നാല് വർഷo മുൻപ് ബസ്സ് യാത്രയിൽ അടുത്തിരുന്ന ഒരു അപ്പൂപ്പൻ തുടയിൽ കയ്യമർത്തി ആ കൈ വയ്പ്പ് മോശമായ രീതിയിലാണ് ഞാൻ എടുത്തത് പക്ഷെ

EDITOR

നാല് വർഷങ്ങൾക്ക് മുൻപാണ് ബസിൽ കണ്ണൂരേക്ക് യാത്ര ചെയ്യുമ്പോൾ അടുത്തിരുന്ന ഒരു അപ്പൂപ്പൻ തുടയിൽ കയ്യമർത്തി നല്ലവരെയും കെട്ടവരെയും തിരിച്ചറിയാൻ പറ്റാത്ത കാലമായത് കൊണ്ട് ആ കൈ വയ്പ്പ് മോശമായ രീതിയിലാണ് ഞാൻ എടുത്തത്. അയാളുടെ മുഖത്തേക്ക് കണ്ണുരുട്ടി നോക്കിക്കൊണ്ട് അടുത്ത സീറ്റിലേക്ക് മാറിയിരുന്നു. മാറിയിരിക്കുമ്പോൾ അയാൾ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു.അയാളുടെ കണ്ണുകളിൽ എന്താണ് എഴുതിവച്ചതെന്ന് വായിച്ചെടുക്കാൻ കഴിഞ്ഞില്ലഅത് നിറഞ്ഞിരുന്നോ എന്നും ഇപ്പോൾ ഓർമയില്ല.എനിക്കിറങ്ങേണ്ട സ്റ്റോപ്പിൽ ഞാൻ എഴുന്നേറ്റപ്പോൾ അയാളും കൂടെ എഴുന്നേറ്റു. എഴുന്നേറ്റപ്പോൾ തന്നെ വേച്ചു പോയ ആ മനുഷ്യനെ കണ്ടക്റ്റർ കൈ പിടിച്ച് സഹായിച്ചു ബസിൽ നിന്നിറക്കുകയാണ് ചെയ്തത്.എന്തോ അയാള് ഇറങ്ങുന്നത് വരെ സ്റ്റോപ്പിൽ കാത്തു നിൽക്കാൻ എനിക്കും തോന്നി. എന്നെ കണ്ടപ്പോൾ അയാളുടെ കൈ പിടിച്ച് സ്റ്റോപ്പിലേക്ക് കേറ്റ് മോളേ എന്ന് ബസിൽ നിന്നും ഒരു ചേച്ചി പറഞ്ഞു.അയാളുടെ മുഖത്തേക്ക് നോക്കാതെ തന്നെ ഞാൻ അയാളുടെ കൈ പിടിക്കുകയും ചെയ്തു.

മോള് വിചാരിച്ചു,ഞാൻ മോളെ അറിഞ്ഞോണ്ട് തൊട്ടതാന്ന് അല്ലേ സ്റ്റോപ്പിലെ സിമന്റ് ബഞ്ചില് അയാളെ ഇരുത്തി ഞാൻ തിരിഞ്ഞു നടക്കുമ്പോഴാണ് ആ ചോദ്യം വന്നത്. അത് കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.അങ്ങനെയൊന്നൂല്ല അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിൽ സംശയം ഉണ്ടായിരുന്നു. അയാളുടെ സ്പർശനം ഏത് രീതിയിലായിരുന്നെന്ന്.ഞാൻ അങ്ങനെ തൊട്ടതല്ല മോളെ, കയ്യാണ്ട് വന്നപ്പോ അറിയാണ്ട് കൈ ആടെ ആയിപ്പോയതാന്ന്.അത് പറയുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞത് പോലെ തോന്നി. കുറ്റബോധം എന്നെ വല്ലാണ്ട് അലട്ടുകയും ചെയ്തു. അയാളെ അവിടെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സ് വരാത്തോണ്ട് അയാളോട് ചോദിച്ചു എങ്ങോട്ടാ പോവണ്ടെന്ന്.ഈട അടുത്ത് അനിയന്റെ മോളെ വീട് ഇണ്ട് അങ്ങോട്ട് പോവാനാ.പ്രായം അയാളെ തീരെ അവശനാക്കിയിരുന്നു. കയ്യിൽ കരുതിയ പലഹാരം പൊതിയിലേക്ക് ഞാൻ നോക്കുന്നത് കണ്ടാകണം അയാൾ പറഞ്ഞു.മോളെ മക്കൾക്കാ.എല്ലാ മാസോം ഞാൻ കാണാൻ വെരും.വീട്ടില് വേറെയാരാ ഞൻ ചോദിച്ചു.

