നിന്റെ സ്വപ്‍ന വീട് എന്റേം കൂടെ വീട് എന്ന് പറഞ്ഞു വീട് പണിയാൻ വന്ന കോൺട്രാക്ടർ സുഹൃത്ത് എട്ടിന്റെ പണി തന്നു ശേഷം

EDITOR

കൃത്യമായി പറഞ്ഞാൽ 2010 ലാണ് വീടുപണിയെ പറ്റി ആലോചിക്കുന്നത്. ഏറെക്കുറെ ഒരു പ്ലാനും തട്ടിക്കൂട്ടി.പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് മുടങ്ങിപ്പോയി. പക്ഷെ അന്ന് തൊട്ടുള്ള ആഗ്രഹമാണ് ധാരാളം കാറ്റും വെളിച്ചവും കിട്ടുന്ന ഒരു വീട്. വലിയ വരാന്തയുള്ള, ഒത്തിരി ലിവിങ് സ്‌പേസ് ഉള്ള ഒരു വീട്.അങ്ങനെ നോക്കീം കണ്ടും, കൊതിച്ചും 2021-ൽ ഉള്ള വീട് പൊളിച്ചു പുതിയ വീടിന്റെ പണി തുടങ്ങി. പ്ലാൻ സെറ്റ് ആക്കാൻ തന്നെ കൊറേ സമയമെടുത്തു. ദോഷം പറയരുതല്ലോ, ഞാൻ പറയുന്ന ഡിസൈൻ വരച്ചു തരാൻ ഒരുത്തനും റെഡിയായില്ല. അങ്ങനെ എക്സൽ ഷീറ്റിലും, പേപ്പറിലും പെയിന്റിലും ആയി വരച്ചു വരച്ചു ഒരു ഷേപ്പ് ഉണ്ടാക്കിയെടുത്തു. ഒത്തിരിപ്പേർ ശ്രമിച്ചെങ്കിലും ഒന്നും എന്റെ ആവശ്യത്തിനുള്ള രൂപത്തിലായിരുന്നില്ല. അവസാനം ദിലീപളിയനാണ് Dileep P Ezhavan ഒരു ബേസ് പ്ലാൻ ഉണ്ടാക്കിത്തന്നത്.

പിന്നീട് അത് എക്സിക്യൂട്ട് ചെയ്തെടുക്കാൻ വേണ്ടി ഒരു എഞ്ചിനീയർ/ കോൺട്രാക്ടറേ തപ്പലാർന്നു.മുൻപൊരു പോസ്റ്റിൽ പറഞ്ഞിരുന്ന പോലെ, “നിന്റെ വീട് ന്നു പറഞ്ഞാ അത് ന്റേം കൂടെ അല്ലേഡാ, നിന്റെ സ്വപ്നം ഞാൻ ശരിയാക്കിത്തരാം” എന്ന് പറഞ്ഞു ജോലി ഏറ്റെടുക്കാൻ വന്ന ഒരു സുഹൃത്ത് നല്ലരീതിയിൽ “പണിഞ്ഞു” ന്നെ ഒരു വഴിക്കാക്കിയപ്പോ ഞാൻ സാമാന്യം ഭേദപ്പെട്ടു ഞെട്ടി.പണി തുടങ്ങുന്നതിനുമുൻപ് പറഞ്ഞ വേദവാക്യമായ “പരസ്പര വിശ്വാസത്തോടെ ഒരു ജോലി ഏൽപ്പിക്കുകയാണെങ്കിൽ, കളങ്കമില്ലാത്ത ഒരു വീട് നമുക്ക് കിട്ടും” എന്ന് പറഞ്ഞപ്പഴേ ഞാൻ ഓർക്കണമായിരുന്നു പണി വരുന്നുണ്ടാവറാച്ചാ ന്ന്. എന്തായാലും കൂടുതൽ അപകടം വരുന്നതിനു മുൻപ് ആളേം ഒഴിവാക്കി വരവേൽപ്പ് സിനിമയുടെ ക്ളൈമാക്സില് ബസ് വിട്ട് പോകുന്ന മുയ്മൻ നടനെ പോലെ “തറ”പണീം കഴിഞ്ഞു ഞാൻ ദോഹക്ക് പറന്നു. എന്തീയും എന്നറിയാണ്ട്.

