പരിചയമില്ലാത്ത നമ്പറില്‍ നിന്ന് എനിക്കൊരു വിളി വന്നു അയാൾ തെറ്റി വിളിച്ചത് ആണ് പക്ഷെ അദ്ദേഹം പറഞ്ഞത് കേട്ട് ചങ്ക് തകർന്നു

EDITOR

പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അല്‍പം മുമ്പ് എനിക്കൊരു വിളി വന്നു. അപ്പുറത്ത് ക്ഷീണിച്ചതെങ്കിലും സ്‌നേഹം സ്ഫുരിക്കുന്ന ഒരു മനുഷ്യന്റെ സ്വരം. എന്റെ നമ്പര്‍ എങ്ങനെയോ കിട്ടിയതാണ്. ഞാനൊരു ജീവകാരുണ്യ പ്രവര്‍ത്തകനാണെന്നു തെറ്റിദ്ധരിച്ചാണ് അദ്ദേഹം വിളിച്ചത്. ഞാന്‍ അതല്ലാത്തതിനാലും ഉമ്മയ്ക്കു കാലുവേദനയ്ക്കുള്ള മരുന്നുവാങ്ങാന്‍ ധൃതിപ്പെട്ടു പോകുകയായിരുന്നതിനാലും എനിക്കു വേണമെങ്കില്‍ അപ്പോള്‍ ആ വിളി മുറിച്ചുകളയാമായിരുന്നു. പക്ഷേ, എന്തോ അതവിടെ നിര്‍ത്താന്‍ തോന്നിയില്ല.അദ്ദേഹം പറഞ്ഞത് ഇങ്ങനെ ചുരുക്കിയെഴുതാം.തിരുവനന്തപുരം സ്വദേശിയാണ്. എഴുപത്തിനാലുവയസ്സായി. പത്തുമുപ്പത്തഞ്ചു വര്‍ഷം സിവില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറായി മദ്രാസിലെ പല കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. വാടകവീട്ടിലായിരുന്നെങ്കിലും ഭാര്യയും രണ്ടുപെണ്‍മക്കളുമടങ്ങുന്ന കുടുംബം സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇന്നലെകളാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. അതിനിടയ്ക്കാണ് ഹൃദയസ്തംഭനത്തിന്റെ രൂപത്തില്‍ വന്ന വിധി അദ്ദേഹത്തിന്റെ പ്രിയതമയെ തട്ടിയെടുത്തത്.

അദ്ദേഹത്തിന്റെ ഭാഷയില്‍ ‘തന്നോളംപോന്ന’ രണ്ടുപെണ്‍മക്കളെ കയ്യില്‍കൊടുത്ത് അവള്‍ പോയി!വിഘ്‌നങ്ങളൊന്നും വരുത്താതെ മക്കളുടെ പഠന കാര്യങ്ങള്‍ക്കും മറ്റും സമ്പാദിക്കാനുള്ള ഓട്ടത്തിലായിരുന്നു പിന്നീട് ആ മനുഷ്യന്‍. ബന്ധുക്കളോ അയല്‍ക്കാരോ ആരും അഭിമാനിയായ ആ മനുഷ്യനെ ഗൗനിച്ചില്ല. അയാള്‍ ആരോടും തന്റെ ആവലാതികള്‍ പറഞ്ഞതുമില്ല. എന്നിട്ടും ഒരു കുറവും വരുത്താതെ അധ്വാനിച്ച് തന്റെ മക്കളെ പോറ്റുന്നതിനിടയില്‍ ഒരു രാത്രി ആരോടും പറയാതെ മകളൊരുത്തി വീടുവിട്ടിറങ്ങി. കുറേക്കാലം അന്വേഷിച്ചു. ഒരു തുമ്പും കിട്ടിയില്ല. പിന്നീടെപ്പോഴോ പറഞ്ഞുകേട്ടു, കാമുകനൊപ്പം ജീവിക്കുകയാണ്, അച്ഛനോടൊപ്പം വരാന്‍ താത്പര്യമില്ലെന്ന്! അന്നു മുതല്‍ ആരംഭിച്ചു അദ്ദേഹത്തിന് മനഃസംഘര്‍ഷങ്ങളുടെ പെരുമഴക്കാലംരണ്ടാമത്തെ മകളെ നല്ലനിലയില്‍ കല്യാണം കഴിച്ചയച്ചു. അതോടെ അദ്ദേഹം വീട്ടിലേകനായി. മകളുടെ ഭര്‍തൃവീട്ടുകാര്‍ക്ക് അദ്ദേഹത്തോടുള്ള സമീപനം അത്ര സുഖകരമായിരുന്നില്ല. മകള്‍ അച്ഛനെ ഇടയ്ക്കിടെ കാണാന്‍ പോകുന്നതിലും മറ്റും അവര്‍ അനിഷ്ടം പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിനും മനസ്സിലായി.