ഓള് ചത്തു പോയിറ്റ് കൊറേ ആയി, ഒരു മോൻ ഇണ്ടായിന് പൊട്ടൻ ആരുന്നു മൂന്ന് കൊല്ലായി ഓനും പോയി ഇപ്പം ഞാനേ ഇല്ലൂ.ഇത്രേം കയ്യാണ്ട് പിന്നെ മാസം മാസം ഇങ്ങോട്ട് വരുന്നതെന്തിനാ? അച്ചാച്ഛനെ കാണാൻ ഇവരെ അങ്ങോട്ട് വിളിച്ചാ പോരെ..അത് ചോദിച്ചപ്പോൾ അയാള് കൊറേ നേരം എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു.പിന്നെ പറഞ്ഞു പെൻഷൻ കിട്ട്ന്ന പൈസേന്ന് ഈ മക്കൾക്ക് എന്തെങ്കിലും വാങ്ങി കൊടുത്തിറ്റി ല്ലേ ല് എനക്ക് സമാധാനം കിട്ടൂല ഓൾക്ക് ഞാൻ ആടെ കേറി പോവുന്നതേ ഇഷ്ട്ടല്ല.പക്കെങ്കില് എനക്ക് അച്ചാച്ചാ എന്ന് അയിറ്റിങ്ങളെ വിളി കേട്ടിറ്റി ല്ലെങ്കില് എന്തോ പോലെയാ എന്റെ മോനു നല്ല ബുദ്ധി ഇണ്ടെങ്കില് ഓന്റെ മക്കള് എന്നെ അങ്ങനെ വിളിക്കൂലേ.? ഇവക്ക് എനക്ക് ചോറ് തെരാൻ പോലും മടിയാന്ന്.ഞാൻ കക്കൂസില് പോയാ കൈ കവുകൂലാ, കുളിക്കൂലാ വൃത്തീം മനാരൂം ഇല്ല എന്നൊക്കെ പറയും മക്കളോട്.അത് കേട്ടപ്പോൾ ഉള്ളില് തട്ടിയ വിഷമം ഒരുപാട് വലുതായിരുന്നു.എന്റെ നേരെ ഏട്ടനാ ഓളെ അച്ഛൻ, വെറും കുടിയായിരുന്നു.ഓളെ കല്യാണത്തിന് എന്റെ ഓളെ സ്വർണം തെച്ചും ഞാൻ കൊടുത്തിന്.വേറെയാരിക്ക് കൊടുക്കാനാ ന്ന് വിയാരിച്ചു.എന്നിറ്റ് ഓള് ചത്തേരം ഒന്ന് വന്നിറ്റ് മിറ്റത്ത്ന്ന് കണ്ടിറ്റ് ഒറ്റ പോക്ക് പോയിന്.

എന്നാലും നമ്മളെ കുഞ്ഞിയല്ലേ എന്റെ മുഖത്ത് നോക്കാതെആത്മഗതമെന്നോണം പോലെയായിരുന്നു അയാളത് പറഞ്ഞത്.ഞാൻ കൊണ്ടാക്കണാ ആടത്തേക്ക് ഞാൻ ചോദിച്ചു.വേണ്ട കൊറച്ച് ഇരുന്ന് ക്ഷീണം മാറ്റിറ്റ് ഞാൻ പൊയ്ക്കോളും.മോള് പൊയ്ക്കോ അയാൾ പറഞ്ഞു.എനിക്ക് പോകേണ്ട സ്ഥലത്തു പെട്ടെന്ന് എത്തേണ്ട ധൃതിയിൽ അയാളോട് യാത്ര പറഞ്ഞു തിരിയുമ്പോൾ അയാളെന്നോട് ചോദിച്ചു.മോൾടെ വീട്ടില് എന്ന പോലത്തൊരു ഇണ്ടാ.?അമ്മാമയുണ്ട് ഞാൻ പറഞ്ഞുനല്ലോണം നോക്കണം ട്ടാ വയസ്സായോരു കരയുന്നതൊന്നും നിങ്ങളൊന്നും കാണാണ്ടാ മോളെ രാത്രീല് അമ്മാമ്മനെ നല്ലോണം നോക്കണം ഒറ്റയ്ക്കായൊരൊക്കെ രാത്രീലാരിക്കും കരയ്ന്ന്.പോകുവാണെന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയിരുന്നു. അന്നേരത്തെ വെപ്രാളത്തിലോ, സങ്കടത്തിലോ അയാളോട് പേരോ നാടോ ചോദിക്കാൻ കഴിഞ്ഞില്ല അന്ന് തിരിച്ചു വരുമ്പോൾ ആ സ്റ്റോപ്പില് അയാള് കാണണേ എന്ന് പ്രാർത്ഥിച്ചു ഉണ്ടായിരുന്നില്ല, പിന്നെ ഒരിക്കലും അയാളെ കണ്ടിരുന്നില്ല ഇന്ന് അമ്മാമ ഒറ്റയ്ക്ക് മുറ്റത്തിരുന്ന് ഓരോന്ന് ആലോചിച്ചു കരയുന്നത് കണ്ടപ്പോൾ അയാള് പറഞ്ഞ കാര്യമാണ് ഓർമ വന്നത് വയസ്സായോരു കരയുന്നത് നിങ്ങളൊന്നും കാണൂല.

എഴുതിയത് : ജിൻഷാ ഗംഗ