മകന്റെ പിറന്നാൾ ആയിട്ടും അവസാന രോഗിയെ നോക്കാൻ ഡോക്ടർ ഇരുന്നു പക്ഷെ ആ രോഗി ചെയ്തത് ഗുരുതരമായ കൃത്യം കാരണം

EDITOR

ഒരു മണിക്കൂർ മാത്രം. ഒരു പേഷ്യന്റ് കൂടി. ഡോ. സ്റ്റീഫൻ മനസ്സുകൊണ്ട് അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ചു തുടങ്ങിയിരുന്നു. മകന്റെ ബർത്ത്ഡേ ആണിന്ന്. എത്രയും പെട്ടെന്ന് ഒരു പേഷ്യന്റിനെക്കൂടി കണ്ടു തീർത്താൽ നേരേ വീട്ടിലേക്ക്. അയാൾ മേശപ്പുറത്തെ ബെല്ലമർത്തി. മുഖത്ത് ഒരു ചിരി വരുത്തി തയ്യാറായി.ദ ലാസ്റ്റ് പേഷ്യന്റ്!കയറി വന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. കഷ്ടി 25 വയസ്സു പ്രായം തോന്നിക്കും. വളരെ വൃത്തിയുള്ള വേഷവിധാനം. തോളിൽ ഒരു കറുത്ത തുകൽ ബാഗ് തൂക്കിയിരിക്കുന്നു.അതിനുള്ളിൽ ഭാരപ്പെട്ടതെന്തോ ഉണ്ടെന്നു തോന്നിച്ചു.അയാൾ തലേന്ന് ഫോണിലൂടെ ബുക്ക് ചെയ്തതാണ്. ആദ്യത്തെ വിസിറ്റ്. അതിന്റെ പകപ്പും ചമ്മലുമെല്ലാം ആ മുഖത്തുണ്ടായിരുന്നു. ആദ്യമായി ഒരു മനശാസ്ത്രജ്ഞനെ കാണാൻ വരുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന ആ ജാള്യത. ഡോക്ടറുടെ ചിരിയിൽ സഹാനുഭൂതി കലർന്നു.എന്റെ പേര് സത്യൻ. സത്യനാഥ് നാരായണൻ.ഡോക്ടർ തന്റെ കയ്യിലെ ചാർട്ടിലേക്കു നോക്കി.അപ്പൊ ആരാ ഈ ജെയിംസ് ?സോറി ഡോക്ടർ. ഫോണിൽ ഞാൻ പറഞ്ഞത് ശരിക്കുള്ള പേരല്ല. ശരിക്കുള്ള പേര് സത്യൻ.

ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് തന്റെ കയ്യിലെ ഷീറ്റിൽ പേര് തിരുത്തി.പറയൂ. എന്താണ് സത്യന്റെ പ്രശ്നം ?സത്യൻ ഒരു നിമിഷം തല താഴ്ത്തി എന്തൊക്കെയോ ആലോചിക്കുകയാണെന്നു തോന്നി. പിന്നെ സാവധാനം പോക്കറ്റിൽ നിന്നും ഒരു പേപ്പറെടുത്തു നിവർത്തി.ഡോക്ടർ.എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. കുറച്ചു സംശയങ്ങൾ മാത്രം. ഡോക്ടരെപ്പോലൊരാൾക്ക് മാത്രം ഉത്തരം തരാനാകുന്ന ചില വിചിത്ര സംശയങ്ങൾ.ഒരു മണിക്കൂർ സമയമൊന്നും വേണ്ടെനിക്ക്.ആയ്ക്കോട്ടെ. ചോദിച്ചോളൂ.ഡോക്ടർക്ക് അതൊരു നല്ല കാര്യമായിട്ടാണ് തോന്നിയത്. നേരത്തെ തീർന്നാൽ അത്രയും നന്ന്.സൈക്കിയാട്രി മാത്രമല്ലല്ലോ ഡോക്ടർക്ക് ന്യൂറോ സയൻസിൽ ഒരു ഡിഗ്രി കൂടെയില്ലേ ?ഉണ്ടല്ലോ.എന്റെ സംശയം ബ്രെയിനുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് ഡോക്ടറെത്തന്നെ വന്നു കാണാൻ തീരുമാനിച്ചത്.ചോദിച്ചോളൂ.ഓക്കെ.ആദ്യത്തെ ചോദ്യം, ഒരു മനുഷ്യന്റെ തലച്ചോറിൽ നിന്നും ഒരു ഭാഗം മാത്രം മുറിച്ചു മാറ്റിയാൽ അയാൾ പിന്നെ ജീവിച്ചിരിക്കുമോ ?ഡോ. സ്റ്റീഫൻ അമ്പരന്നു.

