ഇങ്ങനെ താഴ്ന്നു വരുന്നത് റൂഫ് സ്ളാബിൽ ആണെങ്കിൽ അവിടെ വെള്ളം കെട്ടി നിൽക്കും ലീക്ക് നിശ്ചയം ഭൂരിഭാഗം വീടുകളിലും സംഭവിക്കുന്നത്

EDITOR

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘അമ്മ, വീട്ടിൽ ആ ആവശ്യം ഉന്നയിക്കുന്നത്.ആവശ്യം എന്ന് പറഞ്ഞാൽ അത്ര വലിയ ആവശ്യം ഒന്നുമല്ല, ഒരു അയ കെട്ടണം.അയ എന്ന വാക്കിന് കേരളത്തിൽ എല്ലായിടത്തും ഒരർത്ഥമാണോ എന്നെനിക്കറിയില്ല, നനഞ്ഞ തുണി ഉണക്കാനായി വലിച്ചു കെട്ടുന്ന ചരടിനാണ് ഞങ്ങളുടെ നാട്ടിൽ അയ എന്ന് പറഞ്ഞിരുന്നത്, ഇന്നും പറയുന്നത്.അർഥം എന്തുതന്നെ ആയാലും ‘അമ്മ ആവശ്യം കടുപ്പിച്ചതോടെ അച്ഛൻ ഒരു വൈകുന്നേരം അയ കെട്ടാനുള്ള ചരടുമായി വന്നു, അതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.നീളമേറിയ ആ ചരട് രണ്ടായി മുറിച്ചു രണ്ടു വ്യത്യസ്ത അയകൾ കെട്ടാം എന്നായിരുന്നു അച്ഛന്റെ പ്ലാൻ എങ്കിലും ‘അമ്മ ആ പദ്ധതി സ്റ്റേ ചെയ്തു. ചരടിന്റെ മുഴുവൻ നീളത്തിലുള്ള ഒറ്റ അയ ആണ് ‘അമ്മ വിഭാവനം ചെയ്തിരുന്നത്.അങ്ങനെ ചൈനീസ് വന്മതിലിനെ വെല്ലുന്ന നീളത്തിൽ, രണ്ടു തെങ്ങുകൾക്കിടയിലായി അച്ഛൻ ആ അയ വലിച്ചു കെട്ടി, താമസിയാതെ കഴുകിയിട്ട വസ്ത്രങ്ങൾ ഉണങ്ങാനിട്ടുകൊണ്ടു ‘അമ്മ അതിന്റെ ഉത്ഖാടന കർമ്മവും നിർവ്വഹിച്ചു.പക്ഷെ തുണികൾ വിരിച്ചിട്ടു കഴിഞ്ഞപ്പോഴാണ് പണി പാളിയ വിവരം അമ്മക്ക് മനസ്സിലായത്.

ഉണങ്ങാനിട്ട നനഞ്ഞ തുണികളുടെ ഭാരം നിമിത്തം, നീളം കൂടിയ അയയുടെ മധ്യഭാഗം താഴോട്ടു തൂങ്ങി, അവിടെ ഉള്ള തുണികൾ എല്ലാം താഴെ മണ്ണിൽ മുട്ടുന്ന സ്ഥിതിയായി.അതോടെ വീണ്ടും പന്ത് അച്ഛന്റെ കോർട്ടിൽ എത്തി, ചരട് രണ്ടായി മുറിച്ചു രണ്ടു വ്യത്യസ്ത അയകൾ കെട്ടി അച്ഛൻ പ്രശ്നം പരിഹരിക്കുകയും ചെയ്തു.ഇനി നമുക്ക് ഈ സംഭവത്തെ ഒന്നുകൂടി ഗഹനമായി വിലയിരുത്താം.ചരടിന്റെ മുഴുവൻ നീളത്തിലും അയ കെട്ടി, അതിൽ നനഞ്ഞ തുണി ഉണക്കാൻ ഇട്ടതോടെ ആണ് മധ്യഭാഗം താഴ്ന്നു പോയത് എന്ന് നാം കണ്ടു.
ചരട് രണ്ടായി മുറിച്ചു രണ്ടു വ്യത്യസ്ത അയകൾ കെട്ടിയപ്പോഴും ഓരോന്നിന്റെയും മധ്യഭാഗം താഴ്ന്നിരുന്നു, എന്നാൽ താരതമ്യേന വളരെ കുറവായിരുന്നു എന്ന് മാത്രം.ഈ കഥയിലെ ചരടിന്റെ നീളത്തെ ആണ് എൻജിനീയർമാർ ” സ്പാൻ ” എന്ന് വിളിക്കുന്നത്. ഒന്നുകൂടി വിശദമാക്കിയാൽ അയ വളച്ചുകെട്ടിയ രണ്ടു തെങ്ങുകൾക്കിടയിലെ ദൂരത്തെ സ്പാൻ എന്ന് വിളിക്കാം.
അയയിൽ ഉണങ്ങാനിട്ട നനഞ്ഞ തുണികളെ നമുക്ക് ” ലോഡ് ” എന്ന് വിളിക്കാം.
സിമ്പിൾ.

