തള്ള വേലി ചാടിയാൽ മോള് മതില് ചാടും എന്നാണെടാ രമേശാ അതുകൊണ്ട് നീ ഒന്ന് കരുതി ഇരുന്നോ കേട്ടോ.എന്നാലും ഇത്രയും ഉളുപ്പ് ഇല്ലല്ലോ എന്നാണ്. കാലം പോയ ഒരു പോക്കേ.രമേശേട്ടന്റെ അമ്മയാണ് കാര്യം അറിഞ്ഞപ്പോൾ തുടങ്ങിയ പരിഹാസവും കുറ്റപ്പെടുത്തലും മണിക്കൂർ രണ്ടായിട്ടും അവസാനിപ്പിച്ചിട്ടില്ല. ഗ്യാസ് അടുപ്പിലെ തീ ഒന്ന് താഴ്ത്തി വച്ചു ഇട്ടിരുന്ന നൈറ്റിയിൽ കയ്യും തുടച്ചു ഹാളിലേക്ക് ചെന്നപ്പോൾ വീർത്തു നിൽക്കുന്ന വയറിലേക്ക് നോക്കി അമ്മ വീണ്ടും പറയാൻ തുടങ്ങി.എന്നാലും എടി വിദ്യേ നിന്റെ തള്ളയ്ക്ക് ഇത്രയും നാണം ഇല്ലാതെ ആയി പോയല്ലോ നീ ഒരു കാര്യം ചെയ്യ് അവളോട് പറ ഒന്ന് ഉത്സാഹിക്കാൻ,
അതാവുമ്പോ നിന്റെ പേറു കഴിഞ്ഞു നീ എണീക്കുമ്പോ അവൾക് പെറ്റു കിടക്കാം.ഉളുപ്പില്ലാത്ത വർഗം ത്ഫൂ.ഒരു മയവും ഇല്ലാത്ത അമ്മയുടെ വർത്താനം കേട്ടിട്ട് രമേശേട്ടൻ മൊബൈലിൽ നിന്ന് തലയുയർത്തി നോക്കിയത് എന്റെ മുഖത്തേക്ക് ആയിരുന്നു. മുഖ ഭാവം കണ്ടിട്ടാവണം കാര്യം അത്ര പന്തിയല്ലെന്ന് ആൾക്ക് മനസ്സിലായി.അമ്മയ്‌ക്കൊന്ന് നിർത്തിക്കൂടെ എത്ര നേരം ആയി ഇത്.
രമേശൻ പറഞ്ഞു.നിർത്താനോഎന്താടാ???അച്ചിയേം അമ്മായിയേം പറഞ്ഞപ്പോൾ എന്റെ മോന് നൊന്തോ? അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ. തന്ത പോലും ഇല്ലാത്തിടത്തു ചെന്നു പെണ്ണെടുക്കരുത് എന്ന് ഞാൻ അപ്പോഴേ പറഞ്ഞതാണ് അപ്പൊ അവന്റെ ദിവ്യ പ്രേമം. ഇപ്പൊ കണ്ടല്ലോ ഇവറ്റകൾ ഓരോന്ന് കാണിച്ചു കൂട്ടുന്നത്.ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിന്റെ അഹങ്കാരം ആണ് അമ്മയ്ക്കും മോൾക്കും.അനുഭവിച്ചോ നീ.എന്റെ വാക്ക് തട്ടിക്കളഞ്ഞിട്ട് കെട്ടി എടുത്തതല്ലേ നീ ഇവളെ. നിനക്കിതു വേണം.അല്ലെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞോ ഇവള്. എന്റെയോ നിന്റെയോ നമ്മുടെ കുടുംബക്കാരുടെയോ അനുവാദം വാങ്ങിയോ ഇവള്. അതെങ്ങനെ ആ തള്ള വളർത്തി വിട്ടതല്ലേ ഇങ്ങനെ വരൂ.അഹങ്കാരി.വാക്കുകളിൽ നിറയുന്ന പുച്ഛത്തോടെയും വെറുപ്പോടെയും അവർ പറഞ്ഞു.മതി അമ്മേ നിർത്ത്.ഇനിയും മിണ്ടാതെ നിക്കാൻ പറ്റാതെ ആയപ്പോൾ വിദ്യയുടെ ശബ്ദം ഉയർന്നു.അമ്മ കുറേ നേരം ആയല്ലോ തുടങ്ങിയിട്ട്. എന്താണ് ഇത്രയധികം പറയാൻ ഇവിടെ സംഭവിച്ചത്.