എങ്കിലും അവരുടെ കണ്ണുവെട്ടിച്ചുകൊണ്ടു മകള്‍ ഇടയ്ക്കിടെ ഭക്ഷണമെത്തിക്കുമെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറി. അച്ഛനെ സ്‌നേഹിക്കുകയും വേണം, ഭര്‍തൃവീട്ടുകാരെ പിണക്കുകയുമരുത്. ആ മകളെയോര്‍ത്ത് എന്റെ കണ്ണും സജലങ്ങളായി.ഇങ്ങനെയിങ്ങനെ ജീവിതം ഒരു ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് തന്റെ പ്രിയതമയെ തട്ടിയെടുത്ത ഹൃദ്രോഗം അദ്ദേഹത്തെയും തേടിവന്നത്. ഹെല്‍ത്ത് കാര്‍ഡിലൂടെയും പരിചയക്കാരുടെ സഹായത്തോടെയും വലിയ ശസ്ത്രക്രിയകള്‍ക്കു വിധേയനായി. അതില്‍നിന്നു മുക്തനാകുമ്പോഴേക്കും മറ്റുപല അസുഖങ്ങളും വിരുന്നിനെത്തി. ആരോഗ്യം ക്ഷയിച്ചു.വാര്‍ദ്ധക്യപെന്‍ഷനായി ലഭിക്കുന്ന തുച്ഛം കാശ് കൊണ്ട് തിരവനന്തപുരം വിഴിഞ്ഞത്തെ ഒരൊറ്റമുറിയിലേകനായിക്കഴിയുകയാണിപ്പോള്‍ രോഗിയായ ഈ മനുഷ്യന്‍. കൂടുതലാഗ്രഹങ്ങളൊന്നുമില്ല. ഏതെങ്കിലുമൊരു വൃദ്ധസദനത്തില്‍ കണ്ണടയും വരെ സുരക്ഷിതമായി തലചായ്ക്കാനൊരിടം വേണം. വീണുപോയാലും കാണാനൊരു കണ്ണെങ്കിലുമുണ്ടാവണം. പകരം നല്‍കാന്‍ എന്റെ കയ്യില്‍ ആവോളം സ്‌നേഹം മാത്രമുണ്ടാകും; പ്രാര്‍ത്ഥനയും

പറഞ്ഞുനിര്‍ത്തുമ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു, ‘മോന്‍ കേള്‍ക്കാറില്ലേ, പുഴുവരിച്ച നിലയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി, വാടകവീട്ടില്‍ അഴുകിയ നിലയില്‍ വൃദ്ധയുടെ മൃതശരീരം എന്നൊക്കെ. അങ്ങനെയൊന്നും കേള്‍ക്കാതിരിക്കാനാണീ വിളി. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷ. പ്രതീക്ഷയാണല്ലോ നമ്മളെയൊക്കെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.ആശ്വസിപ്പിച്ചു ഫോണ്‍ കട്ട് ചെയ്തിട്ടും എന്റെ ഉള്ളുപിടയുന്നുണ്ട്. കണ്ണുകള്‍ നിറയുന്നുണ്ട്.പ്രിയരേ,തിരുവനന്തപുരം ഭാഗത്തുള്ള സുഹൃത്തുക്കളും സന്നദ്ധപ്രവര്‍ത്തകരും ശ്രദ്ധിച്ചാല്‍ തീരുന്ന കുഞ്ഞുകാര്യമാണിത്. അദ്ദേഹത്തെ സംബന്ധിച്ച് വലിയതിലും വലിയ കാര്യവും! അതിനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് കരുതുന്നത്. കൂടെച്ചേരാനോ അദ്ദേഹത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് സഹകരിക്കാനോ കഴിയുന്നവര്‍ക്കു മാത്രം വിശദവിവരങ്ങള്‍ നല്‍കാം. ഭൂമിയില്‍ നാം ജീവിച്ചിരുന്നുവെന്നതിനും വേണമല്ലോ എന്തെങ്കിലും അടയാളപ്പെടുത്തല്‍!Riyas T. Ali (8129 822 800)വായിച്ചവര്‍ ഇതൊന്നു ഷെയര്‍ ചെയ്യുമല്ലോ.