പത്തിലെ കുട്ടികൾക്ക് മോട്ടിവേഷൻ രണ്ടു വാക്ക് പറയാൻ എന്നെ ക്ഷണിച്ചു എന്തായാലും പിന്നെ ആരും എന്നെ മോട്ടിവേഷൻ കൊടുക്കാൻ ക്ഷണിച്ചിട്ടില്ലാ കാരണം

EDITOR

ഡോക്ടർ ശ്രീ മനോജ് വെള്ളനാട് എഴുതുന്നു രണ്ടു മൂന്ന് വർഷം മുമ്പാണ്. ഒരു കല്യാണത്തിന് പോയതായിരുന്നു. കല്യാണ മണ്ഡപത്തിന് തൊട്ടടുത്ത് സ്കൂളാണ്. ആ വർഷത്തെ SSLC പരീക്ഷയ്ക്ക് ഇനി കുറച്ചു ദിവസമേയുള്ളു. വിദ്യാർത്ഥികൾക്ക് ദിവസേന മൂന്ന് നേരം വച്ച് പ്രൊഫഷണൽ മോട്ടിവേഷണൽ സ്പീക്കർമാരുടെ, ടൈം മാനേജ്മെന്റ് സിംഹങ്ങളുടെ, സൈക്കോളജിസ്റ്റുകളുടെ, പോരാത്തതിന് അധ്യാപകരുടെ ഒക്കെ എക്സാം ഓറിയന്റഡ് ക്ലാസുകൾ നടക്കുകയാണ്.സ്കൂളിന്റെ തൊട്ടടുത്ത് ഉണ്ടെന്ന കാര്യമറിഞ്ഞ ഒരു സുഹൃത്ത്, കുട്ടികളോട് രണ്ട് വാക്ക് മോട്ടിവേഷൻ കൊടുക്കണമെന്ന് നിർബന്ധിച്ചപ്പോ അവിടെ പോയി. കാലിൽ പ്ലാസ്റ്ററാണ്, നടക്കാൻ വയ്യാ, സംസാരിക്കാൻ ഞാൻ വളരെ മോശമാണ് എന്നൊക്കെ പറഞ്ഞു പരമാവധി ഒഴിയാൻ നോക്കിയതാണ്. പുള്ളി വിട്ടില്ല.ചെന്നപ്പോൾ വലിയ ഒരു ഹാളിൽ നൂറിലധികം കുട്ടികൾ. പ്രഗത്ഭനായ ഒരു സ്പീക്കറുടെ മണിക്കൂർ നീണ്ടുനിന്ന സംസാരത്തിന്റെ അവസാന ലാപ്പാണ്. എല്ലാ വിഷയത്തിനും A+ നേടേണ്ടതിന്റെ ആവശ്യകതയും, പഠിച്ചു വലിയ ആളായ മനുഷ്യരുടെ കഥകളും ഒക്കെയായി അദ്ദേഹം കുട്ടികളെ ശരിക്കും മോട്ടിവേറ്റ് ചെയ്തു കൊണ്ടിരിക്കുവായിരുന്നു.അദ്ദേഹം നിർത്തിയപ്പോൾ എന്റെ ഊഴമായി.

എല്ലാ വിഷയത്തിനും A+ നേടുന്നതല്ല ഒരു വിദ്യാർത്ഥിയുടെ ലക്ഷ്യമായിരിക്കേണ്ടത്’ഞാൻ സംസാരിച്ചു തുടങ്ങിയപ്പൊഴേ ക്ലാസ് ടീച്ചറിന്റെയും ഗസ്റ്റ് സ്പീക്കറുടെയും എന്നെ വിളിച്ച സുഹൃത്തിന്റെയും മുഖത്തെ A+ പ്രകാശം, A or B+ ആയി.ഞാൻ തുടർന്നു, എല്ലാത്തിനും A+ കിട്ടിയാൽ നല്ലത് തന്നെ. പക്ഷെ കിട്ടിയില്ലാന്ന് കരുതി അതൊരു തോൽവിയോ കുറവോ ആവുന്നില്ല. പക്ഷെ, നിങ്ങൾ നിങ്ങളുടെ 100 ശതമാനം കഴിവും ഉപയോഗിക്കാത്തത് കൊണ്ടാണ് നിങ്ങൾക്കത് കിട്ടാത്തതെങ്കിൽ അതൊരു കുറവാണ്. നിങ്ങൾ നിങ്ങളാലാവുന്ന വിധം പരമാവധി ശ്രമിച്ചു, എന്നിട്ടും B അല്ലെങ്കിൽ C ആണ് കിട്ടിയതെങ്കിലും അതിൽ ഒട്ടും വിഷമിക്കേണ്ടതില്ല. പരിശ്രമിക്കാൻ മനസുള്ളവർക്ക് വിജയിക്കാൻ ജീവിതമിങ്ങനെ നീണ്ട് നിവർന്ന് മുന്നിൽ കിടക്കുവാണ്.ജീവിതത്തിൽ ജയിക്കാൻ നമുക്കൊരു ഗ്രേഡിന്റെയും ആവശ്യമില്ല. പരിശ്രമിക്കാനുള്ള മനസ് മാത്രം മതി. ഇനി കുറച്ചു ദിവസമേയുള്ളു SSLC പരീക്ഷയ്ക്ക്. ഉള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുക. പരിശ്രമിച്ചെഴുതുക. നിങ്ങളുടെ 100% തന്നെ അവിടെ കൊടുക്കുക.

എന്നിട്ട് കിട്ടുന്നത് ഏത് ഗ്രേഡാണെങ്കിലും അതിൽ സന്തോഷിക്കുകയും സംതൃപ്തിയോടെ ഇരിക്കുകയും ചെയ്യുക. എനിക്ക് SSLC ക്ക് എല്ലാ വിഷയത്തിനും A യോ A+ ഓ കിട്ടിയിട്ടില്ല, അന്ന് ഗ്രേഡിംഗ് അല്ലായിരുന്നെങ്കിലും. പക്ഷെ, ഞാനിന്ന് ഹാപ്പിയാണ്. സാറ്റിസ്ഫൈഡ് ആണ്.കുട്ടികൾക്കിടയിൽ നിന്നും random ആശ്വാസ (?) നെടുവീർപ്പുകൾ ഉതിരുന്നത് കേൾക്കാമായിരുന്നു അപ്പോൾ. അവർ കുറച്ചെങ്കിലും റിലാക്സ്ഡായിക്കാണും എന്നു ഞാൻ കരുതുന്നു. എന്തായാലും, പിന്നെയാരും എന്നെ കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ ക്ഷണിച്ചിട്ടില്ലാ എന്നതാണ് സത്യം.ഇന്നിപ്പൊ SSLC റിസൾട്ട് വന്നു. വിജയിച്ച 99.26% ശതമാനം പേർക്കും ആശംസകൾ. തോറ്റുപോയ 0.74% കുട്ടികളോടും ഇത്രയേ പറയാനുള്ളൂ, ജീവിതമിങ്ങനെ മുന്നിൽ നെടുനീളത്തിൽ കിടക്കുമ്പോൾ SSLC ഒന്നും ഒരു പരീക്ഷയേ അല്ല. അവിടെ തോൽക്കാതിരുന്നാ മതി.
മനോജ് വെള്ളനാട്