യൂറിൻ ട്യൂബ് ഇട്ട ശേഷം ഡോക്ടർ പറഞ്ഞു ഒന്ന് ചരിഞ്ഞ് മുട്ടുമടക്കി കിടക്കണം നട്ടെല്ലിൽ കൂടി എന്തോ ഒന്ന് അരിച്ചു കയറുന്നു മിന്നൽ പ്രവാഹം പോലെ ശേഷം

EDITOR

ലേബർ റൂം ഡയറി വീഗാലാൻഡിലെ പ്രസവംപൊതുവെ ദുർബല ഇപ്പോൾ ഗർഭിണി എന്ന ചൊല്ല് നമ്മുടെ കഥാനായികയ്ക്ക് വേണ്ടി മാത്രം ആരോ പറഞ്ഞതാണന്നു തോന്നി പോകുന്നുണ്ട്. എന്തിന്റെ മണം അടിച്ചാലും ശർദ്ദി, ഇനി മണം അടിയ്ക്കാതിരുന്നാലോ അപ്പോഴും ശർദ്ദി തന്നെ.കഴിക്കുന്ന പാത്രം, ഇരിക്കുന്നിടം എന്നുവേണ്ട എവിടെ ആണേലും ശർദ്ദിയോട് ശർദ്ദി തന്നെ.ആദ്യ ഗർഭത്തിന്റെ സകല ആലസ്യവും ഉണ്ട്.അങ്ങനെ നായിക ഒൻപതാം മാസത്തെ സ്കാനിങ്ങിനായിയിട്ടെത്തി. റിപ്പോർട്ട് കണ്ട ഡോക്ടർ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ പറഞ്ഞുകളഞ്ഞു “ഒരു പ്രശ്നമുണ്ട് കുഞ്ഞ് തിരിഞ്ഞു നിൽക്കുവാണ് നോർമൽ ഡെലിവറി നടക്കുമെന്ന് തോന്നുന്നില്ല ഒരു കാര്യം ചെയ്യൂ അഡ്മിറ്റ് ആയിക്കോളൂ മറ്റന്നാൾ സി സെക്ഷൻ ചെയ്യാം” കേൾക്കണ്ട താമസം ‘വെട്ടിയിട്ട ബായ തണ്ടുപോലെ’ ദേ പോന്നു കഥാനായിക. പേടി എന്ന സാധനം നായികയുടെ അടുത്തുപോലും പോയിട്ടില്ലെന്ന് മനസ്സിലായിക്കാണുമല്ലോ. അങ്ങനെ അഡ്മിറ്റായി. റൂമിലെത്തി, കുറച്ചുകഴിഞ്ഞപ്പോൾ നായിക അമ്മയോട് പറഞ്ഞു ഞാനൊരു കാര്യം പറയട്ടെ നമുക്ക് ആരുമറിയാതെ വീട്ടിൽ പോയാലോ, എനിക്ക് പേടിയാവുന്നമ്മേ,കുഞ്ഞ് എങ്ങനെയെങ്കിലും പുറത്തു വന്നോളും, കുഴപ്പമൊന്നുമില്ല അമ്മയൊക്കെ വീട്ടിലല്ലേ പ്രസവിച്ചത്?