അതെന്തൊരു ചോദ്യമാണ് സത്യാ ? എന്താണ് സത്യൻ ഉദ്ദേശിക്കുന്നത് ?ലിറ്ററലി… ഡോക്ടർ. ആക്ഷരികാർത്ഥത്തിലെടുത്താൽ മതി. നമ്മൾ ഒരാളുടെ തല വെട്ടിപ്പിളർന്ന് ബ്രെയിനിലെ ഒരു ഭാഗം മാത്രമായിട്ട് റിമൂവ് ചെയ്താൽ-എന്താണ് സത്യനിങ്ങനെയൊരു സംശയം വരാൻ കാരണം ?മറുപടിയുണ്ടായില്ല. സത്യൻ തല താഴ്ത്തി വീണ്ടും ആലോചനയിലാണ്ടു.ഓക്കെ. ലിറ്ററലി… തന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തരാം. പക്ഷേ ഇവിടെ നിന്നു പോകുന്നതിനു മുൻപ് ഇതെന്തിനാണ് ചോദിച്ചതെന്ന് എനിക്കു പറഞ്ഞു തരണം കേട്ടോ ?സത്യൻ തലയാട്ടിതലച്ചോറിലെ ചില ഭാഗങ്ങൾ വൈറ്റലാണ്. റിമൂവ് ചെയ്യാനാകില്ല.ആ വ്യക്തി മരണപ്പെടും. പക്ഷേ ഒട്ടു മിക്ക ഭാഗങ്ങളും ഒരു പരിധി വരെ നമുക്ക് സർജ്ജറിയിലൂടെ മുറിച്ചു മാറ്റാനാകും. വളരെ ഗുരുതരമായ എപ്പിലപ്സി ഒക്കെ ഉള്ളവരിൽ, ചിലപ്പോൾ അങ്ങനെ വേണ്ടിവരാറുണ്ട്. തലച്ചോറിന്റെ ഒരു പകുതി അപ്പാടെ എടുത്തു മാറ്റേണ്ടി വരുന്ന കേസുകളുണ്ട്.സത്യൻ അവിശ്വസനീയഭാവത്തിൽ തലയുയർത്തി.

അപ്പൊ ഡോക്ടർ തലയ്ക്കൊരു ക്ഷതമേറ്റാൽ പോലും ചിലപ്പോൾ ആളുകൾ മരിച്ചുപോകാറില്ലേ ?അതുപോലല്ലല്ലോ സത്യാ ഇത്. തലയിൽ ക്ഷതമേറ്റാൽ ഒരുപക്ഷേ ഇന്റേണൽ ബ്ലീഡിങ്ങ് ഉണ്ടാകും. ഉള്ളിൽ ഇൻഫെക്ഷനുണ്ടാകാം. പല തരം കോമ്പ്ലിക്കേഷനുകളുണ്ടാകാം. പക്ഷേ അതുപോലല്ലല്ലോ ഇത്. ഇത് നമ്മൾ വളരെ കണ്ട്രോൾഡായ ഒരു സാഹചര്യത്തിൽ, ഓപ്പറേഷൻ തീയേറ്ററിൽ വെച്ചല്ലേ ചെയ്യുന്നത് ? എങ്കിലും, ഒരു ചെറിയ മിസ്റ്റേക്ക് പറ്റിയാൽ പോലും രോഗി മരണപ്പെടാം.ഓക്കെ. ഈ പകുതി റിമൂവ് ചെയ്യുക എന്നു പറയുമ്പോൾ ?ഹെമിസ്ഫിയറക്ടമി എന്നാണ് പ്രൊസീജറിന്റെ പേര്. കുട്ടികളിലാണ് കൂടുതലും ചെയ്യുക. കൊച്ചു കുട്ടികളാകുമ്പോൾ അവർ പെട്ടെന്ന് അതിജീവിക്കും. പ്രായമാകുന്തോറും അപകടസാധ്യത കൂടും.അങ്ങനെ റിമൂവ് ചെയ്തുകഴിഞ്ഞാൽ അവർക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ലേ ?പിന്നെ! ബ്രെയിനിലെ പകുതി നഷ്ടപ്പെട്ടാൽ തീർച്ചയായും ശരീരം തളർന്നു പോകും. മറ്റു പല പ്രശ്നങ്ങളുമുണ്ടാകും. ഉദാഹരണത്തിന് ഇടതുവശത്തെ ഹെമിസ്ഫിയർ ആണ് നമ്മൾ എടുത്തു മാറ്റുന്നതെങ്കിൽ, വലതു വശം തളർന്നു പോകും. കൂടാതെ സംസാരം, കാഴ്ച്ച, കേൾവി എല്ലാത്തിനേയും ബാധിക്കും. ഫിസിക്കൽ തെറാപ്പിയിലൂടെ കുറേയൊക്കെ നമുക്ക് ശരിയാക്കിയെടുക്കാനാകുമെന്നു മാത്രം.

