ഒരു ദിവസം അറബിയുടെ ഭാര്യ എന്നെ വിളിച്ചപ്പോൾ ആണ് കാര്യം മനസിലായത് ശേഷം എന്നെ ഫാ൦ ഹൗസിലേക്ക് മാറ്റി ശേഷം അനുഭവിച്ചത്

EDITOR

കൈ വിലങ്ങിനരികെ .2006 ൽ ഷാർജയിലെ പ്രവാസകാലം . അവിടുത്തെ ഒരു പ്രധാന ധനികന്റെ പാലസിലാണ് ജോലി ശമ്പളം കിട്ടുമ്പോൾ നാട്ടിലേക്ക് പണമയക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും മാത്രമായി മാസത്തിലൊരിക്കൽ ഷാർജ റോളയിൽ പോകുംപലപ്പോഴും വിദേശികളടക്കമുള്ള സഹപ്രവർത്തകരുടെ പണവും എക്സേഞ്ചിൽ പോകുന്നവരെ ഏൽപിക്കാറാണ് പതിവ് ഞാനും പലപ്പോഴായി പല സുഹൃത്തുക്കളുടെയും പണം ഇതുപോലെ അയച്ചിട്ടുണ്ട്.അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് റൂം മേറ്റായ ബംഗാളി ഓടിക്കിതച്ചു വന്നു എന്നെ വിളിച്ചു ‘ ഭായ് സാബ് ആപ് കോ മാമ (കഫീലിന്റെ ഭാര്യ) ബുലാത്താ ഹെ ജൽദി ആവോ.ഞാൻ വേഗം റൂമിനു പുറത്തിറങ്ങി നോക്കുമ്പോൾ എന്നെക്കാത്ത് ഒരു ലക്സസ് കാർ നിൽക്കുന്നു.ഞാൻ മെല്ല അടുത്തു ചെന്നു ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തെകറുത്ത ഗ്ലാസ് എനിക്കു മുമ്പിൽ താഴ്ത്തപ്പെട്ടു കാറിനുള്ളിൽ നിന്നും ഊദിന്റെയും സിഗരറ്റിന്റെയും (മടുപ്പുളവാക്കുന്ന) രൂക്ഷ ഗന്ധം എന്റെ മൂക്കിലേക്കടിച്ചു കയറി ഞാൻ ഭവ്യതയോടെ മാമയോട് കാര്യം തിരക്കി.

നീ ആ ഫിലിപ്പൈനിയുടെ പണം അവന്റെ നാട്ടിലേക്കയക്കാറുണ്ടോ”അതെ ഞങ്ങളിൽ പലരും നാട്ടിലേക്ക് പണമയക്കാൻ പരസ്പരം സഹായിക്കുന്ന കാര്യം മാമാക്ക് അറിയുന്നതല്ലേ” എന്നു ഞാൻ മറുപടി നൽകി .നിന്റെ ഫോണെവിടെ”എന്നായി അടുത്ത ചോദ്യം,ഇതാ എന്നു പറഞ്ഞ് ഞാൻ എന്റെ മൊബൈൽ ഫോൺ അവരുടെ നേരെ നീട്ടിയതും അതു വാങ്ങി കാറിന്റെ ഡാഷ് ബോർട്ടിലേക്ക് ഒറ്റ ഏറായിരുന്നു . ഡാഷ്ബോർഡിലുണ്ടായിരുന്ന പിസ്റ്റലിനെ (തോക്ക് തൊട്ടുരുമ്മി എന്റെ ഫോൺ ഡാഷ് ബോർഡിൽ തങ്ങി നിന്നു.
ആ സ്ത്രീയുടെ കണ്ണുകൾ കോപം കൊണ്ടു ജ്വലിച്ചു. “നീ പണമയക്കാൻ സഹായിച്ച ഫിലിപ്പെയ്നി നാളെ നാട്ടിൽ പോകാനിരുന്നതാണ് , പാലസിൽ നിന്നും കാണാതായ സ്വർണമടക്കം വിലപിടിപ്പുള്ള പലതും അവന്റെ ബാഗിൽ നിന്നും പിടിച്ചിട്ടുണ്ട് അതിനാൽ നിന്നെയും ഞങ്ങൾക്ക് സംശയമുണ്ട്” (അതിനിടയിൽ ഫിലിപ്പെയ്നിയെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു അവന്റെ ബാഗിൽ നിന്നും ഞാൻ അവന്റെ പണമയച്ച രസീത് കിട്ടിയിരുന്നു . അതിൽ കൊടുത്ത എന്റെ അഡ്രസും മൊബൈൽ നമ്പറുമാണ് എനിക്ക് വിനയായത് .