അപ്പൊ പിന്നെ ഞാൻ ആശുപത്രിയിൽ തന്നെ പ്രസവിക്കണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ എനിക്ക് പേടിയാവുന്നമ്മേ നമുക്ക് വീട്ടിൽ പോകാം ആരോടും പറയണ്ട “. ഇത് കേട്ടതും ആ അമ്മ കഥാനായിക നോക്കിയ ദയനീയമായ നോട്ടം ലോകത്തിലേക്കേറ്റവും ദയനീയം!! എന്ന് തന്നെ അതിനെ പറയാം.മോളെ പേടിക്കാനൊന്നുമില്ല, ബോധംകെടുത്തിയല്ലേ ചെയ്യുന്നത്, വേദനയൊന്നും അറിയത്ത പോലുമില്ല. നമ്മൾ ഇത്രയും കാത്തത് ഈ കുഞ്ഞിനു വേണ്ടിയല്ലേ അപ്പോൾ ഇങ്ങനെ പോയി കഴിഞ്ഞാൽ എങ്ങനെയാ നമുക്ക് നമ്മുടെ വാവേ വേണ്ടേ??!!! അമ്മ പണ്ട് വീട്ടിൽ പ്രസവിച്ചു എന്നും പറഞ്ഞ് ഇപ്പോൾ അങ്ങനെ ചിന്തിക്കാൻ പറ്റുമോ അതൊക്കെ പണ്ടത്തെ കാലത്തല്ലേ”. വാവ എന്ന ചിന്ത വന്നതും നായിക വീണ്ടും സ്ട്രോങ്ങ് ആയി.എത്ര നേരത്തെക്കാണോ ഭർത്താവിന് നായികയുടെ കാര്യത്തിൽ നല്ല പേടിയായിരുന്നു..ഇത് എന്തായിതീരും എന്നോർത്ത്.എന്തെങ്കിലും അസുഖം വന്ന് ആശുപത്രിയിൽ പോയാൽ ഇഞ്ചക്ഷൻ എടുക്കണം എന്ന് പറയുമ്പോൾ മരുന്നും വാങ്ങി ആരും കാണാതെ റോഡിൽ വന്ന് നിന്നിട്ട് “ഞാൻ റോഡിൽ ഉണ്ട് വേഗം വാ” എന്ന് കെട്ടിയോനോട് ഫോൺ വിളിച്ചു പറയുന്ന മുതലാണ് നമ്മുടെ നായിക.

അങ്ങനെ അന്നത്തെ ദിവസം സംഭവബഹുലമായി കടന്നുപോയി. ഓപ്പറേഷന്റെ ദിവസമെത്തി. വെള്ളയും വെള്ളയും ഇട്ടു, മുടി രണ്ടുവശവും പിന്നി കെട്ടി, ഇപ്പോൾ പൊട്ടും എന്ന നിലയിൽ നായക തീയറ്ററിലേക്ക് യാത്രയായി.പുറത്തു നിൽക്കുന്നവരുടെ നെഞ്ചാണ് അതിനെക്കാൾ വലുതായി വിളിച്ചു കൊണ്ടിരുന്നത് പഞ്ചാരിമേളം തന്നെ നടക്കുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാം മറ്റൊന്നുമല്ല നായികയെ കുറിച്ച് ഓർത്തിട്ടുള്ള ടെൻഷനാണ്. ഓപ്പറേഷൻ തീയേറ്റർനകത്ത് ആദ്യം ഒരു ഹാളാണ്. മുഴുവൻ പച്ച മയം. അവിടെയവിടെയായി സ്ഥാപിച്ചിരിക്കുന്ന എന്തൊക്കെയോ ഉപകരണങ്ങൾ.ഒന്നിന്റയും പേരൊന്നും അറിയില്ല.എല്ലായിടവും പച്ച തന്നെ. കിടക്ക വിരികൾ, കർട്ടനുകൾ, നിൽക്കുന്ന ചേച്ചിമാരുടെ യൂണിഫോം അങ്ങനെ ആകെ മൊത്തം പച്ച മയം തന്നെ.ആദ്യം കാണുന്ന മുറിയിൽ കുറെയേറെ സ്റ്റാഫ് ഉണ്ട്. ഓപ്പറേഷൻ ചെയ്യാനുള്ളവരും കുറച്ചുണ്ട്. ഓരോരുത്തരെയായി വിളിച്ചു കയ്യിൽ ക്യാനുല ഇടാൻ തുടങ്ങി.ഓർമ്മ വെച്ചിട്ട് ഇന്നുവരെ കയ്യിൽ ക്യാനുല കുത്തിയിട്ടാല്ലാത്ത നായികയ്ക്ക് എങ്ങോട്ട് ഓടണം എന്ന് അറിയില്ല.ഇനി ഓപ്പറേഷനിൽ താൻ മരിച്ചുപോകുമോ, കെട്ടിയോൻ വേറെ കെട്ടുമോ, തന്റെ കുഞ്ഞിനെ ആരു നോക്കും, കുഞ്ഞിന് കുഴപ്പം വല്ലതുമുണ്ടാകുമോ’ എന്നൊക്കെയായിരുന്നു തീയേറ്ററിന് അകത്തേക്ക് കയറുമ്പോൾ ചിന്തയെങ്കിൽ ഇപ്പോൾ ഇരുകൈയും നോക്കി നരമ്പ് കിട്ടുമോ എന്ന് നോക്കുന്ന തിരക്കിൽ മാത്രമായി ഒതുങ്ങി കഴിഞ്ഞു.ക്യാനുല ഇടനെടുക്കുന്ന സൂചി കണ്ടപ്പോഴേ ബോധം പോകാൻ തുടങ്ങി.