ന്യൂറോ പ്ലാസ്റ്റിസിറ്റി എന്നൊരു സംഭവമുണ്ട്. നമ്മുടെ ആവശ്യമനുസരിച്ച് ബ്രെയിൻ അതിന്റെ ഘടനയിൽ വ്യത്യാസം വരുത്തും. ചിട്ടയായ തെറാപ്പിയുണ്ടെങ്കിൽ, ഒരു 98% വരെ നമ്മുടെ ശരീരത്തിന്റെ രണ്ടു വശവും, ഒരു ഹെമിസ്ഫിയർ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിക്കാൻ പറ്റും. അവർക്ക് സാധാരണ ജീവിതം സാധ്യമാകും.ഈ റിമൂവ് ചെയ്ത ഭാഗം പിന്നെ തലയിൽ ശൂന്യമായിരിക്കുമോ ?അല്ല. തനിയെ സ്പൈനൽ ഫ്ലൂയിഡ് വന്നു നിറയും. അതൊക്കെ ശരീരം തനിയെ ചെയ്തോളും.സോ.ടെക്ക്നിക്കലി നമുക്ക് നമ്മുടെ ബ്രെയിനിന്റെ പകുതിയേ ആവശ്യമുള്ളൂ. അല്ലേ ?വെൽ അത്തരം മാരക രോഗങ്ങളുണ്ടെങ്കിൽ മാത്രം അതിനെപ്പറ്റിയൊക്കെ ചിന്തിച്ചാൽ പോരേ സത്യാ ?ഡോക്ടർ ചിരിച്ചു.അടുത്ത ചോദ്യം ഡോക്ടർ. ഈ പ്രൊസീജർ ഇൻഡ്യയിൽ ചെയ്യാനാകുമോ ?ഇൻഡ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളില്ല. പക്ഷേ നമുക്ക് അതിനു കഴിവുള്ള ഡോക്ടേഴ്സുമുണ്ട് സംവിധാനങ്ങളുമുണ്ട്.ഡോക്ടർക്ക് ചെയ്യാനാകുമോ ?ഡോക്ടർ പുഞ്ചിരിയോടെ സത്യന്റെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി.
ഇനി,ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കാം എന്താണ് സത്യന് ഇങ്ങനെയൊരു വിചിത്ര സംശയം ?

ഒരു ചെറിയ എക്സ്പെരിമെന്റാണ് ഡോക്ടർ പേടിക്കണ്ട. ഞാൻ നോർമ്മലാണ്.എന്ത് തരം എക്സ്പെരിമെന്റ് ? ആർ യൂ എ മെഡിക്കൽ സ്റ്റുഡന്റ് ?ചെറുപ്പക്കാരൻ നിക്ഷേധാർത്ഥത്തിൽ തലയാട്ടി.ഡോ. സ്റ്റീഫൻ സംസാരം നിർത്താൻ തീരുമാനിച്ചു. സത്യൻ തന്നെ ബാക്കി കൂടി പറയട്ടെ എന്നു കരുതിയാകണം.ഏതാണ്ട് 5 മിനിട്ടുകൾ നീണ്ട നിശബ്ദതയ്ക്കു ശേഷമാണ് സത്യൻ വീണ്ടും സംസാരിച്ചു തുടങ്ങിയത്.ഒരാൾക്ക് ഒന്നിലധികം പേഴ്സണാലിറ്റികളുണ്ടാകുന്ന ഒരവസ്ഥയില്ലേ ഡോക്ടർ ? ഈ മണിച്ചിത്രത്താഴ് സിനിമയിലെയൊക്കെ പോലെ.ഉവ്വ്. ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ. ഡി. ഐ. ഡി.അതായത് ഒരാളുടെ ഉള്ളിൽ തന്നെ മറ്റൊരാളുടെ പേഴ്സണാലിറ്റി.യെസ്. ഒന്നിലധികം പേഴ്സണാലിറ്റികൾ. ഡിസോസിയേറ്റീവ് ഡിസോർഡേഴ്സ് എന്നു പറയുന്ന ഒരുകൂട്ടം അസുഖങ്ങളുണ്ട്. അതിൽ ഏറ്റവും സീരിയസ് കണ്ടീഷനാണിത്.ഡോക്ടർ നേരത്തെ പറഞ്ഞ ആ ട്രീറ്റ്മെന്റ് ഇതിനു പറ്റില്ലേ ? ബ്രെയിനിലെ ആ ഭാഗം മാത്രം റിമൂവ് ചെയ്ത്.ഡോക്ടർ ചിരിച്ചു.