തൽക്കാലം നിന്നെ ഫാം ഹൗസിലേക്ക് മാറ്റുന്നു നിനക്കെതിരെ കൂടുതൽ തെളിവു കിട്ടിയാൽ നിന്റെ കയ്യിൽ വിലങ്ങു വീഴും നീ നാടുകാണില്ല” എന്നായി അവരുടെ സംസാരം.അനർഹമായതൊന്നും എന്റെ പക്കൽ ഇല്ലാത്തതിനാൽ ഞാൻ ധൈര്യത്തോടെ മറുപടി നൽകി “തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ് അതു കൊണ്ട് അള്ളാഹുവിൽ വിശ്വാസമുള്ള നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ തീരുമാനിക്കാം” എന്നു ഞാനും മറുപടി നൽകിഎനിക്ക് മനസിലാകാത്ത നാടൻ അറബിയിൽ അവർ എന്റെ നേരെ വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞ് അതിവേഗം കാറോടിച്ചു പോയി.അപ്പോഴേക്കും ഷാർജയിൽ നിന്നും 80 കിലോമീറ്റർ ദൂരെയുള്ള ഫാം ഹൗസിലേക്ക് എന്നെ മാറ്റി.നൂറു കണക്കിന് ഏക്കർ മരുഭൂമി കോട്ട മതിൽ പോലെയുള്ള മതിൽ കെട്ടിത്തിരിച്ച ഭീകരാന്തരീക്ഷമുള്ള ഒരു സ്ഥലം അവിടെ നൂറു കണക്കിന് തൊഴിലാളികൾ .പാക്കിസ്ഥാനികൾ ഇന്ത്യക്കാരായ പഞ്ചാബികൾ ബംഗാളികൾ മറ്റു പല ഭാഷക്കാർ അവരെ പണിയെടുപ്പിക്കാനും ഗേറ്റ് വാച്ചറുമാ യും മറായി എന്നു പേരുള്ള ഒരു മിസ്രി.

കറ പിടിച്ചു കറുത്ത പല്ലുകളുംമുഷിഞ്ഞു നാറുന്ന ഒരു കന്തൂറയും ധരിച്ച ഒരു ഭീകര ജീവി . എന്റെ വിഷയം അവനെ ഫോൺ വിളിച്ചറിയിച്ചിട്ടുണ്ടായിരുന്നതിനാൽ അവന്റെ എന്നോടുള്ള പെരുമാറ്റം വളരെ രൂക്ഷമായിരുന്നു.കാടൻ ശൈലിയിൽ ശാസനാരൂപത്തിൽ അവനും എന്റെ നേരെ എന്തൊക്കെയോ ആക്രോശിച്ചു. മിസ്റികളുടെ പൊതു സ്വഭാവം നേരത്തെ അറിയുന്നതിനാൽ ഞാനവനെ വല്ലാതെ മൈൻഡു ചെയ്തില്ലആരും തന്നെഎനിക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് അവൻ എല്ലാവർക്കും താക്കീത് നൽകിയിരുന്നു .എന്റെ ഭാഗ്യത്തിന് പഞ്ചാബികളുടെ റൂമാണ് എനിക്കനുവദിച്ചത് , ആരെയും കൂസാത്ത സ്വഭാവക്കാർ കളങ്കമില്ലാതെ സ്നേഹിക്കുന്നവർ അതാണ് യഥാർത്ഥ പഞ്ചാബികൾ. അവരെനിക്ക് ചപ്പാത്തിയും ഡാൽ കറിയും നൽകി നല്ല വാക്കുകൾ പറഞ്ഞ് സമാധാനിപ്പിച്ചു ഇവിടെയെത്തിയിട്ട് ഇപ്പോൾ ഒരാഴ്ചയാകുന്നു, ഇതുവരെയും ഒരിക്കൽ പോലും നാട്ടിലേക്ക് വിളിച്ചിട്ടില്ല ഞാനെന്റെ കുടുംബത്തെക്കുറിച്ചോർത്തു ഭാര്യ ഗർഭിണിയാണ് പ്രസവം അടുക്കാറായിട്ടുണ്ട് ഓർക്കുന്തോറും എനിക്ക് കരച്ചിലടക്കാനായില്ല ഞാൻ പൊട്ടിക്കരഞ്ഞു റൂമിലുള്ളവർ അടുത്തു കൂടി കാര്യം തിരക്കി അവരെന്നെ സമാധാനിപ്പിച്ചു അതിൽ മുതിർന്ന ഒരു സർദാർജി അയാളുടെ അയാളുടെ ഫോൺ എന്റെ നേരെ നീട്ടി ഭായ് സാബ് ആപ്പ് ഖർ കോ ഫോൺ കരോ’ എന്നു പറഞ്ഞു , ഞാൻ വേണ്ട എന്നു തലയാട്ടി.