എന്റെ അമ്മ രണ്ടാമത് ഒരു വിവാഹം കഴിച്ചതോ? ആണെങ്കിൽ അത് എനിക്ക് ഒരു തെറ്റായി തോന്നിയിട്ടില്ല. എന്റെ രണ്ടാം വയസിൽ അച്ഛൻ മരിക്കുമ്പോൾ തൊട്ട് ഇന്ന് ഈ നിമിഷം വരേ എന്റെ അമ്മ ജീവിച്ചത് എനിക്ക് വേണ്ടിയാണ്. വേണമെങ്കിൽ മറ്റൊരു ജീവിതം തേടി പോകാമായിരുന്നു പക്ഷെ എന്നോടുള്ള കരുതലോ മറ്റൊരാളിൽ ഇല്ലാത്ത വിശ്വാസകുറവോ കൊണ്ട് എന്റെ അമ്മ അത് വേണ്ടന്ന് വച്ചു.എന്നെ പഠിപ്പിച്ചു ഒരു ജോലിയും നേടി തന്നു രമേശേട്ടന്റെ കൈ പിടിച്ചേല്പിച്ചപ്പോ അന്ന് എന്റെ അമ്മ പറഞ്ഞത് ഇന്നെങ്കിലും ഒരു രാത്രി സമാധാനമായി ഉറങ്ങാം ഇപ്പോഴാണ് നെഞ്ചിലെ വലിയൊരു കനൽ അണഞ്ഞത് എന്നാണ്.എനിക്കൊരു നല്ല ജീവിതമുണ്ടായപ്പോൾ എനിക്ക് വേണ്ടി ഒരു ജീവിതം മുഴുവൻ മാറ്റിവച്ച എന്റെ അമ്മയെ കൂടെ കൂട്ടാനുള്ള കരുത്ത് എന്റെ കൈക്കില്ലാഞ്ഞിട്ടല്ല. പക്ഷെ അതല്ല അതിന്റ ശരി എന്നെനിക്കു തോന്നി. ഇന്ന് എന്നേക്കാൾ കരുതലോടെ എന്റെ അമ്മയെ ചേർത്ത് പിടിക്കാൻ കഴിവുള്ള ആണൊരുത്തന്റെ കൈയിൽ ആണ് ഞാനെന്റെ അമ്മയെ ഏല്പിച്ചിരിക്കുന്നത്.അത് എന്റെ കടമയാണെന്നാണെന്റെ വിശ്വാസം.എന്റെ ശരിയാണ് ഞാൻ ചെയ്തത്.
അത് ഒരു തെറ്റാണ് എന്ന് വരുത്തി തീർക്കാൻ അമ്മ വെറുതെ മിനക്കെടണം എന്നില്ല.പിന്നെ അമ്മ പറഞ്ഞല്ലോ അമ്മ വേലി ചാടിയാൽ മോള് മതില് ചാടും എന്ന് അങ്ങനെ ആണെങ്കിൽ ഞാൻ ചോദിക്കട്ടെ അമ്മേ.രമേശേട്ടന്റെ പെങ്ങൾ രേണുച്ചേച്ചീടെ മോള് കഴിഞ്ഞ മാസം ഭാര്യേം മക്കളും ഉള്ള ഒരുത്തന്റെ കൂടെ ഇറങ്ങി പോയില്ലേ അന്ന് അമ്മ ഈ ചൊല്ല് പറഞ്ഞു ഞാൻ കേട്ടില്ലല്ലോ അന്നെന്താ അമ്മ മറന്നു പോയതാണോ?ആവും അല്ലെ..അവൾ ചോദിച്ചുഒന്ന് നിർത്തിയ ശേഷം അവൾ പിന്നെയും പറഞ്ഞു.അമ്മ അറിയാൻ ഒരു കാര്യം കൂടി ഞാൻ പറയാം.എന്റെ അമ്മ ആരുടെയും കൂടെ ഇറങ്ങി പോയതല്ല. ഞാനായിട്ട് തന്നെ അമ്മയുടെ കൈപിടിച്ച് ആ മനുഷ്യനെ ഏല്പിച്ചു വന്നതാണ്. അതും ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ല അമ്മയുടെ മകനും ചേർന്നു തന്നെയാണ്.കാരണം എന്താ എന്ന് അറിയാമോ ഈ മനുഷ്യൻ രണ്ട് അമ്മമാരെയും വേർതിരിച്ചു കണ്ടിട്ടില്ല.അന്ന് എന്നോട് തോന്നിയ ഇഷ്ടം പോലും ആദ്യം ചെന്നു പറഞ്ഞതും അനുവാദം ചോദിച്ചതും എന്റെ അമ്മയോടാണ്.