ഈ അസുഖമുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട് സത്യാ. ചെറുപ്പത്തിലുണ്ടായിട്ടുള്ള എന്തെങ്കിലും തരം ട്രോമ… അബ്യൂസ്… അങ്ങനെ പലതുമാകാം. അതല്ലെങ്കിൽ സദാ സമയവും നെഗറ്റീവായി മാത്രം വരുന്ന ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള നമ്മുടെ ഒരു ശ്രമമാകാനും മതി. ബ്രെയിനിൽ നിന്നും ഒരു കഷണം മുറിച്ചു മാറ്റിയാൽ മാറുന്ന പ്രശ്നമല്ല ഇത്.വീണ്ടും നിശബ്ദത. ഇപ്രാവശ്യം ഡോക്ടർ ആ ചെറുപ്പക്കാരന്റെ ഓരോ കൊച്ചു കൊച്ചു ഭാവവ്യത്യാസങ്ങളും ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഡോക്ടർക്ക് മനസ്സിലായിരിക്കുന്നു. വളരെ ആധികാരികമായി മെഡിക്കൽ സംശയങ്ങൾ ചോദിക്കുന്ന ഈ യുവാവിന്റെ ഉദ്ദേശമെന്താണെന്ന് മനസ്സിലാക്കിയെടുത്തില്ലെങ്കിൽ അപകടമാകുമെന്നൊരു തോന്നൽ.ഇനി നമുക്ക് ജെയിംസിനെപ്പറ്റി സംസാരിക്കാം ഡോക്ടർ.“ സത്യൻ ഒന്നു നിവർന്നിരുന്നു. മുഖം അമർത്തി തുടച്ചു.ഡോക്ടർ തന്റെ ചാർട്ടിലെ വെട്ടിക്കളഞ്ഞ ജെയിംസ് എന്ന പേരിലേക്കു നോക്കി.ജെയിംസ് വെറുമൊരു വ്യാജപ്പേരല്ല ഡോക്ടർ. അങ്ങനൊരു വ്യക്തിയുണ്ട്. എന്റെയൊരു സുഹൃത്താണ്.