എനിക്കാരെയും പേടിയില്ല ഇതിന്റെ പേരിൽ എന്തു സംഭവിച്ചാലും ഞാൻ നേരിട്ടു കൊള്ളാം എന്നായി അദ്ദേഹം .ഞാൻ വീട്ടിലേക്ക് വിളിച്ചു മറു തലയ്ക്കൽ ഭാര്യ ഫോണെടുത്തു , ഞാനെന്റെ ഫോൺ കേടാണെന്ന് തൽക്കാലം കള്ളം പറഞ്ഞു.
ഒരാഴ്ച മുമ്പ് എന്റെ ഭാര്യ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരിക്കുന്നു എനിക്ക് സന്തോഷം അടക്കാനായില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.ടൗണിൽ പോയ ഡ്രൈവറെ വിളിച്ച് സർദാർജി ലഡു ഏർപ്പാടാക്കി അങ്ങനെ സർദാർജിയുടെ ചിലവിൽ റൂമിൽ ലഡു വിതരണം ചെയ്തു ( പണം നൽകിയെങ്കിലും അയാൾ വാങ്ങാൻ കൂട്ടാക്കിയില്ല)ഫാമിന്റ ചുറ്റുമതിൽ നിർമ്മാണത്തിൽ പഞ്ചാബികളെ സഹായിക്കലായിരുന്നു എന്റെ ജോലി കാഠിന്യമുള്ള ജോലിയാണെങ്കിലും സർദാർജിമാർ എനിക്ക് ബുദ്ധിമുട്ടില്ലാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു പിന്നെ ഇടക്കിടെ മിസ്രി വരുമ്പോൾ മാത്രം അത്യാവശ്യം പണിയെടുക്കും മിസ്രിയോടും അവർ എന്നെപ്പറ്റി പരമാവധി പൊക്കിത്തന്നെ പറയുമായിരുന്നു.അങ്ങനെ ദിവസങ്ങൾ പോയ്ക്കൊണ്ടിരുന്നു ഏകദേശം 3 മാസങ്ങൾ കഴിഞ്ഞ ഇതിനിടയിൽ ഒരിക്കൽ പോലും ഫാമിന്റെ മതിൽക്കെട്ടിനു പുറത്തു പോകാൻ എനിക്കനുവാദമില്ലായിരുന്നു ശമ്പളം കൃത്യമായി കിട്ടിയിരുന്നതിനാൽ ഭക്ഷണത്തിന്റെ ഷെയർ കൃത്യമായി നൽകാനായി സർദാർജിമാർ തന്ന താടിയും മുടിയും വെട്ടിത്തന്നു

അങ്ങനെയൊരു ദിവസം മിസ്രി വന്നു വിളിച്ചുവേഗം റെഡിയാക് നിന്നെ മാമ പാലസിലേക്ക് തിരിച്ചു  ഇതുകേട്ട ഞാൻ അള്ളാഹു വിനെ സ്തുദിച്ചു അൽ ഹംദുലില്ലാഹ് അന്നു തന്നെ പാലസിൽ തിരിച്ചെത്തി എനിക്കെന്റെ പഴയ ജോലിയും മൊബൈൽ ഫോണും തിരിച്ചു കിട്ടി ഇതിനിടെ ഫിലിപ്പെയ്നിയെ ജയിൽ മോചിതനാക്കി നാടു കടത്തി.ലക്ഷങ്ങളുടെ മോഷണ വസ്തുക്കളായിരുന്നു അവന്റെ പെട്ടിയിൽ നിന്നും പിടിച്ചെടുത്തത്  എന്നെപ്പറ്റി അവർ നടത്തിയ സമഗ്രമായ അന്യോഷണത്തിൽ എന്റെ നിരപരാധിത്വം അവർക്ക് ബോധ്യമായതിനാൽ ഞാൻ രക്ഷപ്പെട്ടു അതായിരുന്നു സത്യംസത്യം ഒരു നാൾ ജയിക്കുംപലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടുക തന്നെ ചെയ്യുംവീണ്ടും മൂന്നു വർഷം കൂടി ഞാനവിടെ ജോലി ചെയ്തുപ്രവാസ ലോകത്തെ ഓരോ ചുവടുവെപ്പും വളരെ ചിന്തിച്ചും സൂക്ഷിച്ചുമല്ലെങ്കിൽനമുക്കു പലതും നഷ്ടപ്പെട്ടേക്കാംഒരു പക്ഷേ ജീവൻ പോലും.
സവാദ് തങ്ങൾ . ഒ.എം.എസ്