അങ്ങനെ പണിമുടങ്ങിയിരിക്കുന്ന സമയത്താണ് അജീഷ് ബ്രോയെ Ajeesh Kakkarath പരിചയപ്പെടുന്നത്. സംഗതി വേറെ ഒരാൾ ചെയ്തിട്ട് പോയ പണി ഞാൻ ഏറ്റെടുക്കൂലാ എന്നൊക്കെ കട്ടായം പറഞ്ഞെങ്കിലും ന്റെ അവസ്ഥ കണ്ടു ആള് സംഗതി ഏറ്റെടുത്തു. ആദ്യപണിയുടെ പരിമിതികളിൽ നിന്നുകൊണ്ട് അങ്ങനെ 2021-മാർച്ച്-25-ന് ഞങ്ങൾ വീടുപണി പുനരാരംഭിച്ചു. എന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ ഓരോന്നായി ചോദിച്ചറിഞ്ഞു, അതിനനുസരിച്ച് പുനരാവിഷ്കരിച്ച ഒരു വീട്.ഓട് മേഞ്ഞൊരു വീട് എന്ന് പറയുമ്പോൾ തന്നെ പലരും നിരുത്സാഹപ്പെടുത്തി. ഇക്കാലത്ത് ആരെങ്കിലും ആ പണി ചെയ്യുമ്പോ എന്നും, മണ്ടത്തരമാണ് കാണിക്കണത് എന്നും, പിന്നീട് ദുഖിക്കുമെന്നുമൊക്കെ പറഞ്ഞു മാക്സിമം നെഗറ്റീവ് ആക്കാൻ നോക്കിയെങ്കിലും, ഒരു വാട്ടി മുടിവ് പണ്ണിട്ടന്നാ എൻ പേച്ചു നാനെ കേക്കമാട്ടേൻ എന്ന ലെവലിൽ കാര്യങ്ങൾ മുന്നോട്ട് തന്നെ നീക്കി. ടൈൽ റൂഫിംഗ് ആണെങ്കിൽ ലോൺ തരില്ലെന്ന് ബാങ്കുകാരും കൂടെ പറഞ്ഞപ്പോ, എന്നാപ്പിന്നെ ഓട് മേഞ്ഞിട്ടുതന്നെ ബാക്കികാര്യം എന്ന് ഞാനും. കട്ടസപ്പോർട്ടുമായി അജീഷാബ്രോയും നിന്നു.

ഇത്രേം കാലം തറവാട്ടിൽ താമസിച്ചതുകൊണ്ട് “ഓടിട്ട വീട് കണ്ടു മടുത്തു” എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പണി മുന്നോട്ട് പോകെ, ഭാര്യപ്പെണ്ണും അമ്മേം ഇനി ഓട് മതി എന്ന് പറഞ്ഞുതുടങ്ങി.ഓരോ സ്റ്റേജിലും ചർച്ചകൾ ചെയ്ത്, ആവശ്യമുള്ള മാറ്റങ്ങൾവരുത്തി ഒരു വർഷം തികയുന്നതിനു മുൻപ് വീട് അതിന്റെ പൂർണ്ണതയിലെത്തി. സ്വപ്നം കണ്ടത് പോലൊരു വീട്. ആഗ്രഹിച്ചത് പോലെയൊരു വീട്. 3D വരച്ചപ്പോൾ ഉള്ള അതെ മോഡലിൽ തന്നെ അജീഷ് ബ്രോ സംഗതി കിടിലനാക്കി കയ്യിൽ തന്നു. കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടുന്ന, കുട്ടികൾക്ക് വീർപ്പുമുട്ടനുഭവപ്പെടാത്ത ഒരു കൂട്.ഓരോ സ്റ്റേജിലും പരസ്പരം ചർച്ചകളിലൂടെ ഞങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു വേണ്ട ഉപദേശങ്ങൾ തന്ന്, താമസിക്കുന്നവരുടെ ഇഷ്ടത്തിനുള്ള ഒരു വീട് ഒരുക്കുന്നതിൽ അജീഷ് ബ്രോ കിടിലനാണ്. ആളുടേംഎന്റേം അഭിരുചികൾ ഏറെക്കുറെ ഒന്നായിരുന്നത് എല്ലാ തരത്തിലും സഹായകമായി.വീടുപണിയിൽ ഭാര്യപ്പെണ്ണിന്റെ കഷ്ടപ്പാട് ചില്ലറയല്ല.

ഇക്കോലത്തിലിതിനെ ആക്കിയെടുക്കാൻ അവൾ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. മെറ്റീരിയൽസ് വാങ്ങുന്നതിനും, പണിക്കാർക്ക് ആവശ്യമുളളത് എത്തിച്ചു കൊടുക്കുന്നതിലും അവളുടെ കോർഡിനേഷൻ ഗംഭീരമായിരുന്നു. കൂടെത്തന്നെ ഖജാൻജി ആയി അമ്മയും. ഇടക്കൊന്നു വീണു കാലൊടിഞ്ഞെങ്കിലും, അമ്മയുടെ സപ്പോർട്ടും ചെറുതല്ല.പറ്റിക്കാൻ നോക്കിയവർക്കും, വാക്കുകൾ പാലിക്കാത്തവർക്കും നന്ദി. വലിയപാഠമാണ് നിങ്ങൾ തന്നത്. പരിചയമോ, സൗഹൃദമോ ഒരു ജോലി ഏൽപ്പിക്കുന്നതിനു കാരണമാവരുത്. കൃത്യമായി പൈസ എണ്ണി വാങ്ങുമ്പോൾ ഉള്ള സ്നേഹം, പണികളിൽ പലരും കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ, ബന്ധങ്ങൾ നോക്കി ജോലികൾ ഏൽപ്പിക്കാതിരിക്കുക എന്ന പാഠം വൈകിയാണെങ്കിലും ഞാൻ പഠിച്ചു.എന്തായാലും, സ്വപ്നം കണ്ടതുപോലൊരു വീട്, അത് യാഥാർഥ്യമാക്കാൻ കൂടെ നിന്ന എന്റെ മനുഷ്യർക്ക്, ഹൃദയം നിറഞ്ഞ സ്നേഹം.
എഴുതിയത് : രഞ്ജിത്ത് മണ്ണാർക്കാട്