ഒരു മിനിട്ട് സത്യാ ജെയിംസിനെക്കുറിച്ചല്ല എനിക്കിപ്പോൾ കേൾക്കേണ്ടത്. ടെൽ മീ എബൗട്ട് യൂ. സത്യനെക്കുറിച്ചു പറയൂ. സത്യനാരാണ് ? എന്തു ചെയ്യുന്നു ? റ്റെൽ മീ ആൾ എബൗട്ട് യൂ ഫസ്റ്റ്!അയാൾക്ക് അതിൽ യാതൊരു താല്പ്പര്യവുമില്ലെന്നു വ്യക്തമാക്കും വിധമായിരുന്നു പെരുമാറ്റം.ഞാനെന്റെ പേരു പറഞ്ഞല്ലോ. ഞാൻ സത്യനാഥ്. ടെക്ക്നോ പാർക്കിൽ ജോലി ചെയ്യുന്നു. പ്രോഗ്രാമറാണ്. വീട്ടിലിരുന്നാണ് ജോലി ചെയ്യാറ്. ഫോറിൻ കമ്പനികളുടെ കോണ്ട്രാക്റ്റുകൾ.മാരീഡ് ?അവിടെയാണ് കോമ്പ്ലിക്കേഷൻ. നമുക്ക് ജെയിംസിനെപ്പറ്റി സംസാരിക്കാം.നോ നോ നോ ജെയിംസ് അവിടെ നില്ക്കട്ടെ. ആർ യൂ മാരീഡ് സത്യാ ?അല്ല. പക്ഷേ എനിക്കൊരു ഗേൾഫ്രണ്ടുണ്ടെന്നു തോന്നുന്നു.തോന്നലോ ? ഡോക്ടർക്ക് ചിരിയടക്കാനായില്ല. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ സത്യന്റെ മുഖത്തെ ഗൗരവം കണ്ട് ഡോക്ടർ സ്വയം നിയന്ത്രിച്ചു.ഡോക്ടർ ചിരിക്കണ്ട. ഞാൻ സത്യമാണ് പറഞ്ഞത്. എന്റെ ഗേൾഫ്രണ്ട് രാധയെന്നാണവളുടെ പേര്, പക്ഷേപക്ഷേ ?ഇടയ്ക്കിടയ്ക്കു മാത്രമേ അവളെ ഞാൻ കാണാറുള്ളൂ ഡോക്ടർ. പിന്നെ അവളെവിടെ പോകുന്നുവെന്നറിയില്ല.

ഡോ. സ്റ്റീഫന്റെ നെറ്റിയിൽ ചുളിവുകൾ വീണു. ഗുരുതരമായ എന്തോ ഒരു പ്രശ്നമാണെന്നയാൾക്കു മനസ്സിലായി. തന്റെ മുൻപിലിരിക്കുന്ന ഈ ചെറുപ്പക്കാരൻ നോർമ്മലല്ല.എവിടെവെച്ചാണ് സത്യൻ രാധയെ പരിചയപ്പെട്ടത് ?അതൊക്കെയാണ് പ്രശ്നം. എനിക്കൊന്നും ഓർമ്മയില്ല. പ്ലീസ്… നമുക്ക് ജെയിംസിനെപ്പറ്റി സംസാരിക്കാം ഡോക്ടർ ?ഞാൻ പറഞ്ഞല്ലോ. എനിക്ക് സത്യനെപ്പറ്റി എല്ലാമറിയണം. എന്നിട്ടു പോകുന്നതിനുമുൻപ് തീർച്ചയായും നമുക്ക് ജെയിംസിനെപ്പറ്റി സംസാരിക്കാം. ഐ പ്രോമിസ്!“രാധ എന്റെ ലൈഫിൽ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന ഒരു പെൺകുട്ടി മാത്രം.എവിടെ നിന്നു വന്നു എന്നെനിക്കറിയില്ല. എങ്ങോട്ടു പോകുന്നെന്നറിയില്ല. ഞാൻ ഇടയ്ക്കിടെ അവളെ കാണാറുണ്ട്.സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ നടന്നിട്ടില്ല.ഒരുപക്ഷേ അവൾ എന്നെക്കാണാനായിരിക്കില്ല വരുന്നത്. എനിക്കറിയില്ല ഡോക്ടർ.ആ ഒരു വിഷയം വല്ലാതെ കോമ്പ്ലിക്കേറ്റഡാണ്.ഓക്കെ സത്യൻ. താൻ റാഷണലായിട്ടു തന്നെ ചിന്തിക്കുന്ന ഒരു വ്യക്തിയാണെന്നാണ് ഇതുവരെ ഞാൻ കരുതിയിരിക്കുന്നത്.സോ ഇപ്പോ താനാ പറഞ്ഞതിൽ എന്തെങ്കിലും പ്രശ്നമുള്ളതായിട്ട് സത്യനു തന്നെ തോന്നുന്നുണ്ടോ ?

