ഇപ്പൊ പണിയുന്ന 90 % വീടുകളിലും ഇത് പോലെ പൊരിഞ്ഞിളകുന്നു ഇ മെഷീൻ ഉപയോഗിച്ച് കാരണം കണ്ടെത്താം കുറിപ്പ്

EDITOR

ഞാൻ ബെർജർ പെയിന്റ്സിൽ ആണ് ജോലി ചെയ്യുന്നത്. ജോലിയുടെ ഭാഗമായി നിരവധി കംപ്ലയിന്റ് സൈറ്റുകൾ വിസിറ്റ് ചെയ്യാറുണ്ട്. അവിടെ എല്ലാം സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്നമാണ് വീടിന്റെ അടിസ്ഥാനത്തിന് മുകളിൽ നിന്നും 1 അടി മുതൽ 1 മീറ്റർ വരെ, അല്ലെങ്കിൽ ബാത്‌റൂമിന് വശത്തായുള്ള ഭാഗം, അതും അല്ലെങ്കിൽ റൂഫിനോട് ചേർന്നുള്ള ഭാഗം, ഇവിടെ ഒക്കെ ഭിത്തിയിൽ ഈർപ്പം പിടിക്കുന്നത്. ഇങ്ങനെ പിടിക്കുന്ന ഈർപ്പം കൂടുതൽ ആകുകയാണെങ്കിൽ ഇത് കാരണം ഭിത്തിയിൽ ബബിൾ പോലെ വന്ന് പെയിന്റ് പുറത്തേക് തള്ളി വരും (കലക്രമേണ തേപ്പും ഇളകും) അല്ലെങ്കിൽ പെയിന്റ് പൊരിഞ്ഞ് ഇളകും ചില സ്ഥലങ്ങളിൽ വെളുത്ത പൊടി പോലെ കാണപ്പെടും.അവസാനം അടിക്കുന്നത് പെയിന്റ് ആയത് കൊണ്ട് പെയിന്റിന്റെ പ്രശ്നം എന്ന രീതിയിൽ കണ്ടാണ് കമ്പനിയിലേക്ക് കസ്റ്റമേഴ്സ് വിളിക്കുന്നത്.

വിസിറ്റ് ചെയ്യുമ്പോൾ ഞങ്ങൾ ഭിത്തിയിലെ ഈർപ്പം കണ്ടെത്തുന്നതിന് മൊയ്‌സ്ചർ മീറ്റർ എന്നൊരു ചെറിയ മെഷീൻ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. (ഇത് എല്ലാ പെയിന്റർമാരും വാങ്ങണം എന്നാണ് എന്റെ അഭിപ്രായം) ഈ മീറ്റർ യാതൊരു പ്രശ്നവുമില്ലാത്ത ഒരു ഭിത്തിയിൽ ചേർത്ത് വെച്ചാൽ 12 ൽ താഴെ മാത്രമെ റീഡിങ് കാണിക്കാവൂ. പെയിന്റ് ഇളകുന്ന വീടുകളിൽ 25 മുതൽ 40 അല്ലെങ്കിൽ അതിനു മുകളിലോ ഒക്കെ ആകും റീഡിങ് കാണിക്കുക. ( പെയിന്റ് പ്രശ്നം ആണെങ്കിൽ അതെ പെയിന്റ് അടിച്ച മറ്റിടങ്ങളിലും ഈ പ്രശ്നം കാണിക്കണം. അങ്ങനെ അല്ലാത്ത പക്ഷം പെയിന്റിന്റെ പ്രശ്നം ആകില്ല?.എന്താണ് ഇങ്ങനെ ഭിത്തിയിൽ വെള്ളം പിടിക്കാൻ കാരണം.വീടിന്റെ അടിസ്ഥാനത്തിനോട് ചേർന്ന് വെള്ളം താഴുന്നത് കൊണ്ട്. വീടിനോട് ചേർന്ന് ചോല മരങ്ങൾ ഉണ്ടെങ്കിൽ. വീടിനകത്തെ ബാത്‌റൂം വാട്ടർപ്രൂഫ് ചെയ്തിട്ടില്ല എങ്കിൽ. റൂഫ് പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്തിട്ടില്ല എങ്കിൽ. സൺ ഷേഡിൽ നിന്നും ഭിത്തിയിലേക്ക് വെള്ളം വീഴുന്നു എങ്കിൽ ഒക്കെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