ഇനി നമുക്കിതിലെ മർമ്മ പ്രധാനമായ മറ്റൊരു സംഗതിയിലേക്കു കടക്കാം.അയ കെട്ടിയ രണ്ടു കേസുകളിലും, ലോഡ് മൂലം മധ്യ ഭാഗം താഴ്ന്നു പോയിരുന്നു എന്ന് നാം കണ്ടു. ആദ്യത്തെ കേസിൽ ഈ താഴ്ച കൂടുതലും, ചരട് രണ്ടായി മുറിച്ചു രണ്ടു അയകൾ ഉണ്ടാക്കിയ രണ്ടാമത്തെ കേസിൽ വളരെ കുറവായിരുന്നു എന്നും നമുക്കറിയാം.ഇങ്ങനെ മധ്യഭാഗം താഴുന്നതിനെ ആണ് എൻജിനീയർമാർ ബെൻഡിങ് അഥവാ സാഗിങ് എന്ന് വിളിക്കുന്നത്.അയ കെട്ടിയ ചരടിന്റെ നീളം കൂടും തോറും ബെൻഡിങ് അഥവാ സാഗിങ് വർദ്ധിക്കും എന്ന് നാം കണ്ടു.അതായത് സ്പാൻ ഏറും തോറും ബെൻഡിങ് സാധ്യത വർദ്ധിക്കും അതിപ്രധാനമായ എന്ന എൻജിനീയറിങ് സിദ്ധാന്തമാണ് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്.എന്നാൽ എന്തിനാണ് ഒരു ശരാശരി മലയാളി ഇജ്‌ജാതി ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി വെക്കുന്നത് എന്ന് ചോദിച്ചാൽ ഒരു വീട് നിർമ്മിക്കാൻ ഒരുങ്ങുന്ന ഒരാൾ ഇതൊക്കെ അൽപ്പസ്വൽപ്പം മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്യും എന്നാണെന്റെ പക്ഷം.കാരണം വീട് പണിയിക്കുന്നവനും, പണിയുന്നവനും, കണ്ടു നിൽക്കുന്നവനും, ചുമ്മാ വഴിയിലൂടെ പോകുന്നവനും ഒക്കെ സിവിൽ എൻജിനീയറിങ്ങിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകുന്ന ഒരു കിണാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.എന്നാൽ അതിനു വേണ്ടി സാധാരണക്കാർ ഈ ബെൻഡിങ് കണക്കാക്കാൻ ഉള്ള സങ്കീർണ്ണമായ ഫോർമുലകൾ ഒക്കെ പഠിക്കണോ എന്ന് ചോദിച്ചാൽ അത്രക്കൊന്നും വേണ്ട എന്നാണുത്തരം.

അതൊക്കെ എൻജിനീയർമാർ ചെയ്തോളും.എന്തായാലും നമുക്ക് ബെൻഡിങ്ങിലേക്കു വരാം.ഒരു കെട്ടിടത്തിന്റെ ഭാഗമായ പല എലമെന്റുകളിലും ഈ പറഞ്ഞ ബെൻഡിങ് ഉണ്ടാവാം, ഒരു പരിധിയിലും അപ്പുറമായാൽ അത് കെട്ടിടത്തിന്റെ തകർച്ചക്ക് തന്നെ കാരണവും ആയേക്കാം, അതല്ലാത്ത പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.അത്തരം ഒരു പ്രശ്നം ആണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്.
മേൽപ്പറഞ്ഞ ബെൻഡിങ് പല സ്ട്രക്ച്ചറൽ ഭാഗങ്ങളിലും ഉണ്ടാവാം എന്ന് നാം കണ്ടു.ബീമുകളും, സ്ളാബുകളും, തൂണുകളും ഒക്കെ ഇങ്ങനെ ബെൻഡ് ആവാം. നിലവിൽ നാം കാണുന്ന പല സ്ളാബുകളും ബീമുകളും ഒക്കെ ബെൻഡ് ആയിട്ടുള്ളവതന്നെയാണ്. എന്നാൽ അതിന്റെ അളവ് വളരെ സൂക്ഷ്മം ആയതിനാൽ നാം അറിയുന്നില്ലെന്നു മാത്രം.ഇവയിൽ ഏറ്റവും എളുപ്പത്തിൽ ബെൻഡ് ആവാനുള്ള സാധ്യത ഉള്ള ഒന്നാണ് സ്ളാബ്.കാരണം സ്ളാബിനു പൊതുവെ കനം കുറവാണ് എന്നത് തന്നെ.ഇത്തരത്തിൽ കനം കുറവായ ഒരു സ്ളാബിനു നീളവും വീതിയും സ്വൽപ്പം കൂടുതലായാൽ അത് ബെൻഡ് ആവാനുള്ള സാധ്യത ഏറെയാണ്.എന്നാൽ എൻജിനീയറിങ്ങിൽ ഇതിനെ തടയാനുള്ള പോംവഴികൾ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്.