സത്യനു മറുപടിയുണ്ടായിരുന്നില്ല. വളരെ ഗാഢമായൊരു ആലോചനയിലേക്കാണ്ടുപോയി അയാൾ.സത്യാ, ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ ? ശരിയാണെങ്കിൽ പറയണം.അയാൾ തലയുയർത്തി ഡോക്ടറെ നോക്കി. മുഖത്ത് വിഷണ്ണത വ്യക്തമായിരുന്നു.സത്യൻ കാറോടിച്ചാണോ വന്നത് ?അതേ.ഇങ്ങോട്ടു വരാനായി വീട്ടിൽ നിന്നും കാറിൽ കയറി സ്റ്റാർട്ട് ചെയ്തതോർമ്മയുണ്ടോ ?“
അയാൾ തലയാട്ടിഓക്കെ. ഇങ്ങോട്ടു വരുന്ന വഴിയിൽ ഉണ്ടായ എന്തെങ്കിലും സംഭവം ഓർമ്മയുണ്ടോ ? എന്തായാലും മതി. എത്ര നിസ്സാരമായാലും. ഈവൺ ഒരു സിഗ്നൽ ലൈറ്റെങ്കിലും ഓർമ്മയുണ്ടോ ?സത്യൻ മിണ്ടിയില്ല… നോക്കി നില്ക്കേ അയാളുടെ മുഖഭാവം മാറി വരുന്നത് ഡോക്ടർ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒന്നും ഓർമ്മയില്ലല്ലേ സത്യാ ?അയാൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.
ചുരുക്കിപ്പറഞ്ഞാൽ, താൻ കാറിൽ കയറി, സ്റ്റാർട്ട് ചെയ്തു പിന്നെ ഓർമ്മ വരുമ്പോൾ ഇവിടെ. എന്റെ മുൻപിലിരിക്കുന്നു അല്ലെ ?യെസ്ഇന്റെറെസ്റ്റിങ്ങ് ഇത് എത്ര കാലമായി ഇങ്ങനെ തുടങ്ങിയിട്ട് ?അറിയില്ല ഡോക്ടർ വർഷങ്ങളായിരിക്കണം
ഡോക്ടർ കുറച്ചു സമയം ആലോചിച്ചതിനു ശേഷമാണ് വീണ്ടും സംസാരിച്ചു തുടങ്ങിയത്.

ഇനി നമുക്ക് ജെയിംസിനെക്കുറിച്ച് സംസാരിക്കാം. ആരാണയാൾ ?ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. ആ ചോദ്യത്തിനുള്ള ഉത്തരം ഡോക്ടർക്ക് അറിയാമെന്നയാൾക്ക് മനസ്സിലായതുപോലെ.ജെയിംസിനെയും, തനിക്ക് നേരിട്ട് പരിചയമില്ലല്ലേ ?എനിക്കറിയില്ല ഡോക്ടർ. ജെയിംസ് ഒരു വിചിത്ര സ്വഭാവിയാണ്. ഇടയ്ക്കിടെ അപ്രത്യക്ഷനാകും.രാധയെപ്പോലെ തന്നെ. അല്ലേ ?ഒരുപക്ഷേ അവരൊന്നിച്ചാകും പോകുന്നത്.ചിലപ്പോ രാധ എന്നെക്കാണാനാകില്ല വരുന്നത് ജെയിംസിനെ അന്വേഷിച്ചാകാം.സത്യന് രാധയുടെ ഫോൺ നമ്പർ അറിയില്ലേ അയാൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.രാധ ഇപ്പോൾ എവിടെയുണ്ടെന്നറിയാമോ സത്യന് ?എന്റെ ബെഡ് റൂമിൽ. എന്റെ ബെഡിൽ അതെനിക്കുറപ്പുണ്ട്. ഇനി അവളെങ്ങോട്ടും പോകില്ല ഡോക്ടർ.അതെന്താ ?ബിക്കോസ്.സത്യൻ തന്റെ കയ്യിലിരുന്ന കറുത്ത തുകൽ ബാഗെടുത്ത് ഡോക്ടറുടെ മേശപ്പുറത്തു വെച്ചു.തുറന്നു നോക്കൂ ഡോക്ടർ.ബാഗിന്റെ തുന്നലുകൾക്കിടയിലൂടെ അപകടം മനസ്സിലായതും ഡോക്ടർ ചാടിയെഴുന്നേറ്റുവാട്ട് വാട്ട് ഡിഡ് യൂ ഡൂ മാൻ ?രാധയുടെ കാര്യം ഞാൻ സോൾവ് ചെയ്തു ഡോക്ടർ. ഇനിയുള്ളത് ജെയിംസാണ്. സോ ഞാനാദ്യം ചോദിച്ച ആ ചോദ്യം.താങ്കൾക്ക് എന്റെ ബ്രെയിനിൽ നിന്നും ഒരു ഭാഗം റിമൂവ് ചെയ്യാനാകുമോ ?
(അവസാനിച്ചു) എഴുതിയത് :അലക്സ് ജോൺ