അല്ലെങ്കിൽ ബോധം ഇല്ലല്ലോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു അങ്ങനെ കൂവി വിളിച്ചു ഇരുകയ്യിലും ക്യാനുലയിട്ടു.നോക്കുമ്പോൾ കൈ മാത്രമല്ല ശരീരവും വിറക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് നായികയുടെ പേര് വിളിച്ചതും കൂടെ വന്ന മാലാഖക്കൊപ്പം ഓപ്പറേഷൻ ടേബിളിലേക്ക് ആനയിക്കപ്പെട്ടു. നല്ല പൊക്കമുള്ള ടേബിളാണ്. നായികയുടെ വിറയൽ കണ്ടപ്പോഴേ അനസ്തേഷ്യ ഡോക്ടർക്ക് അപകടം മണത്തു. ഇരുകൈയും കാനുലയും മുഴുവനും വിറയലും. ഒടുവിൽ ഡോക്ടർ തന്നെ പൊക്കിയെടുത്ത് ടേബിളിൽ കിടത്തി. ബെഡിൽ കിടന്ന് വീണ്ടും വിറയൽ തന്നെ.സംശയം തോന്നി വീണ്ടും ബിപി പരിശോധിച്ചു, നോക്കുമ്പോൾ ഹൈ ബി. പി.ഒരു നടയ്ക്ക് പോവില്ലന്ന് മനസ്സിലായി ഡോക്ടർ തന്നെ വീണ്ടും പൊക്കിയെടുത്ത് പഴയ സ്ഥാനത്ത് കൊണ്ടിരുത്തി. തുടർന്ന് ബാക്കി സ്റ്റാഫുകളും മറ്റുള്ളവരും ചേർന്ന് ചുറ്റും നിന്ന് ഉപദേശം തുടങ്ങി, ‘മോളെ ഇപ്പോൾ ചെയ്തില്ലെങ്കിൽ ശരിയാവില്ല, പേടിക്കാനൊന്നുമില്ല, ഒട്ടും വേദനിക്കില്ല.അനസ്തേഷ്യ തന്നല്ലേ ഓപ്പറേഷൻ ചെയ്യുന്നത്പേടിക്കണ്ട ആവശ്യമേ ഇല്ല.അല്ലെങ്കിലും ഇത്രയും കഷ്ടപ്പെട്ട് വാവേ വയറ്റിലിട്ട് ഇത്രയും വളർത്തിയിട്ട് കുഞ്ഞിന്റെ മുഖം ഒന്ന് കാണേണ്ടേ കുഞ്ഞിനെ കാണുമ്പോൾ തോന്നുന്ന വേദന കൂടി ഇല്ലാതായി പൊക്കോളും’ ഇങ്ങനെ ഉപദേശത്തിന്റെ പെരുമഴ തന്നെ. ഒടുവിൽ ഉപദേശത്തിന് ഫലമായി ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ഓപ്പറേഷൻ ടേബിളിലേക്ക്. ആദ്യം തന്നെ യൂറിൻ ട്യൂബിട്ടു. അപ്പോൾതന്നെ നായിക ഭീഷ്മശപഥമെടുത്തുകഴിഞ്ഞു ഒരിക്കൽ കൂടി ഞാൻ എന്തായാലും ഇങ്ങോട്ടേക്ക് വരില്ല