പരിഹാരം.എവിടെ നിന്നാണ് വെള്ളം ഭിത്തിയിൽ പിടിക്കുന്നത് എന്ന് കണ്ടെത്തി അത് ഒഴിവാക്കുക എന്നതാണ് ഒരു മാർഗ്ഗം.ഉദാ: ബാത്ത്റൂമിലെ വാട്ടർ പ്രൂഫിങ് ചെയ്യാത്തതോ അല്ലെങ്കിൽ ടൈൽ പൊട്ടിയതോ ആണെങ്കിൽ അത് പരിഹരിക്കുക.തെറസ്സിലെ ക്രാക്ക് വഴി വെള്ളം ഭിത്തിയിൽ പിടിക്കുന്നതിന്, ശരിയായ രീതിയിൽ വാട്ടർപ്രൂഫ് ചെയ്തോ അല്ലെങ്കിൽ ട്രെസ്സ് വർക്ക്‌ ചെയ്തോ ആ പ്രശ്നം പരിഹരിക്കുക.വീട് പണിക്ക് ശേഷം അടിസ്ഥാനത്തിൽ നിന്നും ഈർപ്പം ഭിത്തിയിൽ കയറുക ആണെങ്കിൽ വാട്ടർ പ്രൂഫിങ് പ്രോഡക്ടുകൾ ഉപയോഗിച്ച് ഈ പ്രശ്നം കുറച്ച് നാൾ തടഞ്ഞു നിർത്തുവാൻ മാത്രമേ സാധിക്കൂ. ( ഭിത്തിയിലെ വെള്ളം ആ പ്രോഡക്ടിന് എത്രനാൾ വരെ തടഞ്ഞു നിർത്താൻ കഴിയും എന്നതിനെ അപേക്ഷിച്ചിരിക്കും. അത് കഴിയുമ്പോൾ വീണ്ടും അതെ പ്രശ്നം ഉണ്ടാകും.) എവിടുന്നാണ് വെള്ളം അടിസ്ഥാനത്തിനടുത്ത് എത്തുന്നത് അവിടെ ബ്ലോക്ക്‌ ചെയ്യുക എന്നത് മാത്രമാണ് സ്ഥിരമായൊരു പരിഹാരം. അത് പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം.

ഇനി വീട് പണി തുടങ്ങുന്നവരോടാണ് നിങ്ങൾക്ക് വെള്ളം ഒഴുകി പോകാൻ കഴിയുന്ന രീതിയിൽ അല്ലെങ്കിൽ അടിസ്ഥാനത്തിനടുത്ത് വെള്ളം താഴുന്നില്ല എന്ന് അടിസ്ഥാനം കെട്ടുമ്പോഴേ ഉറപ്പാകുക. അവസാനം നോക്കാം എന്നാണെങ്കിൽ അതിന് പറ്റി എന്ന് വരില്ല. ഇന്ന് നമ്മുടെ കാലാവസ്ഥ ആകെ മാറുകയാണ് കൂടെ നമ്മളും. കൃത്യമായ ഇടവേളകളിൽ മഴ പെയ്തിരുന്ന കേരളത്തിൽ പ്രതീക്ഷിക്കാതെ ആണ് ഇപ്പോൾ നമുക്ക് മഴ കിട്ടുന്നത്. അതും കൂടുതൽ അളവിൽ. മുൻപ് നമുക്ക് 20, 30, 50 സെന്റിൽ 1 വീട് ഏക്കർ കണക്കിന് ഭൂമിയിൽ 1 വീട് എന്നതൊക്കെ മാറി 5, 10 സെന്റിൽ അടുത്തടുത്ത് വീടുകൾ ആകുന്നു. മഴ വെള്ളത്തിന് ഒഴുകി പോകാൻ ആകാതെ കിട്ടുന്ന സ്ഥലത്ത് താഴും. ആ വെള്ളം അടിസ്ഥാനം വലിച്ചെടുക്കും Capillary Action ഇതാണ് പെയിന്റ് അല്ലെങ്കിൽ തേപ്പ് ഇളക്കാനുള്ള പ്രധാന കാരണം.ഇപ്പോൾ വീട് പണി തുടങ്ങുന്നവർക്ക് വേണ്ടി. ഭാവിയിൽ വീടിന്റെ അടിസ്ഥാനത്തിൽ നിന്നും വെള്ളം ഭിത്തിയിൽ പിടിക്കുന്നത് നിങ്ങൾ വീടുപണി തുടങ്ങുമ്പോഴേ ശ്രദ്ധിച്ചാൽ തടയാൻ കഴിയും.വീടിന്റെ അടിസ്ഥാനത്തിൽ BERGER TarFelt® LM മറ്റ് കമ്പനികളുടെ സമാന പ്രോഡക്ടറ്റോ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.

എഴുതിയത് :ജോമേഷ്.