കാരണം, ഇതും ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ. കെ .ജോസഫ്.പക്ഷെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഒട്ടുമിക്ക കെട്ടിടങ്ങളിലും ഈ പറയുന്ന എൻജിനീയറിങ് സാങ്കേതികത ഒന്നും ആരും പാലിക്കുന്നില്ല, പലപ്പോഴും എൻജിനീയർമാർ വരെ മേസ്തിരിമാർ പറയുന്നതിനനുസരിച്ചു തലയാട്ടുന്ന കാഴ്ചയാണുള്ളത്.ഭംഗിക്കുവേണ്ടി യാതൊരു മാനദണ്ഡവും പാലിക്കാതെ ഡിസൈൻ ചെയ്യുന്ന ത്രീഡിക്കാർ ഉണ്ടാക്കുന്ന പണികൾ വേറെ.തിരിച്ചു വരാം.ഒട്ടുമിക്ക എലമെന്റുകളും ഈ ബെൻഡിങ്ങിന് വിധേയമാകുമെങ്കിലും സ്ളാബിൽ ആണ് ഈ പ്രവണത കൂടുതൽ ഉള്ളതെന്ന് നാം കണ്ടു.എന്നാൽ ഈ ബെൻഡിങ്ങിനെ സ്വാധീനിക്കുന്ന ഘടകം സ്പാൻ മാത്രമല്ല.ലോഡും ഒരു ഘടകമാണ്. ലോഡ് കൂടുംതോറും ബെൻഡിങ് വർധിക്കും.അതുപോലെ വേണ്ടത്ര ഗുണമേന്മയില്ലാതെ നിർമ്മിച്ച സ്ളാബുകളിൽ ബെൻഡിങ്ങിനുള്ള ചാൻസ് കൂടും.അതായത്, അൽപ്പസ്വൽപ്പം നീളവും വീതിയും ഉള്ള ഒരു റൂമിന്റെ സ്ളാബ് വാർത്തിരിക്കുന്നത് മതിയായ എൻജിനീയറിങ് മേൽനോട്ടത്തോടെ അല്ല എങ്കിൽ ഒരു സംശയവും വേണ്ട, അതിന്റെ മധ്യഭാഗം താഴ്ന്നിരിക്കും.സ്ളാബ് വാർക്കുമ്പോൾ വാട്ടർ ലെവൽ നോക്കുന്നില്ലേ എന്ന് ചോദിക്കുന്നവർ ഉണ്ടാകാം.അനിയാ നിൽ.

സ്ളാബ് വാർത്തത്തിന്റെ പിറ്റേ ദിവസം തന്നെ സ്ലാബിന്റെ മധ്യഭാഗം ബെൻഡ് അടിച്ചു പണ്ടാരമടങ്ങും എന്നല്ല ഞാൻ പറഞ്ഞതിന്റെ അർഥം.വർഷങ്ങൾകൊണ്ട് അതിന്റെ മധ്യഭാഗം താഴ്ന്നു വരും.ഇങ്ങനെ താഴ്ന്നു വരുന്നത് റൂഫ് സ്ളാബിൽ ആണെങ്കിൽ അവിടെ വെള്ളം കെട്ടി നിൽക്കും. ലീക്ക് നിശ്ചയം.ആ ഭാഗത്തേക്ക് നമുക്ക് എളുപ്പം കടന്നു ചെല്ലാൻ പറ്റാത്ത ഒരു ഏരിയ ആണെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി ഗംഭീരമായി.അശാസ്ത്രീയമായ, പരിപാലനം ബുദ്ധിമുട്ടായ പരന്ന മേൽക്കൂരകൾ ഒഴിവാക്കാൻ പറയുമ്പോൾ അതിനു പിന്നിൽ ഇങ്ങനെ ഒരു കാരണം കൂടിയുണ്ടെന്ന് നാം മനസ്സിലാക്കണം.അല്ലാതെ പണി ചെയ്യാനുള്ള എളുപ്പമോ, ചെലവോ മാത്രം നോക്കിയാകരുത് നമ്മുടെ തീരുമാനങ്ങൾ.അത് വീടുപണിയുടെ കാര്യത്തിൽ ആണെങ്കിലും ശരി നിസ്സാരം തുണി ഉണക്കാൻ ഒരു അയ വലിച്ചു കെട്ടുന്ന കാര്യത്തിൽ ആണെങ്കിലും ശരി

എഴുത്തുയത് : സുരേഷ് മഠത്തിൽ വളപ്പിൽ