എനിക്ക് ഒരു കുഞ്ഞു മതി യൂറിൻ ട്യൂബ് ഇട്ട ശേഷം ഡോക്ടർ പറഞ്ഞു ഒന്ന് ചരിഞ്ഞ് മുട്ടുമടക്കി കിടക്കണം. അങ്ങനെ കിടന്നു.നട്ടെല്ലിൽ കൂടി എന്തോ ഒന്ന് അരിച്ചു കയറുന്നു.മിന്നൽ പ്രവാഹം പോലെ അത് കഴിഞ്ഞ് വീണ്ടും പഴയ പോലെ കിടത്തി. എന്തോ ഒരു കറുത്ത വസ്തു എടുത്തു ഡോക്ടർ നായികയുടെ കണ്ണുമൂടി. അപ്പോൾ തുടങ്ങിയില്ലേ അടുത്ത ബഹളം “അയ്യോ ഡോക്ടറെ ഇത് നേരെയല്ല വച്ചിരിക്കുന്നത്, എനിക്ക് കണ്ണ് കാണാം, എനിക്കെല്ലാം കാണാം.ഇതൊന്നു ശരിയായി വെക്കുമോ?? അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി. എന്തോ ഒരു സാധനം വച്ച് അടിവയറ്റിൽ ചെറുതായി കുത്തിയിട്ട് ഡോക്ടർ ചോദിച്ചു ‘ഇപ്പോൾ വേദനയുണ്ടോ?’ ചോദിച്ചതും മറുപടി വന്നു അയ്യോ വേദനിക്കുന്നു എന്നെ ഇപ്പോൾ ഒന്നും ചെയ്യല്ലേ.ബോധം പോയിട്ടേ ചെയ്യാവൂ വീണ്ടും ആശ്വാസവാക്കുകൾ.മോൾ പേടിക്കേണ്ട ഇപ്പോൾ ഒന്നും ചെയ്യില്ല. ടെൻഷൻ ആവരുത്. സമാധാനമായി ഇരുന്നോളൂ”. പാവം ഡോക്ടർമാർ ക്ഷമയുടെ നെല്ലിപ്പലക മാത്രമല്ല അതിനുതാഴെ മറ്റു വല്ല പലകയും ഉണ്ടെങ്കിൽ അത് വരെ കണ്ടു കഴിഞ്ഞു. ഇതൊന്നും ഒന്നുമായിട്ടില്ല എന്ന് അപ്പോഴുണ്ടോ അവരറിയുന്നു?????കുറച്ചു കഴിഞ്ഞതും നായിക ഏതോ ഒരു ചുവന്ന വലയത്തിനുള്ളിലേക്ക് വീണു. താൻ അവിടെ കിടന്നു കറങ്ങുന്നതായി അവൾക്കു മനസ്സിലായി. ചുറ്റും ചുവപ്പും കറുപ്പും നിറഞ്ഞ ഇടയ്ക്കിടെ കുലുങ്ങുന്ന ഒരു സ്ഥലത്താണ് താൻ എത്തിയിരിക്കുന്നത്. ഇപ്പോൾ നായികയ്ക്ക് ശരിക്കും സ്ഥലം മനസ്സിലായി വീഗാലാൻഡ് വീഗാലാൻഡിലെ ബാലരമ കേവിലാണ് താനിപ്പോൾ. അതിലിരുന്ന് ഷേക്സ്പിയർ കഥകൾ വായിക്കുകയാണ്. പെട്ടെന്നാണ് ബാലരമാ കേവ് നന്നായിട്ടൊന്ന് കുലുങ്ങിയത്.