അറിയാതെ പോലും താൻ കാരണം ഞങ്ങൾ അമ്മയ്ക്കും മകൾക്കും ഒരു ചീത്തപ്പേര് ഉണ്ടാകരുത് എന്ന് രമേശ് ഏട്ടൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതൽ ഇന്ന് ഈ കല്യാണം വരേയുള്ള ഒരു കാര്യവും എന്റെ മാത്രം തീരുമാനം അല്ല.എന്റെ അമ്മയുടെ മകന്റെ സ്ഥാനത്ത് രമേശേട്ടനും ഉണ്ടായിരുന്നു എനിക്കൊപ്പം.പിന്നെ നിങ്ങളാരും അറിയാഞ്ഞത്.ഇപ്പൊ ഈ പറഞ്ഞതിൽ പരം മറ്റൊരു അഭിപ്രായം ഇവിടെ ആർക്കും ഉണ്ടാവില്ല എന്ന് അറിഞ്ഞു തന്നെ ആണ് പറയാഞ്ഞത്.അതുകൊണ്ട് എന്നെ കുത്തി നോവിക്കാനും പരിഹസിക്കാനും എന്ന മട്ടിലുള്ള ഈ സംസാരം വേണമെന്നില്ല. എന്റെ അമ്മ അന്നും ഇന്നും എന്നും എനിക്ക് അഭിമാനമാണ്.ഇത്രയും പറഞ്ഞു അകത്തേക്ക് നടന്ന വിദ്യ ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു. എന്നിട്ട് പറഞ്ഞു.അമ്മേ അമ്മ പറഞ്ഞില്ലേ എന്റെ അമ്മയോട് ഒന്ന് ഉത്സാഹിക്കാൻ.അമ്മയുടെ ശരീരവും മനസ്സും അതിനൊരുക്കമാണ് എങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു… വേദനകളിൽ ചേർത്തുപിടിക്കാൻ ഒരു കൂടപ്പിറപ്പില്ലാത്ത വേദന ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.
ഇനി അങ്ങനെയൊരാളുണ്ടായാലും അമ്മയായും ചേച്ചിയായും ഒക്കെ ഞാൻ ഒപ്പം നിന്ന് എന്റെ കൂടപ്പിറപ്പിനെ വളർത്തും.എന്നെ വളർത്തിയത് എന്റെ അമ്മയാണ്. അങ്ങനെയുള്ള എന്റെ അമ്മയെ എന്നോളം മനസ്സിലാക്കാൻ മറ്റാർക്കും കഴിയുകയുമില്ല.എന്റെ അമ്മയുടെ വിവാഹം നടത്തിക്കൊടുത്തതുകൊണ്ട് അഹങ്കാരി എന്നൊരു പട്ടം എനിക്ക് ചാർത്തി കിട്ടിയാൽ എനിക്കതൊരു അലങ്കാരം തന്നെയാണ്. അങ്ങനെയെ ഞാൻ അതിനെ കാണുന്നുള്ളൂ.അതുകൊണ്ട് അമ്മ എന്നെ പരിഹസിക്കുന്ന നേരത്ത് ആ സാമ്പാറിനുള്ള പച്ചക്കറി അരിയാൻ നോക്ക് ഇന്നെന്തോ വല്ലാത്ത വിശപ്പ്.നമുക്ക് കുറച്ചു നേരത്തെ ഊണ് കഴിച്ചേക്കാം.ഇനിയൊന്നും പറയാൻ ഇല്ലാത്ത പോലെ അടക്കി പിടിച്ചു ചിരിക്കുന്ന രമേശനെയും പറഞ്ഞതൊക്കെ വെറുതെ ആയിപോയല്ലോ എന്ന മട്ടിൽ പരാജയം സമ്മതിച്ചിരിക്കുന്ന അമ്മയെയും കടന്ന് അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ തന്റെ അമ്മയുടെ മനമറിഞ്ഞതുപോലെ അവൾക്കുള്ളിലെ കുഞ്ഞും മെല്ലെ അനങ്ങുന്നുണ്ടായിരുന്നു.
രേഷ്മദേവു