെ സുഹൃത്തുക്കളും സഹപാഠികളുമാണെന്നും നാട്ടുകാർ ആരോപിക്കുന്നത് പോലെ ഒരു പ്രശ്നവും തങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും അവർ പറയുന്നു.എന്നിട്ടുംനാട്ടുകാരുടെ കൃമികടിക്ക് കുറവൊന്നും ഉണ്ടായില്ല. അവരുടെ വീട്ടിൽ ചെന്ന് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നില്ല എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പരാതിഒടുവിൽ പ്രശ്നപരിഹാരത്തിനായി അവർ വാർഡ് മെംബറെ വിളിച്ചു.

അയാൾ അതിലും വിശേഷം. ആ കോളേജ് അവിടെ വന്നതിന് ശേഷം നാട് നശിച്ചു എന്നാണ് മെമ്പറുടെ പരാതി. ആൺകുട്ടികളും പെൺകുട്ടികളും കൂട്ടമായി അവിടെയുള്ള ചായക്കടകളിൽ വന്നിരിക്കുന്നു.തമാശ പറയുന്നു,പൊട്ടിച്ചിരിക്കുന്നു. ആകെ ബഹളം. നാട് നശിച്ച് നാറാണക്കല്ല് തോണ്ടാൻ ഇനിയെന്ത് വേണം..!!
അവരെ അവിടെന്നു ഒഴിപ്പിച്ചില്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കും എന്നാണ് ഇപ്പോഴത്തെ ഭീഷണി. അത് കേട്ട് ബേജാറായിട്ടാണ് അവർ എന്നെ വിളിച്ചത്.
നാട്ടുകാരുടെ സദചാരപ്രശ്‌നങ്ങൾക്ക് തൽകാലം ഐ പി സിയിൽ പരിഹാരം ഒന്നും ഇല്ലാത്തതിനാൽ കേസിന് ഒന്നും വലിയ സ്‌കോപ് ഇല്ലെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.നാട്ടുകാർ ഇനി കയറി വന്നു ബെല്ലടിച്ചാൽ വീട്ടിൽ അതിക്രമിച്ചു കയറിയതിന് കേസ് കൊടുക്കണമെന്ന് ആ കുട്ടികളോട് പറയണമെന്നും അവരോട് പറഞ്ഞിട്ടുണ്ട്.അവരുടെ സ്വകാര്യത മാനിച്ച് സ്ഥലം വെളിപ്പെടുത്തുന്നില്ല. ആ വാർഡ് മെമ്പർ ഏത് പാർട്ടിക്കാരനാണ് എന്നതിനും വലിയ പ്രസക്തി ഒന്നുമില്ല.
ഈ നാട്ടിലാണ് നമ്മൾ ഉന്നതവിദ്യാഭ്യാസത്തെ കുറിച്ചുംടൂറിസം വികസനത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്നത്! മറ്റൊരാളുടെ വീട്ടിൽ ചെന്ന് നമ്മൾ ബെല്ലടിച്ചാൽ തുറക്കാത്തത് ഒരു കുറ്റമാണ് എന്ന് വിചാരിക്കുന്ന നാട്ടുകാർ! ലിംഗഭേദമില്ലാതെ മനുഷ്യർ ഒരുമിച്ച് നടക്കുന്നത് ,ചിരിക്കുന്നത് സന്തോഷിക്കുന്നത്,പാട്ട് കേൾക്കുന്നത് ഒക്കെ കേസ് കൊടുക്കാൻ പാകത്തിലുള്ള കുറ്റമാണെന്ന് കരുതുന്ന മനുഷ്യർ!
നമ്പർ വൺ കേരളം തന്നെ.

എഴുതിയത് : ഷാഹിന