കൂടെ നമ്മുടെ നായികയും ആരോ ശക്തിയായി പിടിച്ചുകുലുക്കി കളഞ്ഞു.. ഏതോ ഗുഹയിൽ നിന്നെന്ന വണ്ണം ആ ചോദ്യം നായികയുടെ കാതിൽപ്പതിഞ്ഞു, മറുപടി പറയാൻ ശ്രമിച്ചെങ്കിലും നാവുയർന്നില്ല. വീണ്ടും ആ ചോദ്യം കേട്ടു. ഇത്തവണ കുറച്ചുകൂടി വ്യക്തത ഉണ്ട്. ” മോളേ കേൾക്കാമോ? ഇയാളുടെ പേരെന്താ? നായിക മറുപടി പറഞ്ഞു “ഒഫീലിയ. മറുപടി കേട്ടതും ഡോക്ടർമാരുടെ തലയിൽനിന്നും കൂട്വരെ പൊളിച്ചുമാറ്റിക്കൊണ്ട് സകല കിളികളും രാജ്യം വിട്ടു പറന്നു. നായിക പറഞ്ഞത് ഷേക്സ്പിയറുടെ ഒരു കഥാപാത്രത്തിന്റെ പേരാണ്. നായികയെ കുറ്റം പറയാൻ കഴിയില്ല, അങ്ങ് ബാലരമ കേവിലിരുന്ന് ഷേക്സ്പിയർ കഥകൾ വായിക്കുകയായിരുന്നല്ലോ???അനസ്തേഷ്യ ഡോക്ടർന് കിളി മാത്രമല്ല പാറിയത് ശബ്ദവും വെളിച്ചവും പോലും നഷ്ടപ്പെട്ടു!!!!!!!!. എങ്കിലും 9 മാസമായി നായികയുടെ സ്വഭാവം അടുത്തറിയാവുന്ന ഗൈനക് ഡോക്ടർ നായികയുടെ പേര് ചൊല്ലി ആളെ വിളിച്ചു, വിളിയും കേട്ടു.മോളുടെ പേര് ഇതല്ലേ’ എന്ന് ചോദിച്ചു ആണെന്ന് മറുപടിയും ലഭിച്ചു. അങ്ങനെ എല്ലാവർക്കും ശ്വാസം തിരിച്ചുകിട്ടി. നിമിഷാർദ്ധത്തിൽ തന്നെ വന്ന ശ്വാസം പുല്ലു പോലും മുളയ്ക്കാത്ത വഴിക്ക് പോയി. മറ്റൊന്നുമല്ല നായികയുടെ അടുത്ത മറുപടി ലഭിച്ചപ്പോഴാണ് അവരുടെ ശ്വാസം പമ്പയും എരുമേലിയും കടന്നത്. ‘മോൾ എവിടെയാണ്’ എന്നുള്ളതിന് മറുപടിയായി “വീഗാലാൻഡിലെ ബാലരമ കേവിൽ എന്ന് മറുപടി കിട്ടിയാൽ ഡോക്ടർമാരുടെ ബാല്യവും കൗമാരവും യൗവനവും എല്ലാം പകച്ച് പണ്ടാരമടങ്ങിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ.

അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം ഡോക്ടർ ചോദിച്ചു. ‘മോളേ നിനക്ക് നിന്റെ കുഞ്ഞിനെ കാണണ്ടേ?? പെൺകുഞ്ഞാണ്’. അത് കേട്ടതും ഇപ്പോൾ ശരിക്കും ശരിയായി എന്നു പറഞ്ഞ പോലെ നായികയ്ക്ക് ബോധം വീണു.എന്റെ കുഞ്ഞേ.എന്റെ കുഞ്ഞ്.എന്റെ കുഞ്ഞെവിടെ” എന്നും വിളിച്ചു കൂവാൻ തുടങ്ങി. കുഞ്ഞിനെ കാണിച്ച അല്പം കഴിഞ്ഞപ്പോൾ വീണ്ടും നായികയ്ക്ക് ബോധം പോയി. ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന സിസ്റ്റർ ആണെങ്കിൽ നായിക കിടക്കുന്ന ബെഡിന് താഴെയൊക്കെ പരതുന്നുണ്ട്. മറ്റൊന്നുമല്ല ഇതിന്റെ ഇളകിപ്പോയ നട്ടുകൾ നിലത്തങ്ങാനുമുണ്ടോയെന്ന് നോക്കുകയാണ്.അങ്ങനെ ഐതിഹാസികമായ സി- സെക്ഷൻ കഴിഞ്ഞതും നായികയെ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റിൽ കൊണ്ടുവന്നു. അത് കഴിഞ്ഞാണ് അനസ്തേഷ്യ ഡോക്ടർക്കും ഗൈനക് ഡോക്ടർക്കും ശ്വാസം നേരെ വീണത്. കാര്യം തുടക്കംമുതൽ അത്രത്തോളം ടെൻഷൻ രണ്ടാളും അനുഭവിച്ചിരുന്നല്ലോ ഇപ്പോൾ എന്തായാലും ആശ്വാസമായി. എല്ലാം ഓക്കേ ആയല്ലോ. ആ ധാരണ വെറും തെറ്റിദ്ധാരണ ആയിരുന്നു എന്ന് അപ്പോൾ അവർ അറിഞ്ഞിരുന്നില്ലല്ലോ സുഹൃത്തുക്കളെ പോസ്റ്റ് ഓപ്പറേറ്റീവ് യൂണിറ്റിൽ ഒരു ബൈസ്റ്റാൻഡർക്ക് ഒപ്പം നിൽക്കാം. അങ്ങനെ നായികക്കൊപ്പം നിൽക്കാൻ വന്നത് നേർസ് ആയ അനിയത്തിയാണ്. അവൾ നായികയുടെ ബെഡിനരികെ നിൽപ്പ് തുടങ്ങി. യൂറിൻ അളവും മറ്റും നോക്കുന്നുണ്ട്.അത് സമയാസമയം എടുത്ത് മാറ്റുന്നുണ്ട്. മണിക്കൂറുകൾ കഴിഞ്ഞു കൊണ്ടിരുന്നു. ഏകദേശം നാല് മണിക്കൂറോളം കഴിഞ്ഞു. ഇതിനിടയ്ക്ക് നഴ്സ് ആയതുകൊണ്ടാണോ എന്തോ ആകാംക്ഷ കൊണ്ട് സിസേറിയൻ ചെയ്ത മുറിവ് ഒന്ന് നോക്കി.അപ്പോൾ കാണാം ഡ്രസ്സ് ചെയ്ത് വെച്ചിരിക്കുന്ന കോട്ടൻ മുഴുവൻ നല്ല ചുവന്ന നിറം. ഇത് എന്താ ഈ ഡ്രസ്സിംഗ് പാട് ഇത്രയധികം ചുവന്ന നിറത്തിൽ ഇരിക്കുന്നത് ബെറ്റഡീൻ ആകുമോ?ആൾക്ക് ചെറുതല്ലാത്ത രീതിയിൽ സംശയം മുളച്ചു. ചെറിയ രീതിയിൽ ഭയവും.

ഇനി ബ്ലഡ് ലീക്ക് ആവുകയാണോ??? അത് ഓർത്തപ്പോൾ തന്നെ ഒരു അങ്കലാപ്പ് തന്നെ പൊതിയുന്നത് അവളറിഞ്ഞു. വളരെ സൂക്ഷ്മമായി കുറെയേറെ നേരം കൂടി വീക്ഷിച്ചു കൊണ്ടിരുന്നു. ബെഡിൽ കിടക്കുന്നത് തന്റെ ഉയിരിന്റെ പാതിയാണ്… സ്വന്തം സഹോദരി.അത് ഓർക്കുമ്പോൾ തന്നെ നെഞ്ചകം വിങ്ങി തുടിക്കുന്നുണ്ട്. വീണ്ടും നോക്കിയപ്പോൾ ചുവന്ന നിറം കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഓടിപ്പോയി ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്ററിനോട് കാര്യം പറഞ്ഞു. ഒരു തരത്തിൽ അവരത് സമ്മതിച്ചു കൊടുക്കില്ല, എന്ന് മാത്രമല്ല എന്താണ് സംഭവം എന്ന് നോക്കാൻ കൂടി അവർ വിസമ്മതിച്ചു.ഒടുവിൽ ആള് വല്ലാതെ ചൂടായി താനും ഒരു നേഴ്സ് ആണെന്നും, ഇതിനേക്കാൾ വലിയ ഇടത്ത് ജോലി നോക്കുകയാണ് എന്നും പറയേണ്ടിവന്നു. അപ്പോൾ ആ സിസ്റ്റർ എഴുന്നേറ്റ് വന്നു നോക്കിയെങ്കിലും അവർ അംഗീകരിച്ചു കൊടുക്കാൻ തയ്യാറായില്ല. ഒരു കാര്യം ചെയ്യാം പുതിയൊരു ഡ്രസ്സിംഗ് പാട് വെച്ച് നോക്കാം,അതിലും ലീക്കേജ് വരികയാണെങ്കിൽ ഡോക്ടറെ വിളിക്കാം’എന്ന് പറഞ്ഞു. അങ്ങനെ പഴയത് മാറ്റി വീണ്ടും പുതിയ പാട് വെച്ചു. ശ്വാസം പോലും എടുക്കാൻ മറന്നു കൊണ്ട് കൂടപ്പിറപ്പിന് കാവലിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ ആ പാടും ചുവന്ന നിറത്തിൽ നനഞ്ഞു നനഞ്ഞു വരുന്നതായി കാണാൻ കഴിഞ്ഞു.അവൾ ഓടിപ്പോയി സിസ്റ്ററിനെ വിവരമറിയിച്ചു. സിസ്റ്റർ വേഗം ഡോക്ടറെ വിളിച്ചു. നായികയുടെ പേര് കേട്ടപ്പോൾ തന്നെ ഡോക്ടർ പറന്നുവന്നു. സ്റ്റിച്ച് ഇട്ടിടത്തെ മുറിവ് നോക്കി കഴിഞ്ഞപ്പോഴാണ് ഡോക്ടർക്ക് അബദ്ധം മനസ്സിലായത് 2 സ്റ്റിച്ച് വീണിട്ടില്ല. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.അത്രത്തോളം ടെൻഷനടിച്ച് അവരുടെ ജീവിതത്തിൽ ഇന്നേവരെ ഒരു ഓപ്പറേഷൻ അവർ ചെയ്തിട്ട് ഉണ്ടായിരുന്നില്ല.അത്രയ്ക്ക് ഗംഭീരമായിരുന്നല്ലോ നായികയുടെ ഓപ്പറേഷൻ തീയേറ്റർലെ പെർഫോമൻസ്!!!! അപ്പോഴേക്കും നായികയ്ക്കും ബോധം വന്നിരുന്നു.എന്തോ കുഴപ്പം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി അതാണല്ലോ ഇത്രയും പ്രശ്നവും വീണ്ടും ബഹളവുമൊക്കെ കാണുന്നത്. വീണ്ടും ആളുടെ പേടി തലപൊക്കാൻ തുടങ്ങി. “എന്നെ എവിടെ കൊണ്ടുപോവാ? എന്തെങ്കിലും കുഴപ്പമുണ്ടോ? ഞാൻ മരിച്ചുപോകുമോ? എന്ന് തുടങ്ങി 1000 ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ‘എന്റെ പൊന്നു മോളെ നീ ആ വായടച്ചു വച്ചു ഒന്നടങ്ങി കിടക്കു.

2 സ്റ്റിച് പ്രശ്നമുണ്ട് അതൊന്ന് വീണ്ടും സ്റ്റിച്ച് ചെയ്താൽ മതി സമാധാനത്തോടെ ഇതൊന്നും ചെയ്തോട്ടെ’ ഗതികേടിന്റ അങ്ങേയറ്റമെന്ന വണ്ണം ഡോക്ടർ നായികയുടെ കാലുപിടിച്ചു.അയ്യോ എന്നെ വീണ്ടും സൂചി കുത്താൻ പോവുകയാണോ വേണ്ടായെന്നെ വീട്ടിൽ കൊണ്ടോവോ.ഞാൻ ഇവിടെ കിടന്നു ചത്തു പോകും.എന്നെയിവരു കൊല്ലുന്നേ” എന്ന് പറഞ്ഞ് നായിക വീണ്ടും കൂവിയാർക്കാൻ തുടങ്ങി ഒടുവിൽ ചെറിയ ഒരു ഡോസ് അനസ്തേഷ്യ കൊടുത്തു വീണ്ടും നായികയ്ക്ക് സ്റ്റിച്ചിട്ടു.അനസ്തേഷ്യ കൊടുത്തു എങ്കിലും ബഹളത്തിനോ വിളിച്ചു കൂവലിനോ ഒന്നും തന്നെ യാതൊരു കുറവും ഇല്ലായിരുന്നു. അറിയാവുന്ന ഭാഷയിൽ ഒക്കെ നായിക ഡോക്ടറെ തെറി വിളിക്കാൻ തുടങ്ങി. അത്രയ്ക്ക് പേടിച്ചുപോയിരുന്നു ആള്. അങ്ങനെ വീണ്ടും സ്റ്റിച്ച് ഒക്കെയിട്ടു നായികയെ വീണ്ടും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റിൽകൊണ്ട് കിടത്തി. ചുരുങ്ങിയ നേരം കൊണ്ട് തന്നെ നായിക ആശുപത്രിയിൽ പേരെടുത്തു. നായികയുടെ പേടി കാരണം തന്നെയാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത് എന്ന് അറിയാവുന്ന വീട്ടുകാർ ഡോക്ടർക്കെതിരെ യാതൊരു കംപ്ലൈന്റിനും പോയില്ല. മറ്റൊരു അവസ്ഥയായിരുന്നുവെങ്കിൽ ആശുപത്രി തല്ലിപ്പൊട്ടിക്കലും ഡോക്ടറെ കൈയേറ്റം തുടങ്ങി പല കലാപരിപാടികളും അരങ്ങേറിയേനെ. അങ്ങനെ എല്ലാബഹളങ്ങൾക്കുമൊടുവിൽ നായികയും കുഞ്ഞും സുഖമായി വീട്ടിലെത്തി. ഡിസ്ചാർജ് ആകുന്ന ദിവസം പോലും വീഗാലൻഡിലെ പ്രസവകഥ പറഞ്ഞ് നായികയെ കളിയാക്കാൻ ഡോക്ടർ മറന്നില്ല. ഓപ്പറേഷൻ അടുത്ത ദിവസങ്ങളിൽ രാത്രിയിൽ ഡോക്ടർ ഈ സംഭവം ഓർത്ത് പലപ്പോഴും ഉറക്കം കെട്ടിയിരുന്നു എന്നാണ് പൊതുവെയുള്ള പറച്ചിൽ. നായികയുടെ അതിസാഹസികമായ കഥകൾ ഇവിടെയൊന്നും അവസാനിക്കുന്നില്ല സുഹൃത്തുക്കളെ.
കടപ്പാട് : അർച്ചനാ സൂര്യ